UPDATES

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷങ്ങളിലേക്കെത്തുമ്പോള്‍

ഇനി വേണ്ടത് ഇത്രകാലവും തുറന്നുവിട്ടിട്ടുള്ള വെറുപ്പിന്റെ ഭൂതങ്ങളെ എങ്ങനെ കുടത്തിലേക്ക് തിരികെ അടയ്ക്കും എന്നതാണ്. അത് നാം കാത്തിരുന്നു കാണേണ്ടതു തന്നെയാണ്- എഡിറ്റോറിയല്‍

മെയ് മാസം 25-ന്, ഇന്നലെ, പ്രശസ്തമായ ദി ഗാര്‍ഡിയന്റെ വെബ്‌സൈറ്റില്‍ ഒരു പ്രധാനപ്പെട്ട റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലോകമെങ്ങുമുള്ള അരികുവത്ക്കരിക്കപ്പെടുന്ന മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗാര്‍ഡിയന്റെ സഹായത്തോടെ നിര്‍മിക്കപ്പെട്ട ഡോക്യുമെന്ററികളെ കുറിച്ചായിരുന്നു അത്. അതിലൊന്ന് ഇന്ത്യയില്‍ നിന്നായിരുന്നു. 2018 ജൂലൈയില്‍ രാജസ്ഥാനിലെ ആല്‍വാറില്‍ പശുസംരക്ഷകര്‍ തല്ലിക്കൊല്ലുകയും അതിനെ ഭരണകൂടവും ഹിന്ദുത്വവാദികളും ന്യായീകരിക്കുകയും ഒക്കെ ചെയ്യുന്നതിനെ കുറിച്ചും കൊല്ലപ്പെട്ട രക്ബര്‍ ഖാന്റെ കുടുംബത്തെക്കുറിച്ചുമായിരുന്നു അത്.

ഇന്നലെ വൈകിട്ട് തന്നെയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നരേന്ദ്ര മോദിയെ രണ്ടാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. അതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് എന്‍ഡിഎയുടെ 353 എംപിമാരെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ദീര്‍ഘമായി പ്രസംഗിച്ചു. ആ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശങ്ങളിലൊന്ന് ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ഒരുപക്ഷേ, കഴിഞ്ഞ അഞ്ചു വര്‍ഷവും ഇന്ത്യ കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകള്‍.

“വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി രാജ്യത്ത് സാങ്കല്‍പ്പികമായി സൃഷ്ടിക്കപ്പെട്ട ഒരു ഭീതിയില്‍ കൂടി ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. പാവപ്പെട്ടവര്‍ എങ്ങനെയാണോ പറ്റിക്കപ്പെട്ടത്, അതിനു സമാനമായ രീതിയിലാണ് ഇവിടുത്തെ ന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെട്ടത്. ഇതിനു പകരം അവരുടെ വിദ്യാഭ്യാസം, അവരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരുന്നത്. അവര്‍ നേരിട്ട ആ വഞ്ചനയെ 2019-ല്‍ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. നമുക്കവരുടെ വിശാസം ആര്‍ജിക്കേണ്ടിയിരിക്കുന്നു. നമ്മളെ വിശ്വാസത്തിലെടുക്കുന്നവര്‍ക്ക് വേണ്ടി മാത്രമല്ല, മറിച്ച് നമ്മള്‍ വിശ്വാസം നേടിയെടുക്കേണ്ടവര്‍ക്കൊപ്പം കൂടിയാണ് നമ്മള്‍ നില്‍ക്കേണ്ടത്”– പ്രധാനമന്ത്രി പറഞ്ഞു.

2014-ല്‍ സമാനമായ വിധത്തില്‍ മോദി നടത്തിയ പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ചോ വോട്ട് ബാങ്ക് രാഷ്ട്രീയത്തെക്കുറിച്ചോ പരാമര്‍ശിച്ചിരുന്നില്ല. അതിനൊപ്പം, മുന്നണി രാഷ്ട്രീയവും അതില്‍ ഉണ്ടായിരുന്നില്ല. 2014-ലെ പ്രസംഗം ‘പ്രതീക്ഷ’ എന്നതിനെ മുന്‍നിര്‍ത്തിയായിരുന്നു എങ്കില്‍ 2019-ലെ പ്രസംഗം ഈ തെരഞ്ഞെടുപ്പ് ‘പോസിറ്റീവ് വോട്ടി’നുള്ളതാണ് എന്നായിരുന്നു. പാര്‍ലമെന്റിലേക്ക് കയറുമ്പോള്‍ പടിക്കെട്ടില്‍ തലമുട്ടിച്ചാണ് 2014-ല്‍ കടന്നുവന്നത് എങ്കില്‍ ഭരണഘടനയെ വണങ്ങിക്കൊണ്ടാണ് മോദി 2019 ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ പോലൊരു വിശാലവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമായ, ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു രാജ്യത്തെ ഭരണാധികാരിയില്‍ നിന്ന് ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇന്നലെ മോദിയില്‍ നിന്നുണ്ടായത്.

Also Read: ഇന്ത്യന്‍ ഗ്രാമങ്ങളിലെ പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മറച്ചു വയ്ക്കലുകള്‍; ദി ഗാര്‍ഡിയന്‍ ഡോക്യുമെന്ററി

അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ അതിനു മുമ്പുണ്ടായിരുന്ന പരിചയ സമ്പത്ത് ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം നടത്തിയ പ്രസംഗം കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യം ഭരിച്ച ആള്‍ എന്ന നിലയില്‍ കൂടിയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രാജ്യം കടന്നുപോയിട്ടുള്ള കാര്യങ്ങള്‍ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യതയില്ല. നൂറോളം കൊലപാതകങ്ങളാണ് പശുവിന്റെ പേരിലും മറ്റും ഈ രാജ്യത്ത് അരങ്ങേറിയത്. ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അരികുകളിലേക്ക് മാറ്റപ്പെടുകയും അവരുടെ ജീവിതം കൂടുതല്‍ അരക്ഷിതത്വത്തിലാവുകയും വിഭവവിതരണത്തില്‍ പോലും കടുത്ത പക്ഷപാതിത്വം ആരോപിക്കപ്പെടുകയും ഒക്കെ ചെയ്ത സമയം കൂടിയായിരുന്നു അത്. അവിടെ നിന്നു കൊണ്ട് പ്രധാനമന്ത്രി താന്‍ മുമ്പ് മുന്നോട്ടു വച്ച സബ് കാ സാത്ത്, സബ് കാ വികാസ് എന്നതിനൊപ്പം, സബ് കാ വിശ്വാസ് എന്നതും കൂടി ഇന്നലെ ഊന്നിപ്പറഞ്ഞു എന്നത് ശ്രദ്ധേയമാണ്.

Also Read: രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍

ലോകത്ത് പ്രായോഗിക രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യുന്ന ഭരണാധികാരികളൊക്കെ കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ ശ്രമിക്കുന്നവര്‍ കൂടിയാണ്. അങ്ങനെയുള്ളവര്‍ മാത്രമേ വിജയിച്ചിട്ടുമുള്ളൂ. നോട്ട് നിരോധനവും തൊഴിലില്ലായ്മയും ജിഎസ്ടിയും അടങ്ങുന്ന അനേകം പ്രശ്‌നങ്ങളെക്കാള്‍ മോദിയുടെ കീഴിലുള്ള ഇന്ത്യയെ ലോകം ശ്രദ്ധിച്ചത് ഇവിടെ പശുവിന്റെയും വിശ്വാസത്തിന്റെയും ഭക്ഷണത്തിന്റെയുമൊക്കെ പേരില്‍ നടന്നിട്ടുള്ള ആള്‍ക്കൂട്ട കൊലകളുടെ പേരില്‍ കൂടിയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകരുന്നു എന്ന മുറവിളികളുടെ പേരില്‍ കൂടിയാണ്. വെറുപ്പ് കൊണ്ട് രാജ്യത്തെ വിഭജിക്കുന്നയാള്‍ എന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളാണ് മോദിയെ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ ആഗോള രാഷ്ട്രീയത്തിന്റെ പ്രായോഗിക ശീലങ്ങളില്‍ ഈ ‘ദുഷ്‌പേര്’ മാറ്റിയെടുക്കേണ്ടത് മോദിയുടെ കൂടി ആവശ്യമാണ്.

പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം അഭിസംബോധന ചെയ്തത് സ്വന്തം എംപിമാരെയാണ്. ഇതില്‍ 224 സീറ്റുകളില്‍ വിജയിച്ചത് ആകെയുള്ള വോട്ടിന്റെ 50 ശതമാനത്തിലേറെ നേടിയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍ മോദി താഴേത്തട്ടിലേക്ക് ഒരു സന്ദേശം നല്‍കിയിരിക്കുന്നു, വെറുപ്പ് പടര്‍ത്തുകയല്ല രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമെന്ന ഒരു സന്ദേശം അദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നു. പശുക്കൊലപാതകങ്ങളും മറ്റും നിരവധി ഉണ്ടായപ്പോഴും മോദിയുടെ മൗനം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒരുപക്ഷേ, അതില്‍ നിന്നൊരു മാറ്റം കൂടിയായിരിക്കാം ഇപ്പോഴത്തെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിട്ടുള്ള പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ അടക്കം തീവ്രവലതുപക്ഷ സംഘങ്ങള്‍ നടത്തുന്ന അതിക്രമ പ്രസ്താവനകളും വെറുപ്പും ഒക്കെ ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ തിരുത്ത് മുകള്‍ത്തട്ടില്‍ നിന്നേ തുടങ്ങും എന്ന് നാം പ്രതീക്ഷിക്കേണ്ടതുമുണ്ട്.

Also Read: ‘സബ് കാ വിശ്വാസ്’ എന്ന് കൂടി നമ്മള്‍ ഇനി പറയണം: ന്യൂനപക്ഷങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന് മോദി

ഇന്ത്യ പോലൊരു രാജ്യത്ത് ഏറ്റവും പരിഗണനാര്‍ഹരായ വിഭാഗങ്ങളാണ് ന്യൂനപക്ഷങ്ങളും ദളിത്‌, ആദിവാസി വിഭാഗങ്ങളും. രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചു കൊണ്ടുവരേണ്ടത് രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യ സംരക്ഷണത്തിനും ഏറെ ആവശ്യമായ ഒന്നാണ്. അത് തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നും അദ്ദേഹത്തിന്റെ അനുയായികളും ഭരണത്തിലെ മറ്റുള്ളവരും ആ പാത സ്വീകരിക്കുമെന്നും മറ്റേതൊരു ഇന്ത്യക്കാരേയും പോലെ ഞങ്ങളും പ്രതീക്ഷിക്കുന്നു, അതിനെ സ്വാഗതം ചെയ്യുന്നു.

ഇനി വേണ്ടത് ഇത്രകാലവും തുറന്നുവിട്ടിട്ടുള്ള വെറുപ്പിന്റെ ഭൂതങ്ങളെ എങ്ങനെ കുടത്തിലേക്ക് തിരികെ അടയ്ക്കും എന്നതാണ്. അത് നാം കാത്തിരുന്നു കാണേണ്ടതു തന്നെയാണ്.

Also Read: “സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍