Top

എന്താണ് നമ്മുടെ പ്രശ്‌നം? നിയമം ഇല്ലാത്തതോ, അത് ഫലപ്രദമായി നടപ്പാക്കാത്തതോ?

എന്താണ് നമ്മുടെ പ്രശ്‌നം? നിയമം ഇല്ലാത്തതോ, അത് ഫലപ്രദമായി നടപ്പാക്കാത്തതോ?
കുട്ടികള്‍ തുടര്‍ച്ചയായി ലൈംഗികപീഡനത്തിന് ഇരയാകുന്നതില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം വീണ്ടും ഉയര്‍ന്നുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതെ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ഇത്തരം പൊടിയിടല്‍ പരിപാടികള്‍. ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്ന ക്രിമിനല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പറയുന്നത് 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനാണ്. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അംഗീകാരത്തിനായി ഓര്‍ഡിനന്‍സ് അയച്ച ശേഷം ആറാഴ്ചക്കകം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇത് അവതരിപ്പിക്കും.

2012 ഡിസംബറിലെ ഡല്‍ഹി കൂട്ട ബലാത്സംഗത്തിന് ശേഷം 2013ലാണ് ഇതിന് മുമ്പ് ക്രിമിനല്‍ നിയമം ഭേദഗതി ചെയ്തത്. എന്നാല്‍ നിര്‍ഭയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പിന്നീട് എന്ത് ഫലമുണ്ടാക്കി? നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം 2015നെ അപേക്ഷിച്ച് കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്ന സംഭവങ്ങളില്‍ 82 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2015ല്‍ 10,854 കേസുകളാണ് ഇത്തരത്തില്‍ ഐപിസി സെക്ഷന്‍ 376 പ്രകാരവും പോസ്‌കോ സെക്ഷനുകള്‍ നാല്, ആറ് എന്നിവ പ്രകാരവും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ 2016ല്‍ ഇത്തരം കേസുകളുടെ എണ്ണം 19,765 ആയി ഉയര്‍ന്നു.

പുതിയ ഓര്‍ഡിനന്‍സ് ഇത്തരം പരാതികള്‍ നല്‍കുന്നതില്‍ നിന്ന് ഇരകളേയും അവരുടെ രക്ഷിതാക്കളേയും കൂടുതലായി പിന്തിരിപ്പിക്കാനാണ് സാധ്യത - വധശിക്ഷ തന്നെ കാരണം. എന്തുകൊണ്ടെന്നാല്‍ ഇത്തരം കേസുകളില്‍ 94.6 ശതമാനത്തിലും കുറ്റം ചെയ്യുന്നത് ബന്ധുക്കളോ അടുപ്പമുള്ള പരിചയക്കാരോ ആയിരിക്കും. ഇരകള്‍ക്കും രക്ഷിതാക്കള്‍ക്കും മേല്‍ കുടുംബത്തിന്റേയും സമൂഹത്തിന്റെയും ഭാഗത്ത് നിന്ന് വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വരും.

ഇന്ത്യക്ക് ഇനി ആവശ്യം കൂടുതല്‍ നിയമങ്ങളല്ല. അത് ആവശ്യത്തിന് ഇപ്പോളുണ്ട്. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് ആവശ്യമായ വകുപ്പുകള്‍ ഇന്ത്യന്‍ നിയമത്തില്‍ നിലവിലുണ്ട്. നിയമ വ്യവസ്ഥിതിയുടെ പോരായ്മകളും പാളിച്ചകളും പരിഹരിച്ച് നിയമം ശക്തമായി നടപ്പിലാക്കി മുന്നോട്ട് പോവുക എന്നതാണ് ഇന്ത്യ ചെയ്യേണ്ടത്.

പുതിയ നിയമങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുന്നതാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍. 2016ല്‍ 64,138 ബാല ബലാത്സംഗകേസുകള്‍ പോസ്‌കോ കോടതിക്ക് മുന്നില്‍ വന്നു. എന്നാല്‍ ഇതില്‍ 1869 കേസുകളില്‍ - അതായ് മൂന്ന് ശതമാനത്തില്‍ താഴെ - കേസുകളില്‍ മാത്രമേ ശിക്ഷ വിധിക്കപ്പെടുന്നുള്ളൂ. സ്ത്രീകളും കുട്ടികളും ഇരകളായ ബലാത്സംഗ കേസുകള്‍ മൊത്തത്തില്‍ എടുത്താല്‍ 2016ല്‍ ഇതില്‍ 94 ശതമാനത്തിലും (36,657 കേസുകളില്‍ 34,650 കേസുകള്‍) ഇരയ്ക്ക് അറിയാവുന്ന ആളുകളാണ് കുറ്റാരോപിതര്‍. അടുത്ത കുടുംബാംഗമോ, അയല്‍ക്കാരനോ, അല്ലെങ്കില്‍ അടുത്ത് പരിചയമുള്ളയാളോ.

Next Story

Related Stories