Top

എന്തുകൊണ്ടാണ് യു പിയിൽ കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുന്നത്? ഈ കണക്കുകള്‍ ബിജെപിയുടെ ഉറക്കം കെടുത്തും

എന്തുകൊണ്ടാണ് യു പിയിൽ കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുന്നത്? ഈ കണക്കുകള്‍ ബിജെപിയുടെ ഉറക്കം കെടുത്തും
നരേന്ദ്ര മോദിയുടെ കീഴിൽ സമഗ്രാധിപത്യത്തിന്റെ ഭാവിയുടെ വളരെ അടുത്തുനിന്നിട്ടും, മോദിയുടെ സ്വേച്ഛാധിപത്യ രീതികളുടെ ഇരകളായിട്ടും, കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടിയിട്ടും, കോടതികൾ പലതവണ അമ്പരപ്പിച്ചിട്ടും, ഭയചകിതരായ മുഖ്യധാരാ മാധ്യമങ്ങൾ തീർത്തും എതിരായിട്ടും, എന്തുകൊണ്ടാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഈ രീതികളിൽ പെരുമാറുന്നത്?

അടുത്തുണ്ടായ രണ്ടു നിർണായക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പലരും ചോദിക്കുന്ന ചോദ്യമാണിത്. ഒന്ന്, മായാവതിയുമായി ഒരു സഖ്യമില്ലാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മുന്നോട്ടു പോയത് പല നിരീക്ഷകർക്കും ദഹിച്ചിട്ടില്ല. രണ്ടാമത്തേത്, പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്നുള്ള ചൊവ്വാഴ്ചത്തെ പ്രഖ്യാപനവും എസ് പി-ബി എസ് പിയുമായി സഖ്യമില്ലാതെ യു പിയിൽ ഒറ്റയ്ക്ക് മുന്നോട്ടുപോകാനുള്ള കോൺഗ്രസിന്റെ തീരുമാനവുമാണ്.

പലർക്കും ഇത് അമ്പരപ്പുണ്ടാക്കുന്നതും പ്രതിപക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നതായുമൊക്കെ തോന്നാം. പക്ഷെ അതിനു കണക്കുകളുടെ യുക്തിയും പിൻബലവുമുണ്ട്. ഈ കണക്കാണ് ബി എസ് പി-എസ് പിയുടെ മഹാസഖ്യത്തിൽ ചേരാതെ ഒറ്റയ്ക്ക് നീങ്ങാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. ഈ കണക്കാണ് ബി എസ് പി-എസ് പി സഖ്യത്തെ അലോസരപ്പെടുത്താത്തതും. ഈ കണക്കുകളാണ് നരേന്ദ്ര മോദിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകാൻ പോകുന്നതും.

ദേശീയ രാഷ്ട്രീയത്തെ മോദി മൂടിയ ഈ ഘട്ടത്തിൽ രാഹുൽ ഗാന്ധിക്കും, മായാവതിക്കും, അഖിലേഷ് യാദവിനുമൊക്കെ തങ്ങളുടെ നിലനില്പിനുള്ള പോരാട്ടത്തെക്കുറിച്ച് ധാരണയില്ലെന്ന് കരുതുന്നത് മണ്ടത്തരമായിരിക്കും. മോദി മറ്റൊരു രാഷ്ട്രീയക്കാരനല്ല, അധികാരത്തിനു വേണ്ടി ഏതു ഹീനമായ അറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരു സ്വേച്ഛാധിപതിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് ഈ നിലയിൽ പെരുമാറുന്നത്?

കോൺഗ്രസിന് ആശ്വാസവും ബി ജെ പിക്ക് പേടിസ്വപ്നങ്ങളും നൽകുന്ന ശ്രദ്ധേയമായ ഒരു പ്രവണത തെളിയുന്നുണ്ട്. ബി ജെ പിയിൽ നിന്നും കോൺഗ്രസിലേക്കുള്ള സവർണ വോട്ടുകളുടെ നാടകീയമായ മാറ്റമാണിത്. നോട്ടു നിരോധനം, ജി എസ് ടി, ധനിക കർഷകരുടെ പ്രശ്നങ്ങൾ, ദളിതരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ മോദിയുടെ കീഴിലെ ബി ജെ പിയോടുള്ള എതിർപ്പിനുള്ള പല കാര്യങ്ങൾ കൊണ്ടുമാകാം. ബി ജെ പി കാര്യങ്ങൾ ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ സമയമേറെ വൈകി.

മായാവതിയുടെ സഖ്യത്തിലേർപ്പെടാതെ, തങ്ങൾ ഒരു ദളിത് പാർട്ടിയല്ലെന്നും ഇത് നിങ്ങളുടെ പാർട്ടിയാണെന്നും സവർണർക്ക് സൂചന നൽകുകയാണ് കോൺഗ്രസ്. അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ഈ തന്ത്രം ഫലിച്ചുവെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു.

അതെ സമയം അഭിപ്രായ സർവേകൾ കാണിക്കുന്നത് ബി ജെ പിയിൽ നിന്നും കോൺഗ്രസിലേക്കുള്ള ഈ സവർണ വോട്ടു മാറ്റം ഉത്തർ പ്രദേശിൽ നരേന്ദ്ര മോദിക്ക് അസ്വസ്ഥതയുണ്ടാക്കാൻ പോന്നതാണ് എന്നുള്ളതാണ്. ഏറ്റവും പുതിയ ABP- C Voter കണക്കെടുപ്പനുസരിച്ച് യു പിയിൽ കോൺഗ്രസിന് 12.7% വരെ വോട്ടു കിട്ടാം. എൻ ഡി എയും മഹാസഖ്യവും തമ്മിൽ പ്രധാന പോരാട്ടം നടക്കുന്ന ഇവിടെ ഈ വോട്ടുകൾ നിർണായകമാണ്.
കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് മഹാസഖ്യത്തിൽ ചേരുന്നതിനേക്കാൾ ബി ജെ പിക്ക് ദോഷം ചെയ്യുക എന്ന് C -voter പറയുന്നു.

“കോൺഗ്രസ് മഹാസഖ്യത്തിന് ശക്തി പകരും എന്ന സാമ്പ്രദായിക കണക്കുകൂട്ടൽ അസ്ഥാനത്താണ്. കോൺഗ്രസ് വോട്ടർമാർ ബി ജെ പിയുമായി പൊതുഗണത്തിൽ ഉള്ളവരാണ്. അതുകൊണ്ടുതന്നെ എസ് പി-ബി എസ് പി സഖ്യത്തിന് കൈമാറ്റം ചെയ്യാവുന്ന വോട്ടുകളല്ല. അതുകൊണ്ട് കോൺഗ്രസ് സഖ്യം മഹാസഖ്യത്തിനു ഗുണം ചെയ്യില്ല. മഹാസഖ്യത്തിൽ ചേരാതെ കോൺഗ്രസ് ബി ജെ പിക്ക് ഏറെ ദോഷം ചെയ്യും,” C-Voter നിരീക്ഷിക്കുന്നു.

ഉത്തർപ്രദേശിൽ എൻ ഡി എ 18 സീറ്റിലേക്ക് ചുരുങ്ങുമെന്ന (2014-നെ അപേക്ഷിച്ച് 55 സീറ്റുകളുടെ കുറവ്) India Today - Karvy കണക്കെടുപ്പ് വന്നു ഒരു ദിവസത്തിനു ശേഷമാണ് C-Voter നിരീക്ഷണങ്ങൾ വന്നത്.
ഇതെല്ലാം വെച്ച് നോക്കിയാൽ 2014-ൽ നരേന്ദ്ര മോദിക്ക് 73 സീറ്റുകൾ നൽകിയ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ സംസ്ഥാനം 2019-ൽ ബി ജെ പിയുടെ പേക്കിനാവാകും എന്നാണ്.

ഈ ദുസ്വപ്നങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ആവർത്തിച്ചേക്കാം. ബി ജെ പിയിൽ നിന്നും വോട്ടുകൾ നേരിട്ട് കോൺഗ്രസിലേക്ക് പോകുന്നതാണ് നാം കാണുന്നത്. അതുകൊണ്ട് പുറത്തുകാണുന്നതിനേക്കാൾ കൗശലം നിറഞ്ഞ ഒരു പ്രതിപക്ഷ തന്ത്രമായിരിക്കും ഇത്. അഥവാ, സമഗ്രമായ ഐക്യം ഉണ്ടാക്കുന്നതിൽ പ്രതിപക്ഷ പരാജയം 2019-ലെ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ഉണ്ടാക്കില്ല.

അതെന്തായാലും ശരി, ആശങ്കയും വെപ്രാളവും ഇപ്പോളുള്ളത് ബി ജെ പി പാളയത്തിലാണ്.

Next Story

Related Stories