UPDATES

ഇന്ത്യ ഇന്നുമൊരു ജനാധിപത്യ രാജ്യമാണെന്ന് സുപ്രീം കോടതിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വരുമ്പോള്‍

മോദി സര്‍ക്കാരിനെ വിലയിരുത്താനുള്ള ഏറ്റവും നല്ല നിയമ ചട്ടക്കൂടു കൂടിയാണ് സുപ്രീം കോടതി ഇന്നലെ നല്‍കിയിരിക്കുന്നത്

“ഒരു ജനാധിപത്യത്തില്‍ പൊതുസമൂഹമാണ് പ്രധാനം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രതിഫലിപ്പിക്കുന്നത് ആ ജനങ്ങളുടെ താത്പര്യമാണ്. അതുകൊണ്ടു തന്നെ ആ ജനങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പിനെ യാതൊരു വിധത്തിലും അവഗണിക്കുക സാധ്യമല്ല”- സുപ്രീം കോടതി.

ബുധനാഴ്‌യുണ്ടായ സുപ്രീം കോടതി വിധി ഏതെങ്കിലും വിധത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരുമായി ബന്ധപ്പെട്ട ഒന്നല്ലെങ്കില്‍ പോലും മോദി സര്‍ക്കാരിന്റെ നടപടികള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിലെ പ്രധാനപ്പെട്ട ഒരു സംഭവം തന്നെയായിരുന്നു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലു വര്‍ഷമായി നിലനില്‍ക്കുന്ന അസ്വസ്ഥതകളുടെ പശ്ചാത്തലത്തില്‍ ഇതിനെ കാണുമ്പോള്‍ പ്രത്യേകിച്ചും.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ക്ഷുദ്ര രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെങ്കില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ചെവിക്ക് പിടിക്കുക കൂടിയാണ് അവര്‍ ചെയ്തിരിക്കുന്നത്, അതായത്, ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ഡല്‍ഹി നഗരം ഭരിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്ന്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റെ വിധി ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറയെ വിപുലപ്പെടുത്തുന്നതില്‍ ഒരു പ്രധാന നാഴികക്കല്ലു തന്നെയാണ്. അത് ഒരേ സമയം, മോദി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ഒപ്പം, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയും ചെയ്തു.

സുപ്രീം കോടതി വളരെ വ്യക്തമായി തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞത്: “ബാലന്‍സ്ഡ് ആയിട്ടുള്ള ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം എല്ലാ അധികാരങ്ങളും കൈയടക്കുക എന്നത് ശരിയല്ല. കേന്ദ്രത്തിന്റെ അനാവശ്യമായ യാതൊരു ഇടപെടലുകളുമില്ലാതെ സ്വാതന്ത്ര്യം പുലര്‍ത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കുണ്ട്”.

സുപ്രീം കോടതി ഇത്ര കൂടി കൂട്ടിച്ചേര്‍ത്തു: “ഏതെങ്കിലും വിധത്തിലുള്ള ഏകാധിപത്യ ക്രമത്തിനോ ഏതെങ്കിലും വിധത്തിലുള്ള അരാജകവാദത്തിനോ ഇവിടെ സ്ഥാനമില്ല”. ഡല്‍ഹി സര്‍ക്കാര്‍ തങ്ങളുടെ എല്ലാ തീരുമാനങ്ങളും ലഫ്. ഗവര്‍ണറെ അറിയിക്കുമ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും നടപ്പാക്കുന്നതിന് അദ്ദേഹത്തിന്റെ അനുമതി ആവശ്യവുമില്ല- കോടതി വ്യക്തമാക്കി.

ഭൂമി, ക്രമസമാധാനപാലനം, പോലീസ് ഈ കാര്യങ്ങളിലൊഴിച്ച് ലഫ്. ഗവര്‍ണര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള യാതൊരു അധികാരവുമില്ല എന്നു തന്നെയാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. “ലഫ്. ഗവര്‍ണര്‍ എന്നാല്‍ ഗവര്‍ണര്‍ അല്ല, മറിച്ച് പരിമിതമായ അധികാരം മാത്രമുള്ള ഒരു പദവിയാണത്. തന്റെ അധികാരപരിധിയിലുള്ള മേഖലകളില്‍ പെട്ട കാര്യങ്ങളില്‍ അല്ലാതെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് അദ്ദേഹത്തിന് ചെയ്യാനുള്ളതും”- കോടതി കൂട്ടിച്ചേര്‍ത്തു.

2015 മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വിജ്ഞാപനത്തോടെയാണ് കാര്യങ്ങള്‍ ഇപ്പോഴത്തെ സ്ഥിതിയിലെത്തിയത്. ആര്‍ട്ടിക്കികള്‍ 239എഎ വ്യാഖ്യാനിച്ചു കൊണ്ട് സര്‍വീസ് മാറ്ററുകള്‍ കൂടി ലഫ്. ഗവര്‍ണറുടെ അധികാര പരിധിയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ഡല്‍ഹിയിലെ ഭൂമി, പോലീസ്, ക്രമസമാധാന പാലനം എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിനാണ് അധികാരമെന്ന് വ്യക്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 239എഎ. കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ലഫ്. ഗവര്‍ണര്‍.

2014-മെയില്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് നാണം കെട്ട തോല്‍വി സമ്മാനിച്ചു കൊണ്ട് ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതോടെയാണ് ദേശീയ തലസ്ഥാനത്ത് അധികാര പ്രശ്‌നങ്ങള്‍ പുകഞ്ഞു തുടങ്ങിയത്. 2015 ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 67 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. എന്നാല്‍ അത് ആ വിധത്തില്‍ അനുവദിച്ചു കൊടുക്കാന്‍ തയാറായ ഒരാളായിരുന്നില്ല മോദി, ജനാധിപത്യ രീതിയിലുള്ള അന്തസ് പുലര്‍ത്താനുള്ള പക്വത അവിടെ പ്രകടിപ്പിച്ചുമില്ല.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ ഏതെല്ലാം വിധത്തില്‍ അവഹേളിക്കാനും നാണം കെടുത്താനും പ്രവര്‍ത്തിക്കുന്നത് തടയാനുമെല്ലാം അന്നുമുതല്‍ ആവുന്നത്ര ശ്രമിച്ചു. അതിലും ദു:ഖകരമായ കാര്യം ഡല്‍ഹിയില്‍ നിയമിക്കപ്പെട്ട ലഫ്. ഗവര്‍ണര്‍മാരും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും മോദിയുടെ താളത്തിനു തുള്ളാന്‍ നിന്നു കൊടുത്തു എന്നതു കൂടിയാണ്. അതിന് തയാറാകാത്തവര്‍ക്ക് ‘മോദി രാജി’ന്റെ ശേഷി എന്താണെന്ന് കൃത്യമായി മനസിലാവുകയും ചെയ്ത നിരവധി അവസരങ്ങളും ഇതിനിടയില്‍ ഉണ്ടായി.

മോദിക്ക് ഇതിനുള്ള നിരവധി അവസരങ്ങളും ലഭിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി, പ്രത്യേകിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറും കൂടിയായ അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ച ചില നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടി കിട്ടുന്നതായിരുന്നു, മോദി അത് ഉപയോഗപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഡല്‍ഹി ഭരണകൂടം മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു കാഴ്ചവസ്തുവായി തീരുകയും ചെയ്തു.

Also Read: അതുകൊണ്ട് കെജ്രിവാള്‍ ഒരു നരേന്ദ്ര മോദി ആകരുത്

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറിയായി ജോലി ചെയ്ത എ.കെ ജോതിയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതായിരുന്നു മറ്റൊരു നീക്കം. ആം ആദ്മി പാര്‍ട്ടിയുടെ 21 എംഎല്‍എമാരെ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം രൂക്ഷ വിമര്‍ശനത്തോടെയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. ഒരു ഡസനിലേറെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെയാണ് ലഫ്. ഗവര്‍ണറുടെ കീഴിലുള്ള ഡല്‍ഹി പോലീസ് പരിഹാസ്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്. പത്രസമ്മേളനം നടത്തുന്നതിനിടയ്ക്കായിരുന്നു ഒരു എംഎല്‍എയുടെ അറസ്റ്റ്. ഇന്നലത്തെ സുപ്രീം കോടതി വിധിയോടെ ഇവര്‍ക്ക് കൂടിയാണ് ആശ്വാസം ലഭിച്ചിരിക്കുന്നത്.

ഒരു ദിവസം രാവിലെയാണ് മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്യുന്നത്. സ്തുത്യര്‍ഹ സേവനത്തിന് പ്രധാനമന്ത്രിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥനും കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ രാജേന്ദ്ര കുമാറിനെ 2015 ഡിസംബറില്‍ അറസ്റ്റ് ചെയ്യുക പോലുമുണ്ടായി.

കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍, മരുമകന്‍ ഇവരെയൊക്കെ അഴിമതി കേസുകളില്‍ അറസ്റ്റ് ചെയ്യുന്നതും ഇതിന്റെ പിന്നാലെയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ നിരവധി എംഎല്‍എമാര്‍, നേതാക്കന്മാര്‍ തുടങ്ങിയവരൊക്കെ അന്വേഷണ ഏജന്‍സികളുടെ നിരന്തര ചോദ്യം ചെയ്യലിന് വിധേയരായി.

Also Read: മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് ഇനി അരവിന്ദ് കെജ്രിവാള്‍?

ഇരട്ട ആക്രമണമായിരുന്നു കെജ്‌രിവാള്‍ നേരിട്ടത്. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരപരിധയില്‍ ഉണ്ടായിരുന്ന ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അധികാരം കേന്ദ്രം കൈക്കലാക്കിയപ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമേ കെജ്‌രിവാളിന് കഴിഞ്ഞുള്ളൂ. മറ്റൊന്നായിരുന്നു ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നേരെ നിരന്തരം നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുകള്‍ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്താറുണ്ട്. എന്നാല്‍ ആദായ നികുതി ഉദ്യോഗസ്ഥരുടെ പീഡനം സഹിക്ക വയ്യാതെ തങ്ങളുടെ പേരുകള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടവര്‍ വരെയുണ്ട്.

Also Read: പ്രിയ കെജ്രിവാള്‍, നിങ്ങള്‍ ഒരു തലമുറയുടെ പ്രതീക്ഷകളെയാണ് കൊന്നുകളഞ്ഞത്

അപ്പോള്‍, സുപ്രീം കോടതി ഉത്തരവ് എന്താണ് അര്‍ത്ഥമാക്കുന്നത്? ആ വിധിയുടെ യഥാര്‍ത്ഥ സത്ത മൂന്നു മേഖലകളായ ഭൂമി, പോലീസ്, ക്രമസമാധാന പാലനം എന്നിവയിലൊഴിച്ച് ലഫ്. ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല, അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്നാണ്. അത് ഒരു കാര്യം കൂടി മോദി സര്‍ക്കാരിനോട് ഓര്‍മിപ്പിക്കുന്നുണ്ട്, ഇന്ത്യ ഇന്നും ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു ജനാധിപത്യ രാജ്യമാണ് എന്ന്.

മോദി സര്‍ക്കാരിനെ വിലയിരുത്താനുള്ള ഏറ്റവും നല്ല നിയമ ചട്ടക്കൂടു കൂടിയാണ് സുപ്രീം കോടതി ഇന്നലെ നല്‍കിയിരിക്കുന്നത്. ഏതു ഭാഗത്തു നിന്ന് നോക്കിയാലും കേന്ദ്ര സര്‍ക്കാരിന് അതില്‍ യാതൊരു മേന്മയും പറയാനുമില്ല. ഒരു കോടതി വിധി, കുറച്ച് നിരീക്ഷണങ്ങള്‍, ചെറിയ ചില പൊട്ടിത്തെറികള്‍- ഒരു തെരഞ്ഞെടുപ്പിനെ പോലും മാറ്റി മറിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

Also Read: കെജ്രിവാളിനോട് ചെയ്യുന്നതും കെജ്രിവാള്‍ ചെയ്യുന്നതും- എന്‍.പി ആഷ്‌ലി എഴുതുന്നു

Also Read: കെജ്രിവാള്‍, താങ്കള്‍ ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങാന്‍ സമയമായിരിക്കുന്നു

Also Read: ആം ആദ്മി പാര്‍ടി മറ്റേതൊരു ഇന്ത്യന്‍ രാഷ്ട്രീയകക്ഷിയെ പോലെ പിന്തിരിപ്പനാണ്

Also Read: അണ്ണാ ഹസാരെ തിരുത്താനാവാത്ത ഒരു മണ്ടനാണോ അതോ വളരെ, വളരെ കൗശലക്കാരനായ വൃദ്ധനാണോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍