TopTop
Begin typing your search above and press return to search.

അലോക് വര്‍മയെ വീണ്ടും പുറത്താക്കുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍

അലോക് വര്‍മയെ വീണ്ടും പുറത്താക്കുമ്പോള്‍ ബാക്കിയാകുന്ന ചോദ്യങ്ങള്‍

നമുക്ക് ഈ കാര്യം ഏതു വിധത്തിലും വാദിക്കാം. സിബിഐയുടെ ആര്‍ജവവും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കുക മാത്രമേ പ്രധാനമന്ത്രി തലവനായ ഉന്നതതല സമിതി ചെയ്തുള്ളൂ എന്നും അക്കാര്യത്തില്‍ അവരുടെ ചുമതല നിര്‍വഹിക്കുക മാത്രമാണുണ്ടായതെന്നും നമുക്ക് വാദിക്കാം.

അല്ലെങ്കില്‍, സുപ്രീം കോടതി ഗൗരവമായ വിധത്തില്‍ ഏന്തെങ്കിലും നിരീക്ഷണം അലോക് വര്‍മയ്‌ക്കെതിരെ നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ പോലും വളരെ തിടുക്കപ്പെട്ട് അദ്ദേഹത്തെ നീക്കം ചെയ്യുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയ്തത് എന്നും വാദിക്കാം. അലോക് വര്‍മയുടെ കാര്യത്തില്‍ വിശദമായ, ഫോറന്‍സിക് അന്വേഷണം നടത്തിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ എന്നത് ഒരു അന്വേഷണ ഏജന്‍സി അല്ലെന്നും അതുകൊണ്ടു തന്നെ അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടറെ മാറ്റുന്നത് സ്വാഭാവിക നീതി നിഷേധിക്കലാണെന്നും വാദിക്കാം.

ഏതൊക്കെ വിധത്തില്‍ വാദിച്ചാലും ഒരു കാര്യം ഉറപ്പിച്ചു പറയാനും ഒപ്പം നിഷേധിക്കാനും പറ്റാത്തത്, കഴിഞ്ഞ കുറെ ആഴ്ചകള്‍ക്കുള്ളില്‍ നടന്ന കാര്യങ്ങളിലുടെ - മോദി സര്‍ക്കാര്‍ ആദ്യം സിബിഐ ഡയറക്ടറെ നീക്കം ചെയ്യുന്നു, സുപ്രീം കോടതി ഇടപെട്ട് ഉപാധികളോടെ തിരികെ നിയമിക്കുന്നു, മോദി തലവനായ സമിതി അദ്ദേഹത്തെ വീണ്ടും പുറത്താക്കുന്നു- ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി എന്നത് ഒരു ചോദ്യചിഹ്‌നമായിരിക്കുന്നു എന്നതാണ്.

എവിടെ നിന്നാണ് ഇതെല്ലാം ആരംഭിക്കുന്നത്? സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി രാകേഷ് അസ്താനയെ നിയമിക്കുന്നതില്‍ നിന്നാണ് ഈ കാര്യങ്ങള്‍ ആരംഭിക്കുന്നത്. പിന്നാലെ മോദിയുമായുള്ള അടുപ്പം ഉപയോഗിച്ച് അസ്താന സിബിഐയില്‍ ഒരു സമാന്തര അധികാര കേന്ദ്രം സ്ഥാപിക്കുന്നു. ഇത് അലോക് വര്‍മയുമായുള്ള സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് തുറന്ന പോരിലേക്കും മാറുന്നു.

Also Read: റാഫേല്‍ മുതല്‍ മെഡിക്കല്‍ കോഴ വരെ: മോദി സര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നത് ഏഴ് കേസുകള്‍

അലോക് വര്‍മയ്‌ക്കെതിരെ ഒരു ഡസനോളം ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24-ന് അസ്താന ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയ്ക്ക് ഒരു പരാതി നല്‍കുന്നു.

ഈ ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇറച്ചി കയറ്റുമതിക്കാരന്‍ മൊയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരന്‍ സന സതീഷ് ബാബുവില്‍ നിന്ന് അലോക് വര്‍മ കോഴ വാങ്ങിയെന്നും തുടര്‍ന്ന് സതീഷ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് ടെലിഫോണിലൂടെ നിര്‍ദേശം നല്‍കി എന്നുമാണ്. ഇതേ സതീഷ് ബാബു തന്നെയാണ് അസ്താനയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്‌ടോബര്‍ 15-ന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും.

ഐആര്‍സിറ്റിസി കേസില്‍ വിജിലന്‍സ് കമ്മീഷന്‍ പറയുന്നത് ഒരു പേര് എഫ്‌ഐആറില്‍ നിന്ന് വര്‍മ മന:പൂര്‍വം ഒഴിവാക്കി എന്നാണ്. അസ്താന നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് പുറമെ പുതുതായി തങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ ചിലതില്‍ ഗുരുതരമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുളളതാണെന്നും അതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരെയുള്ള സഹായങ്ങളോടെ മാത്രമേ അന്വേഷണം നടത്താന്‍ കഴിയൂ എന്നും വിജിലന്‍സ് കമ്മീഷന്‍ പറയുന്നു.

Also Read: അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കി; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേത്; ചീഫ് ജസ്റ്റിസ്സിന്റെ പ്രതിനിധി മോദിയെ അനുകൂലിച്ചു

അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കമ്മീഷനും സര്‍ക്കാരിന്റെ മറ്റു സംവിധാനങ്ങളും തിടുക്കപ്പെട്ടുള്ള നടപടികളുമായി മുന്നോട്ട് പോയപ്പോള്‍ ഈ സമയത്ത് അലോക് വര്‍മ എന്തു ചെയ്യുകയായിരുന്നു എന്നതും ഓര്‍മിക്കേണ്ടതുണ്ട്. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന പരാതി അദ്ദേഹം പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരില്‍ നിന്ന് സ്വീകരിക്കുന്നു. അസ്താനയ്‌ക്കെതിരെ ശക്തമായി തന്നെ അദ്ദേഹം നീങ്ങുന്നു. 2002-ലെ ഗോധ്ര തീവണ്ടി ദുരന്തം മുതല്‍ മോദിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് അസ്താന.

ഇതിന്റെയൊക്കെ അര്‍ത്ഥം വര്‍മ സിബിഐക്കുള്ളില്‍ തന്റേതായ ഒരു അധോലോകം നടത്തുകയായിരുന്നു എന്നല്ല. അതുപോലെ തന്നെ ഏതെങ്കിലും വിധത്തില്‍ വഴങ്ങാത്ത ആളുമാണ് വര്‍മ എന്നും അര്‍ത്ഥമില്ല.

എന്നിരുന്നാലും, നിയമവ്യവസ്ഥയുടെ വാഴ്ച ഉറപ്പാക്കാന്‍ രാജ്യത്തെ പരമോന്നത കോടതിക്ക് സാധിക്കുന്നുണ്ടോ എന്നാണ് സുപ്രീം കോടതിയുടേയും, മോദിക്കും കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എ.കെ സിക്രിയുടേയും നിലപാടുകള്‍ മൂലം എന്ന ആശങ്കയാണ് പല നിരീക്ഷകരും പങ്കു വയ്ക്കുന്നത്.

എന്തുകൊണ്ടാണ് അടുത്തിടെ ഉണ്ടാകുന്ന സുപ്രീം കോടതി ഉത്തരവുകള്‍ ചില വിടവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാകുന്നത്? എന്തുകൊണ്ടാണ് അടിസ്ഥാന കാര്യങ്ങളില്‍ പോലും പിഴവുകള്‍ കടന്നു കൂടുന്നത്? റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പലരും ചൂണ്ടിക്കാട്ടിയ കാര്യമാണിത്. സിബിഐയുടെ സ്വതന്ത്ര സ്വഭാവത്തെ വീണ്ടും ചോദ്യ ചിഹ്‌നമാക്കിക്കൊണ്ട് എന്തുകൊണ്ടാണ് പൂര്‍ണമല്ലാത്ത ഒരു വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്? അലോക് വര്‍മയെ നീക്കം ചെയ്യാനുള്ള മോദിയുടെ തീരുമാനത്തോട് ജസ്റ്റിസ് സിക്രി യോജിച്ചത് ശരിയായ കാര്യമായിരുന്നോ? ഈ നടപടികളിലൂടെ സിബിഐയുടെ സ്വയംഭരണാധികാരം സംരക്ഷിക്കപ്പെടുകയും സ്വാഭാവിക നീതിയുടെ എല്ലാ ഘടകങ്ങളും ഉറപ്പാക്കപ്പെടുകയും ചെയ്തിട്ടുണ്ടോ?

അതോ, രാജ്യത്തെ പ്രാഥമിക അന്വേഷണ ഏജന്‍സിയെ വീണ്ടും ചെളിക്കുണ്ടിലേക്ക് വലിച്ചിടുകയാണോ ഈ നടപടികളിലൂടെ ചെയ്തിരിക്കുന്നത്?

രാജ്യം വരും നാളുകളില്‍ കാണാരിക്കുന്ന കാര്യങ്ങളാണ് ഇവയൊക്കെ.

Also Read: അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

Next Story

Related Stories