TopTop
Begin typing your search above and press return to search.

നീറോ ഇന്നും പ്രസക്തനാണ്; നമ്മെപ്പോലെ നിശബ്ദരായ ഒരു ജനതയക്ക്

നീറോ ഇന്നും പ്രസക്തനാണ്; നമ്മെപ്പോലെ നിശബ്ദരായ ഒരു ജനതയക്ക്
നമ്മുടെ പ്രിയപ്പെട്ടവുടെ, ഉറ്റവരും ഉടയവരുമായവരുടെ മരണമുണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അത് ആരുമാകാം, കുടുംബത്തിന്റെ ഏക അത്താണിയാവാം, നിങ്ങള്‍ കൈകള്‍ മുറുകെ പിടിച്ചിരുന്ന നിങ്ങളുടെ കുഞ്ഞു സഹോദരനോ സഹോദരിയോ ആവാം, കുഞ്ഞുങ്ങളുടെ അമ്മയാവാം, ഒരുപാട് സ്വപ്നങ്ങളുമായി മുംബൈ എന്ന 'മാക്‌സിമം സിറ്റി'യിലെലത്തിയ ഒരു യുവതിയാവാം, കുടിയൊഴിപ്പിക്കലും പട്ടിണിയും സഹിക്ക വയ്യാതെ നഗരത്തിന്റെ ഓരത്തേക്ക് എത്തപ്പെട്ട നമുക്കറിയാവുന്ന ഒരു കര്‍ഷകനും ആയാളുടെ കുടുംബവുമാകാം, ആരുമാകാം.

ട്രെയിനുകളിലേക്ക് ഇരച്ചുകയറാന്‍ വെമ്പുന്ന ഒരാള്‍ക്കൂട്ടമോ അതില്‍ നിന്ന് പുറത്തിറങ്ങുന്നവരോ ആയവരുടെ തിരക്കു കൊണ്ട് മാത്രമല്ല നിങ്ങള്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്. മറിച്ച് ഈ രാജ്യം ഭരിക്കാന്‍ നാമോരോരുത്തരും ചേര്‍ന്ന് ഉത്തരവാദിത്തം ഏല്‍പ്പിച്ച ഒരു സര്‍ക്കാരിന്റെ നിരുത്തരവാദപരവും നിര്‍വികാരവുമായ മനോഭാവം കൂടിയാണ്. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന, ജനങ്ങളുടെ ഭരണകൂടം എന്നാണ് ജനാധിപത്യത്തെ കുറിച്ച് നമ്മോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ അതൊരിക്കലും ജനങ്ങള്‍ക്ക് വേണ്ടിയല്ല എന്നതുറപ്പ്, പ്രത്യേകിച്ച് അന്തസുള്ള ഒരു ജീവിതത്തിനായി എല്ലുമുറിയെ പണിയെടുക്കുന്ന മനുഷ്യരെ ഭരിക്കുന്നുവെന്ന് കരുതപ്പെടുന്നവര്‍ തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍.

മുംബൈ നഗരത്തിന്റെ ആകെയുള്ള ജി.ഡി.പിയുടെ 14 ശതമാനമെങ്കിലും ഉത്പാദിപ്പിക്കപ്പെടുന്നത് ലോവര്‍ പരേല്‍ മേഖലയിലാണ്. ഇതുവരെ രണ്ടു ലക്ഷം കോടി രൂപയെങ്കിലും ഇവിടെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍. പത്തു ലക്ഷത്തോളം പേര്‍ക്ക് ഈ മേഖല ജോലി നല്‍കുന്നുവെന്നുവെന്നതിനും കണക്കുകളുണ്ട്. നിങ്ങള്‍ പണിയെടുത്തു നല്‍കുന്ന നികുതി കൊണ്ട് സാമൂഹികക്ഷേമ പദ്ധതികള്‍ അടക്കം നടപ്പാക്കുന്നതിനും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൈനംദിന ചെലവുകള്‍ നടത്തുന്നതിന് അവര്‍ക്ക് സംഭാവന നല്‍കാന്‍ കോര്‍പറേറ്റുകള്‍ വരുമാനമുണ്ടാക്കുന്നതും ഇതില്‍ നിന്നാണ്.

ഇതൊക്കെ നമുക്ക് അറിയാമെങ്കിലും, നമ്മുടെ നേതാക്കളെയും അവരുടെ രാഷ്ട്രീയ ശരിതെറ്റുകളേയും കുറിച്ചൊക്കെ നമുക്ക് അറിയാമെങ്കിലും നിശബ്ദരായി ഓരോ തെരഞ്ഞെടുപ്പുകളിലും നാം വോട്ടു ചെയ്തുകൊണ്ടിരിക്കുന്നു. നമ്മളൊരിക്കലും അവരോട് ചോദിച്ചിട്ടില്ല, എങ്ങനെയാണ് ഇത്ര ചെലവേറിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന്, എങ്ങനെയാണ് ഹെലികോപ്റ്ററുകളിലും മറ്റും പറന്നു നടക്കാന്‍ പറ്റുന്നതെന്ന്, ഒപ്പം, നമ്മെ ഓരോരുത്തരേയും പിഴിയുന്നതെന്ന്.ഈ നേതാക്കളെയൊന്നും ഇത്തരം ദുരന്തങ്ങള്‍ക്ക് നാം ഉത്തരവാദികളാക്കാറില്ല. ഓരോ വര്‍ഷം കഴിയുന്തോറും ഇതവരെ കൂടുതല്‍ ധൈര്യപ്പെടുത്തുന്നു. ആദ്യമവര്‍ അവരുടെ സുഹൃത്തുക്കളേയും പിന്നെ ബന്ധുക്കളെയും നമ്മെ ഭരിക്കാനായി നിയമിക്കുന്നു. പിന്നെയാണ് ഇന്ത്യയുടെ വികസനത്തെക്കുറിച്ചുള്ള മതിഭ്രമങ്ങള്‍ ആക്രോശങ്ങളിലുടെയും അലര്‍ച്ചകളിലൂടയും കണ്ണീരിലൂടെയും നിങ്ങളുടെ തലച്ചോറിലേക്ക് അടിച്ചുകയറ്റുന്നത്.

ലോവര്‍ പരേലിലെ തുണിമില്ലുകളുടെ ഉടമസ്ഥര്‍ അവ അടച്ചുപൂട്ടി, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേലാളന്മാരുമായി ചേര്‍ന്ന് അവിടമൊക്കെ വാണീജ്യ സ്ഥലങ്ങളായി രൂപാന്തരപ്പെടുത്തിയപ്പോള്‍ നാം നിശബ്ദരായിരുന്നു. 1995-ല്‍ രൂപീകരിച്ച ചാള്‍സ് കൊറിയ കമ്മിറ്റിയുടെ ശിപാര്‍കള്‍ അവര്‍ അട്ടിമറിച്ചപ്പോഴും നമ്മള്‍ നിശബ്ദരായിരുന്നു. പതുക്കെ നമ്മളും അവിടെ ജോലിക്കു പോയി തുടങ്ങി. വിശക്കുന്ന വയറുകള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു.

ഒരു ദിവസം കേവലം അഞ്ചുലക്ഷം പേര്‍ മാത്രം സഞ്ചരിക്കുന്ന, 29 കിലോ മീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാറന്‍ തീരത്തൂടെ തീരദേശ പാത 10,000 കോടി രൂപ മുടക്കി നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോഴും നമ്മള്‍ നിശബ്ദരായിരുന്നു. മുംബൈയിലെ 80 ലക്ഷത്തോളം വരുന്ന ട്രെയിന്‍ യാത്രക്കാരെ അവര്‍ പൂര്‍ണമായി അവഗണിച്ചപ്പോഴും നാം നിശബ്ദരായിരുന്നു.

നമ്മുടെ നിശബ്ദതയാണ് അവര്‍ ആയുധമാക്കുന്നത്, അവരെ ബലപ്പെടുത്തുന്നത്. അതുകൊണ്ട് നമ്മുടെ പോക്കറ്റിലെ പണം കൊണ്ടു തന്നെ അവര്‍ ശിവജിക്കും സര്‍ദാര്‍ പട്ടേലിനുമൊക്ക പടുകൂറ്റന്‍ പ്രതിമകള്‍ നിര്‍മിക്കും. ഈ പ്രതിമകള്‍ നമുക്ക് പേരും പ്രശസ്തിയും തരുമെന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുമെന്നും അവര്‍ പ്രചരിപ്പിക്കും. ആ നിശബ്ദതയും പേറിയാണ് നാമോരോരുത്തരും എല്‍ഫിന്‍സ്‌റ്റോണിലെ അപകടമേറിയ മേല്‍പ്പാലത്തിലൂടെ ട്രെയിന്‍ പിടിക്കാനായി ഓടുന്നത്.

നമ്മുടെ നിശബ്ദതകള്‍ക്ക് മേല്‍ ഇങ്ങനെ ശക്തിപ്രാപിച്ചു വരുന്ന അവര്‍ നിങ്ങളോട് അഭിമാന ബോധത്തെക്കുറിച്ച് ഓര്‍മിപ്പിക്കും. റോഡും പാലവും സ്‌റ്റേഷനുമൊക്കെ പേരുമാറ്റേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓര്‍മിപ്പിക്കും. യഥാര്‍ത്ഥത്തില്‍ എല്‍ഫിന്‍സ്‌റ്റോണ്‍ റോഡ് സ്‌റ്റേഷന്റെ പേര് പ്രഭാദേവി എന്നു മാറ്റേണ്ടതായിരുന്നു വെളളിയാഴ്ച. നമ്മുടെ റെയില്‍വേ മന്ത്രിയടക്കമുള്ളവര്‍ അവിടെ തിരക്കിലായിരുന്നു. ഏതാനും മീറ്ററുകളകലെ നിങ്ങളും തിരക്കിലായിരുന്നു, അവിടെയാണ് നിങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടത്.

നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ നമ്മുടെ നിശബ്ദതയ്ക്കു മേല്‍ തങ്ങളുടെ താത്പര്യങ്ങള്‍ പണിതുയര്‍ത്തി തുടങ്ങിയത് ഏറെക്കാലമായി. സോഷ്യല്‍ മീഡിയ ജനങ്ങള്‍ തമ്മിലുള്ള വിനിമയ സാധ്യതകള്‍ കൂട്ടുമെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇവിടെ വലിയൊരു തിക്കിനും തിരക്കിനും ഉള്ള സാധ്യതയുണ്ടെന്നും അത് അപകടത്തിലേക്ക് നയിച്ചേക്കുമെന്നും നിരവധി മുന്നറിയിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുണ്ടായിരുന്നു. കുറഞ്ഞത് 100 ട്വീറ്റുകളെങ്കിലും ഇക്കാര്യത്തില്‍ ഏതാനും മാസങ്ങളായി പുറത്തു വന്നിട്ടുണ്ട്. പലതും റെയില്‍വേ മന്ത്രിയടക്കമുള്ളവരെ ടാഗ് ചെയ്തുകൊണ്ടുള്ളതുമായിരുന്നു. പക്ഷേ, അവരാരും ജനങ്ങള്‍ക്ക് ചെവികൊടുത്തില്ല, ജനത്തെ അവഗണിക്കാന്‍ സാധിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു.

ഒരു മാസത്തിനുള്ളില്‍ കുറഞ്ഞത് 10 റെയില്‍വേ അപകടങ്ങള്‍ നടന്ന ഈ രാജ്യത്താണ് അതിനിടയ്ക്ക് അവര്‍ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനം നടത്തിയത്. ഏതാനും ആയിരം യാത്രക്കാര്‍ക്കായി അവര്‍ വായ്പയെടുക്കുന്നത് ഒരുലക്ഷം കോടി രൂപയിലധികമാണ്- ഇതാണ് നമ്മുടെ രാജ്യം.

യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടത്? അപകടം പിടിച്ച റെയില്‍വേ പാലങ്ങള്‍ പുതുക്കിപ്പണിയുക, ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കുക, ബ്രിട്ടീഷ് കാലം മുതല്‍ നിലനില്‍ക്കുന്ന റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ ഭരണപരമായ നടപടികള്‍ വേഗത്തിലാക്കുകയാണ് വേണ്ടത്. എന്നാല്‍ അതത്ര ഗ്ലാമര്‍ പരിപാടിയല്ല, അവിടെ ഫോട്ടോഗ്രാഫര്‍ ഉണ്ടോ എന്നന്വേഷിച്ച് കാറില്‍ നിന്നിറങ്ങുന്നതു പോലുള്ള പി.ആര്‍ പരിപാടി നടക്കില്ല.സത്യത്തില്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് ഈ നേതാക്കള്‍ക്കുള്ള കാഴ്ചപ്പാട് എന്താണ്? ഫോട്ടോ എടുക്കലിനും കെട്ടിപ്പിടിക്കലിനും അപ്പുറം വച്ചുപുലര്‍ത്തുന്ന ചില മിഥ്യാഭ്രമങ്ങളുമല്ലാതെ. നാം ലോകശക്തിയാണെന്ന് നമ്മെ-ജനങ്ങളെ-വിശ്വസിപ്പിക്കാനാണ് അവര്‍ തത്രപ്പെടുന്നത്. എന്താണ് യാഥാര്‍ത്ഥ്യം? ഇന്നും ഭുരിഭാഗം ഇന്ത്യയും ഗ്രാമീണമാണ്. സര്‍വത്ര താറുമാറായ നഗര ജീവിതവും തൊഴിലില്ലായ്മയുമാണ് നമ്മുടെ യാഥാര്‍ത്ഥ്യം. അമേരിക്കന്‍ ജനസംഖ്യയുടെ അത്രവരുന്ന ജനങ്ങള്‍ ഇന്നും പൊതു ഇടത്ത് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്ന ക്രൂരയാഥാര്‍ത്ഥ്യം നിലനില്‍ക്കുന്ന രാജ്യമാണിത്. ആ ജനങ്ങളെയാണ് അവര്‍ മാസങ്ങളോളം സ്വന്തം പണം ലഭിക്കുന്നതിന് യാചകരെപ്പോലെ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിര്‍ത്തിച്ചത്. ഉള്ള തൊഴിലും കൂടി നഷ്ടപ്പെട്ട് അവരില്‍ ഒരുപാട് പേര്‍ ആത്മഹത്യയിലേക്ക് കടന്നു ചെന്നത്. അപ്പോഴും നാം മൗനമായിരുന്നു.

നമുക്ക് ജനസേവകരായ നേതാക്കളെയാണ് വേണ്ടത്, അഹങ്കാരവും പൊങ്ങച്ചവും കൊണ്ടു നടക്കുന്ന, നമ്മുടെ അക്കൗണ്ടുകളിലേക്ക് കള്ളപ്പണം പിടിച്ചെടുത്ത് എത്തിക്കുമെന്ന് വീമ്പടിക്കുന്ന, അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന നേതാക്കളെയല്ല. അതുകൊണ്ടു തന്നെ നിശബ്ദരായിരിക്കുന്ന നാമോരുത്തരും അവസാനിക്കുക ഇത്തരം ദുരന്തങ്ങളില്‍ തന്നെയാവും.

Next Story

Related Stories