UPDATES

ഇന്ത്യക്ക് അംബാനിയുണ്ട്; അംബാനിക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും: ബനാന റിപ്പബ്ലിക്കിലെ കാഴ്ചകള്‍

രണ്ടു വര്‍ഷം മുമ്പാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ്’ ആയി ഉയര്‍ത്താനുള്ള ആശയവുമായി രംഗത്തു വരുന്നത്.

നമ്മുടെ രാജ്യം ഒരു ബനാന റിപ്പബ്ലിക് ആയി മാറിക്കൊണ്ടിരിക്കുന്നതിനുള്ള അടുത്ത പടി, അതും ഔദ്യോഗികമായി തന്നെ ഇന്നലെ കൈക്കൊണ്ടു. കൃത്യമായി പറഞ്ഞാല്‍ 2018 ജൂലൈ ഒമ്പത്, ഏകദേശം ഉച്ചയ്ക്ക് ഒരു മണിക്ക്.

രണ്ടു വര്‍ഷം മുമ്പാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെ ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ്’ ആയി ഉയര്‍ത്താനുള്ള ആശയവുമായി രംഗത്തു വരുന്നത്. തിങ്കളാഴ്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുടെ പട്ടികയുമായി രംഗത്തെത്തി. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാല സ്വാമിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ ശിപാര്‍ശകളുടെ ചുവടു പിടിച്ചു കൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്.

അതില്‍, പ്രതീക്ഷിക്കപ്പെട്ടതു പോലെ ഡല്‍ഹി, ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ (IIT), ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവ ഉണ്ടായിരുന്നു. അതോടൊപ്പം, സ്വകാര്യ മേഖലയിലുള്ള രണ്ടു സ്ഥാപനങ്ങളും ഇതില്‍ ഇടംപിടിച്ചു. രാജസ്ഥാനിലെ പിലാനിയിലുള്ള ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (BITS-1964-ല്‍ സ്ഥാപിതം) കര്‍ണാടകത്തിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (1956-ല്‍ സ്ഥാപിതം) എന്നിവയായിരുന്നു അവ. എന്നാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ സ്ഥാപനത്തിന്റെ പേര് പുറത്തു വന്നതോടെയാണ് ബനാന റിപ്പബ്ലിക്കിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ മാറ്റം അതിവേഗത്തിലാണ് എന്നു വ്യക്തമാകുന്നത്.

ആ സ്ഥാപനത്തിന്റെ പേരാണ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട്. നമ്മുടെ നാട്ടിലെ അതിസമ്പന്നനും പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നയാളും ദേശസ്‌നേഹിയുമായ മുകേഷ് ധീരുഭായ് അംബാനിയുടെ അക്കാദമിക് ഉള്‍ക്കാഴ്ചകളുടെ പ്രതിഫലനമായ സ്ഥാപനം. പക്ഷേ, സ്ഥാപനം തുടങ്ങിയിട്ടില്ല എന്നതാണ് അതിലെ അമ്പരപ്പിക്കുന്ന കാര്യം.

രാജ്യത്തെ 10 വീതം പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്താനായിരുന്നു വിദഗ്ധ സമിതിക്കുള്ള നിര്‍ദേശമെങ്കിലും തങ്ങള്‍ക്ക് അത് കണ്ടെത്താന്‍ സാധിച്ചില്ലെന്നും പിന്നീടാണ് ആറെണ്ണത്തിലേക്ക് അത് ഒതുക്കിയതെന്നുമാണ് ഗോപാലസ്വമി ഇന്നലെ വ്യക്തമാക്കിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ, മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി നേതൃത്വം കൊടുക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ സ്ഥാപിതമായിട്ടില്ല എന്നതു പോകട്ടെ, സ്വന്തമായി ഒരു വെബ്‌സൈറ്റ് പോലും രൂപീകരിക്കപ്പെട്ടിട്ടില്ല. അത് തുടങ്ങാനുള്ള ആലോചനകള്‍ നടക്കുക മാത്രമാണ്, അവര്‍ ഗവേഷണ പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല, അധ്യാപകരെ നിയമിച്ചിട്ടില്ല, വിദ്യാര്‍ത്ഥികളില്ല, റാങ്കിംഗ് ഇല്ല, എന്തിനേറെ സ്വന്തമായി കെട്ടിടം പോലുമില്ല, ഒന്നുമില്ല. പക്ഷേ, അവര്‍ ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ് ആയി മാറാന്‍ പോവുകയാണ്, ഐഐറ്റി മദ്രാസിനോ, ഐഐറ്റിഅഹമ്മദാബാദിനോ ഐഐറ്റി ബാംഗ്ലൂരിനോ ഇല്ലാത്ത പദവി. ഇന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജുകള്‍ക്ക് ഒന്നിനും ലഭിച്ചിട്ടില്ലാത്ത, രാജ്യത്തെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലൊന്ന് എന്നു പേരെടുത്തിട്ടുള്ള ജെഎന്‍യുവിനോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഡല്‍ഹി യൂണിവേഴ്‌സിറ്റി അടക്കമുള്ളവയ്‌ക്കോ ഇല്ലാത്ത പദവി.

തങ്ങളുടെ തെരഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍ ഗോപാലസ്വാമിക്ക് നിരവധി കാരണങ്ങളുണ്ട്: “നിലവില്‍ വന്നിട്ടില്ലാത്ത, എന്നാല്‍ പുതുതായി ആരംഭിക്കുന്ന ‘ഗ്രീന്‍ഫീല്‍ഡ് കാറ്റഗറി’യില്‍ ഉള്‍പ്പെടുത്തിയാണ് ഞങ്ങള്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തിട്ടുള്ളത്”, അദ്ദേഹം പറഞ്ഞു. “അവര്‍ക്ക് ഇതെങ്ങനെ നടത്തണം എന്നതിന് ഒരു പദ്ധതിയുണ്ട്, അവര്‍ക്ക് ഫണ്ടുണ്ട്, ക്യാമ്പസ് തുടങ്ങാനുള്ള സ്ഥലം അടക്കം ഈ ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങളൊക്കെയുണ്ട്”- അദ്ദേഹം പറഞ്ഞു.

അംബാനി പദ്ധതിയനുസരിച്ച്, അടുത്ത മൂന്നു വര്‍ഷത്തിനുള്ളിലായിരിക്കും കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. എന്നാല്‍ അതിനുള്ളില്‍ തന്നെ എല്ലാ വിധത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും റെഗുലേറ്ററി ബോഡികളില്‍ നിന്നും സ്വതന്ത്രമായി, അതിന് സ്വയംഭരണം ലഭിച്ചിരിക്കും. ദശകങ്ങളായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കാത്ത ആനുകൂല്യം.

നാട്ടുകാരുടെ കാശ് വാങ്ങി പെട്ടിയില്‍ വച്ചിട്ടാണ് ജിയോ മുതലാളി കച്ചവടത്തിനിറങ്ങിയത്; അല്ലാതെ സ്വന്തം പോക്കറ്റിലെ കാശല്ല

പുതിയ പദവി ലഭിക്കുന്നതോടെ ഈ ആറു സ്ഥാപനങ്ങള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാകും. പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് പൂര്‍ണ സ്വാതന്ത്ര്യം, വിദേശ അധ്യാപകരെ നിയമിക്കല്‍, വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കല്‍ ഒക്കെ അതിന്റെ ഭാഗമാണ്, ഇതിനൊന്നും സര്‍ക്കാര്‍ അനുമതിയും ആവശ്യമില്ല. 1000 കോടി രൂപ അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇതില്‍ പൊതുമേഖലയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക് രംഗത്തും ഭരണരംഗത്തും പൂര്‍ണ സ്വയംഭരണവും.

ഇത്തരത്തില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തതിനെ ന്യായീകരിച്ചു കൊണ്ട് യുജിസിയും രംഗത്തെത്തി. പുതിയ, എന്നാല്‍ നിലവില്‍ വന്നിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് പദവി നല്‍കുന്നതിനുള്ള നിയമങ്ങള്‍ എല്ലാം പാലിച്ചാണ് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് നിലവില്‍ വന്നു കഴിഞ്ഞിട്ടുള്ള മറ്റ് 10 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി പുതിയ പദവിക്ക് അപേക്ഷിച്ചെങ്കിലും ഇനിയും തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ് മാനദണ്ഡങ്ങള്‍ള്‍ പാലിച്ചത് എന്നതിനാലാണ് പദവി നല്‍കുന്നത് എന്നാണ്.

2016-ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയയിരുന്ന അരുണ്‍ ജയ്റ്റ്‌ലി ഇത്തരത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. ലോക സര്‍വകലാശാലകളുടെ റാങ്കിംഗിലേക്ക് ഇവയെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രത്യേകാധികാരങ്ങളും സഹായങ്ങളും ലഭ്യമാക്കാനായിരുന്നു തീരുമാനം. തുടക്കത്തില്‍ പൊതു, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഒരുപോലെ ധനസഹായം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ സ്ഥാപനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കി.

ജിയോയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സഹായവുമായി വീണ്ടും ട്രായ്; ലക്ഷ്യം ടെലികോം മേഖലയിലെ കുത്തക

ലോകത്തിലെ സര്‍വകലാശാലകളുടെ റാങ്കിംഗ് തീരുമാനിക്കുന്ന ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലോ അല്ലെങ്കില്‍ QS അല്ലെങ്കില്‍ Shanghai ഇതിലേതെങ്കിലുമൊന്നിലെ ആദ്യ 500 റാങ്കില്‍ അടുത്ത 10 കൊല്ലത്തിനുള്ളില്‍ സ്ഥാനം പിടിക്കുക, പടിപടിയായി ഉയര്‍ന്ന് വൈകാതെ 100 റാങ്കിംഗില്‍ എത്തുക എന്നതായിരുന്നു ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എമിനന്‍സ് ഏര്‍പ്പെടുത്തുമ്പോള്‍ പ്രഖ്യാപിച്ചിരുന്നത്.

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്ത രീതിയും ഒപ്പം, നിരവധി സര്‍വകലാശാലകളെ ഒഴിവാക്കിയതും സ്വകാര്യ മേഖലയിലും കടുത്ത അതൃപ്തിക്ക് വഴിവച്ചിട്ടുണ്ട്. ഇന്ന് രാജ്യത്തെ മികച്ച സര്‍വകലാശാലകളിലൊന്നായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന അശോക യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഈ പദവിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ഒഴിവാക്കപ്പെട്ടു. മിക്കവരും ഇത് റിലയന്‍സിനെ ഉള്‍പ്പെടുത്താനുള്ള ഒരു പദ്ധതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നതും.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന, ലോകത്തെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനൊപ്പവും അതിന്റെ വിദ്യാഭ്യാസ രീതി കൊണ്ട് കിടപിടിക്കുന്ന ഐഐറ്റികളെ ഇനി സ്ഥാപിക്കാന്‍ പോകുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തിയ സര്‍ക്കാരിന്റെ രീതിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

എന്തായാലും നമുക്ക് ആശ്വസിക്കാം, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗം ഒടുവില്‍ കഴിവുറ്റ കൈകളിലെത്തിയിരിക്കുകയാണ്. നമുക്ക് ഇത്തരത്തില്‍ നൂറു കണക്കിന് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉണ്ടാകട്ടെ, ജിയോ ഫോണുകള്‍ പോലെ നമ്മുടെ യുവത്വം അവിടെ തളിര്‍ക്കട്ടെ.

വാര്‍ത്താ മുറിയിലെ അംബാനി എന്ന അപകടം

ശരിയാണ് സര്‍, പേടിയുണ്ട്; സാധാരണക്കാരായ കുറച്ച് മനുഷ്യര്‍ ഇവിടുണ്ടല്ലോ എന്നോര്‍ത്തിട്ട്

ഇന്ദ്രാണി മുഖര്‍ജിയും റിലയന്‍സും അഴിഞ്ഞു വീഴുന്ന കോര്‍പറേറ്റ് മുഖംമൂടിയും

മോദിയുടെ സ്വന്തം ലേഖകന്‍മാരും മാധ്യമ പ്രവര്‍ത്തനമെന്ന തൊമ്മിപ്പണിയും

എന്തുകൊണ്ടാണ് ബിഎസ്എന്‍എല്ലിനെ ഒരു ജിയോ ആക്കാന്‍ അനുവദിക്കാത്തത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍