UPDATES

പ്രണബ് മുഖര്‍ജിയുടെ ഭാരതരത്നയ്ക്ക് അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം

സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഭാരതരത്‌നയുടെ നിലവാരം സര്‍ക്കാര്‍ ഇടിച്ചുതാഴ്ത്തി. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് പരിശുദ്ധമായതൊന്നും തന്നെ ബാക്കിയില്ല എന്ന നിലയിലാണ് കാര്യങ്ങള്‍- എഡിറ്റോറിയല്‍

ഇന്ത്യയുടെ ഭരണാധികാരം കേന്ദ്രീകരിച്ചിരിക്കുന്ന റെയ്‌സിന ഹില്‍സില്‍ നിന്ന് റിപ്പബ്ലിക് ദിനത്തില്‍ ആരെങ്കിലും ഒരു വൃത്തികെട്ട ചിരിയുടെ ശബ്ദം കേട്ടോ. ഇല്ലെങ്കില്‍ ഇന്ത്യയുടെ പുതിയ ഓര്‍വെല്ലിയന്‍ ജനാധിപത്യത്തിന് നിങ്ങള്‍ കീഴ്‌പ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും. നിയമാനുസൃതമായാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന ധാരണയില്‍ നിങ്ങള്‍ ഇപ്പോഴും ഭരണകൂടത്തിന്റെ പ്രൊപ്പഗണ്ടകള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അവര്‍ ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ വലിയ അന്യായത്തിന് ഇരകളാവുകയാണ്. മോദി സര്‍ക്കാരിന്റെ ഭാരതരത്‌ന തീരുമാനത്തില്‍ നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടാകും.

ഭൂപന്‍ ഹസാരികയ്ക്ക് ഭാരതരത്‌ന നല്‍കിയതില്‍ ആര്‍ക്കും വലിയ എതിര്‍പ്പുകളുണ്ടാകാന്‍ ഇടയില്ല. നാനാജി ദേശ്മുഖിന് ഭാരതരത്‌ന നല്‍കിയതിലൂടെ പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദേശമാണ്  നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയത്. നാനാജിയുടെ രാഷ്ട്രീയത്തോട് വിയോജിപ്പും എതിര്‍പ്പുമുള്ളവര്‍ക്ക് പോലും അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ അദ്ദേഹത്തിന്റെ വലിയ പങ്ക് അവഗണിക്കാനാകില്ല. സജീവ രാഷ്ടീയത്തില്‍ നിന്ന് ഒഴിവായതിന് ശേഷം ചിത്രകൂട് മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെക്കുറിച്ചും.

അതേസമയം, പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനമാണ്. പതിറ്റാണ്ടുകള്‍ നീണ്ട പൊതുജീവിതത്തിലുടനീളം കോണ്‍ഗ്രസുകാരനായിരുന്ന ഒരാള്‍ക്ക് എന്തിനാണ് ബിജെപി സര്‍ക്കാര്‍ ഇത്തരത്തില്‍ പുരസ്‌കാരം നല്‍കുന്നത്. ദീര്‍ഘമായ രാഷ്ട്രീയജീവിതത്തിന് പുറമെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രണബ് മുഖര്‍ജിയുടെ സംഭാവനയെന്താണ്? ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥയുടെ പ്രധാന ആസൂത്രകരിലും വക്താക്കളിലും ഒരാളായിരുന്നില്ലേ പ്രണബ് മുഖര്‍ജി? അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളേയും പൗരാവകാശ ലംഘനങ്ങളേയും കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അപഹസിച്ച് തള്ളിക്കളയുകയല്ലേ മുഖര്‍ജി ചെയ്തത്? അടിയന്തരാവസ്ഥക്കെതിരായ തങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ചല്ലേ മോദിയും ബിജെപിയും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്?

നിരവധി തട്ടിപ്പുകളിലും ക്രമക്കേടുകളിലും ആരോപണവിധേയരായ അംബാനി കുടുംബത്തെ വളര്‍ത്തിയ ഇന്ദിര ഗാന്ധിയുടെ കുപ്രസിദ്ധനായ ധനമന്ത്രി, ഇപ്പോള്‍ പോലും ഇരു അംബാനിമാരുടെയും തലതൊട്ടപ്പനാണ് എന്ന ആരോപണവും ഇദ്ദേഹത്തിന്റെ പേര്‍ക്കു തന്നെയല്ലേ?  കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി പല വിവാദങ്ങളിലും ഉണ്ടായിരുന്ന മനുഷ്യന്‍ ഇദ്ദേഹം തന്നെയല്ലേ? കുഴപ്പം പിടിച്ച ഈ ജനാധിപത്യത്തിന്റെ പ്രസിഡന്റ് പദവി രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി അദ്ദേഹത്തിന് കൈവന്നതാണ്. അത് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കുന്നില്ല. പൊതുജീവിതത്തില്‍ എന്തെങ്കിലും തരത്തില്‍ മാന്യത കാത്തുസൂക്ഷിച്ചവര്‍ക്ക് ഭാരതരത്‌ന നല്‍കും എന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ പ്രതിപക്ഷത്തെ കുത്താനും ബംഗാളില്‍ കുറച്ച് വോട്ട് നേടുന്നതിനുമായി ഭാരതരത്‌നയെ മോദി സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ പോസിറ്റീവായ സംഘപരിവാര്‍ ചരിത്രം തന്നെ റദ്ദ് ചെയ്യുന്നതാണ് ഇത്തരമൊരു നടപടി.

ഇത്തവണത്തെ ഭാരതരത്‌ന തിരഞ്ഞെടുപ്പിലെ കുടിലതയുടെ, അധാര്‍മ്മികതയുടെ പ്രത്യാഘാതം ഏറെക്കാലത്തേയ്ക്കുണ്ടായേക്കാം. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഭാരതരത്‌നയുടെ നിലവാരം സര്‍ക്കാര്‍ ഇടിച്ചുതാഴ്ത്തി എന്നതാണ് കാരണം. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് പരിശുദ്ധമായതൊന്നും തന്നെ ബാക്കിയില്ല എന്ന നിലയിലാണ് കാര്യങ്ങള്‍.

ജനുവരി 26ന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ഈ റിപ്പബ്ലിക്കിനെ സംബന്ധിച്ച് ധാര്‍മ്മികമായും പവിത്രമായും എന്താണ് അവശേഷിക്കുന്നത്. നമ്മുടെ ദരിദ്ര ജനതയുടെ സ്വപ്നങ്ങളോ? അടക്കിപ്പിടിച്ച ചിരി അവര്‍ക്ക് സാധ്യമല്ലല്ലോ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ദരിദ്രര്‍ ഭയപ്പെടുന്നത് സ്വന്തം നാട്ടില്‍ വിദേശിളായി മുദ്ര കുത്തപ്പെടുന്നതിനെക്കുറിച്ചാണ്. ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ആള്‍ക്കൂട്ട കൊലയാളികള്‍ കാരണം അവര്‍ പുറത്തിറങ്ങി നടക്കാന്‍ തന്നെ ഭയപ്പെടുന്നു. നിറഞ്ഞ വയറും അല്‍പ്പം സമാധാനവും മാത്രമാണ് അവര്‍ സ്വപ്‌നം കാണുന്നത്. നമ്മുടെ രാഷ്ട്രീയ നേതാക്കളും റിപ്പബ്ലിക്കിന്റെ രക്ഷാധികാരികളും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന ദൗത്യം എന്നോ ഉപേക്ഷിച്ചിരിക്കുന്നു. അവര്‍ ഇന്ത്യയെന്ന സ്‌റ്റേജില്‍ വലിയ നാടകത്തിന് തയ്യാറെടുക്കുകയാണ്. ഈ നാടകത്തിന്റെ ഗ്രീന്‍ റൂമില്‍ കൊലപാതകികളും ബ്ലാക്‌മെയ്‌ലര്‍മാരും അടുത്ത രംഗം എഴുതിക്കൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍