TopTop
Begin typing your search above and press return to search.

അപകടകരമായ ഒരു ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്; ജാഗ്രവത്തായിരിക്കുക

അപകടകരമായ ഒരു ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്; ജാഗ്രവത്തായിരിക്കുക
പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കി ഈ വര്‍ഷം ഡിസംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടടുത്ത ഒട്ടുമിക്ക വൃത്തങ്ങളും പുറത്തുവിടുന്ന സുചനകള്‍. എന്നാല്‍ ആ സൂചനകളാകട്ടെ, ഇന്ത്യ എന്ന ആശയത്തെ ഗുരുതരമായി ബാധിക്കുന്നതുമാണ് എന്നതാണ് ആശങ്കയുയര്‍ത്തുന്ന കാര്യം.

രാജ്യം ഏതു വിധത്തില്‍ വെട്ടിമുറിക്കപ്പെടുകയോ ശിഥിലീകരിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാലും പ്രധാനമന്ത്രി പദത്തിലേക്ക് താന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണെന്ന് മോദി തന്നെ പരസ്യമായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിനാണ് ശനിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി പദത്തിലിരിക്കുന്ന ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത, ഇന്ത്യന്‍ ചരിത്രത്തിലൊരു പ്രധാനമന്ത്രിയും പറഞ്ഞിട്ടില്ലാത്ത ചില വാചകങ്ങളായിരുന്നു മോദി ഇന്നലെ പറഞ്ഞത്: "എനിക്ക് ഒരേയൊരു കാര്യം ചോദിക്കാനുള്ളത്, അവര്‍ (കോണ്‍ഗ്രസ് പാര്‍ട്ടി) മുസ്ലീം ആണുങ്ങള്‍ക്കു വേണ്ടി മാത്രമുള്ള പാര്‍ട്ടിയാണോ? അതോ അവിടെ സ്ത്രീകള്‍ക്കും സ്ഥാനമുണ്ടോ? പാര്‍ലമെന്റില്‍ എല്ലാ നിയമ നിര്‍മാണങ്ങളും അവര്‍ തടയുക മാത്രമല്ല, അത് പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കുന്നില്ല".

ഉത്തര്‍ പ്രദേശിലെ അസംഗഡില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ഉത്തര്‍ പ്രദേശിന്റെ ഹൃദയഭാഗത്തുള്ള പ്രദേശം, കടുത്ത പട്ടിണിയാണെങ്കിലും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സമാധാനാന്തരീക്ഷം തീര്‍ത്തും നേര്‍ത്തു നില്‍ക്കുന്ന പ്രദേശം, സ്വന്തം സുരക്ഷയില്‍ ഇരുകൂട്ടര്‍ക്കും സംശയങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശം. അവിടെയായിരുന്നു മോദിയുടെ പ്രസംഗം.

രാഹുല്‍ ഗാന്ധിയും 'മുസ്ലീം' ഇന്റലക്ച്വല്‍സുമായി നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് ഒരു ഒരു ഉര്‍ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു മോദിയുടെ പ്രസംഗം. കോണ്‍ഗ്രസ് ഒരു മുസ്ലീം പാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ തനിക്ക് സംശയമില്ലെന്നും കാരണം, മുസ്ലീങ്ങള്‍ക്കാണ് ഈ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളില്‍ പ്രാഥമികമായ അവകാശമെന്ന് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. രാഹുല്‍ ഗാന്ധി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ തീര്‍ത്തും ജനാധിപത്യപരമല്ലാതെ വളച്ചൊടിക്കുകയാണ് മോദി ചെയ്തതെന്നും കുറ്റപ്പെടുത്തി.

രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ മുത്തലാക്ക് മുന്‍നിര്‍ത്തി മുസ്ലീം സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന മോദിയുടെ നടപടി ഒരു ചെപ്പടിവിദ്യ മാത്രമാണെന്ന് കാണാം. അതുപോലെ തന്നെ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും സംബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ സംസാരിക്കാന്‍ യോഗ്യതയുള്ള ആളാണോ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമെന്നതും സംശയമാണ്- കാരണം, കത്വയില്‍ ഏഴു വയസുള്ള പെണ്‍കുട്ടിയെ ഒരാഴ്ചയിലേറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയത് അദ്ദേഹം നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിക്കാരാണ്. യു.പിയിലെ തന്നെ ഉന്നാവോയില്‍ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിജെപി എം.എല്‍.എയാണെങ്കിലും അയാള്‍ ഇപ്പോഴും ആ പാര്‍ട്ടിയില്‍ തുടരുന്നു. മാത്രമല്ല, പരാതിപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് സ്‌റ്റേഷനില്‍ അടിച്ചു കൊന്നത് ഇതേ എംഎല്‍എയുടെ കൂട്ടാളികളും യുപി ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ പോലീസും ചേര്‍ന്നാണ്. യുപിയില്‍ ചെന്ന് മുസ്ലീം സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രിയാകട്ടെ ഈ രണ്ടു സംഭവങ്ങളിലും കാര്യമായ പ്രതികരണമൊന്നും നടത്തിയിട്ടുമില്ല.

മറ്റൊന്ന്, മുത്തലാക്കിനെ മുന്‍നിര്‍ത്തി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒരു പ്രത്യേക നരേറ്റീവ് ഉണ്ടാക്കിയെടുക്കാന്‍ നിലവിലുള്ള കണക്കുകള്‍ ഒരു പ്രത്യേക രീതിയില്‍ മാത്രം തെരഞ്ഞെടുക്കുന്നതും കാണാം.

സെന്‍സസ് കണക്കുകള്‍ പറയുന്നത് ഇങ്ങനെയാണ്: പിരിഞ്ഞു കഴിയുന്നതോ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ടവരോ ആയ മുസ്ലീം സ്ത്രീകളുടെ എണ്ണം മറ്റു മതങ്ങളെ വച്ചു നോക്കിയാല്‍ കുറവാണ്. അതായത് മുസ്ലീം സ്ത്രീകള്‍: 0.67 ശതമാനം, ഹിന്ദു സ്ത്രീകള്‍- 0.69 ശതമാനം, ക്രിസ്ത്യന്‍ സ്ത്രീകള്‍- 1.19 ശതമാനം, മറ്റ് മതന്യൂനപക്ഷങ്ങളില്‍ പെട്ട സ്ത്രീകള്‍- 0.68 ശതമാനം. അതുപോലെ തന്നെ വിവാഹബന്ധം നിലനില്‍ക്കുന്ന സ്ത്രീകളുടെ എണ്ണവും മുസ്ലീം സമുദായത്തില്‍ തന്നെയാണ് കൂടുതല്‍. മുസ്ലീം സ്ത്രീകള്‍- 87.8 ശതമാനം, ഹിന്ദു സ്ത്രീകള്‍- 86.7 ശതമാനം, ക്രിസ്ത്യന്‍ സ്ത്രീകള്‍- 83.7 ശതമാനം, മറ്റ് മതന്യൂനപക്ഷങ്ങളില്‍ പെട്ട സ്ത്രീകള്‍- 85.5 ശതമാനം.

https://www.azhimukham.com/edit-rahul-can-be-branded-easily-than-modi-and-political-narrative-is-changing/

പക്ഷേ, ഇപ്പോള്‍ കണക്കുകളുടെ കാര്യം പറഞ്ഞിട്ടോ അത് മുന്‍നിര്‍ത്തി യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് പറഞ്ഞിട്ടോ കാര്യമില്ല, പകരം സംഭവിക്കുന്ന കാര്യങ്ങളിലേക്ക് നോക്കുക. അത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ആവിഷ്‌കരിച്ചിട്ടുള്ള വന്‍ രാഷ്ട്രീയ പദ്ധതികളാണ്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍- പ്രതിരോധ വകുപ്പ് ഭരിച്ചിട്ടുള്ള മന്ത്രിമാരില്‍ ഒരുപക്ഷേ സൈന്യത്തിന് ഏറ്റവും താത്പര്യം കുറവുള്ള ഒരു മന്ത്രിയുമാണ് അവര്‍ - വെള്ളിയാഴ്ച ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, ഇപ്പോള്‍ മുതല്‍ 2019 വരെയുള്ള സമയത്ത് സാമുദായിക താളൈക്യത്തിന് ഏതെങ്കിലും വിധത്തിലുള്ള ഭംഗം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി കോണ്‍ഗ്രസായിരിക്കും എന്നാണ്.

അവര്‍ ഇത്ര കൂടി പറഞ്ഞു, അടുത്ത തെരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നോക്കുന്നത്. മോദി അസംഗഡില്‍ ഉപയോഗിച്ച അതേ ഉര്‍ദു റിപ്പോര്‍ട്ട് ഉപയോഗിച്ച് അവര്‍ ഇങ്ങനെ ചോദിച്ചു: "കോണ്‍ഗ്രസിനെ ഒരു മുസ്ലീം പാര്‍ട്ടിയായി രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചോ? അത് കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോറ്റതിനും അവിടെ നടത്തിയ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഫലം കാണാത്തതു കൊണ്ടും നടത്തിയ 'കോഴ്‌സ് കറക്ഷനാ'ണോ" എന്നുമായിരുന്നു.

മറ്റൊന്ന്, ബാബറി മസ്ജിദ് തകര്‍ത്ത കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അവിടെയാണ് ബിജെപി അധ്യക്ഷന്‍ തന്നെ പറയുന്നത് 2019-ന് മുമ്പ് അവിടെ ക്ഷേത്ര നിര്‍മാണം ആരംഭിക്കും എന്ന്. ഇത് വിവാദമാകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പാര്‍ട്ടി തന്നെ അക്കാര്യം നിഷേധിച്ച് രംഗത്തു വന്നു. എന്നാല്‍ അമിത് ഷാ പറഞ്ഞതായി 'പറയപ്പെടുന്ന' കാര്യം അതിനകം തന്നെ എത്തേണ്ട ഇടങ്ങളില്‍ ഒക്കെ എത്തുകയും ചെയ്തിരുന്നു.

അപ്പോള്‍ യാഥാര്‍ത്ഥ്യമെന്താണ്? അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഒരു വന്‍ പരാജയം മുന്നില്‍ കാണുന്ന ബിജെപി ഇതിനെ മറികടക്കാന്‍ സാധ്യമായ എല്ലാ വിധത്തിലും ഒരു ഹിന്ദു-മുസ്ലീം വിഭജനത്തിനുള്ള മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത.

https://www.azhimukham.com/india-new-karanataka-swearing-in-ceremony-build-opposition-unity-for-2019-election/

ഒപ്പം, മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍, പഴമ്പുരാണങ്ങള്‍ പറഞ്ഞിരിക്കുന്നത് അവസാനിപ്പിച്ച്, കോണ്‍ഗ്രസിനും ഒരു ആത്മപരിശോധന ആവശ്യമാണ്. ഒരു മൃദുഹിന്ദുത്വ പാര്‍ട്ടിയെന്ന ലേബല്‍ അണിയുകയും ഒപ്പം അത്തരം നയങ്ങള്‍ പിന്തുടരുകയും മതേതരത്വത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയില്‍ വെള്ളം ചേര്‍ക്കുകയും ചെയ്യുന്നതിനു പകരം, ഇന്ത്യ എന്ന ആശയം അതിനൊക്കെ ഏറെ മുകളിലാണെന്നും ഭൂരിഭാഗം ഇന്ത്യക്കാരും ഇത്തരം സാമുദായിക ആക്രോശങ്ങള്‍ക്ക് പകരം സുതാര്യവും സത്യസന്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെന്ന് മനസിലാക്കുകയുമാണ് വേണ്ടത്.

ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നാം കണ്ട സാഹചര്യത്തില്‍ നിന്നും രാജ്യം ഏറെ മാറിപ്പോയിരിക്കുന്നു. ഈ വര്‍ഷങ്ങളില്‍ കണ്ട സാഹചര്യങ്ങളില്‍ നിന്ന് വളരെയേറെ മോശപ്പെട്ട ഒരു സാഹചര്യമാണ് മുന്നിലുള്ളത്. സമൂഹത്തിന്റെ എല്ലാ വിധത്തിലുമുള്ള താളൈക്യം ഇല്ലാതാക്കാനുള്ള മന:പൂര്‍വും സംഘടിതവുമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഓരോ മനുഷ്യജീവനും വിലപിടിച്ചതാണെന്നും ഇന്ത്യ എന്ന ആശയത്തിന് യാതൊരു വിധത്തിലുള്ള കുഴപ്പവും ഉണ്ടാവില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം, പക്ഷേ അത് ഉണ്ടാവേണ്ടത് ഈ രാജ്യത്തെ പൗരന്മാരുടെ ജാഗ്രതയില്‍ നിന്നാണ്.

https://www.azhimukham.com/opinion-tdps-exit-from-nda-and-what-modi-will-do-by-pramod-puzhankara/

https://www.azhimukham.com/edit-amit-shahs-house-calls-and-modi-regime-getting-ready-for-election/

https://www.azhimukham.com/when-pm-modi-skipped-a-times-group-event/

https://www.azhimukham.com/blackmoney-narendra-modi-goutam-adani-supreme-court-list-sffidavit-india/

https://www.azhimukham.com/opinion-what-is-the-national-security-in-modi-s-corruption-in-rafale-deal-by-pramod-puzhankara/

https://www.azhimukham.com/edit-the-murkier-indian-media-world-zee-news-jindal-and-modi/

Next Story

Related Stories