TopTop

അന്തസും കഴിവുമല്ല, ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത് 'മറ്റ് മിടുക്കു'കളാണെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍

അന്തസും കഴിവുമല്ല, ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്
ഉത്തര്‍ പ്രദേശ് കേഡര്‍ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് കപൂര്‍ രാജ്യത്തെ മികച്ച ഉദ്യോഗസ്ഥരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. മികച്ച ഭരണപാടവത്തിനു പുറമെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും വഴങ്ങാത്ത 'അന്തസുള്ള' ഉദ്യോഗസ്ഥന്‍ എന്ന ബഹുമതി കൂടി അദ്ദേഹത്തിനുണ്ട്. 2014-16 സമയത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഡയറകട്‌റായിരുന്നു കപൂര്‍. ഐ.ഐ.റ്റി, ഐ.ഐ.എം ബിരുദങ്ങള്‍ക്ക് പുറമെ അമേരിക്കയിലെ പ്രിന്‍സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ള കപൂര്‍ സാധാരണ ഗതിയില്‍ ഏതൊരു സര്‍ക്കാരിനും ഒരു മുതല്‍ക്കൂട്ടു തന്നെയായിരിക്കും.

എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തന്റെ മാതൃകേഡറായ ഉത്തര്‍ പ്രദേശിലേക്ക് കപൂര്‍ തിരിച്ചു പോയി. കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍സില്‍ സെക്രട്ടറിയായിരുന്നു അപ്പോള്‍ അദ്ദേഹം. യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിവിധ വകുപ്പുകളുടെ സെക്രട്ടറിയായി തട്ടിക്കളിക്കുകയായിരുന്നു കപൂറിനെ. മോദി സര്‍ക്കാരും അതിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്നതിന്റെ ഒരു നേര്‍സാക്ഷ്യം കൂടിയാണ് കപൂര്‍. 2016 ഡിസംബര്‍ മുതല്‍ 2017 ജൂണ്‍ വരെ പുനരുപയോഗ ഊര്‍ജ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. അതിനു പിന്നാലെയാണ് അദ്ദേഹത്തെ കെമിക്കല്‍സ്, പെട്രോ കെമിക്കല്‍സ് വകുപ്പിലേക്ക് തട്ടുന്നത്.

ഇതൊരു കപൂറിന്റെ കാര്യം മാത്രമല്ല, സ്വതന്ത്രമായും കണിശമായും പ്രവര്‍ത്തിക്കുന്നതിന് പേരു കേട്ട വലിയൊരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പടിപടിയായി വിവിധ രീതികളില്‍ തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ്. 1984 ബാച്ചിലെ സെക്രട്ടറി റാങ്കില്‍ വരുന്ന കുറഞ്ഞത് അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഈ സര്‍ക്കാരിന് താത്പര്യമില്ല എന്നതിന്റെ പേരില്‍ ചെറിയ വകുപ്പുകളിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ഒരു രാത്രി നിയമന ഉത്തരവിറക്കുകയും അതുപോലെ ഒരു മുന്നറിയിപ്പും ഇല്ലാതെ വകുപ്പുകളില്‍ നിന്ന് തെറുപ്പിക്കുന്നതും ഈ സര്‍ക്കാരിന്റെ മുഖമുദ്രകളിലൊന്നാണ്.

അതിന്റെ ഫലമോ? ഒരു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഈ സര്‍ക്കാരിനൊപ്പം ജോലി ചെയ്യാന്‍ താത്പര്യമില്ലാതായിരിക്കുന്നു. കേന്ദ്ര സര്‍വീസിലേക്ക് വരാന്‍ ഉദ്യോഗസ്ഥരിലുള്ള താത്പര്യം ഏറ്റവും കുറവാണ് ഇപ്പോഴെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുകൊണ്ടു തന്നെ മറ്റ് സര്‍വീസുകളിലുള്ളവരെ സര്‍ക്കാര്‍ ഇവിടേക്ക് കൊണ്ടുവരികയും അവര്‍ക്ക് പ്രധാനപ്പെട്ട പോസ്റ്റുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പരിപാടിയും അവസാനിക്കുകയാണ്.

അതായത്, കേന്ദ്രത്തില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള 'മിടുക്കരായ വ്യക്തി'കളെ ക്ഷണിച്ചു കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു അത്ഭുതവുമില്ല എന്നു തന്നെ.

തുടക്കമെന്ന നിലയില്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഇകണോമിക്ക് അഫയേഴ്‌സ്, റവന്യൂ, കൊമേഴ്‌സ്, ഹൈവേ തുടങ്ങി 10 വകുപ്പുകളിലെ ഉന്നത പദവികളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

രാഷ്ട്രനിര്‍മാണത്തില്‍ താത്പര്യമുള്ള 'മിടുക്കരായ 10 വ്യക്തി'കളെ ക്ഷണിക്കുന്നു എന്നായിരുന്നു പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഞായറാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

വിജ്ഞാപനം അനുസരിച്ച് ഈ പദവികളിലേക്ക് അപേക്ഷിക്കാവുന്നത് ആര്‍ക്കൊക്കെയാണെന്ന് പറയുന്നത് ഇങ്ങനെയാണ്: സ്വകാര്യ കമ്പനികളില്‍ ഇത്തരത്തില്‍ ഉന്നത തലങ്ങളില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍, കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനുകള്‍, അന്താരാഷ്ട്ര, ബഹുരാഷ്ട്ര ഓര്‍ഗനൈസേഷനുകള്‍ എന്നിവിടങ്ങളില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഒപ്പം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാ സഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം.

മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തുടക്കത്തില്‍ പത്തു വകുപ്പുകളിലേക്കാണ് നിയമനം എങ്കിലും രണ്ടാം ഘട്ടത്തില്‍ മറ്റു വകുപ്പുകളിലേക്കും ഈ നയം പിന്തുടര്‍ന്നായിരിക്കും നിയമനം.

10 വകുപ്പുകളിലേക്ക് ജോയിന്റ് സെക്രട്ടറി തലത്തില്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന് പറഞ്ഞായിരിന്നു സര്‍ക്കാരിന്റെ പരസ്യം. സാധാരണ ഗതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വഹിക്കുന്ന പദവിയാണിത്. മൂന്നു ഘട്ടങ്ങളായുള്ള യു.പി.എസ്.സി പരീക്ഷ പാസായി അവര്‍ക്ക് അതില്‍ നിന്നു ലഭിക്കുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആര്‍എസ് എന്നിങ്ങനെ മെറിറ്റ് തിരിച്ച് ജോലിക്ക് കയറി പടിപടിയായി ഉയര്‍ന്നു വരുന്ന ഉദ്യോഗസ്ഥരാണ് അവര്‍.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനും നയരൂപീകരണത്തിനും ചുക്കാന്‍ പിടിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട പദവിയാണ് ജോയിന്റ് സെക്രട്ടറി. അതായത്, സര്‍ക്കാരിലേയും വിവിധ വകുപ്പുകളിലേയും ഏറ്റവും പ്രധാന തീരുമാനങ്ങള്‍ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഈ ജോയിന്റ് സെക്രട്ടറി പദവികളിലുള്ളവരാണ്.

അഖിലേന്ത്യാ സിവില്‍ സര്‍വീസാ പരീക്ഷാ (യു.പി.എസ്.സി) നടത്തിപ്പില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ തീരുമാനം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍വീസും കേഡറും തീരുമാനിക്കുന്നതിന് നിലവിലുള്ള പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും മാര്‍ക്കുകള്‍ക്ക് പകരം പുതിയ ഫൗണ്ടേഷന്‍ കോഴ്‌സ് കൂടി ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. സിവില്‍ സര്‍വീസ് ട്രെയിനിംഗ് അക്കാദമിയില്‍ നടത്തുന്ന ഫൗണ്ടേഷന്‍ കോഴ്‌സിലെ ഫലമായിരിക്കും ഇനി ഓരോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടേയും തലവര നിശ്ചയിക്കുക എന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതായത്, സര്‍ക്കാരിന്റെ പൂര്‍ണമായ താത്പര്യങ്ങള്‍ക്ക് അനുസരിച്ചു മാത്രമായിരിക്കും ഇനി ഓരോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടേയും ഭാവി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/edit-modi-govt-attempt-manipulate-civilservice/

Next Story

Related Stories