Top

രോഹിംഗ്യന്‍: എന്താണ് നമ്മുടെ നയം? എന്തായാലും ക്രൂരമായ ഒരു ഏകാധിപത്യ രാജ്യമായിരുന്നില്ല നാം

രോഹിംഗ്യന്‍: എന്താണ് നമ്മുടെ നയം? എന്തായാലും ക്രൂരമായ ഒരു ഏകാധിപത്യ രാജ്യമായിരുന്നില്ല നാം
ആക്രമണങ്ങളില്‍ നിന്നും, മിക്കവാറും ഉറപ്പുള്ള മരണത്തില്‍ നിന്നും ജനങ്ങള്‍ ഓടിയൊളിക്കുമ്പോള്‍, അവരുടെ കത്തിയ വീടുകളില്‍ നിന്നും മരിച്ച ബന്ധുക്കളില്‍ നിന്നും ജനങ്ങള്‍ ഓടിയൊളിക്കുമ്പോള്‍, കരിയുന്ന ശവശരീരങ്ങളുടെ ഗന്ധത്തില്‍ നിന്നും അവര്‍ ഓടിയൊളിക്കുകയും നിങ്ങളുടെ അതിര്‍ത്തികളില്‍ വിദ്വേഷം പ്രകടമായും പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും?

രോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി യഥാര്‍ത്ഥ മുഖം കാണിക്കുമ്പോള്‍, അതില്‍ വര്‍ഗ്ഗീയതയുടെ ഒരു നുള്ള് ചേര്‍ക്കാനും നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ കുറിച്ചുള്ള എല്ലാ വിശ്വാസങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കാനുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ ചില നയതീരുമാനങ്ങള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അവയെല്ലാം ചേര്‍ത്ത് പരിശോധിക്കുമ്പോള്‍ മതേതര ഇന്ത്യന്‍ ജനാധിപത്യ റിപ്പബ്ലിക്കിലെ ഏതൊരു പൗരനും ലജ്ജ കൊണ്ട് തലതാഴ്ത്തും.

നയം ഒന്ന്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, രോഹിംഗ്യകള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്ന് കാണിക്കുന്ന ഒരു സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ഏതാനും നിമിഷങ്ങള്‍ക്കകം അത് പിന്‍വലിക്കുകയും പിന്നീട് അത്തരത്തിലുള്ള ഒരു സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമായിരുന്നു ആദ്യത്തെ സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നത്.

നയം രണ്ട്: അഭയാര്‍ത്ഥികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള ഒരു സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവര്‍ത്തിക്കുമ്പോഴും, അസമിലെയും മണിപ്പൂരിലെയും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ 'അതിര്‍ത്തി കടക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍' അവരെ ആട്ടിയോടിക്കാന്‍ തങ്ങളുടെ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

നയം 3: രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ പലായനത്തിന് തടയിടാനും അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും മ്യാന്‍മാറിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ഇന്നലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയുമായുള്ള സംഭാഷണത്തിനിടയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

നയം 4: സെപ്തംബര്‍ ആറിന് നടത്തിയ തന്റെ മ്യാന്‍മാര്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്‍മാര്‍ നേതാവ് ആന്‍ സാങ് സൂകിയുടെ രോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തിലുള്ള നിലപാടിനെ പരസ്യമായി പുകഴ്ത്തുകയും സമാധാനവും അനുരഞ്ജനവും സ്ഥാപിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ 'ധീര'മാണെന്ന് പ്രകീര്‍ത്തിക്കുകയും ചെയ്തു.അപ്പോള്‍ ഇതില്‍ നിന്നെല്ലാം നാം മനസിലാക്കേണ്ടത് എന്താണ്?

പൊള്ളയായ നയങ്ങളും വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലെ ആശയക്കുഴപ്പവുമാണോ മോദി സര്‍ക്കാരിനെ നയിക്കുന്നത്? അതോ മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്യുന്ന പാവപ്പെട്ടവരായ ഭൂരിഭാഗം വരുന്ന രോഹിംഗ്യ മുസ്ലീങ്ങളുടെയും കുറച്ച് രോഹിംഗ്യ ഹിന്ദുക്കളുടെയും ദുരിതാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ കുറച്ച് വാചാടോപവും കുറച്ച് സാമുദായിക ലക്ഷ്യങ്ങളും കൂട്ടിക്കലര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണോ ഇതില്‍ നിന്നെല്ലാം നാം വായിച്ചെടുക്കേണ്ടത്?

ഭരണഘടനയും എഴുതപ്പെട്ട നിയമങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യം എന്ന നിലയില്‍, വര്‍ഷങ്ങളായി പ്രകടിപ്പിക്കപ്പെടുന്ന അനുകമ്പയിലും സാംസ്ക്കാരികമായ ദയാവായ്പിലും രൂഢമായ ഒരു സമൂഹം എന്ന നിലയില്‍ ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നിറങ്ങള്‍ക്കപ്പുറം ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള ബാധ്യത ഇന്ത്യ എന്ന ഈ മഹാരാജ്യത്തിനുണ്ട്.

ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗമാണ്. സമീപകാലത്ത് മ്യാന്‍മാറിയില്‍, പ്രത്യേകിച്ചും രാഘിനെ സംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അധികാരം നല്‍കിക്കൊണ്ട് ഒരു സ്വതന്ത്ര അന്താരാഷ്ട്ര സത്യാന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു പ്രമേയം 2017 മാര്‍ച്ചില്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കിയിരുന്നു. ഈ ദൗത്യത്തെയും അതിന്റെ ഉദ്ദേശത്തെയും ഇന്ത്യന്‍ സര്‍ക്കാര്‍ തള്ളിപ്പറയുമോ?ഇന്ത്യ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് മോദി സര്‍ക്കാരിന് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നമ്മുടെ തന്നെ ചരിത്രം ഒന്ന് പരിശോധിച്ചാല്‍ മതിയാകും. രക്തച്ചൊരിച്ചിലുകളില്‍ നിന്നും കലാപങ്ങളില്‍ പിന്നും പലയാനം ചെയ്യുന്നവര്‍ക്ക് ചരിത്രപരമായി തന്നെ ഇന്ത്യ ഒരു അഭയകേന്ദ്രമായിരുന്നു. ജൂതന്മാരുടെ ആദ്യകാല ചരിത്രത്തില്‍ നിന്നും അത് ആരംഭിക്കുന്നു. ആധുനിക കാലത്ത് ടിബറ്റുകാരാവട്ടെ, ശ്രീലങ്കക്കാരാകട്ടെ, ദശലക്ഷക്കണക്കിന് ബംഗ്ലാദേശികളാവട്ടെ അവര്‍ക്കെല്ലാം അഭയവും പിന്തുണയും ഇന്ത്യ നല്‍കിയിട്ടുണ്ട്.

ഹിന്ദുത്വ മനോഭാവത്തിലുള്ള വര്‍ഗ്ഗീയ ചുവയോടെ ഇന്ത്യാ രാജ്യത്തെ ആണത്ത ഹുങ്കിന്റെ അധികാര കേന്ദ്രമാക്കാനുള്ള സങ്കല്‍പങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന ആയിരങ്ങള്‍ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചെറിയ ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടാവാം. എന്നാല്‍ ഉറപ്പുള്ള മരണത്തില്‍ നിന്നും രക്ഷപ്പെട്ടോടുന്ന, അഭയം തേടുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അതിര്‍ത്തികളില്‍ തന്നെ വെടിവച്ചു കൊല്ലുന്ന ചൈനയേയോ ഉത്തര കൊറിയയെയോ പോലുള്ള ക്രൂരമായ ഒരു ഏകാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നത് കാണാന്‍ ഈ രാജ്യത്തെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ല.

Next Story

Related Stories