TopTop
Begin typing your search above and press return to search.

കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

2014-ലെ വേനല്‍ക്കാലം. നാഥനില്ലാക്കളരി പോലെ രണ്ടാം യുപിഎ സര്‍ക്കാര്‍ അതിന്റെ അന്ത്യത്തോടടുക്കുന്നു. ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ് രാജ്യമെമ്പാടും ശ്രദ്ധയാകര്‍ഷിക്കുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗത്തേയും ലക്ഷ്യം വച്ചുള്ള വാചോടപങ്ങളും ആക്രോശങ്ങളുമായി നരേന്ദ്ര മോദി ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഇന്ത്യ ചുറ്റുന്നു. അതിനിടയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ നടത്തുന്ന തരംതാണ പ്രയോഗങ്ങള്‍. എന്നാല്‍ അതിലൊരു പ്രസ്താവന മറ്റുള്ളവയില്‍ നിന്നു വേറിട്ടു നിന്നു.

യുപിയിലും ബിഹാറിലുമായി നടത്തിയ അസംഖ്യം റാലികളില്‍ മോദി 'പിങ്ക് വിപ്ലവ'ത്തെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. പിങ്ക് വിപ്ലവത്തിന് കൊടിപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നായിരുന്നു ഇതില്‍ പ്രധാന ആരോപണം. ലാലു പ്രസാദ് യാദവും മുലായം സിംഗ് യാദവും എന്തുകൊണ്ടാണ് തങ്ങള്‍ പിങ്ക് വിപ്ലവത്തെ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മോദിയുടെ പിങ്ക് വിപ്ലവ റഫറന്‍സ് എന്നാല്‍ ഇറച്ചി കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്ന പുരോഗതിയെക്കുറിച്ചും കന്നുകാലി അറവിനെക്കുറിച്ചുമായിരുന്നു. പശുവിനെ ഗോമാതാവായി കരുതുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മനസിലേക്ക്, വളരെ സമര്‍ത്ഥമായി ഇറച്ചി കച്ചവടം ചൂണ്ടിക്കാട്ടി മോദി മത സങ്കുചിതത്വത്തെ കുത്തിവച്ചു. അതുവഴി നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കുമെന്നും ഉറപ്പാക്കി. അതായത്, ഹിന്ദു സമൂഹത്തിലെ താഴേക്കിടയിലുള്ള വലിയൊരു വിഭാഗം ജനങ്ങളുടേയും മുസ്ലീം സമുദായത്തിലുള്ളവരുടേയും ജീവനോപാധി കൂടിയായ ഒരു കച്ചവടത്തെ കൃത്യമായി വര്‍ഗീയ ലൈനിന്റെ അടിസ്ഥാനത്തില്‍ മോദി ചിത്രീകരിച്ചു. എന്നാല്‍ ആ ഇറച്ചി കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങളിലെ മിക്കതിന്റെയും ഉടമസ്ഥര്‍ മേല്‍ജാതി ഹിന്ദുക്കളുമായിരുന്നു.

പക്ഷേ, മോദിക്ക് അധികാരം അത്രത്തോളം പ്രധാനമായിരുന്നു. അങ്ങനെ ഡല്‍ഹിയില്‍ അധികാരത്തിലെത്തുകയും പിന്നാലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. പിന്‍ഗാമിയായി യോഗി ആദിത്യനാഥ് എത്തി. മോദിയുടെ പിങ്ക് വിപ്ലവ വാക്കുകള്‍ ഗൗരവകരമായി എടുത്ത യോഗിയാകട്ടെ, അവ നടപ്പാക്കാന്‍ ആരംഭിച്ചു. അങ്ങനെ യുപിയില്‍ മൊത്തത്തില്‍ തന്നെ കന്നുകാലി കശാപ്പ് നിരോധിക്കപ്പെട്ടു.

പിങ്ക് വിപ്ലവത്തിനെതിരെയുള്ള ഈ നേതാക്കളുടെ ആഹ്വാനം വലിയ പ്രത്യാഘാതങ്ങളാണ് യുപിയില്‍ ഉണ്ടാക്കിയത്. പ്രത്യേകിച്ച് അതിന്റെ ഗ്രാമീണ മേഖലകളില്‍. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലാണ് അതിന്റെ കാര്‍ഷിക-കന്നുകാലി വളര്‍ത്തല്‍ മേഖല. രണ്ടും ഇഴചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. കാര്‍ഷിക-കന്നുകാലി മേഖലയിലെ പ്രധാനമാണ് പാല്‍ കച്ചവടവും. ഉത്തരേന്ത്യന്‍ ഗ്രാമീണ മേഖലയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നും ഇതാണ്. എന്നാല്‍ ഈ കന്നുകാലികള്‍ക്ക് പണിയെടുക്കാനും പാലു ചുരത്താനും കഴിയാതാകുന്നതോടെ ഇവയെ പോറ്റാന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. അപ്പോള്‍ അവയെ കശാപ്പുകാര്‍ക്ക് നല്‍കുകയും ആ പണം കൊണ്ട് പുതിയ കന്നുകാലി കിടാവുകളെ വാങ്ങുകയുമാണ് കര്‍ഷകര്‍ ചെയ്യുന്നത്. ഈ ചെറിയ കശാപ്പുശാലകള്‍ നടത്തുന്നതും അവിടുത്തെ ജോലിക്കാരുമെന്നത് ഭൂരിഭാഗവും ദളിതരും മുസ്ലീങ്ങളുമാണ്. ഇന്ത്യ പടിപടിയായി ലോകത്തെ മാംസം കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായി മാറുകയും ചെയ്തു.

Also Read: കെ.ആര്‍ മീരയ്ക്കെതിരെ തെറിവിളി ആഹ്വാനവുമായി വി.ടി ബല്‍റാം എംഎല്‍എ; എഴുത്തുകാരിയുടെ പേര് തെറ്റാതെ വിളിക്കണമെന്ന് അണികള്‍ക്ക് ഉപദേശം

എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ മാംസക്കയറ്റുമതി കച്ചവടം ആറുവര്‍ഷത്തെ ഏറ്റവും കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യര്‍ക്ക് തൊഴിലില്ലാതായി. അതിനൊപ്പം, മറ്റൊന്നു കൂടി സംഭവിച്ചു. കന്നുകാലികള്‍ യുപിയെ മൊത്തത്തില്‍ ഏറ്റെടുത്തു. എവിടെയും കന്നുകാലികളാണ്, അവ കൃഷിയിടങ്ങളില്‍ കയറി കൃഷി മുഴുവന്‍ തിന്നു നശിപ്പിക്കുന്നു, ആശുപത്രികളിലും നഗരങ്ങളിലും നിരത്തുകളിലും അഴിച്ചുവിട്ട കന്നുകാലികള്‍ യഥേഷ്ടം വിഹരിക്കുന്നു. ജോര്‍ജ് ഓര്‍വെലിന്റെ ആനിമല്‍ ഫാമിലെ ചില ഭാഗങ്ങളെ അനുസ്മരിപ്പിക്കും യുപി ഇപ്പോള്‍. ഒരു സംസ്ഥാനത്തെ മൃഗങ്ങള്‍ പൂര്‍ണമായി കൈയടക്കിയിരിക്കുന്നു. അതിനെല്ലാം പുറകില്‍ ഉള്ളത് ഒരു കാര്യമായിരുന്നു: പിങ്ക് വിപ്ലവത്തെക്കുറിച്ച് പുതിയ നരേറ്റീവ് ഉണ്ടാക്കിയ നേതാക്കളുടെ വിവരക്കേടും കുടിലബുദ്ധിയും.

അതായത്, രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകള്‍ ഇങ്ങനെയാണ് സമൂഹത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നത്. പ്രായം കൊണ്ട് പിന്നിലും ഔപചാരിക വിദ്യാഭ്യാസം കൊണ്ട് മുന്നിലും നില്‍ക്കുന്ന വി.ടി ബല്‍റാം എംഎല്‍എ അക്കാര്യം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അക്രമസാഹചര്യങ്ങളും പിന്തിരിപ്പനും അതേ സമയം സ്ത്രീവിരുദ്ധവുമായ പൊതുബോധവും മാറ്റിമറിക്കാന്‍ കഴിയുന്ന ഒരുനിര യുവനേതാക്കളില്‍ ഒരാളാണ് ബല്‍റാം എന്നൊരു ധാരണ കേരളത്തില്‍ കുറെയെങ്കിലും മനുഷ്യര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ബല്‍റാം ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ.

ബല്‍റാം താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായ രാഹുല്‍ ഗാന്ധിയെ നോക്കുക. 2013 മുതല്‍ ബിജെപിയുടെ രാഷ്ട്രീയ മെഷീനറി ഏതെല്ലാം വിധത്തില്‍ അവഹേളിക്കാനും പപ്പു മുതലായ പ്രയോഗങ്ങളിലുടെ ഇല്ലാതാക്കാനും ശ്രമിച്ചിട്ടും അയാള്‍ അന്തസും മാന്യതയുമുള്ള പ്രതികരണങ്ങളിലൂടെയാണ് ചെറുത്തു നിന്നത്. ഒരിക്കല്‍ പോലും ബല്‍റാം നടത്തിയതു പോലുള്ള ആഹ്വാനങ്ങള്‍ അയാളില്‍ നിന്ന് ഉണ്ടായിട്ടില്ല. മറിച്ച് ഇന്നലെ, രാഹുല്‍ ഗാന്ധി സഹിഷ്ണുതയെക്കുറിച്ചും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പുലര്‍ത്തേണ്ട മാന്യതയെക്കുറിച്ചും ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളോട് സംവദിച്ച അതേ ദിവസം തന്നെയാണ് ബല്‍റാം ഒരു സ്ത്രീയോട്, അതും കേരളം ആദരിക്കുന്ന ഒരെഴുത്തുകാരിയോട് ഇത്തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയത് എന്നതും ഓര്‍മിക്കേണ്ടതുണ്ട്.

രാഷ്ട്രീയ, സാംസ്കാരിക വ്യവഹാരങ്ങളില്‍ പാലിക്കേണ്ട മര്യാദയും തുല്യതയുമൊക്കെ നമ്മുടെ സമൂഹത്തില്‍ അപ്രത്യക്ഷമായത്തിന്റെ അഞ്ചു വര്‍ഷങ്ങളാണ് കഴിഞ്ഞു പോകുന്നത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും മറ്റും വിദ്യാര്‍ഥികള്‍ വന്‍തോതില്‍ വേട്ടയാടപ്പെട്ടു, ഒരു ജനാധിപത്യത്തില്‍ ആവശ്യം വേണ്ട ഭിന്നസ്വരത്തിനോ അഭിപ്രായ വ്യത്യാസങ്ങള്‍ക്കോ സമൂഹത്തില്‍ സ്ഥാനമില്ലാതായി. എതിര്‍പ്പുയര്‍ത്തുന്നവര്‍ക്ക് നേരെ കടന്നല്‍ കൂടിളകിയതുപോലെ അസഭ്യവര്‍ഷങ്ങളും വ്യക്തിഗത അവഹേളനങ്ങളുമായി ഒരുകൂട്ടം മനുഷ്യര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം നിറയുന്നത് നാം കാണുന്നുണ്ട്. ബലാത്സംഗ ഭീഷണികളും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളും തെറി വിളിയും കൊണ്ട് ആരെയും അടക്കിയിരുത്താം എന്ന ആണ്‍ബോധ ഹുങ്കിന് ഇത്രയധികം സാധുത ലഭിച്ച സമയവും വേറെയില്ല. അതാണ്‌ ഒരു സമൂഹത്തില്‍ വെറുപ്പായി പടരുന്നത്, ആള്‍ക്കൂട്ടം മനുഷ്യരുടെ ജീവന്‍ എടുക്കുന്നതിലേക്ക് വളരുന്നത്, അതുവഴി ഒരു സമൂഹത്തെ പിന്നിലേക്ക് നയിക്കുന്നത്.

Also Read: “പോ മോനേ ‘ബാലരാമാ’, തരത്തില്‍ പോയി ലൈക്കടി”: വി.ടി ബല്‍റാമിനെ ട്രോളി കെആര്‍ മീര

അസഭ്യങ്ങളേയും അവഹേളനങ്ങളെയും വെറുപ്പിനെയും സാധാരണവത്ക്കരിക്കുക എന്നത് കുറച്ച് കാലത്തേക്ക് അവരവര്‍ക്ക് നേട്ടമുണ്ടാക്കിയേക്കും. അതാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. പക്ഷേ, അത് സമൂത്തിന്റെ അടിത്തറയിലുണ്ടാക്കുന്ന വിള്ളല്‍ വലുതായിരിക്കും. അത് തിരിച്ചറിയാന്‍ ഔപചാരികമായി വിദ്യാഭ്യാസം നേടിയിട്ടുണ്ട് എന്നതുകൊണ്ട് മാത്രം ആകണമെന്നില്ല. അതിന് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് മുന്നില്‍ നിന്നു നയിക്കുന്നവര്‍ക്ക് സമൂഹത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുണ്ടാവണം. കാരണം, സമൂഹമെന്നത് വിവിധ രീതികളുടെ കലര്‍പ്പാണ്. അതില്‍ തെറ്റും ശരിയും വ്യവചേ്ഛദിച്ചറിയാനും അതില്‍ ഗുണകരമായതിനെ മുന്നില്‍ നിര്‍ത്തി നയിക്കാനും കഴിയുമ്പോഴാണ് ഒരാള്‍ നേതൃഗുണമുള്ള ഒരാളായി മാറുന്നത്.

ഇത്തരത്തില്‍ അസഭ്യങ്ങളെയും അധിക്ഷേപങ്ങളെയും സ്ത്രീവിരുദ്ധതയേയുമൊക്കെ സാധാരണവത്ക്കരിക്കാന്‍ തന്റെ അനുയായികള്‍ക്ക് ബല്‍റാം ഒരു പ്രചോദനമാകില്ല എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പകരം, ഫേസ്ബുക്കോ വാട്‌സ്ആപ്പോ സമൂഹത്തിലെ മറ്റേത് വിനിമയ മാര്‍ഗങ്ങളിലൂടെയുമാകട്ടെ, നേതൃഗുണം എന്നത് ഭരണഘടനാ മൂല്യങ്ങളില്‍ അടിയുറച്ച അന്തസിന്റേയും ധാര്‍മികതയുടേയും മാന്യതയുടേയും കൂടി ഭാഗമാണെന്ന് ഈ സമൂഹത്തോട് പറയാന്‍ താങ്കള്‍ക്ക് കഴിയട്ടെ. കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്, ഒപ്പം ഇവിടുത്തെ പൊതുസമൂഹത്തോടും.


Next Story

Related Stories