TopTop
Begin typing your search above and press return to search.

നമ്മുടെ ജുഡീഷ്യല്‍ പ്രതിസന്ധിയുടെ ഉദാഹരണമായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം മാറുന്നതെങ്ങനെ?

നമ്മുടെ ജുഡീഷ്യല്‍ പ്രതിസന്ധിയുടെ ഉദാഹരണമായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം മാറുന്നതെങ്ങനെ?
ഇന്ത്യന്‍ ജുഡീഷ്യറി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ വളരെ വ്യക്തമായ രീതിയില്‍ പ്രസ്താവിക്കുകയുണ്ടായി.

അസോസിയേഷന്‍ പുറപ്പെടുവിച്ച പ്രമേയത്തില്‍ അവര്‍ ആവശ്യപ്പെട്ടത് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് നിയമിച്ചുകൊണ്ടുള്ള ശിപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ അടയിരിക്കരുത് എന്നാണ്. "ആര്‍ജവം, സത്യസന്ധത, നിയമത്തെക്കുറിച്ചും ജുഡീഷ്യറി എങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ചുള്ള ഗ്രാഹ്യം തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് അറിയപ്പെടുന്നയാളാണ് ജസ്റ്റിസ് കെ.എം ജോസഫ്. ഒരാള്‍ക്ക് ഇത്തരം ഗുണങ്ങള്‍ ഉണ്ട് എന്നത് അദ്ദേഹത്തെ ജഡ്ജിയായി നിയമിക്കുന്നതിന് ഒരു തടസമായി വരരുത്"
- പ്രമേയത്തില്‍ അവര്‍ വ്യക്തമാക്കി.

ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതിയിലേക്ക് നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിട്ട് ഇപ്പോള്‍ തന്നെ ഒരു മാസം കഴിഞ്ഞിരിക്കുന്നു എന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷനും തെറ്റായ സൂചനകള്‍ നല്‍കാന്‍ മാത്രമ ഈ കാലതാമസം ഉപകരിക്കൂ. "തങ്ങളുടെ കടമ നിര്‍വഹിക്കുന്ന കാര്യത്തില്‍ സത്യസന്ധരും നിര്‍ഭയരുമായ ജഡ്ജിമാര്‍ക്ക് അതിന്റെ പേരില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്"
, ഉന്നത നീതിന്യായ മേഖലകളില്‍ നടക്കുന്ന നിയമനങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ ഏറ്റവും മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിച്ചു തന്നെ പ്രമേയം വ്യക്തമാക്കുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ശിപാര്‍ശ ചെയ്തത്. എന്നാല്‍ കേന്ദ്ര നിയമ മന്ത്രാലയം ഇത് ഉടനടി തിരിച്ചയച്ചു. അതിന്റെ കാരണമായി മിക്കവര്‍ക്കും തോന്നിയത്, 2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത് ജസ്റ്റിസ് ജോസഫായിരുന്നു എന്നതാണ്. തുടര്‍ന്ന് 2016 മേയില്‍ കൊളീജിയം ജസ്റ്റിസ് ജോസഫിനെ ആന്ധ്ര-തെലങ്കാന ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്‌തെങ്കിലും അത് നടപ്പായില്ല. ഇതിനു പിന്നാലെയാണ് കൊളീജിയം അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തിയത്.ജസ്റ്റിസ് ജോസഫിന്റെ ബ്രില്യന്റായ കരിയര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം ദുര്‍വാശികളിലും പകപോക്കലുകളിലും തട്ടിത്തടഞ്ഞു നില്‍ക്കുക എന്നത് മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട്. ആദ്യമായല്ല, സര്‍ക്കാരുകളുടെ ഇത്തരം നടപടികള്‍ക്ക് ഒരാള്‍ വിധേയനാവേണ്ടി വരുന്നത് എന്നത്. നമ്മുടെ നീതിന്യായ കോടതികളിലേക്കുള്ള നിയമനങ്ങളില്‍ ഇത്തരത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്നും നമ്മുടെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന, എന്നാല്‍ പരമ രഹസ്യമായ കാര്യമാണ്.

ഇപ്പോള്‍ നമ്മുടെ ഉന്നതകോടതിയില്‍ ഉണ്ടായിരിക്കുന്ന സാഹചര്യങ്ങള്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് മുന്നില്‍ തുറന്നു വയ്ക്കുന്നു.

ഈ മാസം 28-ന് ജസ്റ്റിസ് അമിതാവ് റോയി വിരമിക്കുന്നതോടെ സുപ്രീം കോടതിയില്‍ ഒഴിവു വരുന്ന ജഡ്ജിമാരുടെ എണ്ണം ഏഴാകും. അതായത് 31 ജഡ്ജിമാര്‍ വേണ്ടിടത്ത് 24 പേര്‍ മാത്രമേ ഉണ്ടാകൂ.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെ അഞ്ചു ജഡ്ജിമാര്‍ കൂടി ഈ മാസം സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നുണ്ട്. ജസ്റ്റിസുമാരായ ജെ ചെലശ്വേര്‍,, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരും ഈ വര്‍ഷം വിരമിക്കുന്ന ജഡ്ജിമാരാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി ഏഴ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരുടെ ഒഴിവുകള്‍ നികത്തപ്പെട്ടിട്ടില്ല.

മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിലാഷാ കുമാരി വിരമിക്കുന്നത് വെള്ളിയാഴ്ചയാണെങ്കില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് തരുണ്‍ അഗര്‍വാല വിരമിക്കുന്നത് മാര്‍ച്ചിലാണ്. അതായത്, ഇവരെയൊക്കെ ചീഫ് ജസ്റ്റിസായി നിയമിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വിരമിക്കേണ്ടി വന്നു എന്നത് നമ്മുടെ ഹൈക്കോടതികളില്‍ നടക്കുന്ന നിയമനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണ് കാണിക്കുന്നത്. ഇവര്‍ക്കു പുറെമ 2018-ല്‍ ആറ് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ കൂടി വിരമിക്കുന്നുണ്ട്.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിക്കുന്നത് മെയ് 29നാണ്. ഈ സ്ഥാനം ഏറ്റെടുത്ത് വെറും മൂന്നു മാസം മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത് എന്നോര്‍ക്കണം.

ജമ്മു-കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ഡി അഹമ്മദ് മാര്‍ച്ച് 15-ന് വിരമിക്കും. പഞ്ചാബ് 7 ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്.ജെ വസീഫ്ദര്‍ മെയ് മൂന്നിനും വിരമിക്കും.

ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിംഗ് സെപ്റ്റംബര്‍ അഞ്ചിനും കല്‍ക്കട്ട ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജെ. ഭട്ടാചാര്യ സെപ്റ്റംബര്‍ 24-നുമാണ് വിരമിക്കുന്നത്. ഓഗസ്റ്റ് 10-ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.ബി ഭോസ്ലയും വിരമിക്കും.

ഇത്തരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജസ്റ്റിസ് കെ.എം ജോസഫിനെ പോലുള്ള മിടുക്കന്മാരായ ജഡ്ജിമാര്‍ സര്‍ക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും ജുഡീഷ്യറിയിലെ മോശം പ്രവണതകള്‍ക്കുമൊക്കെ ഇരകളാകുന്നത്. ജസ്റ്റിസ് ജോസഫ് അതിന്റെ ഏറ്റവും മികച്ച ഉദാഹരമാണ്.

Next Story

Related Stories