Top

എല്ലായിടത്തും വെളിച്ചം കെടുകയാണ്

എല്ലായിടത്തും വെളിച്ചം കെടുകയാണ്
2002-ൽ അറബ് ബുദ്ധിജീവികൾ തയ്യാറാക്കിയ അറബ് മാനവ വികസന റിപ്പോർട്ട് അവസാനിക്കുന്നത് ഇങ്ങനെയാണ്: അറബ് സമൂഹങ്ങൾ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും അറിവിന്റേയും പോരായ്മായിൽ മുടന്തുകയാണ്. ഉയർന്ന നിലവാരത്തിലുള്ള, മാനസികവികാസമുണ്ടാക്കുന്ന വിദ്യാഭ്യാസം ഏതാണ്ട് ഇല്ല എന്നുതന്നെ പറയാം. പകുതിയോളം അറബ് സ്ത്രീകൾക്കും എഴുതാനും വായിക്കാനും അറിയില്ല. ഏഴാം ഖലീഫ മാമൗനിന്റെ കാലം മുതൽ, 1000 കൊല്ലത്തോളമായി അറബികൾ തർജ്ജമ ചെയ്ത പുസ്തകങ്ങളുടെ എണ്ണം സ്‌പെയിൻ ഒരു വർഷത്തിൽ ചെയ്യുന്ന അത്രയും മാത്രമാണ്,
എന്ന് അവർ പറയുന്നു.

ചൈന തൊട്ട് യു എസ് വരെയുള്ള ലോകരാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര പട്ടികകളിൽ ആദ്യത്തെ 50 എണ്ണത്തിൽ മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള ഒരൊറ്റ സർവകലാശാല പോലുമില്ല. മിക്ക പട്ടികകളിലും ആദ്യത്തെ 100 എണ്ണത്തിലും അവ വരുന്നില്ല. കഴിഞ്ഞ 100 വര്‍ഷക്കാലത്തിനിടയിലെ നോബൽ സമ്മാന ചരിത്രത്തിൽ, മൂന്നു മുസ്ലീങ്ങൾക്ക് മാത്രമാണ് ശാസ്ത്രത്തിൽ സമ്മാനം കിട്ടിയത്, അവരും സ്വന്തം രാജ്യത്തല്ല, പടിഞ്ഞാറൻ രാജ്യങ്ങളിലാണ് ജീവിച്ചത്.

മിക്ക മുസ്‌ലിം സമൂഹങ്ങളിലും അവർ ആധുനിക രോഗപ്രതിരോധ വാക്സിനുകൾ നിരുത്സാഹപ്പെടുത്തുന്നു, ഭൂകമ്പങ്ങൾ ധാർമികച്യുതിക്കുള്ള ദൈവശിക്ഷയായി വ്യാഖ്യാനിക്കുന്നു, വ്യാജ അവകാശവാദങ്ങൾ നിറയുന്നു. ശാസ്ത്രവും ഇസ്‌ലാമും വഴിപിരിഞ്ഞിട്ട് ഏറെ നൂറ്റാണ്ടുകളായി എന്നതാണ് വാസ്തവം. ഒമ്പതു മുതൽ 14-ആം നൂറ്റാണ്ടു വരെയുള്ള ശാസ്ത്രത്തിന്റെ സുവർണകാലം, തുടർന്നുണ്ടായ തകർച്ച, മിതമായ രീതിയിൽ 19-ആം നൂറ്റാണ്ടിൽ ഉണ്ടായ പുനരുജ്ജീവനം, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ശാസ്ത്രത്തിൽ നിന്നും ആധുനികതയിൽ നിന്നുള്ള വലിയ തിരിച്ചുപോക്ക് എന്നിങ്ങനെ മുസ്‌ലിം ചരിത്രാനുഭവത്തെ കണക്കാക്കാം. ഈ പിറകോട്ടടി കൂടുതൽ വേഗം ആർജിക്കുകയാണ്.

ശാസ്ത്രത്തിൽ മുസ്ലീങ്ങൾക്ക് ഗൗരവമായ തരത്തിൽ മുസ്ലീങ്ങളുടെ പ്രാതിനിധ്യക്കുറവുണ്ട് എന്ന് ''Islam and Science, Religious Orthodoxy and the Battle for Rationality,'' എന്ന തന്റെ പുസ്തകത്തിൽ പാകിസ്ഥാനിലെ പുരോഗമനവാദിയായ ഭൗതിക ശാസ്ത്രജ്ഞനും കൗയിദ് -ഇ-അസം സർവകലാശാലയിലെ അധ്യാപകനുമായ ഡോ. പർവേസ് ഹൂദ്‌ബോയ് ചൂണ്ടിക്കാണിക്കുന്നു. ലോക ജനസംഖ്യയിൽ 20 ശതമാനം വരുമെങ്കിലും ലോകത്തെ ശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ അവർ ഒരു ശതമാനത്തിൽ താഴെയാണെന്ന് അദ്ദേഹം പറയുന്നു. മുസ്‌ലിം രാജ്യങ്ങളെ മൊത്തമെടുത്താലും അതിലുള്ള ശാസ്ത്രജ്ഞരുടെ എണ്ണത്തേക്കാൾ ഇരട്ടി ഇസ്രയേലിലുണ്ട്.

ഭൂരിഭാഗം മുസ്ലീങ്ങളും ശാസ്ത്രത്തിനെതിരും പിന്തിരിപ്പനുമാണ് എന്നാണോ ഇത് കാണിക്കുന്നത്? അല്ല, അവരുടെ മഹത്തായ ഭൂതകാലമുണ്ടായിട്ടും മുസ്ലീങ്ങളെ അടിച്ചമർത്താൻ അക്രമവും മറ്റ് ഭീഷണികളും ഉപയോഗിക്കുന്നത് ഒരു ന്യൂനപക്ഷമാണ്. ശാസ്ത്രത്തിന് വേണ്ടത്, വിമർശനാത്മകമായ അന്വേഷണവും വിലയിരുത്തലുകളുമാണ്, അവ രണ്ടും ഇത്തരം വരട്ടുവാദ മതഭ്രാന്തന്മാരുടെ ശത്രുക്കളുമാണ്.

ഇസ്‌ലാമിക മത പ്രഘോഷകർക്ക് തങ്ങളുടെ യാഥാസ്ഥിതികത്വം തുടരാനും ശാസ്ത്രത്തെ നിഷേധിക്കാനും കഴിയുന്ന ശക്തി എവിടെ നിന്നാണ് കിട്ടുന്നത്? അല്ല, അത് ഖുർആനിൽ നിന്നുമല്ല. പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് ഖുർആനിൽ ഏതാണ്ട് 750 സൂക്തങ്ങളുണ്ടെന്നും, പല സൂക്തങ്ങളും മനുഷ്യനോട് പ്രകൃതിയെ പഠിക്കാനും ആവശ്യപെടുന്നുണ്ടെന്നും സത്യാന്വേഷണമാണ് ഖുർആനിന്റെ മുഖ്യ സന്ദേശങ്ങളിൽ ഒന്ന് എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പക്ഷെ അതിന്റെ ആധുനിക കാലത്തെ മേധാവികൾ അല്ലെങ്കിൽ മേധാവികളെന്നു നടിക്കുന്നവർക്ക് ഇസ്‌ലാമിനെക്കുറിച്ച് വ്യത്യസ്തമായ ഭാഷ്യങ്ങളാണുള്ളത്. പാകിസ്ഥാനിൽ ഒരിക്കൽ നൽകിയ വിദ്യാഭ്യാസ മാർഗ്ഗരേഖയിൽ പറഞ്ഞത് ഹൈഡ്രജനും ഓക്സിജനും ചേർന്നാണ് വെള്ളം ഉണ്ടാകുന്നത് എന്ന് പറയരുതെന്നും, പകരം, "നിങ്ങൾ ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോൾ അള്ളാവിന്റെ ഇഷ്ടപ്രകാരം ജലം സൃഷ്ടിക്കപ്പെടുന്നു" എന്ന് പറയണം എന്നുമാണ്." തങ്ങളുടെ മതഭ്രാന്തും മൂഢത്വവും മറച്ചുവെക്കാൻ അവർ അള്ളാവിനെ കൂട്ടുപിടിച്ചു.

ക്രിസ്ത്യൻ മതത്തിനും സമാനമായ ചരിത്രമുണ്ടായിരുന്നു, പക്ഷെ അത് നൂറ്റാണ്ടുകൾക്കു മുമ്പാണ്. ദൈവനിഷേധത്തിന്റെ പേര് പറഞ്ഞു ഗലീലിയോവിനെ ശിക്ഷിച്ചതാണ് റോമൻ കത്തോലിക്കാ സഭ. സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന അദ്ദേഹത്തിന്റെ വാദത്തെ അവർ തള്ളിക്കളഞ്ഞു. കലാകാരന്മാർക്കും സർഗാത്മകതയ്ക്കുമെതിരെ ഇടയ്ക്കൊക്കെ അവരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടാകാറുമുണ്ട്. എന്നാൽ ഭാഗ്യവശാൽ അതൊരു ചിട്ടയായില്ല.

ഏതാണ്ട് അത്തരത്തിൽ ഇസ്‌ലാമിന് സംഭവിച്ചതും, ക്രൈസ്തവ മതത്തിന് മധ്യകാലഘട്ടത്തിൽ സംഭവിച്ചതുമാണ് ഹിന്ദുമതത്തിന് ഇപ്പോൾ സംഭവിക്കുന്നത്. ഏറ്റവും ബഹുസ്വരതയുള്ള നമ്മുടെ മതങ്ങളിലൊന്നിനെ ഇപ്പോൾ പൊതുമണ്ഡലത്തിൽ കയ്യേറിയിരിക്കുന്നത് കൊലപാതക ആൾക്കൂട്ടങ്ങളും, നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരും ചരിത്രം തിരുത്തിയെഴുതാൻ നോക്കുന്നവരും തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് തീർത്തും തെറ്റായ വ്യാഖ്യാനങ്ങളിൽ അഭിരമിക്കുന്നവരുമാണ്.

എന്തുകൊണ്ടാണ് ഇത്തരം സംഘങ്ങൾ ഇപ്പോൾ കൂടുതൽ ഉച്ചത്തിൽ അലറുന്നതും കൂടുതൽ അക്രമാസക്തരാകുന്നതും, കൂടുതൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നതും? ഒരു സംശയവും വേണ്ട; തങ്ങളുടെ അടിസ്ഥാന സ്വഭാവത്തിൽ ഹിന്ദുത്വ പിന്തിരിപ്പന്മാർ മാത്രമായ, മറ്റുള്ളവർക്കെതിരെ കടുത്ത വെറുപ്പ് വെച്ചുപുലർത്തുന്ന, ആൾക്കൂട്ട ആക്രമണങ്ങളെക്കുറിച്ചുള്ള അവരുടെ മുഴക്കമുള്ള നിശബ്ദത നിറയ്ക്കുന്ന, സമ്മതിദായകരെ വിഡ്ഢികളാക്കാൻ സ്ഥിരമായി ഇരവേഷം കെട്ടുന്ന ഒരു രാഷ്ട്രീയ വിഭാഗമാണ് നമ്മുടെ രാജ്യത്തിപ്പോൾ ഭരിക്കുന്നത് എന്നതുകൊണ്ടാണിത്.

അവരുടെ പരമമായ ലക്ഷ്യം രാഷ്ട്രീയാധികാരം പിടിച്ചടക്കുക എന്നതാണ്. പൊതുസമൂഹത്തിൽ അത്, വസുധൈവ കുടുംബകം എന്ന ആശയം ഉൾക്കൊള്ളുന്ന ഉദാര ഹിന്ദുമതരീതികൾക്കെതിരായ വലിയ തിരിച്ചടിയായാണ് മാറുന്നത്. എഴുത്തുകാരെ ഭീഷണിപ്പെടുത്തലും ചിത്രങ്ങൾ വികൃതമാക്കലും കൊണ്ട് നിങ്ങളൊരു ഹിന്ദു താലിബാൻ മാത്രമാവുകയാണ്. നിങ്ങൾ രോഗഗ്രസ്തമായ യാഥാർത്ഥ്യത്തെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

ഹിന്ദുക്കൾ ഹിന്ദുമതത്തിന്റെ ചുമതലയേൽക്കേണ്ട സമയമായി. ഭൂരിപക്ഷം വരുന്ന ഉദാരവാദികൾ മുന്നോട്ടുവരാനും നിരക്ഷരരും മതഭ്രാന്തരുമായ ഈ വഞ്ചകരെ തള്ളിമാറ്റാനുമുള്ള സമയമായി. അല്ലെങ്കിൽ, നോബൽ സമ്മാന ജേതാക്കൾക്ക് രാജ്യം വിട്ടോടിപ്പോകേണ്ടിവന്ന, ഉദാര ചിന്തകൾക്ക് മേൽ പർദ്ദയിട്ട മൂടിയ, നിരന്തരമായി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു സമൂഹം തങ്ങളെയും തങ്ങളുടെ ഭാവി തലമുറയേയും സ്വയം നശിപ്പിക്കുന്ന പാകിസ്ഥാനിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല നമ്മളെന്ന വസ്തുതയുടെ ആത്മനിഷേധത്തിൽ നമുക്ക് കഴിയാം.

https://www.azhimukham.com/trending-will-continue-writing-says-hareesh/

https://www.azhimukham.com/science-behind-the-scientific-brilliance-of-ramanujan-salam-lay-religious-inspiration-by-parvez-hoodboy/

https://www.azhimukham.com/opinion-religious-fanatics-and-kerala-society-s-hareesh-novel-and-hindutwa-by-pramod/

Next Story

Related Stories