TopTop
Begin typing your search above and press return to search.

മോദിയും അമിത് ഷായും ഇന്നലെ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു; ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്നേഹവാത്സല്യം അത്രമേല്‍ ഭയങ്കരമായിരുന്നു

മോദിയും അമിത് ഷായും ഇന്നലെ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു; ഇന്ത്യന്‍ മാധ്യമങ്ങളുടെ സ്നേഹവാത്സല്യം അത്രമേല്‍ ഭയങ്കരമായിരുന്നു
വെള്ളിയാഴ്ച, കനത്ത മഴയും പൊടിക്കാറ്റും ഡല്‍ഹിയിലെ കനത്ത ചൂടിലേക്ക് ഇറങ്ങിയ ദിവസം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ താന്‍ തന്നെ ഉദ്ഘാടനം ചെയ്ത 1.70 ലക്ഷം ചതുരശ്ര അടിയുള്ള ബിജെപിയുടെ വമ്പന്‍ ഓഫീസിലെ പ്രധാന ഹാളില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇരുന്നു. ഇടതുവശത്ത് വലംകൈയായ അമിത് ഷാ. അഭിമുഖമായി മാധ്യമ പ്രവര്‍ത്തകര്‍. തുടര്‍ന്ന് ബിജെപി പ്രസിഡന്റ് ഇങ്ങനെ പ്രസ്താവിച്ചു: "
എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി ഉത്തരം പറയേണ്ട ആവശ്യമില്ല".


വളരെ ശരിയാണ്. ഒരുപാട് ചോദ്യങ്ങള്‍ക്കൊന്നും അല്ലെങ്കിലും പ്രധാനമന്ത്രിക്ക് ഉത്തരം പറയാന്‍ സാധിക്കില്ല. കാരണം പല ചോദ്യങ്ങളും അത്രത്തോളം ലളിതമായിരിക്കും, അതുപോലെ പ്രശ്നഭരിതവും.

കഴിഞ്ഞ അഞ്ചു വര്‍ഷം താങ്കള്‍ എന്തൊക്കെയാണ് ചെയ്തത്? താങ്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണോ? അതോ ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തിട്ടുള്ള ആളാണോ?

അല്ലെങ്കില്‍ ആധുനിക ഇന്ത്യയിലെ കൊടും തീവ്രവാദികളിലൊരാള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാനും അതിനെ ന്യായീകരിക്കാനും ബോധമുള്ള ഒരാള്‍ക്ക് സാധിക്കുമോ? ഏതര്‍ത്ഥത്തിലാണ് പ്രഗ്യാ സിംഗ് താക്കൂറിന് താങ്കള്‍ ഭോപ്പാല്‍ സീറ്റ് അനുവദിച്ചത്? എന്തുകൊണ്ടാണ് തുടര്‍ച്ചയായി അവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ താങ്കള്‍ പിന്തുണച്ചു കൊണ്ടിരിക്കുന്നത്?

അവര്‍ തുടര്‍ച്ചയായി പറയുകയും ലോകം മുഴുവന്‍ പരക്കുകയും ചെയ്യുന്ന വെറുപ്പു നിറഞ്ഞ പ്രസ്താവനകള്‍ കേട്ടിട്ട് അതിലൊന്നിനോട് താങ്കള്‍ പ്രതികരിച്ചത്, താങ്കള്‍ അവര്‍ക്ക് മാപ്പു നല്‍കില്ല എന്നല്ലേ? താങ്കള്‍ക്കാരാണ് മാപ്പു നല്‍കുക മി. മോദി? ഭീകരപ്രവര്‍ത്തനത്തിന് കുറ്റാരോപിതയായ ഒരാളെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുക വഴി ഈ മഹത്തായ ജനാധിപത്യ രാജ്യത്തെ ലോകത്തിനു മുന്നില്‍ പരിഹാസ്യപാത്രമാക്കിയതിന് താങ്കളോട് ആര്‍ക്കാണ് ക്ഷമിക്കാന്‍ കഴിയുക? അവര്‍ ഏതെങ്കിലുമൊരു ചെറുകിട സംഘടനയുടെ ഭാഗമായിരുന്ന് ഭീകരപ്രവര്‍ത്തനത്തിന് കുറ്റം ചാര്‍ത്തപ്പെട്ടതല്ല, മറിച്ച് നൂറോളം പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ ഒരു ശൃംഖലയുടെ മൂഖ്യ സൂത്രധാരയാണ് എന്നതിന്റെ പേരില്‍ കുറ്റം ചാര്‍ത്തപ്പെട്ടതാണ് എന്ന് താങ്കള്‍ അറിയായ്കയല്ലല്ലോ?

അപ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ പത്രസമ്മേളനത്തിന് മോദി ഇരിക്കുമ്പോള്‍ അവിടെ നിരവധി ചോദ്യങ്ങള്‍ ഉയരും. ശാസ്ത്രകാര്യങ്ങളിലുള്ള വിഡ്ഡിത്തങ്ങള്‍ നിറഞ്ഞ പ്രസ്താവനകള്‍ കൊണ്ട് താങ്കള്‍ എന്തിനാണ് ഭരണഘടനയെ ഇങ്ങനെ അപമാനിച്ചത്? 'ശാസ്ത്രീയ ബോധവും മാനുഷികതയും അന്വേഷണത്വരയും നവീകരണ മനോഭാവവുംം വികസിപ്പിക്കുക' എന്നത് ഓരോ ഇന്ത്യന്‍ പൗരന്റേയും ചുമതലയാണ് എന്ന് ഭരണഘടനയുടെ അനുചേ്ഛദം 51എ (എച്ച്)-ല്‍ എഴുതി വച്ചിട്ടുള്ളത് താങ്കള്‍ക്ക് അറിയില്ല എന്നുണ്ടോ? പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നിലനിന്നിരുന്നു എന്നു പറഞ്ഞത്, മേഘങ്ങള്‍ക്ക് റഡാറുകളെ മറയ്ക്കാന്‍ കഴിയുമെന്നൊക്കെ ഏതു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ പറഞ്ഞത്? ഇ-മെയിലുകളെക്കുറിച്ചും ഡിജിറ്റല്‍ ക്യാമറകളെക്കുറിച്ചുമൊക്കെ താങ്കള്‍ പറഞ്ഞ വിഡ്ഡിത്തരത്തിന് പിന്നിലെന്തായിരുന്നു? താങ്കള്‍ എന്നെങ്കിലും ഭരണഘടന വായിച്ചു നോക്കിയിട്ടുണ്ടോ?

പിന്നെ, അമിത് ഷാ, മോദിയില്‍ നിന്ന് ഇക്കാര്യത്തിലൊന്നും വലിയ വ്യത്യാസമില്ലെങ്കിലും തന്റെ യജമാനനെ ചോദ്യങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട ബാധ്യത അയാള്‍ക്കുണ്ട്. വ്യാജ ഏറ്റുമുട്ടലുകളില്‍ ആളുകളെ കൊലപ്പെടുത്തിയതിനും ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കും ഭരണഘടനാ വിരുദ്ധമായ നിരവധി കാര്യങ്ങള്‍ക്കും കുറ്റാരോപിതനായിരുന്ന ഒരാളാണ് പറയുന്നത്, പ്രധാനമന്ത്രി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതില്ല എന്ന്. അയാള്‍ അത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ, കാരണം ജനാധിപത്യത്തെക്കുറിച്ചുള്ള അയാളുടെ ധാരണ അത്ര വികലമാണെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അയാളുടെ ദയാദാക്ഷിണ്യത്തിന് കാത്തുനില്‍ക്കുന്ന വിദൂഷകരെ പോലെ മുഖ്യധാരാ മാധ്യമങ്ങള്‍ അതൊക്കെ കേട്ടു നിശബ്ദരായി നിന്നു. കാരണം, ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാന്‍ ആ രണ്ടു പേര്‍ക്കുമൊപ്പം എല്ലാവിധ സഹായസഹകരണങ്ങളുമായി ഒപ്പം നില്‍ക്കുന്നവരാണ് അവരും.

അല്ലെങ്കില്‍, താങ്കള്‍ എങ്ങനെയാണ് മാമ്പഴം കഴിക്കാറ് എന്നൊക്കെ ചോദിക്കാന്‍ സാധ്യതയില്ലാത്ത അവിടെ കൂടിയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരുടെയെങ്കിലും ചോദ്യങ്ങളോട് മോദി എങ്ങനെ പ്രതികരിക്കും? അതായത്, ശ്രദ്ധാപൂര്‍വം മെനഞ്ഞെടുത്ത ന്യൂനപക്ഷ വിരുദ്ധ വാചാടോപങ്ങള്‍ കൊണ്ടും മൗനം കൊണ്ടുമൊക്കെ എങ്ങനെയാണ് ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഈ രാജ്യത്തെ കൂടുതല്‍ ഭിന്നിപ്പിക്കാന്‍ താങ്കള്‍ക്ക് സാധിച്ചത് എന്നാരെങ്കിലും ചോദിച്ചാല്‍ മോദി എന്തു പറയും?

മെയ് 23-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതും കാത്ത് തന്റെ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മോദി എന്തുത്തരം പറയും? മറ്റു മനുഷ്യര്‍ക്കെതിരെ വെറുപ്പും വിദ്വേഷവും കൊലവിളിയും നുണപ്രചരണവും നടത്തുന്ന മനുഷ്യരെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തുകൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിശബ്ദമായി അനുമതി നല്‍കിയും അവര്‍ ചെയ്യുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് എന്തു മറുപടി പറയും? മതത്തിന്റെയും ജാതിയുടേയും പ്രാദേശികതയുടെയുമൊക്കെ പേരില്‍ നമ്മെ കൂടുതല്‍ കൂടുതല്‍ വിഭജിച്ചതിന് അദ്ദേഹം എന്തു മറുപി പറയും? ഈ രാജ്യത്തെ അത്യാവശ്യം കുഴപ്പമില്ലാതിരുന്ന സമ്പദ്‌വ്യവസ്ഥയെ ഈ വിധത്തില്‍ താറുമാറക്കിയതിന് മോദി എന്തു പറയും?

അല്ലെങ്കിലും തനിക്കു നേര്‍ക്കുള്ള കാര്യങ്ങളെ അതുമായി യാതൊരു ബന്ധവുമില്ലാത്ത കുറ്റപ്പെടുത്തലുകള്‍ നിറഞ്ഞ ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ചു കൊണ്ട് നേരിടുന്നതില്‍ (whataboutery) വിദഗ്ധനാണ് മോദി. പക്ഷേ, മോദിയും അമിത് ഷായും ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. മാധ്യമ പ്രവര്‍ത്തകരുടെ സ്‌നേഹം നിറഞ്ഞ തലോടലുകള്‍ കൊണ്ട് അവര്‍ പോറലേല്‍ക്കാതെ രക്ഷപെട്ടു.

ജനാധിപത്യത്തിലെ ഏറ്റവും വലിയ ആഘോഷമായി തെരഞ്ഞെടുപ്പിനെ കാണേണ്ടതിനു പകരം കോടിക്കണക്കിന് മനുഷ്യര്‍ക്ക് ദു:സ്വപ്നം സമ്മാനിക്കാന്‍ സാധ്യതയുള്ള ഒന്നായി തെരഞ്ഞെടുപ്പ് ദിവസത്തെ മാറ്റിയെടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞതിനെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് തോന്നുന്നത്?

Also Read: ക്ലീന്‍ ചിറ്റുകള്‍, പക്ഷപാതപരമായ തീരുമാനങ്ങള്‍; അവസാനിക്കുന്നത് കമ്മീഷന്‍ ഏറ്റവും കൂടുതല്‍ ആക്ഷേപം നേരിട്ട തെരഞ്ഞടുപ്പ്

Next Story

Related Stories