UPDATES

കേന്ദ്രം കടുത്ത നടപടിക്ക്; കാശ്മീരിനെ കാത്തിരിക്കുന്നത് രക്തരൂക്ഷിത ദിനങ്ങള്‍

കൊല്ലപ്പെടുന്ന ഓരോ യുവാക്കള്‍ക്കും പകരമായി കൂടുതല്‍ പേര്‍ ഓരോ ദിവസവും തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായിക്കൊണ്ടിരിക്കുകയുമാണ്.

കാശ്മീരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തവും കൃത്യമായ ലക്ഷ്യങ്ങളോടു കൂടിയുള്ളതുമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു എന്നു തന്നെയാണ് ഓരോ ദിവസം കഴിയുന്തോറും വ്യക്തമായിക്കൊണ്ടിരിക്കുന്ന കാര്യം. അതിന്റെ അനന്തരഫലം വളരയേറെ ദുരന്തപൂര്‍ണമായിരിക്കും, കാരണം, ഏകദേശം കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ ആദ്യമായി കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രാദേശിക യുവത്വം തന്നെയാണ് എന്നതാണത്.

കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച നടത്തിയിരിക്കുന്ന രണ്ടു നിര്‍ണായക നിയമനങ്ങള്‍ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ്. ഛത്തീസ്ഗഡില്‍ നക്‌സല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യന്‍, ജമ്മു-കാശ്മീര്‍ വിഷയത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഉപദേശകനായിരുന്ന റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ വിജയകുമാര്‍ എന്നിവരുടെ നിയമനമാണ് കേന്ദ്രം പുതുതായി നടത്തിയിരിക്കുന്നത്. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ നിര്‍ണായക പദവികളിലിരുന്ന സുബ്രഹ്മണ്യമായിരിക്കും ഇനി ജമ്മു-കാശ്മീരിലെ പുതിയ ചീഫ് സെക്രട്ടറി. വിജയകുമാറും നേരത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജമ്മു-കാശ്മീര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.ബി വ്യാസുമായിരിക്കും ഗവര്‍ണറുടെ ഉപദേശകര്‍.

ഈ നിയമനങ്ങള്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ്. അതിനൊപ്പം, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന മറ്റു കാര്യങ്ങള്‍ കൂടി കണക്കാക്കിയാല്‍ കാശ്മീര്‍ മുമ്പത്തേതിലുമധികം രക്തരൂക്ഷിതമായ ദിവസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്.

അമര്‍നാഥ് യാത്രയ്ക്ക് നേരെ ഉയര്‍ന്നിട്ടുള്ള ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് സംഘടനകളുടെ ഭീകരാക്രമണ ഭീഷണികള്‍ ചൂണ്ടിക്കാട്ടി ശ്രീനഗറിലേക്ക് ദേശീയ സുരക്ഷാ ഗാര്‍ഡി (എന്‍എസ്ജി) ന്റെ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണമോ ബന്ദിയാക്കല്‍ പോലുള്ള കാര്യങ്ങളോ ഉണ്ടായാല്‍ തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയാണ് പ്രത്യേക പരിശീലനം നേടിയിട്ടുള്ള ബ്ലാക്ക് ക്യാറ്റ്‌സ് എന്‍എസ്ജിയെ നിയോഗിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടാനായി ശ്രീനഗര്‍ വിമാനത്താവളത്തിലും അവരെ നിയോഗിക്കും. ഈ മാസം 28-ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര രണ്ടു മാസക്കാലം നീണ്ടു നില്‍ക്കും.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികളുടെ നേതൃത്വത്തിലുള്ള ജോയിന്റ് റസിസ്റ്റന്‍സ് ലീഡര്‍ഷിപ്പ് (JRL) നടത്തിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ താഴ്‌വര അടഞ്ഞു കിടന്നു. പ്രതിഷേധ മാര്‍ച്ചും സമരവും സംഘടിപ്പിക്കുന്നതില്‍ നിന്ന് JRL-നെ തടയുന്നതിന്റെ ഭാഗമായി വിഘടനവാദി നേതാക്കളായ സയീദ് അലി ഷാ ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, യാസിന്‍ മാലിക്ക് എന്നിവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

താഴ്‌വരയില്‍ സമാധാനം മടക്കിക്കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നാണ് ഗവര്‍ണര്‍ എന്‍.എന്‍ വോറ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഈ സമാധാന നടപടികള്‍ പക്ഷേ, കര്‍ശനമായ സായുധ മാര്‍ഗത്തില്‍ കൂടിയായിരിക്കും എന്നത് വ്യക്തമാണ്.

എന്നാല്‍ സൈന്യത്തിലേയും ഇന്റലീജന്‍സിലേയും വിദഗ്ധര്‍ നല്‍കുന്ന ചില മുന്നറിയിപ്പുകളുണ്ട്. ഇന്നത്തെ കാശ്മീരില്‍ നിലനില്‍ക്കുന്ന തീവ്രവാദം പൂര്‍ണമായി മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അതിന്റെ പ്രതികരണങ്ങളും അപ്രതീക്ഷതവും രൂക്ഷവുമായിരിക്കും എന്നതാണത്.

സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ മരണം കുടുംബങ്ങള്‍ പോലും വീരമൃത്യുവായി കണക്കാക്കി ആഘോഷിക്കുന്നത് ഈ വിദഗ്ധര്‍ കാണുന്നുണ്ട്. അടുത്തിടെ, മകന്റെ മരണത്തെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് സ്വീകരിച്ച അവിടുത്തെ ഒരു മാതാവിനെ പോലെ. സുരക്ഷാ സൈന്യം ഇനി നേരിടേണ്ടി വരുന്നത് യാതൊരു വിധ ഐഡന്റിറ്റികളുമില്ലാത്ത വിദേശ തീവ്രവാദികളെയായിരിക്കില്ല, മറിച്ച് പ്രദേശവാസികള്‍ ആഘോഷപൂര്‍വം കണക്കാക്കുന്ന പ്രാദേശിക യുവത്വത്തെയായിരിക്കും.

കൊല്ലപ്പെടുന്ന ഓരോ യുവാക്കള്‍ക്കും പകരമായി കൂടുതല്‍ പേര്‍ ഓരോ ദിവസവും തീവ്രവാദ സംഘടനകളില്‍ അംഗങ്ങളായിക്കൊണ്ടിരിക്കുകയുമാണ്.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ദക്ഷിണ കാശ്മീരില്‍ സജീവമായുള്ള 144 തീവ്രവാദികളില്‍ 131 പേര്‍ പ്രദേശവാസികള്‍ തന്നെയാണ്. ഇതില്‍ 13 പേര്‍ മാത്രമാണ് വിദേശികളായുള്ളത്. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ മെയ് 31 വരെയുള്ള സമയത്തിനിടയില്‍ 90 മുകളില്‍ ആളുകള്‍ സായുധ പോരാട്ടത്തില്‍ പങ്കു ചേര്‍ന്നു എന്നുമാണ് കണക്കുകള്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കാശ്മീര്‍ ഒരു കരു മാത്രമാണ്; കളി പുറത്താണ്

കൊലയാളി സംഘങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ അവസാനിപ്പിക്കാനൊരുങ്ങുമ്പോള്‍

ആര്‍ട്ടിക്കിള്‍ 370: ആ ജനങ്ങളെ നിങ്ങളെന്തു ചെയ്യും?

കാശ്മീര്‍; ചരിത്രവും രാഷ്ട്രീയവും

ജമ്മു കാശ്മീരിലെ ‘അസ്വാഭാവിക’ സഖ്യം തകര്‍ന്നു; ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടകള്‍ക്ക് അനിവാര്യമായ നീക്കം

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

ഇവന്റെ കണ്ണീരില്‍ കാശ്മീര്‍ ജനതയുടെ മുഴുവന്‍ വേദനയുമുണ്ട്

പൊള്ള വാഗ്ദാനങ്ങളും അടിച്ചമര്‍ത്തലും കൊണ്ട് കാശ്മീര്‍ പ്രശ്നം പരിഹരിക്കില്ല; വേണ്ടത് ഗൌരവമായ സംഭാഷണം

സായുധ സേനയെ കല്ലെറിയുന്ന കൌമാരക്കാരികള്‍; കാശ്മീര്‍ പ്രതിഷേധത്തിന്റെ പുതിയ മുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍