UPDATES

അമിത് ഷാ പ്രതിയായിരുന്ന കേസുകളൊന്നും ഇനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണ്ട എന്നാണോ?

ഇത്തരം ഉത്തരവുകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോള്‍, ഇതേ കേസില്‍ അമിത് ഷായെ പോലുള്ളവര്‍ വളരെ ദുരൂഹമായ തരത്തില്‍ രക്ഷപ്പെടുമ്പോള്‍, അത് വിരല്‍ ചൂണ്ടുന്നത് ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിലേയ്ക്കാണ്.

പലയിടങ്ങളില്‍ പല സമയങ്ങളിലായി നടക്കുന്ന ചെറിയ സംഭവങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് വലിയൊരു ജനാധിപത്യവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന തരത്തിലേയ്ക്ക് വളരുന്നത് എങ്ങനെയാണ് ജനാധിപത്യമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് എങ്ങനെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ നിയമത്തിന് മുന്നിലുള്ള സമത്വവും അഭിപ്രായ സ്വാതന്ത്ര്യവും നിര്‍വീര്യമാക്കപ്പെടുന്നത്. ഇതിന് നല്ലൊരു ഉദാഹരണം ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയാണ്.

1958 മുതല്‍ 1998 വരെ വെനിസ്വലയില്‍ ജനാധിപത്യ ഗവണ്‍മെന്റുകളുണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള രാഷ്ട്രീയ കക്ഷികളില്‍ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെടുകയും ഈ സാഹചര്യത്തില്‍ 1998ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സൈനികോദ്യോഗസ്ഥനായിരുന്ന ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തി. നേരത്തെ ഗവണ്‍മെന്റിനെതിരായ പട്ടാള അട്ടിമറി ശ്രമത്തിന്റെ പേരില്‍ ആരോപണവിധേയനായിരുന്നു ഷാവേസ്. പല കാരണങ്ങളും ന്യായീകരണങ്ങളും നിരത്തി ഷാവേസ് വെനിസ്വേലയിലെ ജനാധിപത്യത്തെ അട്ടിമറിച്ചു. 2013ല്‍ ഷാവേസ് അന്തരിച്ചെങ്കിലും അദ്ദേഹം ഉണ്ടാക്കിയ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിന്നു. ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേയ്ക്ക് തിരിച്ച് പോയ അപൂര്‍വ സാഹചര്യങ്ങളില്‍ ഒന്നാണിത്.

ഇനി ഇന്ത്യയിലേയ്ക്ക് വരാം. സിനിമ തീയറ്ററുകളില്‍ ഷോ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം വയ്ക്കണമെന്നും ഈ സമയം പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും ഒരു കോടതി ഉത്തരവ് വരുന്നു. മറ്റൊരു കോടതി പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ വ്യക്തിഗത അവകാശം അംഗീകരിക്കുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണപക്ഷത്തിനെതിരായ ആരോപണങ്ങളെ അവഗണിച്ച് അതിനെ പിന്തുണക്കുകയും പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നു. വര്‍ഗീയതയുടെ ഗുണഭോക്താക്കളായ രാഷ്ട്രീയ കക്ഷികള്‍ അതിനെ തുറന്ന് എതിര്‍ക്കാന്‍ മടിക്കുന്നു. ഇത്തരത്തില്‍ വേറിട്ട് നില്‍ക്കുന്ന മറ്റൊരു സംഭവവുമുണ്ടായിരിക്കുന്നു. സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിലെ വിചാരണ നടപടികള്‍ സംബന്ധിച്ച് വാര്‍ത്ത കൊടുക്കരുതെന്നാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ്.

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും സെന്‍സേഷണലാണെന്നും ഒക്കെയാണ് കോടതി പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പ്രതിയായിരുന്ന കേസാണിത്. പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണമായും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യം അംഗീകരിച്ചാണ് ജസ്്റ്റിസ് എസ്‌ജെ ശര്‍മ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കേസിന്റെ വിചാരണ നടപടികളുടെ ദൈനംദിന റിപ്പോര്‍ട്ടിംഗ് അനുവദിക്കരുതെന്നാണ് കോടതിയുടെ അഭിപ്രായം. കേസിലെ വിചാരണയുടെ റിപ്പോര്‍ട്ടിംഗ് സാക്ഷികള്‍ക്കും പ്രതികള്‍ക്കസുരക്ഷാപ്രശ്‌നമുണ്ടാക്കും. പ്രതിഭാഗത്തിനും പ്രോസിക്യൂട്ടര്‍ക്കും ബുദ്ധിമുട്ടുണ്ടാകും – കോടതി ഉത്തരവില്‍ പറയുന്നു. കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിചാരണ നടപടികള്‍ കേള്‍ക്കാം. പക്ഷെ വാര്‍ത്ത കൊടുക്കാന്‍ പാടില്ല. കേസില്‍ നേരത്തെ വാദം കേട്ടിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടി. എല്ലാ പ്രതിഭാഗം അഭിഭാഷകരും ഇതേ നിലപാടിലായിരുന്നു.

കോടതി ഇക്കാര്യത്തില്‍ സിബിഐയുടെ നിലപാട് തേടിയിരുന്നു. ഉചിതമായ ഉത്തരവ് ആകാം എന്നാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിപി രാജുവിന്റെ നിലപാട്. ഇതാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നിലപാട്. അതിന് ജനാധിപത്യമൂല്യങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് വ്യക്തം. അതേസമയം വാര്‍ത്തകള്‍ കൊടുക്കുന്നത് പൊതുജന താല്‍പര്യാര്‍ത്ഥമാണെന്ന് പറഞ്ഞ് കോടതിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തു. വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ പറയുന്നത് ഒരു ജഡ്ജി തന്നെയാണോ അതേ ഭയചകിതനായ ഒരു മനുഷ്യനാണോ എന്ന് സംശയം തോന്നുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍; അമിത് ഷായ്ക്കെതിരെയുള്ള കേസുകള്‍ ഇതുവരെ

സൊഹ്‌റാബുദീനേയും ഭാര്യ കൗസര്‍ബിയേയും സഹായി തുള്‍സിറാം പ്രജാപതിയേയും കൊലപ്പെടുത്തിയ കേസുകളില്‍ പ്രതികളായിരിക്കുന്നത് ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. സുപ്രീംകോടതി ഇടപെട്ടാണ് ഈ കേസിന്റെ വിചാരണ ബോംബെ ഹൈക്കോടതിയിലേയ്ക്ക് മാറ്റിയത്. ഗുജറാത്ത്, രാജസ്ഥാന്‍ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായ 15 പേരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് വളരെ സെന്‍സേഷണലായ വിഷയമാണ് – കോടതി ഉത്തരവില്‍ പറയുന്നു. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് മുന്‍ തലവന്‍ ഡിഐജി ഡിജി വന്‍സാര, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവിടെ ദേശീയ സുരക്ഷയുടേതായ എന്തെങ്കിലും പ്രശ്‌നം സത്യത്തില്‍ വരുന്നുണ്ടോ. ഇല്ല എന്നതാണ് വസ്തുത. മാധ്യമങ്ങളെ റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിലക്കുന്നതിന് യുക്തമായ എന്തെങ്കിലും കാരണങ്ങളുണ്ടോ. ഇല്ല.

കോടതികള്‍ക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. നീതി ഉറപ്പുവരുത്തുകയും അത് ഉറപ്പുവരുത്തുന്നതായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. സമീപ വര്‍ഷങ്ങളില്‍ ജനാധിപത്യ മൂല്യങ്ങളില്‍ നിന്നുള്ള അപഭ്രംശം തീവ്രമായിട്ടുണ്ട്. ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്ത, കൊല്ലാന്‍ ഉത്തരവിടുന്നതിന് മടിയില്ലാത്തവരാണ് അധികാരം നിയന്ത്രിക്കുന്നത് എന്നത് ഭീതി പരത്തുന്നുണ്ട്. ഇത്തരം ഉത്തരവുകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോള്‍, ഇതേ കേസില്‍ അമിത് ഷായെ പോലുള്ളവര്‍ വളരെ ദുരൂഹമായ തരത്തില്‍ രക്ഷപ്പെടുമ്പോള്‍, അത് വിരല്‍ ചൂണ്ടുന്നത് ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിലേയ്ക്കാണ്. മുംബൈ കോടതിയുടെ ഉത്തരവ് ഒരു അപവാദമല്ല. മറിച്ച് അതൊരു പതിവും കീഴ്‌വഴക്കവുമായി മാറുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍