TopTop
Begin typing your search above and press return to search.

ഇത് ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകളാല്‍ ഭരിക്കപ്പെടുന്ന ക്രിമിനലുകളുടെ രാജ്യം

ഇത് ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകളാല്‍ ഭരിക്കപ്പെടുന്ന ക്രിമിനലുകളുടെ രാജ്യം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കല്‍ക്കത്തയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് ഒരു ക്രിമിനല്‍ രാഷ്ടം എന്ന നിലയിലേക്ക് ഇന്ത്യ അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു എന്നതു കൂടിയാണ്. അവിടെ ഭരണകൂടത്തിന്റെ ഓരോ ഭാഗങ്ങളും നിയന്ത്രിക്കുന്നത് ക്രിമിനല്‍ ഘടകങ്ങളാണ്, അവര്‍ തേടുന്നതും അതിന്റെ ഗുണഭോക്താക്കളും ക്രിമിനലുകളാണ്.

ഇന്ത്യ അതിന്റെ ഏറ്റവും നിര്‍ണായകമായ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭരണകക്ഷിയായ ബിജെപിയും മര്‍ക്കടമുഷ്ടിക്കാരായ പ്രതിപക്ഷവും ചേര്‍ന്ന് ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഒരു ക്രിമിനല്‍ രാഷ്ട്രമാക്കി ചുരുക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു എന്നതില്‍ അവര്‍ക്ക് ആഹ്‌ളാദിക്കാം.

അത്തരമൊരു രാജ്യത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് മന:സമാധനത്തോടെ കിടന്നുറങ്ങാന്‍ കഴിയില്ല, എന്തിന്, രണ്ടു നേരം വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള അവസരങ്ങള്‍ പോലും ഉണ്ടാകില്ല.

കല്‍ക്കത്തയില്‍ നടന്ന സംഭവവികാസങ്ങളിലെ പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്?

സിബിഐക്ക് അതിന്റെ പുതിയ തലവന്‍ ചുമതലയേറ്റെടുക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, മോദി സര്‍ക്കാരിന്റെ രാഷട്രീയ പകപോക്കല്‍ നടപ്പാക്കുകയായിരുന്നു കല്‍ക്കത്തയില്‍ രാജ്യത്തെ പ്രാഥമിക കുറ്റാന്വേഷണ ഏജന്‍സി. സിബിഐയുടെ ഇടക്കാല തലവനായ എം. നാഗേശ്വര റാവുവാകട്ടെ, മേദി ഭരണത്തിന്റെ ഉറച്ച വക്താവുമാണ്. ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട് ഗൂഡാലോചനയടക്കം കൃത്യമായ അന്വേഷണം നടത്താന്‍ സുപ്രീം കോടതി തങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അതാണ് തങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു അയാളുടെ നിലപാട്. എന്നാല്‍ ഇവിടെ പ്രസക്തമാകുന്നത് മറ്റൊരു ചോദ്യമാണ്. സിബിഐക്ക് പുതിയ തലവനെ നിശ്ചയിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കാന്‍ നാഗേശ്വര റാവുവിന് ആരാണ് അനുമതി നല്‍കിയത്? അത്തരമൊരു രേഖാമൂലമുള്ള ഉത്തരവ് ഉണ്ടെങ്കില്‍ അത് ആര് നല്‍കിയതാണെങ്കിലും നിയമസംവിധാനങ്ങള്‍ അത് പരിശോധിച്ചേ മതിയാവൂ. റാവു ഇക്കാര്യത്തില്‍ അക്കൗണ്ടബിള്‍ ആവേണ്ടതുണ്ട്, അല്ലെങ്കില്‍ നരേന്ദ്ര മോദി ഭരണകൂടം രാജ്യത്ത് നടപ്പാക്കുന്ന അപഹാസ്യവും ജനാധിപത്യ വിരുദ്ധവുമായ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ പുറത്തു വിടണം.

Also Read: എന്താണ് ബംഗാളിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍? – അറിയേണ്ട കാര്യങ്ങള്‍

കല്‍ക്കത്തയില്‍ മമത ബാനര്‍ജി നടത്തിയതും അമ്പരപ്പിക്കുന്ന നടപടികളായിരുന്നു. ഭരണഘടന പ്രതിസന്ധിയിലാണെന്നും സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങള്‍ നഷ്ടമാകുന്നുവെന്നുമാണ് അവര്‍ അവകാശപ്പെട്ടത്. അവര്‍ പറയുന്ന ആ കാര്യങ്ങളില്‍ വാസ്തവവുമുണ്ട്. എന്നാല്‍ ശാരദ, റോസ് വാലി പോലുള്ള ചിട്ടിക്കമ്പനികള്‍ മുങ്ങിയപ്പോള്‍ ഒരു വഴിയാത്രക്കാരിയുടെ റോളിലായിരുന്നു മുഖ്യമന്ത്രിയായ മമത ബാനര്‍ജി. പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും അസമിലേയും ലക്ഷക്കണക്കിന് മനുഷ്യര്‍ തങ്ങളുടെ ചെറിയ സമ്പാദ്യം നിക്ഷേപിച്ചതുമായി ഈ കമ്പനികള്‍ മുങ്ങുകയും, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റ് അധികാര കേന്ദ്രങ്ങള്‍ക്കും അവര്‍ ഈ അഴിമതി പണം പങ്കുവച്ചപ്പോള്‍ അതിന്റെ ഗുണഭോക്താക്കളില്‍ ഒരാളുമായിരുന്നു മമത ബാനര്‍ജി. അവരുടെ വലംകൈയായിരുന്ന മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട ഒരാളും റെയില്‍വേ മന്ത്രിയുമായിരുന്നു. ശാരദ ചിട്ടിക്കമ്പനിയുടെ ഉടമ സുദീപ്ത സെന്നിനൊപ്പം ഈ കേസില്‍ പ്രതിയുമാണ് മുകുള്‍ റോയി.

ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ കോണ്‍ഗ്രസിനും കാരണമുണ്ടായിരുന്നു. അവരുടെ അസമിലെ തലപ്പൊക്കമുള്ള നേതാവായിരുന്ന ഹിമാന്ത ബിശ്വ സര്‍മയ്ക്ക് ഇതിലുള്ള പങ്കാളിത്തമായിരുന്നു അതിന്റെ കാരണം. അസമില്‍ തന്റെ ചിട്ടി ബിസിനസ് തടസമില്ലാതെ നടത്താന്‍ എല്ലാ മാസവും 20 ലക്ഷം രൂപയാണ് സുദീപ്ത സെന്‍ അന്ന് അസമില്‍ മന്ത്രിയും കൂടിയായിരുന്ന ഹിമാന്തയ്ക്ക് 'പ്രൊട്ടക്ഷന്‍ മണി'യായി കൊടുത്തിരുന്നത്.

കേസില്‍ മുകുള്‍ റോയിയും ഹിമാന്തയും കുടുങ്ങുമെന്ന് വന്നതോടെ ഇരുവരും ഏറെക്കാലമായി തങ്ങള്‍ക്കുണ്ടായിരുന്ന രാഷ്ട്രീയം മാറ്റി വച്ച് ബിജെപിയില്‍ ചേര്‍ന്നു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ തണലില്‍ ആയിരിക്കുന്നിടത്തോളം കാലം ഇരുവര്‍ക്കും സിബിഐയെ പേടിക്കേണ്ടതുമില്ല.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ഒരു രാഷ്ട്രീയ പദ്ധതി തന്നെയായിരുന്നു മോദിയുടെ സിബിഐയും മമത ബാനര്‍ജിയും കല്‍ക്കത്തയില്‍ നടത്തിയത് എന്നതിന് സംശയമൊന്നുമില്ല. ഈ തെരഞ്ഞെടുപ്പില്‍ മോദി തിരിച്ച് അധികാരത്തിലെത്തിയില്ല എങ്കില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് കുഴപ്പങ്ങളുടെ വന്‍ നിരതന്നെയാണ്. ചെയ്തതും ചെയ്യാന്‍ കൂട്ടാക്കത്തതുമായ നിരവധി നിയമപ്രശ്‌നങ്ങള്‍ക്ക് മോദി മറുപടി പറയേണ്ടി വരും. ബിജെപിയെ ഏതു വിധത്തിലെങ്കിലും അധികാരത്തില്‍ നിന്ന് ഇറക്കിയില്ലെങ്കില്‍ ഉള്ള രാഷ്ട്രീയ അടിത്തറ കൂടി നഷ്ടപ്പെടും എന്ന അവസ്ഥയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

ഇവര്‍ക്കിടയില്‍, അവരൊക്കെ കൂടി ചെയ്തത് ഇന്ത്യയെ ഒരു ക്രിമിനല്‍ രാഷ്ട്രമാക്കി ചുരുക്കിക്കളഞ്ഞു എന്നതാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ അന്വേഷണ ഏജന്‍സിയെ ഏതു വിധത്തിലും ഉപയോഗിക്കുയാണ് അത്തരമൊരു രാജ്യത്ത്. ഭരണഘടനാ തത്വങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് ആവശ്യമുള്ള സമയത്തു മാത്രം ബോധമുള്ളവരാകുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് അത്തരമൊരു രാജ്യത്തെ പ്രതിപക്ഷം. ഭരണഘടനാ മൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും അത് തകര്‍ന്നു വീഴുന്നതാണ് അത്തരമൊരു രാജ്യത്ത് കാണാനാവുക. ഇത് ക്രിമിനലുകള്‍ക്ക് വേണ്ടി ക്രിമിനലുകളാല്‍ ഭരിക്കപ്പെടുന്ന ക്രിമിനലുകളുടെ രാജ്യം.

Also Read: രണ്ട് സിബിഐക്കാരെ ഇങ്ങോട്ട് വിടാമോ? കുറച്ച് ഐപിഎസുകാരെ വിരട്ടാനുണ്ട്” ചിട്ടി തട്ടിപ്പ് കേസിലെ മുകുള്‍ റോയിയും ‘കൂട്ടിലടച്ച തത്ത’യും

Next Story

Related Stories