TopTop
Begin typing your search above and press return to search.

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന വിളിപ്പേര് പോര; ഏകാധിപതികളെ പുറത്തു നിര്‍ത്താനുള്ള ജാഗ്രതയാണ് വേണ്ടത്

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന വിളിപ്പേര് പോര; ഏകാധിപതികളെ പുറത്തു നിര്‍ത്താനുള്ള ജാഗ്രതയാണ് വേണ്ടത്
അങ്ങനെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഒട്ടൊക്കെ അടങ്ങി, നരേന്ദ്ര മോദിയുടെ ഭാവി രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ഒട്ടൊക്കെ തീരുമാനമായി, ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റംഗങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇന്ന് ശീതകാല സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. അപ്പോള്‍, ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ സമയമായി: നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?

ഇന്ത്യ ഒരു പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യമാണ്. അങ്ങനെയൊരു സിസ്റ്റത്തില്‍ ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങളും അവിടെയുള്ള നിരവധി കമ്മിറ്റികളും പരിശോധിച്ച് ചര്‍ച്ച ചെയ്താണ് ഓരോ നിയമ നിര്‍മാണങ്ങളും നടക്കുന്നത്. അശോക ചക്രത്തിന്റെ ആകൃതിക്കനുസരിച്ച്, ഗ്വാളിയോറിലുള്ള ചൗസാത്ത് യോഗിനി ക്ഷേത്രത്തിന്റെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എന്നും പറയപ്പെടുന്നുണ്ട്, നിര്‍മിച്ചിട്ടുള്ള ആ കെട്ടിടം പ്രതിനിധാനം ചെയ്യുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തന്നെയാണ്. അതാണ് ഇന്ന് ഗുരുതരമായ രീതിയിലുള്ള നിലവാരത്തകര്‍ച്ച നേരിടുന്നത്.

ഇക്കാര്യങ്ങള്‍ ഒന്നു പരിശോധിച്ചു നോക്കൂ:

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 47 ശതമാനം ബില്ലുകള്‍ യാതൊരു വിധത്തിലുമുള്ള ചര്‍ച്ചകളും കൂടാതെയാണ് പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ചര്‍ച്ചകള്‍ കൂടാതെ ബില്ലുകള്‍ പാസാക്കുക എന്നത് തന്നെ പാര്‍ലമെന്ററി സിസ്റ്റത്തെ അപഹസിക്കുന്നതിനു തുല്യമാണ്. ഇതില്‍ തന്നെ 21 ശതമാനം ബില്ലുകള്‍ (ആകെ ബില്ലുകളിലെ 24 ശതമാനം) പാര്‍ലമെന്റ് സമ്മേളനം തീരാനുള്ള അവസാന മൂന്നു മണിക്കൂറില്‍ തിരക്കിട്ട് പാസാക്കിയതാണ്. അതായത്, സ്‌കൂളില്‍ അവസാന ബെല്ലടിക്കുമ്പോള്‍ കുട്ടികള്‍ തിരക്കിട്ട് ഓടുന്നതു പോലെ നമ്മുടെ എം.പിമാര്‍, പ്രത്യേകിച്ച് ഭരണപക്ഷം, ഒരു രാജ്യത്തിന്റെ ഭാഗധേയത്തെ തന്നെ നിയന്ത്രിക്കാനുള്ള ബില്ലുകള്‍ തിരക്കിട്ട് പാസാക്കി സഭാ നടപടികള്‍ അവസാനിപ്പിക്കുന്നു എന്നര്‍ത്ഥം.

ഇനി മറ്റൊന്ന്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 31 ശതമാനം നിയമനിര്‍മാണങ്ങളും പാര്‍ലമെന്റില്‍ നടന്നിട്ടുള്ളത് ഏതെങ്കിലും വിധത്തിലുള്ള സൂക്ഷ്മ പരിശോധന, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടേയോ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടേയോ, കൂടാതെയാണ്. സര്‍ക്കാരില്‍ നിന്ന് കുറച്ചെങ്കിലും അക്കൗണ്ടബിലിറ്റി ഇത്തരം നിയമനിര്‍മാണങ്ങളില്‍ ഉറപ്പു വരുന്ന ഈ കമ്മിറ്റികള്‍ ആകട്ടെ ദുര്‍ബലവും ചിലപ്പോഴൊക്കെ തമാശയുമായി മാറിയിരിക്കുന്നു.

http://www.azhimukham.com/national-antidemocratic-parliament-passed-finance-bill-nda-government-epw/

ഇനി നമ്മുടെ സഭകള്‍ ചേരുന്ന കാര്യമെടുക്കുക. 1952 മുതലുള്ള 20 വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തിയാല്‍ ഇപ്പോള്‍ നമ്മുടെ രണ്ടു സഭകളും ചേരുന്നത് വളരെ കുറവും അതും വളരെ കുറവ് സമയത്തേക്കുമാണ്. അതായത് 1952 മുതല്‍ 1972 വരെ നമ്മുടെ സഭകള്‍ ഒരു വര്‍ഷം ശരാശരി 128 മുതല്‍ 132 ദിവസം സമ്മേളിച്ചിരുന്നു എങ്കില്‍ കഴിഞ്ഞ 10 വര്‍ഷമായി ഇത് 64 മുതല്‍ 67 ദിവസം വരെയായി കുറഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.

മറ്റൊന്ന്, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നമ്മുടെ എം.പിമാരുടെ ശമ്പളം നാലു മടങ്ങ് വര്‍ദ്ധിച്ചെങ്കില്‍ മറ്റു കാര്യങ്ങളില്‍ സംഭവിച്ചിരിക്കുന്നത് ഇതിന് നേര്‍ വിപരീതമായാണ്. ഉദാഹരണത്തിന്, എം.പിമാരുടെ വിദ്യാഭ്യാസ യോഗ്യത എന്നത് താഴോട്ടാണ്, അതേ സമയം, എം.പിമാരിലെ കുടുംബവാഴ്ച എന്നത് റോക്കറ്റ് പോലെ കുതിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 30 വയസില്‍ താഴെയുള്ള എം.പിമാരിലെ 71 ശതമാനവും പാര്‍ലമെന്റംഗങ്ങളായിരുന്നവരുടെ രണ്ടാം തലമുറയോ മൂന്നാം തലമുറയോ ആണ്. 40 വയസില്‍ താഴെയുള്ള എം.പിമാരിലെ 57 ശതമാനവും ഇങ്ങനെ തന്നെ.

http://www.azhimukham.com/national-indian-democracy-should-distance-itself-from-a-zimbabve-autocrat-edit/

പക്വതയെത്തിയ ഒരു ജനാധിപത്യ വ്യവസ്ഥയുമായി ഇതിനെ ഒന്നു താരതമ്യപ്പെടുത്തി നോക്കൂ

അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനം എന്നത് ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതാണ്. അമേരിക്കയില്‍, ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ കണക്കനുസരിച്ച് അമേരിക്കന്‍ ജനപ്രതിനിധി സഭ 2001 മുതല്‍ കുറഞ്ഞത് ഒരു വര്‍ഷം 138 ദിവസങ്ങളെങ്കിലും ചേരുന്നു. അതായത്, കുറഞ്ഞത് മൂന്നു ദിവസത്തിലൊരിക്കല്‍ അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്നു ദിവസം എന്ന കണക്കില്‍. സെനറ്റിലാണെങ്കില്‍ ഈ ഒരുവര്‍ഷ കാലയളവില്‍ ചേരുന്നത് 162 ദിവസമാണ് എന്നു കൂടി അറിയണം.

http://www.azhimukham.com/india-the-creeping-threat-to-the-autonomy-of-parliament/

പാര്‍ലമെന്ററി ജനാധിപത്യത്തിന് സംഭവിച്ചിട്ടുള്ള ശോഷണത്തിന്റെ അവസാനത്തെ ആണി കൂടിയടിച്ചത് മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ ചെയ്തത് ശീതകാല സമ്മേളനം തുടങ്ങുന്നത് നീട്ടിവച്ചു എന്നു മാത്രമല്ല, ദിവസങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു എന്നതാണ്.

പരമ്പരാഗതമായി വര്‍ഷത്തില്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നത്. ഒരു വര്‍ഷത്തിന്റെ തുടക്കത്തില്‍ സമ്മേളിക്കുന്ന ബജറ്റ് സമ്മേളനമാണ് ഇതില്‍ ഏറ്റവും നീണ്ടത്. അതിനു പിന്നാലെ ജൂലൈ-ഓഗസ്റ്റില്‍ നടക്കുന്ന മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനം, അതിനു ശേഷം നവംബര്‍-ഡിസംബറില്‍ നടക്കുന്ന മൂന്നാഴ്ച നീളുന്ന ശീതകാല സമ്മേളനം എന്നിങ്ങനെയാണത്. സാധാരണ സഭ സമ്മേളിക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ഇക്കാര്യം അറിയിക്കും. തങ്ങളുടെ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനും മറ്റ് പാര്‍ലമെന്ററി നടപടികളില്‍ ഇടപെടലുകള്‍ നടത്തുന്നതിനും എം.പിമാര്‍ക്ക് ഇതുവഴി സമയം ലഭിക്കും.

http://www.azhimukham.com/national-bjp-politics-influenced-media-indian-democracy-sasi-kumar/

എന്നു പാര്‍ലമെന്റ് സമ്മേളിക്കണമെന്നോ എത്ര ദിവസം ചേരണമെന്നോ ഭരണഘടന പറയുന്നില്ല. പാര്‍ലമെന്റിന്റെ രണ്ടു സമ്മേളനങ്ങള്‍ക്കിടയ്ക്ക് ആറു മാസത്തില്‍ കൂടുതല്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല എന്നു മാത്രമാണ് 85-ാം അനുചേ്ഛദം നിര്‍ദേശിക്കുന്നത്. ഈ വര്‍ഷം വര്‍ഷകാല സമ്മേളനം അവസാനിച്ചത് ഓഗസ്റ്റ് 11-നാണ്. അതായത്, അടുത്ത സമ്മേളനം 2018 ഫെബ്രുവരിക്ക് മുമ്പ് എപ്പോഴെങ്കിലും ചേര്‍ന്നാല്‍ മതിയാവും. എന്നാല്‍ എഴുതിവച്ച നിയമങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല പുരോഗമന സമൂഹങ്ങളും മികച്ച ജനാധിപത്യങ്ങളും പ്രവര്‍ത്തിക്കുന്നത്. അത്, പാര്‍ലമെന്ററി ചട്ടങ്ങളും ധാര്‍മിക മൂല്യങ്ങളും അടക്കമുള്ള കാര്യങ്ങള്‍ ഓരോ അംഗത്തില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്.

http://www.azhimukham.com/six-key-bills-expected-to-be-passed-in-the-remaining-three-days-of-the-winter-session-of-parliament-azhimukham/amp/

പാര്‍ലമെന്ററി ജനാധിപത്യത്തിന് ഇടിവ് സംഭവിക്കുമ്പോള്‍, സര്‍ക്കാരിന്റെ നടപടി ക്രമങ്ങളില്‍ അതിനുള്ള നിരീക്ഷണ, പരിശോധനാ സ്വഭാവം കുറയുമ്പോള്‍ സംഭവിക്കുന്നത് ഏകാധിപത്യ സ്വഭാവമുള്ള ഒരു പ്രസിഡന്‍ഷ്യല്‍ മാതൃകയിലുള്ള സര്‍ക്കാരിന് രൂപം കൊടുക്കുക എന്നതാണ്. അവിടെ ഭരിക്കുന്നത് കാര്യമായ അക്കൗണ്ടബിലിറ്റി ആരോടുമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ആവും. നിലവിലുള്ള പി.എം.ഒ പിന്തുടരുന്ന ആ സമ്പ്രദായം നമ്മുടെ അടുത്ത ഓര്‍മയിലൊന്നുമില്ല. പക്ഷേ, അതിന് മോദിയെ മാത്രമായി കുറ്റപ്പെടുത്താനും സാധിക്കില്ല, അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ഏറ്റവും കുറച്ച് ദിവസങ്ങള്‍ സഭ സമ്മേളിച്ചിരുന്നത് ഗുജറാത്തിലായിരുന്നു എന്നത് കണക്കിലെടുത്താല്‍ പോലും.

ഇവിടെ മാറ്റങ്ങള്‍ വരേണ്ടത് ആ സംവിധാനത്തിന് അകത്തു നിന്നു തന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത:സത്ത ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കണം ആ വന്‍ കെട്ടിടത്തിന്റെ അകത്ത് ഇടയ്ക്കിടെ ഇരിപ്പുറപ്പിക്കുന്ന ആളുകളില്‍ നിന്ന് ഉണ്ടാവേണ്ടത് എന്നത് ഉറപ്പാക്കേണ്ടത് ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാണ്.

http://www.azhimukham.com/azhimukham-839/

Next Story

Related Stories