Top

നമ്മുടെ സംഘടിത മൗനത്തിന് ലോകം കൊടുക്കുന്ന വിലയാണ് ഈ നേതാക്കള്‍

നമ്മുടെ സംഘടിത മൗനത്തിന് ലോകം കൊടുക്കുന്ന വിലയാണ് ഈ നേതാക്കള്‍
വളരെ അസാധാരണമായ ഒരു സമയത്താണ് നാം ജീവിക്കുന്നത്. വ്യക്തിഗതമായി നാം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം, നമ്മുടെ നിലപാടുകള്‍ ഒക്കെ എങ്ങനെയാണ് ഈ ലോകത്തെ വരുംതലമുറയ്ക്ക് വേണ്ടി മെച്ചപ്പെട്ടതോ അങ്ങേയറ്റം മോശമാക്കപ്പെട്ടതോ ആയ ഒന്നാക്കി മാറ്റുന്നത് എന്നത് തെളിയിക്കുന്ന സമയം കൂടിയാണിത്.

നമ്മുടെ ലോകനേതാക്കളുടെ യഥാര്‍ത്ഥ സ്വഭാവം അതിന്റെ വിവിധ രൂപങ്ങളില്‍ പുറത്തു വന്ന സമയം കൂടിയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍. അതായത്, കൂടുതല്‍ അധികാരം എന്നതു മാത്രം ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം വെകിളി പിടിച്ച നേതാക്കള്‍ ഒന്നിച്ചു ചേര്‍ന്ന്, എങ്ങനെയാണ് ഭൂതദയ, അനുകമ്പ, സഹാനുഭൂതി ഇവയൊക്കെ ആവശ്യമില്ലാത്തെ ഒരു ലോകം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു എന്നതിന് നമുക്കൊരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രദര്‍ശനമായിരുന്നു ന്യൂയോര്‍ക്കിലെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്നലെ നടന്നത്. ഉത്തകൊറിയയിലെ 'റോക്കറ്റ് മാന്‍' നേതാവ് ആണവായുധങ്ങള്‍ക്ക് പിന്നാലെയുള്ള പോക്ക് അവസാനിപ്പിച്ചില്ലെങ്കില്‍ ആ രാജ്യത്തെ പൂര്‍ണമായി നശിപ്പിക്കും എന്ന് ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതായിരുന്നു അത്. അതെത്ര മാത്രം ഭീതിദമായ ഒരു പ്രസ്താവനയായിരുന്നു എന്നറിയണമെങ്കില്‍ അപ്പോള്‍ അവിടെ ഉണ്ടായ ഭയം നിറഞ്ഞ മുറുമുറുപ്പുകളും മറ്റും കേട്ടാല്‍ മതിയായിരുന്നു. ഇതു കേട്ടതോടെ ഒരാള്‍ ചെയ്തത് കൈകള്‍ കൊണ്ട് തന്റെ മുഖം പൊത്തുകയായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ പ്രതിഷേധിച്ചു. 'തെമ്മാടി' രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് ഇറാനെ കൂടി ചേര്‍ത്തുകൊണ്ടുള്ള ട്രംപിന്റെ പ്രസംഗത്തോട് ഇറാന്‍ പ്രതികരിച്ചത്: "
ട്രംപിന്റെ വിവരം കെട്ടതും വെറുപ്പു നിറഞ്ഞതുമായ പ്രസംഗം മധ്യകാല ഘട്ടത്തിലേതാണ്. ഇതിനു മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല"
എന്നാണ്. സ്വീഡിഡ് വിദേശകാര്യ മന്ത്രി മാര്‍ഗോട്ട് വാള്‍സ്‌ട്രോം പ്രതികരിച്ചത്, "അതൊരു തെറ്റായ സമയത്തുള്ള, തെറ്റായ കേള്‍വിക്കാരോടുള്ള, തെറ്റായ പ്രസംഗമായിരുന്നു" എന്നാണ്. ട്രംപ് അവിടെ, താന്‍ എന്താണ് എന്നതിന്റെ നയം വ്യക്തമാക്കുകയായിരുന്നു. അതായത്, തന്നെ അനുസരിക്കാത്ത രാജ്യങ്ങളെ താന്‍ ഇല്ലാതാക്കി കളയും എന്നതു തന്നെയായിരുന്നു ആ പ്രഖ്യാപനം.

http://www.azhimukham.com/nasty-political-rhetoric-undermining-world-s-biggest-democracies-pankaj-mishra/

അമേരിക്കയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും ഒപ്പം, ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന വെല്ലുവിളികളെ ഏറ്റുമുട്ടലിലൂടെ നേരിടുമെന്ന് പ്രഖ്യാപിക്കുകയും വഴി എന്താണ് ഇന്നത്തെ ലോകത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്നുകൂടി വ്യക്തമാവുകയായിരുന്നു അവിടെ. "നീതിബോധമുള്ളവര്‍ ഇത്തരം ദുഷ്ടന്മാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വിജയം ആ പിശാചുക്കള്‍ക്കായിരിക്കും"
- അയാള്‍ പറഞ്ഞു. "മര്യാദയുള്ള ജനങ്ങളും രാജ്യങ്ങളുമൊക്കെ ചരിത്രത്തിന്റെ ഓരം ചേര്‍ന്നു നിന്നാല്‍ നശീകരണ പ്രവണതയുള്ളവര്‍ കൂടുതല്‍ ശക്തിയും അധികാരവും നേടുകയായിരിക്കും ഫലം" എന്നുമാണ് ട്രംപ് പറഞ്ഞത്.

ട്രംപിന്റെ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയെ നടുക്കിക്കളയുന്നതു തന്നെയായിരുന്നു. ഒരു യുദ്ധത്തിലേക്ക് അറിയാതെ പോലും നാം നടന്നു കയറരുത് എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ട്‌റെസ് പ്രസ്താവിച്ചതിനു ഏതാനും മിനിറ്റുകള്‍ക്കു ശേഷമായിരുന്നു ഈ പ്രസംഗമെന്നും ഓര്‍ക്കണം.അതേസമയം, ഒരു കാലത്ത് നമ്മുടെയൊക്കെ ആരാധനാപാത്രമായിരുന്ന, നമ്മുടെ തലമുറയിലെ ഗാന്ധിയന്‍ എന്നു കരുതിയിരുന്ന, ഡല്‍ഹിയില്‍ ഒരുകാലത്ത് വിദ്യാര്‍ത്ഥിയായിരുന്ന, ജനാധിപത്യത്തിനും സമാധാനമുള്ള ഒരു ലോകത്തിനുമായി തന്റെ ജീവിതത്തിലെ ഭൂരിഭാഗം സമയവും ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വന്ന ആ സ്ത്രീ ഇപ്പോള്‍ തന്റെ യഥാര്‍ത്ഥ ചിത്രം സ്വയം വരച്ചു കൊണ്ടിരിക്കുകയാണ്.

രോഹിംഗ്യ പ്രശ്‌നത്തില്‍ തന്റെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നാണംകെട്ട നടപടികളെ പ്രതിരോധിക്കുകയായിരുന്ന മ്യാന്‍മാറിന്റെ എല്ലാമെല്ലാമായ ഓംഗ് സാന്‍ സ്യൂ കി. അതുമാത്രമല്ല, ഈ വിഷയത്തില്‍ ആദ്യമായി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പച്ചക്കള്ളങ്ങളും അവര്‍ പറഞ്ഞു.

മ്യാന്‍മാറിലെ വടക്കന്‍ സംസ്ഥാനമായ രാഖിനില്‍ അക്രമങ്ങള്‍ ആരംഭിച്ചതിനു ശേഷമുള്ള പ്രതിസന്ധിയെ തുടര്‍ന്ന് നാലു ലക്ഷത്തിലേറെ രോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായി പോയത്. എന്നാല്‍ രോഹിംഗ്യകള്‍ക്കെതിരെ യാതൊരു തരത്തിലുള്ള വിവേചനവും ഇല്ലെന്നായിരുന്നു ഈ പ്രതിസന്ധി ആരംഭിച്ച ശേഷം രാജ്യത്തോടായി നടത്തിയ ആദ്യ പ്രസ്താവനയില്‍ അവര്‍ അവകാശപ്പെട്ടത്.

അവിടെ നിന്ന് ഇവിടേക്ക് വരിക, ഇന്ത്യന്‍ സംസ്‌കാരത്തേയും നമ്മുടെ ഭരണഘടനയേയും നമ്മള്‍ കെട്ടിഘോഷിക്കുന്ന പാരമ്പര്യത്തേയും ഈ മണ്ണില്‍ തന്നെ മുളച്ചു വന്നിട്ടുള്ള നമ്മുടേതായ ഒരു മൂല്യബോധത്തേയും ഒക്കെ നാണംകെട്ട രീതിയില്‍ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാടെടുത്തിരിക്കുന്നത്.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രദര്‍ശിച്ചത് അതിന്റെ ഏറ്റവും മോശമായ വര്‍ഗീയ നിലപാടും നിര്‍വികാരവും ആര്‍ദ്രതയുമില്ലാത്ത, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനവുമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ നമുക്ക് വലിയ അത്ഭുതങ്ങള്‍ക്ക് സ്ഥാനമില്ല.

http://www.azhimukham.com/global-spread-of-demagogues-fascism-at-home-pankaj-mishra/

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തയാറാക്കിയത് നമ്മുടെ ആഭ്യന്തര വകുപ്പാണ്. ഇന്ത്യന്‍ പൗരന്മാരുമായി യതൊരു തരത്തിലും ബന്ധമുള്ള ഭരണഘടനാ പ്രശ്‌നങ്ങളൊന്നും ഇതിലില്ലെന്നും അതുകൊണ്ട് കോടതി ഇക്കാര്യത്തില്‍ ഇടപെടാതെ സര്‍ക്കാരിന് അവരുടെ കാര്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് അതില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

നമ്മുടെ ഓര്‍മയിലൊന്നും ഒരു സര്‍ക്കാര്‍ ഇന്ത്യ എന്ന ആശയത്തെ ഇത്തരത്തില്‍ മോശമായി ചിത്രീകരിച്ചിട്ടില്ല, ഇത്ര ഇടുങ്ങിയ രീതിയില്‍ നമ്മുടെ ദേശീയ താത്പര്യങ്ങളെ നിര്‍വചിച്ചിട്ടില്ല. ചരിത്രത്തില്‍ ഇത്തരത്തില്‍ കുറ്റവിചാരണ ചെയ്യപ്പെട്ട ജൂതര്‍ക്കും പാഴ്‌സികള്‍ക്കും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുമൊക്കെ ഈ മണ്ണില്‍ ഇടം കൊടുത്ത മഹത്തായ പാരമ്പര്യമായിരുന്നു നമ്മുടേത്, ലോകത്തിനു തന്നെ മാതൃകയായിരുന്നു നാം. ഇവരൊന്നും ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കുകയായിരുന്നില്ല, മറിച്ച് ആ ആശയത്തെ കൂടുതല്‍ കൂടുതല്‍ സമ്പന്നമാക്കുകയായിരുന്നു.ആധുനിക കാലത്ത്, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ക്കും ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഭരണഘടനയുടെ 14-ാം അനുചേ്ഛദം നിഷ്‌കര്‍ഷിക്കുന്ന, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും നീതി എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാകേണ്ടതുമാണെന്നും, അനുച്‌ചേദം 21 പറയുന്ന സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശവും ഇത് വ്യക്തമാക്കുന്നുണ്ട്.

ഭരണഘടനാപരമായും ധാര്‍മികമായും പ്രവര്‍ത്തിക്കേണ്ട ഭരണാധികാരികള്‍ നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തേയും ലിബറല്‍ മൂല്യങ്ങളെയും മനുഷ്യപുരോഗതിയുടെ ഓരോ ആണിക്കല്ലുകളേയും ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ലോകം മുഴുവന്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തൊട്ട് ഇവിടെ നമ്മുടെ രാജ്യം വരെ സാക്ഷ്യം വഹിക്കുന്നത്.

ഇത്തരത്തില്‍ മനുഷ്യ പുരോഗതിയെ മുന്നോട്ടു നയിക്കേണ്ടവര്‍ എല്ലാ വിധത്തിലുമുളള മനുഷ്യത്വപരമായ കാര്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുമ്പോള്‍ നമുക്ക് മുന്നില്‍ മറ്റു വഴികളില്ല, അടച്ചുറപ്പിച്ചു വച്ചിട്ടുള്ള ഈ മൗനം ഇനിയെങ്കിലും അവസാനിപ്പിച്ചേ തീരൂ. ജീവച്ഛവമായ കുഞ്ഞു ശരീരങ്ങളുമായി നമ്മുടെ തീരങ്ങളില്‍ വന്നടിയുന്നവര്‍ക്കു നേരെ കൈ നീട്ടാന്‍ യാതൊരു പ്രത്യയശാസ്ത്രത്തിന്റേയും ആവശ്യമില്ല, അതിന് മറ്റൊരു സഹജീവിയോടുള്ള കാരുണ്യം മാത്രം മതി. അതില്ലാത്തിടത്തെ ലോകം നരകം തന്നെയാണ്.

Next Story

Related Stories