UPDATES

ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെടും എന്നത് തീര്‍ച്ചയാണ്; പക്ഷേ, എന്തായിരിക്കും നമ്മുടെ ജനാധിപത്യത്തിന്റെ വിധി?

സ്വതന്ത്ര നീതിപീഠത്തിന്റെ ചരമഗീതമാണ് കേൾക്കുന്നത്. ഒരു അധാർമ്മിക റിപ്പബ്ലിക്കിന്റെ അസ്വാസ്ഥ്യജനകമായ ചിത്രമാണ് തെളിയുന്നത്.

1993 മെയ് പത്താം തിയ്യതി വൈകുന്നേരം ആറ് മണിക്ക് രാജ്യം മുഴുവൻ ലോകസഭാ നടപടികളിലേക്ക് ഉറ്റുനോക്കുകയായിരുന്നു. സിപിഎമ്മിന്റെ സോമനാഥ ചാറ്റർജിയാണ് ആദ്യം സംസാരിക്കാൻ തുടങ്ങിയത്. ഏതാണ്ട് 45 മിനിറ്റോളം അദ്ദേഹം സംസാരിച്ചു. സഭയിൽ തങ്ങളുയർത്തുന്ന പ്രശ്നത്തിൽ സമവായം രൂപപ്പെടുത്തിയെടുക്കുന്നത് ഉന്നം വെച്ചായിരുന്നു അദ്ദേഹത്തിന്റെ സംസാരം.

ചരിത്രപരമായ നിമിഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് സോമനാഥ ചാറ്റർജി ട്രഷറി ബഞ്ചിന്റെ പിന്തുണ തേടി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കുകയായിരുന്നു പാർലമെന്റ് അന്ന്.

മുതിർന്ന അഭിഭാഷകനെന്ന നിലയിൽ കപിൽ സിബൽ ജസ്റ്റിസ് വി രാമസ്വാമിയെ പ്രതിരോധിച്ചു. ഏതാണ്ട് അഞ്ച് മണിക്കൂർ നേരം അദ്ദേഹം സംസാരിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകനായ ജെഎസ് ഖേഹാർ ആയിരുന്നു പാർലമെന്റിൽ കപിൽ സിബലിനെ സഹായിച്ചത് ചെയ്തത്.

സിബൽ ഇന്ന്, നിലവിലെ ചീഫ് ജസ്റ്റിസ്സിനെ ഇംപീച്ച് ചെയ്യണമെന്ന് വാദിക്കുന്നവരിൽ പ്രധാനിയാണ്. പിൽക്കാലത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സായി മാറിയ ഖേഹാർ ഉൾപ്പെടെയുള്ളവരടങ്ങുന്ന മുതിർന്ന ജഡ്ജിമാരുടെ നടപ്പ് ദൂഷ്യങ്ങളും നിലവാരത്തകർച്ചയും നിയമവൃത്തങ്ങൾക്കിടയിൽ കടുത്ത ആശങ്കകളുയർത്തുന്നതിന് കാരണമായി.

ജസ്റ്റിസ് രാമസ്വാമി ഒരു ക്ലർക്കിനെക്കാൾ മോശമായാണ് പരിഗണിക്കപ്പെടുന്നതെന്ന് സിബൽ അന്ന് പാര്‍ലമെന്റിൽ വാദിച്ചു. രാജ്യത്തിന്റെ ഉത്തര-ദക്ഷിണ അസമത്വ രാഷ്ട്രീയം അതിസമർത്ഥമായി ഉപയോഗിക്കാൻ രാമസ്വാമിക്ക് കഴിഞ്ഞു. അന്ന് ഭരണത്തിലിരുന്ന കോൺഗ്രസ്സ് ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കാൻ അനുവദിച്ചില്ല.

196 മെമ്പർമാർ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തു. പക്ഷെ, വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന 205 കോൺഗ്രസ്സ് എംപിമാരുടെ പിന്തുണയോടെ ജസ്റ്റിസ് രാമസ്വാമി ഇംപീച്ച്മെന്റ് നടപടിയിൽ നിന്നും രക്ഷപ്പെട്ടു. ഇംപീച്ച്മെന്റ് നടപ്പാകണമെങ്കിൽ മൂന്നിൽ രണ്ട് മെമ്പർമാരുടെ പിന്തുണ ആവശ്യമാണ്.

ഈ സംഭവം ഇന്ത്യൻ ജുഡീഷ്യറി നേരിട്ട ഒരു ദുരന്തം തന്നെയായിരുന്നു. എത്ര കനത്ത പെരുമാറ്റദൂഷ്യത്തിനും വിലകുറഞ്ഞ രാഷ്ട്രീയക്കാരുടെ പിന്തുണ ലഭിക്കുമെന്ന സന്ദേശമാണ് ഇത് ഇന്ത്യയിലെ വരുംതലമുറ ന്യായാധിപന്‍മാർക്ക് നൽകിയത്.

അന്നത്തെ കോൺഗ്രസ്സിന്റെ എതിര്‍പ്പിന് ഒരു കാരണമുണ്ടായിരുന്നു. സിഖ് സായുധ തീവ്രവാദം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ രാജീവ് ഗാന്ധി പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് ചീഫ് ജസ്റ്റിസ്സായി അയച്ചത് രാമസ്വാമിയെയായിരുന്നു. കൂടാതെ, രാമസ്വാമിയുടെ മകൻ അന്ന് തമിഴ്നാട്ടിൽ സിറ്റിംഗ് എംഎൽഎയുമായിരുന്നു.

ഇന്ന് ബിജെപിയുടെ പിൻമാറ്റത്തിനു പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. ജസ്റ്റിസ് ദിപക് മിശ്രയുടെ പല നടപടികളും ഭരണകക്ഷിയെയും അതിന്റെ പ്രധാന നേതാക്കളെയും സംരക്ഷിക്കുന്നവയായിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ അഞ്ചു കുറ്റങ്ങള്‍

രാമസ്വാമിക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയത് ജസ്റ്റിസ് പിബി സാവന്ത് തലവനായ ഒരു ജഡീഷ്യൽ കമ്മറ്റി അദ്ദേഹത്തെ നിരവധി വിഷയങ്ങളിൽ കുറ്റം ചാര്‍ത്തിയതിനു ശേഷം മാത്രമായിരുന്നു. “അങ്ങേയറ്റം അധാർമികമായ രീതിയിൽ ഓഫീസ് ദുരുപയോഗം ചെയ്യൽ, കൃത്യനിർവ്വഹണത്തിൽ മനപ്പൂർവ്വം നിരന്തരമായി വീഴ്ചവരുത്തൽ, പൊതുഖജനാവ് ധൂർത്തടിക്കുക, പൊതുപണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, ചട്ടങ്ങളോടും നിയമവ്യവസ്ഥയോടും വീണ്ടുവിചാരമില്ലാത്ത അനാദരവ്, ജുഡീഷ്യൽ ഓഫീസിന്റെ അന്തസ്സ് ഇടിക്കുക, ജുഡീഷ്യറി എന്ന സ്ഥാപനത്തിന് അനാദരവ് സമ്പാദിച്ചു നൽകുകയും നീതിനിർവ്വഹണത്തിൽ പൊതുജനം ആ സ്ഥാപനത്തിന്മേൽ പുലർത്തുന്ന വിശ്വാസത്തെയും അർപ്പണത്തെയും ദുർബലപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ” അദ്ദേഹത്തിനു മേൽ ചാര്‍ത്തപ്പെട്ടു.

രാമസ്വാമി ഓഫീസിൽ തുടരുന്നത് നീതിനിർവ്വഹണത്തിനും പൊതു താല്പ്പര്യത്തിനും ദോഷം ചെയ്യുന്ന തരം നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് പിബി സാവന്ത് കമ്മറ്റി അന്ന് ചൂണ്ടിക്കാണിച്ചു.

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

ദിപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ നിരീക്ഷിക്കുന്ന പലരിലും അന്നത്തെ ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ വാക്കുകൾ അശുഭചിന്ത വളർത്തിയേക്കാം. രാമസ്വാമി ഹൈക്കോടതി ജഡ്ജിയായിരുന്ന കാലത്ത് ഔദ്യോഗിക വസതിയിൽ നടത്തിയ ധൂര്‍ത്തും ദുരുപയോഗങ്ങളും മാത്രമാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരുന്ന ആരോപണങ്ങളെങ്കിലും.

താരതമ്യം ചെയ്യുമ്പോൾ ദിപക് മിശ്രയ്ക്കെതിരായ ആരോപണം അതിലും ഗുരുതരമാണ്. ഒരു ജനാധിപത്യവ്യവസ്ഥ അധഃപതിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്. സ്വതന്ത്ര നീതിപീഠത്തിന്റെ ചരമഗീതമാണ് കേൾക്കുന്നത്. ഒരു അധാർമ്മിക റിപ്പബ്ലിക്കിന്റെ അസ്വാസ്ഥ്യജനകമായ ചിത്രമാണ് തെളിയുന്നത്.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയില്ലെങ്കില്‍ ഞങ്ങള്‍ ഉന്നയിച്ച ആരോപണം ശരിയാണെന്നുവരും-ജസ്റ്റിസ് ചെലമേശ്വര്‍

പ്രതിപക്ഷ കക്ഷികൾ വെങ്കയ്യ നായിഡുവിന് സമർപ്പിച്ച കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ആദ്യത്തെ ആരോപണം Prasad Education Trust വിഷയത്തില്‍ അതുമായി ബന്ധപ്പെട്ടവര്‍ കോഴ നല്‍കാന്‍ ശ്രമിച്ചതിനുള്ള ഗൂഢാലോചനയും ആ തര്‍ക്കം ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്ത രീതിയുമായും ബന്ധപ്പെട്ടതാണ്. സി ബി ഐ ഒരു FIR രേഖപ്പെടുത്തിയിട്ടുണ്ട്. ഒഡിഷ ഹൈക്കോടതിയിലെ ഒരു മുന്‍ ന്യായാധിപനടക്കമുള്ള ഇടനിലക്കാരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖയും മറ്റ് രേഖകളുമുണ്ട്. ഇതില്‍ ചീഫ് ജസ്റ്റിസിനെ പരോക്ഷമായി പരാമര്‍ശിക്കുന്നുമുണ്ട്. സി ബി ഐ തെളിവുകള്‍ കൈമാറിയിട്ടും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് നാരായണ്‍ ശുക്ലക്കെതിരെ FIR രേഖപ്പെടുത്താനുള്ള അനുമതി നിഷേധിച്ചത് തെറ്റായ പെരുമാറ്റമാണ്. ഇതെല്ലാം സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

താന്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന Prasad Education Trust വിഷയത്തിലെ ഒരു റിട്ട് ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എടുത്ത ഭരണപരവും, വിധിതീര്‍പ്പ് സംബന്ധവുമായ വിഷയത്തിലാണ് രണ്ടാമത്തെ ആരോപണം. ചീഫ് ജസ്റ്റിസ് ഒരു ഭരണഘടന ബഞ്ചില്‍ ഉള്ളപ്പോള്‍, വ്യവഹാരങ്ങള്‍ പട്ടികയില്‍ കേള്‍ക്കാനുള്ള പട്ടിക തയ്യാറാക്കാനുള്ളപ്പോള്‍ അതിനുള്ള അപേക്ഷ ചീഫ് ജസ്റ്റിസിന് തൊട്ടുതാഴെയുള്ള ന്യായാധിപന്‍ കേള്‍ക്കലാണ് സുപ്രീം കോടതിയില്‍ ഉള്ള കീഴ്വഴക്കം. ഇത് കാലങ്ങളായുള്ള പതിവാണ്. നവംബര്‍ 9, 2017-നു ചീഫ് ജസ്റ്റിസ് ഭരണഘടന ബഞ്ചില്‍ ഇരിക്കുന്നതിനാല്‍ രാവിലെ 10:30നു ജസ്റ്റിസ് ചെലമേശ്വരിന്റെ മുന്നില്‍ ഒരു റിട്ട് ഹര്‍ജി എത്തി. അത് അന്നേ ദിവസം പട്ടികയില്‍ പെടുത്താനുള്ളതായിരുന്നു. ആ ഹര്‍ജി എടുത്തപ്പോള്‍ നവംബര്‍ 6, 2017 എന്നു തീയതി കുറിച്ച ഒരു കുറിപ്പ് ഹര്‍ജി കേള്‍ക്കുന്ന ന്യായാധിപന്‍മാരുടെ മുന്നില്‍ രജിസ്ട്രിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ നല്കി. ഇതാണ് മൂന്നാമത്തെ ആരോപണത്തിന്റെ അടിസ്ഥാനം. നവംബര്‍ 9-നു ജസ്റ്റിസ് ചലമേശ്വര്‍ കേള്‍ക്കുന്ന വിഷയത്തിലാണ് മുന്‍ തീയതിയിലുള്ള ഒരു കുറിപ്പു നല്കിയത്. ഇങ്ങനെ മുന്‍ തീയതി ഇടുന്നത് എന്തുകൊണ്ടും ഗൌരവമായ ഒരു ആരോപണമാണ്.

നാലാമത്തെ ആരോപണം അഭിഭാഷകനായിരിക്കെ വ്യാജ സത്യവാങ്മൂലം നല്കി ചീഫ് ജസ്റ്റിസ് ഭൂമി ഏറ്റെടുത്തു എന്നതാണ്. കൂടാതെ, 1985-ല്‍ ADM ഈ അനുമതി റദ്ദാക്കിയിട്ടും സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ഭൂമി 2012-ല്‍ വിട്ടുകൊടുത്തത്.

വിധികളെ സ്വാധീനിക്കുന്നതിനെന്ന് കരുതാവുന്ന തരത്തില്‍, Master of Roaster എന്ന തന്റെ അധികാരം ദുരുപയോഗിച്ചുകൊണ്ട്, നിര്‍ണ്ണായകമായ വിഷയങ്ങള്‍ ചില പ്രത്യേക ബഞ്ചുകളിലേക്ക് അയച്ച് ചീഫ് ജസ്റ്റിസ് അധികാര ദുര്‍വിനിയോഗം നടത്തി എന്നതാണ് അഞ്ചാമത്തെ ആരോപണം.

ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ജനങ്ങളോട് ഉത്തരവാദികളാണ് എന്ന പോലെ ഞങ്ങള്‍ക്ക് ചീഫ് ജസ്റ്റിസിനെ ഉത്തരവാദിത്തത്തില്‍ നിര്‍ത്താന്‍ അവകാശമുണ്ട്. നിയമത്തിന്റെ ഔന്നത്യമാണ് ഏത് പദവിയുടെ ഔന്നത്യത്തെക്കാളും വലുത്.

ജസ്റ്റിസ് ലോയ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ റിപ്പബ്ലിക്കിനെ വന്നു മൂടുന്ന കനത്ത ഇരുട്ടുമായി ഒത്തുപോകുന്നതാണ് ദിനം പ്രതി എന്നോണമുള്ള സുപ്രീകോടതിയുടെ നടപടികള്‍ എന്നതാണ് പറയാതെ അവശേഷിക്കുന്നത്.

കുറ്റവിചാരണ പ്രമേയം തീര്‍ച്ചയായും പരാജയപ്പെടും. പക്ഷേ, എന്തായിരിക്കും നമ്മുടെ ജനാധിപത്യത്തിന്റെ വിധി?

സുപ്രീംകോടതിയുടെ നിലനിൽപ്പും ജീവനും അപകടത്തിൽ; ചരിത്രം നമ്മളോട് പൊറുക്കില്ല: ജസ്റ്റിസ് കുര്യൻ ജോസഫ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍