TopTop

കാശ്മീരില്‍ ജനജീവിതം സ്തംഭിച്ചിട്ട്‌ 49 ദിവസം, അസമില്‍ 19 ലക്ഷം പേരെ കാത്തിരിക്കുന്നത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍, പശുവിന്റെ പേരില്‍ കൊല, വെറുപ്പ്...; 'ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു' എന്ന

കാശ്മീരില്‍ ജനജീവിതം സ്തംഭിച്ചിട്ട്‌ 49 ദിവസം, അസമില്‍ 19 ലക്ഷം പേരെ കാത്തിരിക്കുന്നത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍, പശുവിന്റെ പേരില്‍ കൊല, വെറുപ്പ്...;
അമേരിക്കയില്‍ അതിവേഗം വളരുന്ന ഏറ്റവും വലിയ കുടിയേറ്റ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യക്കാര്‍. 2010-ലെ അമേരിക്കന്‍ സെന്‍സസ് അനുസരിച്ച് 29 ലക്ഷത്തോളം (അമേരിക്കന്‍ ജനസംഖ്യയുടെ 0.9 ശതമാനം) ഇന്ത്യക്കാരാണ് അവിടെയുള്ളത്. 1800-കളുടെ അവസാനത്തിലും 1900-ത്തിന്റെ തുടക്കത്തിലുമായി ഇന്ത്യയിലെ കാര്‍ഷിക തകര്‍ച്ചയും ബ്രിട്ടീഷ് ഇന്ത്യയിലെ ഭൂനിയമനങ്ങളും ഭക്ഷ്യക്ഷാമവും നിമിത്തം ഇവിടേക്ക് കുടിയേറിയ സിക്ക് തൊഴിലാളികളുടെ പിന്മുറക്കാരാണ് ഇന്ന് അവിടെയുള്ളവര്‍. വെള്ളക്കാര്‍ 'ഹിന്ദു'ക്കള്‍ എന്നു വിളിച്ച ഈ ജനത പലപ്പോഴും വംശീയ ആക്രമണങ്ങള്‍ അടക്കമുള്ള നേരിട്ടു കൊണ്ടാണ് തങ്ങളുടെ വേരുകള്‍ അവിടെ ഉറപ്പിച്ചതും സ്വാധീനശേഷിയുള്ള വിഭാഗമായി മാറുന്നതും. തങ്ങളെ പോലെ തന്നെ തൊഴിലാളികളായി അവിടെയെത്തിയ മെക്‌സിക്കന്‍ വംശജരായിരുന്നു ആദ്യകാല കുടിയേറ്റ ഇന്ത്യക്കാര്‍ക്ക് ഏറ്റവും അടുപ്പമുള്ള ജനത. മെക്‌സിക്കന്‍-പഞ്ചാബി വിവാഹങ്ങള്‍ പോലും അക്കാലത്ത് സാധാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദശകങ്ങള്‍ കഴിഞ്ഞതോടെ 1960-കളിലെ ഹരിത വിപ്ലവത്തിന്റേയും മറ്റും വരവോടെ ഇന്ത്യയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെടുകയും വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് തുടക്കമാവുകയും ചെയ്തു. ഇതിന് അനുബന്ധമായി പുറംരാജ്യങ്ങളിലേക്ക് കേവലം തൊഴിലാളികളായി മാത്രം പോയിരുന്നിടത്തു നിന്ന് പ്രൊഫഷണലുകള്‍ കുടിയേറി തുടങ്ങി. 1980-കളോടെ വലിയ തോതിലുള്ള കുടിയേറ്റം അമേരിക്കയിലേക്ക് നടക്കുന്നുണ്ട്. അതിനൊപ്പം, സ്വന്തമായി വ്യവസായ, വാണീജ്യ സ്ഥാപനങ്ങളും ഇന്ത്യക്കാര്‍ തുടങ്ങി. ഗുജറാത്ത് വംശജരായിരുന്നു ഇതില്‍ ഏറ്റവും മുന്നില്‍. ഇന്ന് അമേരിക്കയില്‍ നിര്‍ണായക സ്വാധീന ശേഷിയുള്ള വംശജരാണ് ഇന്ത്യക്കാര്‍. അമേരിക്കന്‍ നയസമീപനങ്ങളെ സ്വാധീനിക്കാനും ഇന്ത്യ-അമേരിക്ക ബന്ധം അരക്കിട്ടുറപ്പിക്കാനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ട്. 2014-ല്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വളരെയധികം പ്രചരണങ്ങള്‍ നടത്തിയിരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്ക് വര്‍ഷങ്ങളോളം അമേരിക്ക വിസ നിഷേധിച്ച തീരുമാനം മാറ്റാനും ഇവിടെയുള്ളവര്‍ പരിശ്രമിച്ചിരുന്നു.

മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ട, ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി' (How Do you Do Modi) പരിപാടിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ട്രംപ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തയാറായതും ഇതുമൂലമായിരിക്കണം. അര ലക്ഷത്തോളം പേരാണ് തങ്ങളുടെ പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ അവിടെ തടിച്ചു കൂടിയത്. മോദിയുടെ ഓരോ വാക്കുകള്‍ക്കും ജനക്കൂട്ടം കൈയടിച്ചു, അലറി വിളിച്ചു. തീര്‍ച്ചയായും ഏതൊരു ഇന്ത്യക്കാരനും ഒരു വിദേശമണ്ണില്‍ തങ്ങളുടെ പ്രധാനമന്ത്രി ഇത്തരത്തില്‍ ബഹുമാനിക്കപ്പെടുന്നത് വളരെയധികം ആനന്ദം നല്‍കുന്ന കാര്യമാണ്. അതില്‍ യാതൊരു തര്‍ക്കവുമില്ല. 'ഹൗഡി മോദി' എന്നതിന് എട്ട് ഇന്ത്യന്‍ ഭാഷകളിലായാണ് മോദി മറുപടി നല്‍കിയത്. 'ഇന്ത്യാ മേം സബ് അച്ഛാ ഹേ' (ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നു) എന്നായിരുന്നു മോദിയുടെ മറുപടി. ഇതിനൊപ്പം അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. ഇന്ത്യ അനേകം ഭാഷകളുടേയും ഉപഭാഷകളുടേയും നാടാണ്. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തെ ജനാധിപത്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത്. വ്യത്യസ്ത ഭാഷകളും വസ്ത്രരീതിയും ഭക്ഷണശീലങ്ങളുമുള്ള ജനങ്ങളുടെ സഹവര്‍ത്തിത്തത്തോടെയുള്ള ജീവിതമാണ് ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും മഹത്തരമായ വാക്കുകള്‍ തന്നെ.

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു വിദേശമണ്ണില്‍ പോയി നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെന്ന് വിളിച്ചു പറയേണ്ടി വന്നത് എന്നത് ആലോചിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന് 75 വയസാകാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേയുള്ളൂ. ഒരു രാത്രി വെട്ടിമുറിക്കപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ വിഭജനത്തിന്റെ ഭാഗമായി കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്ത ഒരു ദിവസത്തില്‍ നിന്നാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്നു കാണുന്ന രീതിയിലേക്ക് യാത്രയാരംഭിക്കുന്നത്. വിവിധ ഭാഷകളും വസ്ത്രങ്ങളും ഭക്ഷണരീതികളും സ്വഭാവസവിശേഷതകളുമുള്ള, നാട്ടുരാജാക്കന്മാരും പ്രാദേശിക ശക്തികളുമൊക്കെ നിറഞ്ഞ, ഏറെക്കുറെ നിരക്ഷരരായ, പട്ടിണി മാത്രം ബാക്കിയുള്ള വിവിധ ദേശങ്ങളെ ഇന്ത്യ എന്ന വികാരത്തിലേക്ക് കോര്‍ത്തിണക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ക്ക് മുന്നിലുണ്ടായിരുന്നത് ഭരണഘടന എന്ന വാക്കായിരുന്നു. എല്ലാ ഇന്ത്യക്കാരും ഭരണഘടനയ്ക്ക് മുന്നില്‍ തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യവകാശം ഈ രാജ്യത്തുണ്ടെന്നും ഒപ്പം ഇന്ത്യ എന്നത് വിവിധ സംസ്ഥാനങ്ങള്‍ ചേരുന്ന ഫെഡറല്‍ റിപ്പബ്ലിക്ക് ആണെന്നും വിഭാവനം ചെയ്തത് ആ ഭരണഘടനയാണ്. അവിടെ നിന്നാണ് ഇന്ത്യ യാത്രയാരംഭിക്കുന്നത്. പതിയെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയ ശബ്ദമായത്.

അതായത്, ഇന്ത്യ എന്ന ആശയം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായതല്ല എന്നു ചുരുക്കം. പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന്റെ 72-ാം വര്‍ഷത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തോട് സ്വന്തം രാജ്യത്തെ സവിശേഷതകളെ കുറിച്ച് പറയുമ്പോള്‍, 'ഇവിടെയെല്ലാം നന്നായിരിക്കുന്നു' എന്നു പറയുമ്പോള്‍ അക്കാര്യങ്ങള്‍ അങ്ങനെ തന്നെയാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. കേവലം പി.ആര്‍ പരിപാടികള്‍ക്കൊണ്ട് മറികടക്കാവുന്ന കാര്യങ്ങളല്ല അതൊന്നും. കാരണം, അതിന്റെ തെളിവുകള്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. പ്രധാനമന്ത്രി അമേരിക്കയില്‍ ഇന്ത്യന്‍ നാനാത്വത്തെ കുറിച്ച് സംസാരിച്ച അതേ ദിവസം തന്നെയാണ് പശുവിന്റെ പേരില്‍ ഝാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊല്ലുന്നതും രണ്ടു പേര്‍ പരിക്കേറ്റ് ആശുപത്രിയിലാവുന്നതും. രാജസ്ഥാനിലെ ആല്‍വാറില്‍ മൂന്നു പേരെ പശുവിന്റെ പേരില്‍ ആക്രമിച്ചതും ഇതേ ദിവസമാണ്. 70 ലക്ഷത്തോളം വരുന്ന കാശ്മീരി ജനങ്ങള്‍ പുറത്തിറങ്ങാന്‍ കഴിയാതെ, ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാതെ, എല്ലാ ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിട്ട് 49 ദിവസമാകുന്നു. നൂറുകണക്കിന് പേര്‍ ജയിലിലാണ്. എല്ലാക്കാലത്തും കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്നും ഇന്ത്യ തന്റെ മാതൃരാജ്യമാണെന്നും തുടര്‍ച്ചയായി പറഞ്ഞിരുന്ന മൂന്നു തവണ മുഖ്യമന്ത്രിയും നിരവധി തവണ കേന്ദ്രമന്ത്രിയുമായ 82 വയസുള്ള ഫാറൂഖ് അബ്ദുള്ള പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. മറ്റു രണ്ടു മുന്‍മുഖ്യമന്ത്രിമാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും അറസ്റ്റിലാണ്. അസമില്‍ 19 ലക്ഷം പേര്‍ നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളെ അനുസ്മരിപ്പിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് പോകാന്‍ വിധി കാത്തു കഴിയുന്നു. രാജ്യം മുഴുവനുമുളളവരുടെ രേഖകള്‍ പരിശോധിച്ച് ഇവിടെ കഴിയാന്‍ 'യോഗ്യത'യില്ലാത്തവരെ പുറത്താക്കുമെന്ന് പറയുന്നു. ഇന്ത്യയില്‍ എല്ലാം നല്ലതാണ് എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ഇങ്ങനെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി മുന്നിലുണ്ട് എന്നതും പ്രധാനമാണ്.

ഇന്ത്യ വിവിധ ഭാഷകളും വിവിധ ജീവിത രീതികളുമുള്ള നാടാണ് എന്നു പറയുമ്പോഴും അതിനെ തകര്‍ക്കാനും മറ്റുള്ളവരോട് അസഹിഷ്ണുതയോടെ പൊരുമാറാനുമുള്ള ഒരവസ്ഥ രാജ്യത്ത് ഭീഷണമായ വിധത്തില്‍ വളര്‍ന്നിട്ടുണ്ട് എന്നത് കാണാതിരിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തില്‍ വന്ന 117 ദിവസങ്ങള്‍ക്കുള്ളില്‍ നൂറിലേറെ 'ഹേറ്റ് ക്രൈമു'കളാണ് രാജ്യത്ത് നടന്നിട്ടുള്ളത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയാകണമെന്നും ഇത്തരത്തില്‍ പൊതുവായ ഒരു ഭാഷ രാജ്യത്തിനുണ്ടാകുന്നത് ഐക്യം വര്‍ധിപ്പിക്കുമെന്നും പറഞ്ഞത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, അദ്ദേഹം പിന്നീട് ഇത് തിരുത്തിയെങ്കിലും. രാജ്യത്തിന്റെ ഐക്യത്തെ ആരാണ് ചോദ്യം ചെയ്തിട്ടുള്ളത്? സ്വാതന്ത്ര്യത്തിന്റെ 72-ാം വര്‍ഷത്തിലും വിവിധ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ന്നു നില്‍ക്കുന്നു എന്നതിനര്‍ത്ഥം ഈ രാജ്യത്തിന്റെ ഐക്യത്തിന് ഭംഗം വരാതിരിക്കാന്‍ ഭരണഘടനാ മൂല്യങ്ങള്‍ കുറെയൊക്കെ പരിരക്ഷിക്കപ്പെട്ടു എന്നു തന്നെയല്ലേ? അതിനു പകരം, ആ മൂല്യങ്ങളെ തിരസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍, അന്യമതത്തില്‍പ്പെട്ടവരെ ശത്രുക്കളായി കാണാനും തല്ലിക്കൊല്ലാനും അപരവിദ്വേഷം വളര്‍ത്താനും, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലുമൊക്കെ കൊലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ എവിടെ നിന്നാണ് ആരംഭിച്ചത്? ഇന്ത്യ എന്തെങ്കിലും ഭീഷണികള്‍ നേരിടുന്നുണ്ടെങ്കില്‍ ഇത്തരത്തിലുള്ള പ്രവണതകളില്‍ നിന്നാണ് ആദ്യം മോചനം വേണ്ടത്. പ്രധാനമന്ത്രി അമേരിക്കയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യയില്‍ നടപ്പായാല്‍ ഈ പുതുതലമുറ ജനാധിപത്യ രാജ്യം ഇനിയും വളരെ നന്നായി മുന്നോട്ടു പോകും. അതിന് ആദ്യം വേണ്ടത് സ്വന്തം രാജ്യത്ത് ഇതിനൊക്കെ വഴിമരുന്നിടുന്നത് ആരെന്ന് അദ്ദേഹം കണ്ടെത്തുകയും അതിന് പോംവഴിയുണ്ടാക്കലുമാണ്.

ഇന്ത്യ എക്കാലത്തും തങ്ങളുടെ സവിശേഷമായ നിലപാടുകള്‍ കൊണ്ട് ലോകത്ത് തലയുയര്‍ത്തി നിന്നിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു മുന്നേട്ടു വച്ച ഇന്ത്യന്‍ വിദേശകാര്യ നയം ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ കൂടി ബാക്കിയായിരുന്നു. എല്ലാവരേയും സമഭാവനയോടും സഹിഷ്ണുതയോടും കാണുക എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഈ നയം രൂപീകരിക്കപ്പെട്ടത്. വിദേശകാര്യ നയം എന്നത് എല്ലായ്‌പ്പോഴും നയതന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടുന്നതാണ്. അതിന് രാഷ്ട്രത്തലവന്മാര്‍ മുതല്‍, രാഷ്ട്രീയക്കാരും കറകളഞ്ഞ പ്രൊഫഷണലുകളും ആ നയതന്ത്ര നീക്കങ്ങളില്‍ പങ്കാളികളാകാറുണ്ട്. ഓരോ രാജ്യത്തിനും സ്വന്തമായ നയങ്ങളുണ്ട്. അവര്‍ക്ക് സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അത് ഏത് പാര്‍ട്ടികളാണെങ്കിലും മറ്റ് രാജ്യങ്ങള്‍ ആ രാജ്യങ്ങളുമായി ഇടപഴകുന്നത് അധികാരത്തില്‍ ഇരിക്കുന്നവരുമായാണ്. റിപ്പബ്ലിക്കനായ ജോര്‍ജ് ബുഷിന്റെയും കോണ്‍ഗ്രസുകാരനായ ഡോ. മന്‍മോഹന്‍ സിംഗിന്റെയും കാലത്താണ് ഇന്ത്യ-അമേരിക്ക സിവില്‍ ആണവകരാര്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഒപ്പുവയ്ക്കപ്പെടുന്നതും. അമേരിക്കയില്‍ ബുഷ് മാറി ഡെമോക്രാറ്റായ ബരാക് ഒബാമ വന്നിട്ടും ഈ കരാറിന്റെ ബാക്കി കാര്യങ്ങളുമായി ഇരു രാജ്യങ്ങളും മുന്നോട്ട് പോയി. അതിനിടയില്‍ ഇന്ത്യയില്‍ മന്‍മോഹന്‍ സിംഗ് മാറി നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. ഇവിടെ ഭരണമാറ്റമുണ്ടായാലും അമേരിക്ക ഇന്ത്യയുമായി ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരുമായാണ്. ഇന്ത്യ എക്കാലത്തും റിപ്പബ്ലിക്കന്‍ ഭരണകൂടവുമായും ഡെമോക്രാറ്റ് ഭരണകൂടവുമായും ഒരേപോലെ ബന്ധം പുലര്‍ത്തിയിരുന്ന രാജ്യമാണ്. ഭരണങ്ങള്‍ മാറി വരുമ്പോഴും ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കാനും ഈ നയം ഉപകരിക്കപ്പെട്ടിരുന്നു. ഇവിടെ നിന്നുള്ള വലിയ മാറ്റമാണ് മോദിയുടെ 'അപ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍' എന്ന പ്രസ്താവനയില്‍ കൂടി ഉണ്ടായിട്ടുള്ളത്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ ഭരണത്തിന് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നേരിട്ട് പ്രചരണം നടത്തുകയാണ് എന്നാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇത് ഇന്ത്യയുടെ ദീര്‍ഘകാല താത്പര്യങ്ങള്‍ക്ക് ഗുണകരമാകില്ലെന്നും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര രാഷ്ടീയത്തില്‍ ഇടപെടുന്നത് പക്വതയില്ലാത്ത നയതന്ത്ര നീക്കമാണെന്നും വിമര്‍ശനം ഉയരുന്നതും ഇതുകൊണ്ടാണ്. താന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് അവിടെ നില്‍ക്കുന്നത് എന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. ലോകം മുഴുവന്‍ വെറുപ്പും യുദ്ധവെറിയും പടര്‍ത്തുന്ന, വിഡ്ഢിത്തങ്ങള്‍ മാത്രം പുലമ്പുന്ന ഒരു അമേരിക്കന്‍ ഭരണാധികാരിയെ വീണ്ടും വിജയപ്പിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി 130 കോടി ജനങ്ങളുടെ പേരില്‍ പറയുമ്പോള്‍ അത് ഇന്ത്യ എന്ന ആശയത്തിന്റെയും ജനത എന്ന രീതിയില്‍ നമ്മുടെയും പരാജയം കൂടിയാണ്.

Next Story

Related Stories