TopTop
Begin typing your search above and press return to search.

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം 'ഗുജറാത്ത് മോഡല്‍'; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം

സി.ബി.ഐ തലവന്‍ അലോക് വര്‍മ കേന്ദ്രഭരണ കേഡറിലുള്ള ഐ.പി.എസ് ഓഫീസര്‍ എന്ന നിലയില്‍ വളരെയധികം അറിയപ്പെടുന്ന ഒരാളാണ്. എന്നാല്‍ തന്റെ കരിയറിലുടനീളം ഏതെങ്കിലും വിധത്തിലുള്ള കടുത്ത നടപടികളുടെ പേരില്‍ അദ്ദേഹം അറിയപ്പെട്ടിട്ടുമില്ല. നിലനില്‍ക്കുന്ന സിസ്റ്റത്തെ ഒരിക്കലും വെല്ലുവിളിക്കാത്ത, ശാന്തനായ ഒരാളെന്ന നിലയിലാണ് അദ്ദേഹത്തെ കുറിച്ച് പൊതുവെ കരുതപ്പെട്ടിരുന്നത്.

എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് അദ്ദേഹം, ഒരുപക്ഷേ സിബിഐയിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥന്‍ എന്നു വിളിക്കാവുന്ന രാകേഷ് അസ്താനയുടെ സ്ഥാനക്കയറ്റത്തിനെതിരെ ഒരു വിയോജനക്കുറിപ്പ് പുറത്തുവിട്ടു. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നയിക്കുന്ന പ്രൊമോഷന്‍ ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ അദ്ദേഹം തന്റെ രണ്ടു പേജു വരുന്ന വിയോജനക്കുറിപ്പ് അവിടെ സമര്‍പ്പിച്ചു. അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കരുതെന്നും അദ്ദേഹത്തിനെതിരെ സി.ബി.ഐ തന്നെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയുമാണ് എന്നായിരുന്നു അതിലെ ഉള്ളടക്കം.

അതൊരു ശനിയാഴ്ചയായിരുന്നു. ആ യോഗത്തിലെ നടപടികള്‍ മറ്റു ചില കാര്യങ്ങളിലേക്കാണ് നയിച്ചത്. അതായത്, പിറ്റേന്ന്, ഞായറാഴ്ച നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധാരണമായ വിധത്തില്‍ അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചു കൊണ്ട് ഉത്തരവിറക്കി.

ഗുജറാത്തിലെ ഒരു ഹവാല ഇടപാടുകാരനില്‍ നിന്നു പിടിച്ചെടുത്ത ഡയറിയില്‍ പേരുണ്ടായിരുന്നു എന്ന ആരോപണം പേറുന്നയാളാണ് അസ്താന. എന്തായാലും അദ്ദേഹത്തിന്റെ നിയമനം ഇപ്പോള്‍ സുപ്രീം കോടതി മുമ്പാകെയാണ്.

അലോക് വര്‍മ ഇക്കാര്യത്തില്‍ സ്വീകരിച്ച ധൈര്യപൂര്‍വമുള്ള നിലപാടും അസ്താനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും എന്തായാലും ഒരുകാര്യത്തിലേക്ക് നയിക്കുന്നുണ്ട്, അത് സി.ബി.ഐയില്‍ നിലനില്‍ക്കുന്ന കൂട്ടക്കുഴപ്പങ്ങളിലേക്കാണ്.

രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുന്നതിനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയെ ഉപയോഗപ്പെടുത്തുന്നത് വലിയ തോതിലുള്ള പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നയിച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ കുത്തി നിറച്ചും തന്റെ സ്വന്തക്കാരെ മാത്രം നിയമിച്ചുമുള്ള മോദിയുടെ രീതികളും.

സി.ബി.ഐയെ ഒളിഞ്ഞും മറപിടിച്ചുമൊക്കെ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നത് പോലും ഇന്ന് മാറിയിരിക്കുന്നു. ഇന്ന് അതെല്ലാം നേരെയാണ് നടത്തപ്പെടുന്നത്. ഇത് സി.ബി.ഐക്കുള്ളില്‍ തന്നെ അന്തഃച്ഛിദ്രങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. സി.ബി.ഐയിലെ രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ നേര്‍ക്കു നേര്‍ കൊമ്പു കോര്‍ക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

ഗുജറാത്ത് കലാപക്കേസില്‍ മോദിക്ക് ക്ലീന്‍ ചീട്ട് നല്‍കിയ, സുപ്രീം കോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്ന വൈ.സി മോദിയാണ് ഇന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) തലവന്‍. ആദ്യം സി.ബി.ഐയിലും പിന്നീട് എന്‍.ഐ.എ തലപ്പത്തേക്കും അദ്ദേഹത്തെ എത്തിച്ചതു വഴി പ്രധാനമന്ത്രി മോദിയുടെ താത്പര്യങ്ങള്‍ ഇത്തരം നിയമനങ്ങളില്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നത് വ്യക്തമാക്കുന്നതാണ്.

എന്നാല്‍ അസ്താനയുടെ കാര്യത്തിലുണ്ടായിരിക്കുന്ന അസാധാരണ നടപടി ക്രമങ്ങളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കാര്യങ്ങളിലൊന്ന്. ഇപ്പോള്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലിരിക്കുന്ന ഈ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് കത്തിയത് അന്വേഷിച്ചത്. സി.ബി.ഐയില്‍ എസ്.പിയായിരിക്കുന്ന കാലത്ത് 1997-ല്‍ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിനെ അറസ്റ്റ് ചെയ്തതും അസ്താനയായിരുന്നു.

http://www.azhimukham.com/amit-shah-sohrabuddin-sheikh-tulsiram-prajapati-fake-encounter-case-cbi/

എന്നാല്‍ അസ്താന വിവാദ കഥാപാത്രമാകുന്നത് മറ്റൊരു കാര്യത്തിലാണ്. സ്‌റ്റെര്‍ലിംഗ് ബയോടെക്കിന്റെ ഉടമസ്ഥതയിലുള്ള സന്ദേസാര ഗ്രൂപ്പില്‍ നടന്ന ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്തു കുപ്രസിദ്ധമായ '2011 ഡയറി'യില്‍ അസ്താനയുടെ പേരുമുണ്ടായിരുന്നു എന്ന സംഭവമായിരുന്നു അത്.

സി.ബി.ഐയുടെ തലപ്പത്തേക്ക് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഇഷ്ടക്കാരനായ ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ എത്തുകയാണ്. ഇതിനു മുമ്പ് 2016-ല്‍ അസ്താനയെ സി.ബി.ഐ ഡയറക്ടറായി താത്കാലിക നിയമനം നല്‍കിയപ്പോള്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു അസ്താനയുടെ നിയമനം എന്നതും വിവാദമായി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഔദ്യോഗികമായി തന്നെ കത്തു നല്‍കുകയും സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്ന സമിതിയില്‍ പ്രതിപക്ഷ നേതാവും ഉള്ളതിനാല്‍ ഖര്‍ഗെ എതിര്‍പ്പുയര്‍ത്തിയതു വഴി അസ്താനയുടെ പേര് നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മറ്റൊരു ലിസ്റ്റ് തയാറാക്കുകയും അതില്‍ നിന്ന് അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ പദവിയിലേക്ക് നിയമിക്കുകയുമായിരുന്നു.

http://www.azhimukham.com/arvind-kejriwals-office-sealed-cbi-raid-will-lead-opposition-parties-unity-against-bjp-government-paranjoy-guha-thakurta/

എന്നാല്‍ 2019 ജനുവരിയില്‍ സി.ബി.ഐ ഡയറക്ടര്‍ പദവയില്‍ നിന്ന് വര്‍മ വിരമിക്കും. അടുത്ത പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അസ്താനയായിരിക്കും ഇനി ആ പദവിയിലേക്ക് വരാന്‍ പോകുന്നത്. എന്നാല്‍ ഹവാല ഇടപാടുകാരന്റെ ഡയറിയില്‍ പേരു കണ്ടെത്തിയതാണ് അദ്ദേഹത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയുമാണ്.

ഒരു അസ്താന മാത്രമല്ല, സി.ബി.ഐയില്‍ മോദിയുടെ സ്വന്തം ആളുകളായി ഇനിയും നിരവധി പേരുണ്ട്. മറ്റൊരു ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനും സി.ബി.ഐയില്‍ ജോയിന്റ് ഡയറക്ടറുമായ എ.കെ ശര്‍മയാണ് അതിലൊരാള്‍. ഗുജറാത്തില്‍ മോദിക്കും അമിത് ഷായ്ക്കുമെതിരെ കുപ്രസിദ്ധമായ മാന്‍സി സോണി 'നിരീക്ഷണ വിവാദം' ഉണ്ടായപ്പോള്‍ അന്ന് ഇന്റലീജന്‍സ് ഐ.ജിയായിരുന്ന ആളാണ് ശര്‍മ. മോദിയുടെ നിര്‍ദേശപ്രകാരം അന്ന് അമിത് ഷാ ഒരു യുവതിയെ നിരീക്ഷിക്കുന്നതിനായി പോലീസിനെ കെട്ടഴിച്ചു വിടുകയായിരുന്നു എന്നായിരുന്നു ആരോപണം.

സി.ബി.ഐ ഡയറക്ടര്‍ പദവിയിലിരുന്ന കുറച്ചു സമയത്ത് അസ്താന ഒരു പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ചില കേസുകളില്‍ പെട്ടെന്ന് തിര്‍പ്പുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഇതിന് അസ്താന തന്നെയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. വിജയ് മല്യ കേസ്, ഓഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെയുള്ള അഴിമതി ആരോപണം, ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ രാജസ്ഥാന്‍ ആംബുലന്‍സ് അഴിമതി കേസ് എന്നിവ അതില്‍ ചിലത് മാത്രമാണ്.

ആ പ്രത്യേകാന്വേഷണ സംഘത്തിന്റെ തലപ്പത്ത് ഇപ്പോഴുമുള്ളത് അസ്താന തന്നെയാണ്. അതുവഴി സി.ബി.ഐക്കുള്ളില്‍ തന്നെ ശക്തമായ ഒരു പ്രത്യേകാധികാര കേന്ദ്രമായി അസ്താന മാറിയിരിക്കുന്നു. ഈ സമയത്ത് സി.ബി.ഐയിലെ മറുഭാഗവും വെറുതെയിരുന്നില്ല. നിതീഷ് കുമാര്‍-ലാലു പ്രസാദ് യാദവ് വേര്‍പിരിയിലിന്റെ അടിസ്ഥാന കാരണമായ റെയില്‍വേ ഹോട്ടല്‍ വില്‍പ്പന കേസില്‍ ലാലുവിനെതിരെ സി.ബി.ഐ നീങ്ങിയത് അസ്താനയുടെ അറിവില്ലാതെയായിരുന്നു.

http://www.azhimukham.com/transformation-cbi-gbi-aravind-kejrival-office-raid-editorial/

പ്രതിപക്ഷത്തെ 'മാനേജ്' ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഒരു പോലീസ് പൊളിറ്റിക്‌സിന്റെ ഭാഗമാണ് ഇതൊക്കെയെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സി.ബി.ഐക്കുള്ളില്‍ തന്നെ സംഭവിക്കുന്ന മത്സരക്ഷമത കൊണ്ട് ഇല്ലാതായി പോകുന്നത് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നതിന്റെ വിശ്വാസ്യത തന്നെയാണ്.

സി.ബി.ഐക്കുള്ളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഒരു ക്രമം തന്നെ നോക്കുക. യു.പി.എയുടെ സമയത്ത് നിയമിച്ച രണ്ട് ഡയറക്ടര്‍മാര്‍ക്കെതിരെ ഇന്ന് അന്വേഷണം നടക്കുന്നു. നിലവിലെ തലവന്മാര്‍ രാഷ്ട്രീയ മേലാളന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയില്‍ മൊത്തത്തിലുള്ള അഴിച്ചു പണി തന്നെയാണ് ഏറ്റവും അഭികാമ്യം.

പക്ഷേ, അതിന് ആദ്യം തകരേണ്ടത് സി.ബി.ഐക്കുള്ളിലെ ഈ 'ഗുജറാത്ത് കണക്ഷനാ'ണ്. മറ്റെല്ലാ കാര്യങ്ങളേയും അപ്രസക്തമാക്കിക്കൊണ്ടാണ് ഇക്കാര്യത്തിന് മേല്‍ക്കെ ലഭിക്കുന്നതും സി.ബി.ഐ ഒരു തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂഷനും ഒപ്പം ശക്തമായ ഒരു രാഷ്ട്രീയ ആയുധവുമായി മാറ്റുന്നതും.

രാജ്യത്തെ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയേയും കെട്ടുറപ്പിനേയും അവയുടെ സ്വതന്ത്ര സ്വഭാവത്തേയും ഈ വിധത്തില്‍ ഇല്ലായ്മ ചെയ്യുന്നത് മോദി ഭരണത്തില്‍ ഏറി വരുന്നതു മാത്രമേയുള്ളൂ. അതാണ് ഓരോ ദിവസവും ഓരോ കാര്യങ്ങളും തെളിയിക്കുന്നത്.

http://www.azhimukham.com/bjp-rss-dreams-in-kerala-cbi-inquiry-against-cpim-leaders-k-a-antony/


Next Story

Related Stories