TopTop

മോദിയുടെ ആലയില്‍ സിഎജിക്കുള്ള ചരമക്കുറിപ്പും തയാറാകുമ്പോള്‍

മോദിയുടെ ആലയില്‍ സിഎജിക്കുള്ള ചരമക്കുറിപ്പും തയാറാകുമ്പോള്‍
നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിന് കീഴില്‍ നമ്മുടെ രാജ്യത്തെ മഹത്തായ മറ്റൊരു ഭരണഘടനാ സ്ഥാപനം കൂടി കീഴടങ്ങുന്നതിനാണോ ഈയാഴ്ച നാം സാക്ഷ്യം വഹിക്കുന്നത്? ഇങ്ങനെ സംശയിക്കാന്‍ കാരണമുണ്ട്. ബുധനാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കാനിരിക്കെ, അതിനു മുമ്പ് റാഫേല്‍ കരാറിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി).

റാഫേല്‍ കരാറില്‍ മോദി സര്‍ക്കാരിനെ വെള്ള പൂശിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിഎജി നല്‍കുന്നതെങ്കില്‍ ഒരുകാര്യം ഉറപ്പിച്ചു പറയാം, ഈ രാജത്തെ ഓരോ ഇന്‍സ്റ്റിറ്റ്യൂഷനുകളായി, -മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ സുപ്രീം കോടതി വരെ, പാര്‍ലമെന്റ് മുതല്‍ ബ്യൂറോക്രസി വരെ- തകര്‍ക്കുകയാണ് മോദി സര്‍ക്കാരെന്ന വിമര്‍ശകരുടെ സംശയം ശരിയാണ് എന്നു തന്നെ തെളിയും.

അതിനൊപ്പം, ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ സിഎജി റിപ്പോര്‍ട്ട് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു തമാശപ്പരിപാടിയായി മാറിയത് എന്നും കാണാവുന്നതാണ്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്ന പ്രതിരോധങ്ങള്‍ ഒക്കെ ഒന്നൊന്നായി പൊളിഞ്ഞു വീഴുന്ന കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി നാം കാണുന്നത്. അതിനു പിന്നില്‍ നിശബ്ദരായി, എന്നാല്‍ ധൈര്യത്തോടെ തന്നെ തങ്ങളുടെ വിയോജനക്കുറിപ്പ് റാഫേല്‍ ഫയലില്‍ എഴുതിവച്ച ഉദ്യോഗസ്ഥരുടെ നിലപാടുണ്ട്.

റാഫേലുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്ന് തെളിഞ്ഞു വരുന്ന രണ്ടു പ്രധാന കാര്യങ്ങളുണ്ട്. പ്രതിരോധ ആയുധ ഇടപാടുകളില്‍ നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്താനായി സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ മോദി അട്ടിമറിച്ചു. അവര്‍ നിശ്ചയിക്കപ്പെട്ട വിദഗ്ധ സംഘത്തെ മറികടന്ന് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തരമായി ചര്‍ച്ചകള്‍ നടത്തി. അതില്‍ തന്നെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഏറ്റവും പ്രധാനവും ഒപ്പം ഏറെ മോശപ്പെട്ടതുമായ കാര്യമാണ്, കരാറില്‍ നിന്ന് അഴിമതി വിരുദ്ധ വ്യവസ്ഥകളൊക്കെ ഒഴിവാക്കി എന്നത്. അതിനും പുറമെ, കരാറിന്റെ ഇന്ത്യന്‍ പങ്കാളിയായി മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്ത അനില്‍ അംബാനിയാകട്ടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട്, തന്നെ കടക്കാരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്, ഒരു പക്ഷേ അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഇനി പുറത്തു വരാന്‍ പോകുന്നത് ഇപ്പോള്‍ പുറത്തു വന്നതിനേക്കാള്‍ മോശപ്പെട്ട കാര്യങ്ങളായിരിക്കും.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ തെളിയിക്കുന്നത് പ്രതിരോധ ആയുധ ഇടപാടുകളിലെ വ്യവസ്ഥകളെ മുഴുവന്‍ അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നടപടികള്‍ എന്നതാണ്. സമയനഷ്ടം ഒഴിവാക്കാനും ഇന്ത്യക്ക് ആവശ്യമായ ആയുധങ്ങള്‍ ലഭ്യമാക്കാനുമായി ഇത്തരത്തില്‍ സര്‍ക്കാര്‍- ടു - സര്‍ക്കാര്‍ കരാറുകളില്‍ (inter-governmental agreement -IGA) ഏര്‍പ്പെടാറുണ്ട്. പ്രത്യേകിച്ച് അമേരിക്ക, റഷ്യ, ഇസ്രായേല്‍ എന്നിവരുമായി. ഈ സന്ദര്‍ഭങ്ങളില്‍ ആയുധങ്ങള്‍ നല്‍കുന്ന വിദേശരാജ്യങ്ങള്‍ സോവറീന്‍ ഗ്യാരണ്ടി നല്‍കും, തങ്ങള്‍ കൂടുതലായി വില ഈടാക്കുന്നില്ല, നല്‍കുന്ന ആയുധം കരാറില്‍ പറഞ്ഞിരിക്കുന്നതു പോലെ ഉപയോഗക്ഷമവും കിടപിടിക്കുന്നതുമായിരിക്കും എന്നിങ്ങനെ. ഇത്തരം കാര്യങ്ങള്‍ നടപ്പില്‍ വരുത്താനായി വിദേശ രാജ്യങ്ങള്‍ക്ക് പ്രത്യേക ഏജന്‍സികളും ഉണ്ടായിരിക്കും: പെന്റഗണിന് അത് ഡിഫന്‍സ് സെക്യൂരിറ്റി കോപറേഷന്‍ ഏജന്‍സിയാണെങ്കില്‍ (Defense Security Cooperation Agency) റഷ്യക്ക് അത് Rosoboronexport ആണ്. ഇത്തരം ഏജന്‍സികളും കരാര്‍ സമയത്ത് വ്യക്തമായ ഉറപ്പുകള്‍ നല്‍കും, അതായത്, കരാറില്‍ ഇടനിലക്കാരെ ഉള്‍പ്പെടുത്തില്ല, അവര്‍ ആര്‍ക്കും യാതൊരു കമ്മീഷനും നല്‍കില്ല തുടങ്ങിയ കാര്യങ്ങള്‍. പ്രതിരോധ ഇടപാടുകളില്‍ ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്.

Also Read: റാഫേല്‍ കരാറില്‍ അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ സര്‍ക്കാര്‍ മറികടന്നു: ദ ഹിന്ദു റിപ്പോര്‍ട്ട്

എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പ്രധാനപ്പെട്ട വിവരം, മോദി എങ്ങനെയാണ് മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഒറ്റയടിക്ക് മറികടന്ന് നിയമലംഘനം നടത്തിയിരിക്കുന്നത് എന്നാണ്. അതായത്, ആയുധം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളില്‍ (Defence Procurement Procedure -DPP) വ്യവസ്ഥ ചെയ്യുന്ന, ദസോ ഏവിയേഷന്റെയും (Dassault Aviation) MBDA France-ന്റെയും കമ്പനി അക്കൗണ്ടുകള്‍, അവിഹിതമായ സ്വാധീനം ഉപയോഗിക്കല്‍, ഇടനിലക്കാര്‍, ഇടനിലക്കാര്‍ക്കുള്ള കമ്മീഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പിഴ ചുമത്തല്‍ എന്നിവ സപ്ലൈ പ്രോട്ടോക്കോളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നു.

2016 സെപ്റ്റംബര്‍ 23-ന് ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച കരാര്‍ അനുസരിച്ച് ദസോ ഏവിയേഷന്‍ ഇന്ത്യക്കുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ നല്‍കുമ്പോള്‍ MBDA France ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഇതില്‍ ഘടിപ്പിക്കാനുള്ള ആയുധങ്ങളും വിതരണം ചെയ്യും എന്നാണ്.

ഔദ്യോഗിക രേഖകള്‍ പ്രകാരം ഇന്ന് ദി ഹിന്ദു ദിനപത്രം പുറത്തു വിട്ടിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, 2016 സെപ്റ്റംബറില്‍ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വച്ച് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ആഭ്യന്തര കരാറിലും (IGA) സപ്ലൈ പ്രോട്ടോക്കോളിലും ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുക്കുന്ന ഓഫ്‌സെറ്റ് കരാറിലും ഓഫ്‌സെറ്റ് ഷെഡ്യൂളിലുമായി എട്ടു മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ശരിവച്ച് അംഗീകരിച്ചു. ഇത് സംഭവിക്കുന്നതാകട്ടെ, ഈ ഇന്ത്യ-ഫ്രാന്‍സ് കരാറിലും മറ്റു രേഖകളിലും മാറ്റം വരുത്താന്‍ മോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി 2016 ഓഗസ്റ്റ് 24-ന് അനുമതി നല്‍കിയതിനു പിന്നാലെയും.

ഈ എട്ട് മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു കാര്യമാണ്. സപ്ലൈ പ്രോട്ടോക്കോളില്‍ അവിഹിതമായ സ്വാധീനം, ഇടനിലക്കാര്‍, ഇടനിലക്കാര്‍ക്കുള്ള കമ്മീഷന്‍, കമ്പനികളുടെ അക്കൗണ്ടുകളില്‍ പരിശോധന എന്നിവയ്ക്ക് പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന പ്രതിരോധ ആയുധ ഇടപാട് നിയമങ്ങള്‍ (DPP) ഇവിടെ ഉള്‍പ്പടുത്തേണ്ടതില്ല എന്നതാണത്.

സപ്ലൈ പ്രോട്ടോക്കോളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കിയിരുന്നു എന്നത് വളരെയേറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം, റാഫേല്‍ കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍, അതായത്, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര കരാറാണെങ്കില്‍ സപ്ലൈ പ്രോട്ടോക്കോള്‍ നടപ്പാക്കേണ്ടത് രണ്ട് സ്വകാര്യ കമ്പനികള്‍- Dassault, MBDA France-ഉം ആണ് എന്നതാണത്.

റാഫേല്‍ കരാര്‍ നടപ്പാക്കുന്നതിന് പ്രതിരോധ മന്ത്രാലയം നിയമവിധേയമായി അംഗീകരിച്ച വിദഗ്ധ സംഘത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുയായിരുന്നു എന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സോവറീന്‍ ഗ്യാരണ്ടി അടക്കമുള്ള കാര്യങ്ങള്‍ കരാറില്‍ നിന്ന് ഒഴിവായതെന്നും അതിനൊപ്പം തന്നെ, 526 കോടി രൂപയ്ക്ക് ലഭിക്കേണ്ടിയിരുന്ന വിമാനം 1600 കോടി രൂപയ്ക്ക് വാങ്ങേണ്ടി വന്നതും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണെന്നും ഇന്ത്യന്‍ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിക്ക് ഇതുവഴി 30,000 കോടി രൂപ ലാഭം ലഭിക്കുമെന്നും ഉള്ള വിവരങ്ങളും ഇതിനകം തന്നെ പുറത്തു വന്നിട്ടുളളതാണ്. കരാര്‍ ദസോയ്ക്ക് ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അംബാനിയെ തെരഞ്ഞെടുക്കണമെന്ന് മോദി തന്നെയാണ് തന്നോട് നിര്‍ദേശിച്ചതെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഓരോ കാര്യങ്ങളായി പുറത്തു വന്നത്. അംബാനിയെ തെരഞ്ഞെടുത്തതോടെ കരാര്‍ നടപ്പാക്കുന്നതിനായി അവസാന നിമിഷം വരെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്തായാലും സിഎജി റാഫല്‍ കരാറിലെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ കരാറില്‍ നിന്ന് അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കിയെന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. മോദി സര്‍ക്കാരിന്റെ മുന്‍കാല ചെയ്തികള്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം, റാഫേല്‍ കരാറില്‍ സര്‍ക്കാരിനെ പൂര്‍ണമായും വെള്ള പൂശിക്കൊണ്ടുള്ള റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുക. റാഫേല്‍ കരാര്‍ സമയത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന രാജീവ് മെഹര്‍ഷിയാണ് ഇപ്പോള്‍ സിഎജി എന്നതും അന്ന് റാഫേല്‍ കരാര്‍ നടപ്പാക്കാന്‍ കൂട്ടുനിന്നയാള്‍ തന്നെ ഇപ്പോള്‍ സിഎജിയായി അക്കാര്യം പരിശോധിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും കോണ്‍ഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു. ഒപ്പം, ഒരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. റാഫേല്‍ കരാറില്‍ അഴിമതി എന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളുന്നതിന് സുപ്രീം കോടതി അടിസ്ഥാനമാക്കിയ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് സിഎജി റിപ്പോര്‍ട്ടായിരുന്നു. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതാണെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുകയും സുപ്രീം കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും വിമര്‍ശനം ഉയരുകയും ചെയ്തു. ആ റിപ്പോര്‍ട്ടാണ് സിഎജി ഇപ്പോള്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്.

Also Read: റാഫേല്‍ കരാറില്‍ മോദിയുടെ ഓഫീസ് ഇടപെട്ടത് രാജ്യതാത്പര്യങ്ങളെ ബാധിച്ചു, ലാഭം റിലയന്‍സിനും ഫ്രഞ്ച് കമ്പനിക്കും: പ്രതിരോധ വകുപ്പിന്റെ രേഖകള്‍ പുറത്ത്

അതെന്തായാലും, സര്‍ക്കാരിനെ വെള്ള പൂശിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിഎജി നല്‍കുന്നത് എങ്കില്‍ ഈ രാജ്യത്തെ മറ്റൊരു സ്ഥാപനത്തിന് കൂടി മോദി ചരമക്കുറിപ്പ് എഴുതി എന്നത് സംശയമില്ലാതെ പറയേണ്ടി വരും. തങ്ങള്‍ക്കുള്ള അന്തസും ബഹുമാന്യതയും ഉദാരജനാധിപത്യ സമയത്ത് മാത്രമേ ഉള്ളൂ എന്ന് സുപ്രീം കോടതിക്ക് പിന്നാലെ സിഎജിക്കും പറയേണ്ടി വരുമോ എന്നതാണ് സംശയം. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ആലയില്‍ മറ്റൊരു കാവല്‍നായ കൂടി സിഎജിയുടെ രൂപത്തില്‍ കെട്ടിയിടപ്പെടും.

Next Story

Related Stories