TopTop

ഏത് മാധ്യമങ്ങള്‍ മോദിയോട് 'NO' പറയും? ഇന്ത്യന്‍ ജനാധിപത്യം വിറങ്ങലിച്ചു കാത്തിരിക്കുകയാണ്

ഏത് മാധ്യമങ്ങള്‍ മോദിയോട്
കഴിഞ്ഞയാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള മാധ്യമ എഡിറ്റര്‍മാരുടെ ഒരു അനൗപചാരികക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളുടെ എഡിറ്റര്‍മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. യോഗത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രധാനമായും ഓഫ് ദി റിക്കോര്‍ഡ് ആയിരിക്കും എന്നായിരുന്നു നേരത്തെ തന്നെ അറിയിച്ചിരുന്നത്. അതായത്, മോദിയുമായി നടത്തുന്ന സംഭാഷണത്തിലെ വിവരങ്ങള്‍ വാര്‍ത്തയാക്കാന്‍ പാടില്ല എന്ന്. എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച ചിലരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, അവിടെ സംഭവിച്ച ചില കാര്യങ്ങള്‍ അത്യന്തം ശ്രദ്ധേയമാണ്.

അതനുസരിച്ച്, മാധ്യമ മേഖലയിലുള്ള ആര്‍ജവത്തിന്റെ പേരില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ ചെയര്‍മാന്‍ യോഗത്തില്‍ മോദിയോട് ചില കാര്യങ്ങള്‍ പറഞ്ഞു. അതിങ്ങനെയായിരുന്നു: ഒന്ന്, ഇത്ര കാലമായിട്ടും മോദി ഒരു വിധത്തിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവുകയോ അല്ലെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയോ ചെയ്തിട്ടില്ല. മറ്റൊന്ന്, ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലകളെ അപലപിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഇതിനോട് മോദി പ്രതികരിച്ചത് രോഷാകുലനായാണ് എന്നാണ് വിവരം. നിങ്ങളുടെ സ്ഥാപനം 2002 മുതല്‍ എന്നോട് മൂന്‍വിധികളോടെയാണ് പെരുമാറുന്നത്. എന്നെ കുടുക്കാന്‍ ഏതെല്ലാം വഴികളുണ്ടോ അതൊക്കെ നോക്കി. ഞാന്‍ പ്രധാനമന്ത്രിയാവാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തുു, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായതിനു ശേഷം തനിക്കെതിരെ വളരെ മോശപ്പെട്ട പ്രചരണങ്ങള്‍ അഴിച്ചു വിട്ടെന്നും മോദി കുറ്റപ്പെടുത്തി.

ഈ ഘട്ടത്തില്‍ ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നേരിടുന്ന ഓര്‍വെലിയന്‍ പ്രതിസന്ധി തന്നെയാണ് അവിടെയുണ്ടായത് എന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കുന്ന വിവരം. മോദി ഇതു പറഞ്ഞതോടെ ഒരു ദിനപത്രത്തിന്റെ എഡിറ്റര്‍ പെട്ടെന്ന് ഇടപെട്ട് ഇങ്ങനെ പറഞ്ഞു: മോദിജി, അത് ശരിയല്ല അങ്ങനെ പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള പത്രം നോക്കൂ. ഞങ്ങള്‍ വളരെ ബാലന്‍സ്ഡ് ആയിട്ടാണ് വാര്‍ത്തകള്‍ നല്‍കുന്നത്. പൊടുന്നനെ മാധ്യമ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ വീണ്ടും ഇടപെട്ട് എഡിറ്ററോട് പറഞ്ഞത് ഇങ്ങനെ: മോദിജി ഇക്കാര്യത്തില്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ശരിയാണ്. നമ്മുടെ പത്രം ഉള്ളത് ഉള്ളതുപോലെ പറയുന്ന കൂട്ടത്തിലാണ്.

ഈ നടന്ന കൂടിക്കാഴ്ച പല കാര്യങ്ങള്‍ കൊണ്ടും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ ഉള്ളില്‍ പേറുന്ന, അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയ ഒരു തലമുറയിലെ ജേര്‍ണലിസ്റ്റുകള്‍ ഇന്നു നേരിടുന്ന വെല്ലുവിളികളും അവരുടെ നിരാശയും അതില്‍ പ്രധാനമാണ്. ഇന്ന് നമ്മുടെ കാലഘട്ടത്തിലുള്ള, യുവത്വത്തിലുള്ള പ്രൊഫഷണലുകളായ എഡിറ്റര്‍മാര്‍, തങ്ങളെ ആ പേരില്‍ അറിയപ്പെടുന്നത് പോലും താത്പര്യമില്ലായ്മ കാണിക്കുന്നവര്‍. ഇതിന്റെയൊക്കെ നടുക്ക് നരേന്ദ്ര മോദിയുണ്ട്. അധികാരത്തിനു വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏതു നടപ്പുമാതൃകകളേയും പൊളിച്ചു കളയാന്‍ മടി കാണിക്കാത്ത ഒരാള്‍. ഒപ്പം, മാധ്യമങ്ങള്‍ അടക്കം നിരവധി ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ ശവക്കുഴി തോണ്ടുന്നയാള്‍- ഇതാണ് ആ കാലഘട്ടം.

കഴിഞ്ഞ ഞായറും തിങ്കളുമായി ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസും മോദിയുമായുള്ള അഭിമുഖത്തിന് വലിയ ഇടം നല്‍കിയെന്നതില്‍ ആശ്ചര്യപ്പെടാനായി ഒന്നുമില്ല. എന്നാല്‍ ആ സ്ഥാപനങ്ങളിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും ആ അഭിമുഖത്തിന് ബൈ ലൈന്‍ നല്‍കുകയുണ്ടായില്ല. പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തിന് ഒരു ജേര്‍ണലിസ്റ്റോ എഡിറ്ററോ തങ്ങളുടെ ബൈ ലൈന്‍ വെയ്ക്കാന്‍ താത്പര്യപ്പെടാത്തത് ഒരു അപൂര്‍വ്വ സാഹചര്യമാണ്. അതിനുള്ള കാരണങ്ങള്‍ തിരഞ്ഞു ഒരു പാട് ആഴത്തില്‍ പോകേണ്ടതില്ല.

ആ രണ്ടു അഭിമുഖങ്ങളും പ്രധാനമന്ത്രിക്ക് വേണ്ടി ചില 'ബാബുമാര്‍' എഴുതി തയാറാക്കിയ ഉത്തരങ്ങളാണ്. അവയിലെവിടെയും മറുചോദ്യങ്ങള്‍ ഒന്നും തന്നെയില്ല. ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച ഒന്നാം പേജില്‍ വിശദമായും അകത്തു രണ്ടു പേജുകളിലുമായി അഭിമുഖം നല്‍കി. അതാണ് മോദിയുടെ ശക്തി. വലിയ കവറേജ് നല്‍കാന്‍ മാധ്യമങ്ങളെ അയാള്‍ക്ക് ചൊല്‍പ്പടിയില്‍ കിട്ടും. ഏറ്റവും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ തന്നെ.

വരുന്ന നിരവധി ആഴ്ചകളില്‍ ഇന്ത്യന്‍ വായനക്കാര്‍ നാണംകെട്ട പ്രചരണത്തിന് വിധേയരാകും. എല്ലാ ദിനപത്രങ്ങളും അവ പ്രസിദ്ധീകരിക്കും. എല്ലാ ടിവി ചാനലുകളും അതിലെ അവതാരകരും മോദി ഇന്ത്യയോട് നടത്തുന്ന ഗീര്‍വാണങ്ങളിലെ തൊങ്ങലുകളായി സ്വയം നാണംകെടും.

ഇന്ത്യക്കാര്‍, പ്രത്യേകിച്ചും ഈ പത്രങ്ങളുടെയും ടിവി ചാനലുകളുടെയും വരിക്കാര്‍, കാത്തിരുന്ന് കണ്ടുകൊള്ളുക; മുഖ്യധാരയിലെ ഏത് മാധ്യമ സ്ഥാപനം ഇത് പോലൊരു അഭിമുഖത്തിന് 'പറ്റില്ല' എന്നു പറയുന്നു എന്ന്. മോദിയോട് തങ്ങളുടെ എഡിറ്ററോടൊപ്പം ഇരിക്കാനും മോദി ഓതിക്കൊടുക്കുന്നതല്ലാതെ, സൂര്യന് താഴെയുള്ള ഏത് കാര്യവും ചോദിക്കാനും ഉള്ള അവസരത്തിന് വേണ്ടി ഏതൊക്കെ മാധ്യമ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുമെന്ന് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ധൈര്യം ആരെങ്കിലും കാണിച്ചാല്‍, അവരായിരിക്കും ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ കാണാന്‍ അല്ലെങ്കില്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന ചാനല്‍ അല്ലെങ്കില്‍ ദിനപത്രം.

Next Story

Related Stories