TopTop
Begin typing your search above and press return to search.

ഇതാണ് നമ്മുടെ പുതിയ നടപ്പുരീതി; ഞങ്ങളത്‌ പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ല

ഇതാണ് നമ്മുടെ പുതിയ നടപ്പുരീതി; ഞങ്ങളത്‌ പാലിക്കാന്‍ ഉദ്ദേശിക്കുന്നില്ല

നമ്മുടെ സമൂഹത്തില്‍ ഒരു 'പുതിയ സാധാരണത്വം' (New Normal) കടന്നു വന്നിട്ടുണ്ട്. അതിന്റെ പ്രത്യേക സവിശേഷതകള്‍ക്കൊണ്ടു തന്നെ അത് തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുകളുമില്ല.

ആ പുതിയ സാധാരണത്വമാണ് നമ്മയൊക്കെ ഇപ്പോള്‍ ഭരിക്കുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം; അവര്‍ തങ്ങളുടെ സ്വത്വവും എന്തിനേറെ, തങ്ങളുടെ പേരുകള്‍ വരെ സൂചിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുള്ളവരാണ്. ചിലപ്പോള്‍ നമ്മുടെ ദേശസ്‌നേഹം ഉറക്കെ പ്രഖ്യാപിക്കേണ്ട നിരവധി വഴികളെ കുറിച്ച് ഈ പുതിയ സാധാരണത്വം നമ്മെ ചിന്തിപ്പിക്കും. ഇടയ്ക്ക് നമ്മുടെ മാതൃരാജ്യത്തോടുള്ള സ്‌നേഹം വിളിച്ചു പറയാന്‍ നാം നിര്‍ബന്ധിതരാകും. ഇടയ്‌ക്കെങ്കിലും, നാം ആവശ്യത്തിന് ദേശസ്‌നേഹം ഇല്ലാത്തവരാണോ എന്ന കുറ്റബോധം നമ്മുടെയുള്ളില്‍ സൃഷ്ടിക്കാനും അത് ശ്രമിക്കാറുണ്ട്.

എന്നാല്‍ ആ പുതിയ സാധാരണത്വം പലപ്പോഴും നടപ്പിലാവുന്നത് ഒരുതരം സെലക്ടീവ് ഓപ്ഷനായാണ് എന്നു കാണാം. നമ്മുടെ നേതാക്കള്‍, പ്രത്യേകിച്ച് പ്രധാനമന്ത്രി, ഒരു ധാര്‍മിക നേതൃത്വം പിന്തുടരുമെന്ന് നാം പ്രതീക്ഷിക്കുന്നില്ല, അതോടൊപ്പം, അദ്ദേഹമോ അല്ലെങ്കില്‍ കൂടെയുള്ളവരോ ഭരണഘടനാനുസൃതമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും നാം എല്ലായ്‌പ്പോഴും പ്രതീക്ഷിക്കുന്നില്ല. ഈ പുതിയ സാധാരണത്വത്തില്‍ മറ്റൊരാളെ കൊല്ലാന്‍ നിങ്ങള്‍ക്ക് അനുയായികളോട് ആഹ്വാനം ചെയ്യാം. കൊലപാതകങ്ങള്‍ ആഘോഷിക്കാം, ആരേയൂം അസഭ്യം പറയാം, സ്ത്രീകളെ അവഹേളിക്കാം, തങ്ങളുടെ നേതാവ് തങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നുണ്ടെന്ന് അഭിമാനത്തോടെ പ്രസ്താവിക്കാം. അതിനെതിരെ ആരെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും കമാന്ന് ഉരിയാടുമെന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല: അതാണ് നമ്മുടെ പുതിയ സാധാരണത്വം.

നിലവിലെ ഭരണപക്ഷം പൊതുഖജനാവ് കട്ടുമുടിക്കുമ്പോഴും നമ്മുടെ മാധ്യമങ്ങളും നിരീക്ഷകരുമൊക്കെ ടി.വി സ്റ്റുഡിയോയിലിരുന്നും അല്ലാതെയുമൊക്കെ 30 വര്‍ഷം പഴക്കമുള്ള ബോഫോഴ്‌സ് കേസിനെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും, അഴിമതിയുടെ നാള്‍വഴികളെ കുറിച്ച് കണക്കുകള്‍ കൊണ്ടാമ്മനമാടും. വനഭൂമിയടക്കമുള്ളവ തങ്ങളുടെ ഇഷ്ടക്കാരുടെ ചൂഷണത്തിനായി നിലവിലെ ഭരണകൂടം എഴുതിക്കൊടുക്കുന്നു, തങ്ങള്‍ക്ക് വേണ്ടപ്പെട്ട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ബാങ്ക് വായ്പകള്‍ ശരിപ്പെടുത്തുന്നതിനും കരാറുകള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ മെഷീനറിയെ ദുരുപയോഗം ചെയ്യുന്നു, സൈന്യത്തോട് പോലും ആലോചിക്കാതെ സൈനിക കരാറുകള്‍ നടപ്പിലാക്കുന്നു, കോടിക്കണക്കിന് മനുഷ്യരുടെ ജീവനെയും സ്വത്തിനേയും ബാധിക്കുന്ന ധനപരമായ തീരുമാനങ്ങള്‍ പോലും അവരെ അതെങ്ങനെ ബാധിക്കുന്നു എന്ന് കണക്കിലെടുക്കാതെ നടപ്പിലാക്കപ്പെടുന്നു. ഇന്നത്തെ അഴിമതിയുടെ വ്യാപ്തിയുമായി വച്ചു നോക്കിയാല്‍ കടല കൊറിക്കാന്‍ പോന്ന തുകയാണ് ബോഫോഴ്‌സ് അഴിമതിയിലേത്. കോണ്‍ഗ്രസിന് അതിന്റെ വിലയും കൊടുക്കേണ്ടി വന്നിട്ടുണ്ട്. ബോഫോഴ്‌സും അതുപോലെ, ഇന്ന് ഏറെ ദുര്‍ബലമായ പ്രതിപക്ഷം ഭരിച്ചുകൊണ്ടിരുന്നപ്പോഴത്തെ പല അഴിമതികളുമാണ് ഇന്നും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങള്‍, അല്ലെങ്കില്‍ പുതിയ സാധാരണത്വം അവരെ അങ്ങനെയാണ് ശീലിപ്പിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ അടിസ്ഥാന മനുഷ്യാവകാശം ലംഘിക്കുന്നതില്‍ തെറ്റുണ്ടെന്ന് നമ്മുടെ ഉന്നത നീതിപീഠത്തിന് പോലും തോന്നുന്നില്ല എന്നതും നമ്മുടെ ഈ പുതിയ സാധാരണത്വത്തിന്റെ ഭാഗമാണ്. ഹാദിയ എന്ന ആ സ്ത്രീ പോലീസ് കാവലില്‍ വീട്ടുതടങ്കലിലാണ്. അവരുടെ മതം മാറ്റം ചോദ്യം ചെയ്യപ്പെടുന്നു, രാജ്യത്തെ ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി അവരുടെ പേരില്‍ ലവ് ജിഹാദ് എന്ന അസംബന്ധത്തെ കുറിച്ച് അന്വേഷിക്കുന്നു, ഏതോ കാഴ്ചബംഗ്ലാവില്‍ പാര്‍പ്പിച്ച ഒരാളെ പോലെ അവരെ കാണാന്‍ ആളുകള്‍ പോകുന്നു. ഈ പുതിയ സാധാരണത്വത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവരുടെ മൗലികാവകാശങ്ങളെ കുറിച്ച് ആര്‍ക്കും വേവലാതികളില്ല.

ഈ പുതിയ സാധാരണത്വത്തില്‍ മനുഷ്യാവകാശം എന്നത് ഭൂരിപക്ഷതാ രാഷ്ട്രീയം അനുവദിച്ചു തരേണ്ട ഒന്നായി മാറിയിരിക്കുന്നു. കാശ്മീരില്‍ ആയുധധാരികളായ തീവ്രവാദികള്‍ക്കും സൈന്യത്തിനും ഉള്ള അവകാശങ്ങളൊന്നും അവിടുത്തെ സാധാരണ മനുഷ്യര്‍ക്കില്ല, കാശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് ആഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ പോകുകയും അവിടുത്തെ സാധാരണ മനുഷ്യരുടെ നരകതുല്യമായ ജീവിതത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മധ്യേന്തയിലെ ആദിവാസി മേഖലകളിലൊന്നും മനുഷ്യാവകാശം എന്നത് അവിടുത്തെ പാവപ്പെട്ടവരായ മനുഷ്യര്‍ക്ക് അനുവദിച്ചിട്ടുള്ളതല്ല. നിങ്ങള്‍ക്കുള്ള എതിര്‍പ്പുകളെ ഏതു ക്രൂരമായ വിധത്തിലും നേരിടാനും അടിച്ചമര്‍ത്താനും കഴിയുന്ന പ്രിവിലേജുകള്‍ ഉള്ളവര്‍ക്കുള്ളതാണ് ഉത്തരേന്ത്യയിലെ- ഉത്തര്‍ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, മധ്യ പ്രദേശ്, ഹരിയാന- തുടങ്ങി ഏതു സംസ്ഥാനത്തേയും അവകാശങ്ങള്‍. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഈ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരായ നമുക്ക് നമ്മുടെ വീടിന്റെ സ്വകാര്യതയില്‍ പോലും നമുക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശങ്ങള്‍ ഇല്ല എന്നര്‍ത്ഥം.

ഈ പുതിയ സാധാരണത്വത്തില്‍ നാം ആശങ്കാകുലരാകേണ്ടത് മറ്റുള്ളവരുടെ മതത്തിലെ തെറ്റുകുറ്റങ്ങളെ കുറിച്ചും അതെങ്ങനെ ശരിയാക്കി എടുക്കാം എന്നതിനെ കുറിച്ചുമാണ്. എന്നാല്‍ ഈ പറയുന്ന മനുഷ്യരൊക്കെ വിശ്വസിക്കുന്ന അവരവരുടെ മതത്തില്‍ നടക്കുന്ന കൊള്ളരുതായ്മകളും ക്രിമിനല്‍വത്ക്കരണങ്ങളും മൗലികവാദങ്ങളുമൊന്നെും അവരെയൊന്നും ഒട്ടും അലട്ടുന്നില്ല, അവരതൊന്നും കാണുന്നു പോലുമില്ല.

എം.ബി രാജേഷും അതുപോലെയുള്ള സാധാരണ എം.പിമാരും അന്തസ്സാര്‍ന്ന പൊതുജീവിതം നയിക്കുകയും അവര്‍ക്ക് ആ പൊതുജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് പാര്‍ലമെന്റ അനുവദിച്ചിട്ടുള്ള യാത്രാബത്തയും മറ്റും എഴുതിയെടുക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് നമ്മുടെ മാധ്യമ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങുന്നതും ധനികരും അഴിമതിക്കാരും യാതൊരു സത്യസന്ധതയുമില്ലാത്ത അവരുടെ സഹപ്രവര്‍ത്തകര്‍ ഈ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ പോകുന്നതും ഈ പുതിയ സാധാരണത്വത്തിന്റെ ഭാഗമാണ്. രാജേഷും അതുപോലെയുള്ള മറ്റ് സാധാരണ എം.പിമാരും ഇനിയും ഈ മാധ്യമങ്ങളാല്‍ ചോദ്യം ചെയ്യപ്പെടും, വമ്പന്‍ സ്വര്‍ണ മുതലാളിമാരുടേയും റിയല്‍ എസ്‌റ്റേറ്റ് ഭീമന്മാരുടേയും മാഫിയകളുടേയും കള്ളുകച്ചവടക്കാരുടേയും ഒക്കെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നിങ്ങള്‍ സഞ്ചരിക്കുമ്പോഴല്ല, മറിച്ച് നിയമപരമായ യാത്രാബത്ത പോലും കൈപ്പറ്റുമ്പോള്‍.

ഈ പുതിയ സാധാരണത്വത്തില്‍ ഒരിടത്തരം നടനും എന്നാല്‍ അങ്ങേയറ്റം വിഭവരൂപീകരണം നടത്താന്‍ കഴിയുന്ന, സ്വാധീനശേഷിയുള്ള ദിലീപ് എന്നയാള്‍ക്കു വേണ്ടി നമ്മുടെ മാധ്യമങ്ങളും അങ്ങേയറ്റം ജ്ഞാനികളുമായ സാമൂഹിക നിരീക്ഷകരൊക്കെ ഇറങ്ങും. അവര്‍ അയാള്‍ രണ്ടു മാസമായി ജയിലില്‍ കിടക്കുന്നതിനെ കുറിച്ച് സഹതപിക്കും, ഇരയോട് അനുതാപമുണ്ടെന്ന് നടിക്കും. അവര്‍ അയാളുടെ അവകാശങ്ങക്കു വേണ്ടി വാദിക്കും, വിവിധ ജയിലുകളില്‍ കഴിയുന്ന, കോടതിയില്‍ പോലും ഹാജരാക്കാത്ത, ജാമ്യാപേക്ഷ പോലും നല്‍കാന്‍ കഴിയാത്ത, അല്ലെങ്കില്‍ ജാമ്യം നിഷേധിക്കപ്പെട്ട മൂന്നു ലക്ഷത്തിലധികം വരുന്ന വിചാരണാ തടവുകാരെ കണ്ടില്ലെന്നു നടിക്കും. ആള്‍ത്തിരക്ക് മൂലം നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത കുടുസുമുറികളില്‍ നരകതുല്യമായ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരെ അവര്‍ കാണില്ല. അവര്‍ക്ക് ദിലീപ് ഒരു സാധാരണ തടവുപുള്ളിയല്ല, അങ്ങനെയുള്ളപ്പോള്‍ അവരുടെ വാക്കുകളില്‍ കര്‍ക്കശ്ശതയും ആവേശവും കൂടും.

ഈ പുതിയ സാധാരണത്വത്തില്‍ തങ്ങള്‍ എത്രത്തോളം ഈ പുതിയ ഭരണകൂടത്തെ പേടിക്കുന്നു എന്ന് കാഴ്ചക്കാര്‍ അറിയാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ അങ്ങേയറ്റം ദേശീയവാദികളായി നടിക്കും, പല എഴുത്തുകാരും തങ്ങള്‍ ഭിന്നസ്വരം പുറപ്പെടുവിക്കുന്നുവെന്ന് നടിക്കും, എന്നാല്‍ അതിനു പിന്നിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പലപ്പോഴും പുറംലോകമറിയില്ല. ഈ പുതിയ സാധാരണത്വത്തില്‍ നിങ്ങളുടെ വിമതസ്വരം ആഘോഷിക്കുന്നതോ ഭരണഘടനയെ മുറുകെ പിടിക്കുന്നതോ, ക്രമസമാധാനത്തില്‍ വിശ്വസിക്കുന്നതോ ശാസ്ത്രീയ ബോധം നിലനിര്‍ത്തുന്നതോ ദാക്ഷിണ്യരഹിതമായി അടിച്ചമര്‍ത്തപ്പെടും.

ഈ പുതിയ സാധാരണത്വം പാലിക്കാന്‍ ഞങ്ങള്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ ധാര്‍മികതിയിലുന്നിയ നടപ്പുശീലങ്ങളെ പരിമിതമായ വിഭവങ്ങള്‍ കൊണ്ടാണെങ്കിലും പ്രകടിപ്പിക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. സമ്പന്നര്‍ക്കും സ്വാധീനവര്‍ഗത്തിനും ഒട്ടും ഇഷ്ടമില്ലാത്ത ആ നടപ്പുശീലങ്ങള്‍, ഞങ്ങളെ അതെത്ര മോശമായി ബാധിച്ചാലും പിന്തുടരുന്ന അവസാനത്തെ ആളുകളായിരിക്കും ഞങ്ങള്‍. മനുഷ്യാവകാശങ്ങള്‍ക്കും പുരോഗമന ആശയങ്ങള്‍ക്കുമുള്ള വാതിലുകള്‍ തുറന്നിട്ടു കൊണ്ടു തന്നെയായിരിക്കും അത്.


Next Story

Related Stories