UPDATES

രാജ്യത്തിന്റെ വിദേശകാര്യമന്ത്രിക്ക് ആള്‍ക്കൂട്ട നീതി വിധിച്ചവര്‍ ഏതു സാധാരണക്കാരെ സംരക്ഷിക്കുമെന്നാണ്?

സര്‍ക്കാര്‍ നിശബ്ദരായിരിക്കുന്നിടത്തോളം അക്രമാസക്തമായ ഈ ജനക്കൂട്ടത്തിന് തങ്ങളുടെ പ്രവര്‍ത്തികള്‍ തുടരാന്‍ വീണ്ടും ആവേശം ലഭിക്കുകയാണ് ചെയ്യുക.

മഹാരാഷ്ട്രയുടെ മിക്ക ഭാഗങ്ങളും അസമിന്റെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ, ഉത്തര്‍ പ്രദേശിന്റെ, ഹരിയാനയുടെ ഭാഗങ്ങളില്‍, നമ്മുടെ ഓണ്‍ലൈന്‍ സ്‌പേസില്‍, നമ്മുടെയൊക്കെ ഹൃദയത്തിലും മനസിലുമൊക്കെ വിചിത്രമായ ഒരു സംഭവം നടക്കുന്നുണ്ട്, അത് നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചാണ് പറയുന്നത്: ഇന്ത്യന്‍ ജനാധിപത്യവും സാങ്കേതിക വിദ്യയും.

അതായത്, മറ്റുള്ളവരെ തങ്ങളെപ്പോലുള്ള മനുഷ്യരായി പരിഗണിക്കാന്‍ കഴിഞ്ഞിരുന്ന, ‘സാധാരണക്കാരെ’ന്ന് നമ്മള്‍ വിളിക്കുന്നവര്‍ പൊടുന്നനെ അങ്ങനെയല്ലാതായി മാറുന്നു, തങ്ങളുടെ നിത്യജീവിതത്തില്‍ പരിചയമില്ലാത്തവരൊക്കെ അവര്‍ക്ക് ‘അപര’രും ‘അപരിചിതരും’ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുമാകുന്നു, അവരെ തല്ലിക്കൊല്ലുന്നു, ചില പ്രത്യേക ഭക്ഷണം കഴിക്കുന്നവര്‍, പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍, വ്യത്യസ്ത മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ ഒക്കെ അവരുടെ ശത്രുക്കളാകുന്നു, ഒപ്പം, നമ്മെ ഭരിക്കുന്നവരുടെ നിശബ്ദത നമ്മുടെ കാതുകളില്‍ ഉറക്കെ അലയടിക്കുന്നു. ആ നിശബ്ദത എന്നത് കരുതിക്കൂട്ടിയുള്ളതാണ്, കാരണം, ഈ ആള്‍ക്കൂട്ടക്കൊലകളുടെ, അത് യഥാര്‍ത്ഥത്തിലായാലും വെര്‍ച്വല്‍ ലോകത്തായാലും ഒക്കെ ഗുണഭോക്താക്കള്‍ ഒരു കൂട്ടരാണ്: ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ മേലാളന്മാര്‍.

അവരുടെ നിശബ്ദത എന്നത് ഓരോ മനുഷ്യനും ആള്‍ക്കൂട്ടത്തിന്റെ വെറിയില്‍ പെട്ട് മരിച്ചു വീഴുമ്പോള്‍ മാത്രമല്ല, അവരുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളും മുതിന്ന മന്ത്രിയുമായ സുഷമ സ്വരാജിനു നേരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തിലും കാണാവുന്നതാണ്, അതുകൊണ്ടു തന്നെ ആ നിശബ്ദത എന്നത് കരുതിക്കൂട്ടിയുള്ളതും തന്ത്രപരവുമാണ്. അതായത്, ഇത്തരം കാര്യങ്ങള്‍ക്ക് തങ്ങളുടെ അനുമതി ഉണ്ടെന്ന് ഇവിടുത്തെ ഭരണകൂടം മൗനാനുവാദം നല്‍കിയിരിക്കുന്നു എന്നു കൂടിയാണ് ആ നിശബ്ദത സൂചിപ്പിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഈ ആള്‍ക്കൂട്ട കൊലകളുടെ എല്ലാം പിന്നാമ്പുറത്ത് ഉയര്‍ന്നു കേള്‍ക്കുന്ന നരേറ്റീവ് ഒരു ഭൂരിപക്ഷതാവാദ (Majoritarian) സമൂഹത്തിന്റേതാണ്. അവരാണ് സാധാരണ മനുഷ്യരെ പ്രകോപിപ്പിച്ച് ന്യൂനപക്ഷ സമൂഹങ്ങളുടെ നേര്‍ക്ക് തിരിക്കുന്നത്, പല കാരണങ്ങളും പറഞ്ഞ് അവരെ തല്ലിക്കൊല്ലിക്കുന്നത്, അവരുടെ ഇരകള്‍ മുസ്ലീങ്ങളും ആദിവാസികളും ദളിതരുമാണ്, നമ്മുടെ ഭൂരിപക്ഷതാവാദ സമൂഹത്തിലെ ന്യൂനപക്ഷങ്ങള്‍.

സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത് തടയുക എന്നതാണ്, പോലീസിംഗ് കാര്യക്ഷമമാക്കുകയും ക്രമസമാധന പാലനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കര്‍ശന മുന്നറിയിപ്പ് നല്‍കുകയുമായണ് വേണ്ടത്. ഒപ്പം, നമ്മുടെ പുതുതലമുറ സാങ്കേതിക വിദ്യകളായ വാട്‌സ്ആപ്പ് ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ മറ്റുള്ളവരെ കൊല്ലാനും ശത്രുവെന്ന് മുദ്രകുത്താനും വെറുപ്പ് പടര്‍ത്താനും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യേണ്ടത്. പക്ഷേ, ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അതിന് നേതൃത്വം നല്‍കുന്ന ഭരണാധികാരികള്‍ തങ്ങളുടെ മന:സാക്ഷി ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. എന്നാല്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതിലും ദുരുപയോഗിക്കുന്നതിലും മോദി അതീവ വിദഗ്ധനാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വെറുപ്പു പടര്‍ത്തുകയും നുണ പ്രചരിപ്പിക്കുകയും ആക്രമണ ഭീഷണി മുഴക്കുകയും ഒക്കെ ചെയ്യുന്ന നിരവധി പേരെ അദ്ദേഹം ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുമുണ്ട്. മോദി ഇത്തരത്തില്‍ ഫോളോ ചെയ്യുന്ന ചിലര്‍ക്കൊക്കെ എതിരെ കേസെടുത്തിട്ടുള്ളവരാണ്, പല പരാതികളും ഔദ്യോഗികമായി നിലനില്‍ക്കുന്നതാണ്. ഇപ്പോള്‍ സുഷമ സ്വരാജിനെ അവഹേളിച്ചു കൊണ്ടിരിക്കുന്ന നിരവധി ട്വിറ്റര്‍ അക്കൗണ്ടുകളും മോദി ഫോളോ ചെയ്യുന്നവരില്‍ ഉള്‍പ്പെടും.

അതുപോലെ ഇത്തരം സാങ്കേതിക വിദ്യകള്‍, പ്ലാറ്റ്‌ഫോമുകള്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു എന്നതാണ് സര്‍ക്കാരിന്റെ മറ്റൊരു തെറ്റ്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന്, തങ്ങള്‍ കാരണം നിരവധി നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു എന്ന് ഈ സാങ്കേതിക-സോഷ്യല്‍ മീഡിയ വമ്പന്മാര്‍ക്ക് ഉറപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്നു തന്നെയാണ് അര്‍ത്ഥം.

അതുപോലെ തന്നെയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ ആള്‍ക്കൂട്ട കൊലപാതകങ്ങളോട് നമ്മുടെ രാഷ്ട്രീയ സമൂഹം പുര്‍ത്തുന്ന നിസംഗതയും നിശബ്ദതയും. അത്രയേറെ പേടിപ്പിക്കേണ്ട ഒന്നാണത്.

മഹാരാഷ്ട്രയില്‍ മാത്രം ഒമ്പതു പേരെയാണ് ഒരു ദിവസം ജനക്കൂട്ടം തല്ലിക്കൊന്നത്, ത്രിപുരയില്‍ നാലു പേരെയും. മോദി സര്‍ക്കാരില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഒരു മാസത്തിനിടയില്‍ 28 പേരെ ജനക്കൂട്ടം മഹാരാഷ്ട്രയിലും ത്രിപുരയിലും അസമിലും ഝാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലും ബംഗാളിലും തെലങ്കാനയിലും ഗുജറാത്തിലും കര്‍ണാടകത്തിലുമൊക്കെയായി തല്ലിക്കൊന്നിട്ടുണ്ട്. ഇവ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടവ മാത്രമാണ്. അതിലും എത്രയോ ഏറെയാണ് കണക്കില്‍പ്പെടാതെയുള്ളവ. ഒഡീഷയില്‍ മാത്രം ഒരു മാസത്തിനിടയില്‍ 28 പേര്‍ ആക്രമിക്കപ്പെട്ട 15 കേസുകളാണുള്ളത്. ത്രിപുരയിലാകട്ടെ, ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കരുതെന്നും പ്രചരണം നടത്താന്‍ 500 രൂപ ദിവസക്കൂലിക്ക് സര്‍ക്കാര്‍ നിയോഗിച്ച പ്രചാരകനെ തന്നെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.

സര്‍ക്കാര്‍ നിശബ്ദരായിരിക്കുന്നിടത്തോളം അക്രമാസക്തമായ ഈ ജനക്കൂട്ടത്തിന് തങ്ങളുടെ പ്രവര്‍ത്തികള്‍ തുടരാന്‍ വീണ്ടും ആവേശം ലഭിക്കുകയാണ് ചെയ്യുക. അതിനൊപ്പമാണ് ബിജെപി മന്ത്രിമാരുടേയും മുതിര്‍ന്ന നേതാക്കളുടേയുമൊക്കെ ഒത്താശയും. ത്രിപുരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ 11 വയസുകാരന്റെ ശരീരത്തിലെ മുറിവുകള്‍ കിഡ്‌നി മോഷ്ടിച്ചതിന്റെയാണെന്ന് പ്രസ്താവന നടത്തിയത് സംസ്ഥാനത്തെ വിദ്യാഭ്യാസ, നിയമമന്ത്രി തന്നെയാണ്. ഒടുവില്‍ മുഖ്യമന്ത്രി ബിപ്‌ളവ് ദേബ് ബാലന്റെ വീട്ടിലെത്തുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് കിഡ്‌നികള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എം.പി നിഷികാന്ത് ദുബെ പ്രസ്താവിച്ചത്, രണ്ടു പേരെ ഇത്തരത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതില്‍ പ്രതികളായ നാലു പേര്‍ക്കുള്ള നിയമസഹായം താന്‍ നല്‍കുമെന്നായിരുന്നു.

ഇത്തരത്തില്‍ ഏതെങ്കിലും സമൂഹത്തില്‍ നിയമവാഴ്ചയുടെ അഭാവം ഉണ്ടാവുകയാണെങ്കില്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് അവിടെയുള്ള സെന്‍സിറ്റീവും സെന്‍സിബിളുമായ നേതാക്കളുടെ ഇടപെടലുകള്‍ കൊണ്ട് അതില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കയില്‍ കറുത്ത വംശജര്‍ക്കെതിരെ നടന്നിരുന്ന ആള്‍ക്കൂട്ട കൊല നിത്യസംഭവമായതോടെ അതിനെ അപലപിച്ചു കൊണ്ടും അതിനെതിരെയും രംഗത്തെത്തിയ അവിടുത്തെ ദേശീയ രാഷ്ട്രീയ നേതൃത്വം. അതാകട്ടെ, കറുത്ത വംശജരുടെ പുതിയ സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തിന് വലിയ ഊര്‍ജം നല്‍കുകയും അത് മുഖ്യധാരയില്‍ എത്തുകയും ചെയ്തു.

എന്നാല്‍ ഇവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണ മനുഷ്യര്‍ ഇത്തരത്തില്‍ കൊല്ലപ്പെടുപ്പോള്‍ മോദി പുലര്‍ത്തുന്ന മൗനം മാത്രമല്ല നാം പേടിക്കേണ്ടത്. മിശ്ര വിവാഹിതരായ ദമ്പതികളുടെ പാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ പേരില്‍ സുഷമ സ്വരാജിനു നേര്‍ക്ക് ദിവസങ്ങളായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമാസക്തമായ ട്രോളുകളും ആക്ഷേപങ്ങളെയും കുറിച്ച് കനത്ത മൗനമാണ് ഡല്‍ഹിയില്‍ നിറഞ്ഞിരിക്കുന്നത്. ഈ പ്രശ്‌നത്തോട് പ്രതികരിക്കാന്‍ ബിജെപി വിസമ്മതിക്കുകയായിരുന്നു. സുഷമയ്ക്കു നേരെ നടക്കുന്ന ആക്രമണം ‘ശരിയല്ല’ എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാത്രം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. തനിക്ക് ഇതില്‍ ഉത്കണ്ഠയുണ്ടെന്ന് പറഞ്ഞ മന്ത്രി ഒരു കാര്യം കൂടി പറഞ്ഞു, ഇത്തരം ട്രോളുകളോട് സുഷമ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്ന്.

രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയും ദശകങ്ങളോളം രാഷ്ട്രീയ പരിചയ സമ്പത്തുമുള്ള സുഷമ സ്വരാജ് തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒറ്റപ്പെട്ടു പോയെങ്കില്‍ അത് ഈ രാജ്യത്തെ ഓരോ സാധാരണക്കാര്‍ക്കുമുള്ള സന്ദേശമാണ്. അത് വളരെ വ്യക്തവും നിശ്ചയിച്ചുറപ്പിച്ചതുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍