UPDATES

അസം കത്തുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ

തങ്ങളെ ഇന്ത്യയിലെ നിയമാനുസൃത പൗരന്മാരെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 3.29 കോടി മനുഷ്യരുടെ അപേക്ഷകളില്‍ നിന്ന് 1.9 കോടി പേരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ആദ്യ NRC കരട് ഇന്നലെ രാത്രി പുറത്തുവന്നു

അസമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (NRC) ഇന്നലെ രാത്രി പ്രസിദ്ധീകരിക്കപ്പെട്ടതോടെ മുസ്ലീങ്ങള്‍ അടക്കമുള്ള അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിനുള്ള സാധ്യത ഏറെയെന്നാണ് റിപ്പോര്‍ട്ടുകള്‍. NRC വളരെ പെട്ടെന്ന് പുറത്തിറക്കാന്‍ സകല സഹായങ്ങളും നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ കുഴപ്പങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ച സാഹചര്യത്തില്‍ 45,000 സുരക്ഷാ സൈനികരെയാണ് അവിടേക്ക് അയച്ചിരിക്കുന്നത്.

ബിജെപിയെ സംബന്ധിച്ചിടത്തോളം NRC അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മുഴുവന്‍ ‘ബംഗ്‌ളാദേശി മുസ്ലീ’ങ്ങളെയും പുറത്താക്കണമെന്നുമുള്ള അവരുടെ ശാഠ്യബുദ്ധി അസമിനെ മുള്‍മുനയിലാക്കിയിരിക്കുകയാണ്. അക്രമ സംഭവങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പോലും അസമിലുടനീളം പേടിയും സംശയങ്ങളും വളര്‍ന്നിരിക്കുന്നു.

തങ്ങളെ ഇന്ത്യയിലെ നിയമാനുസൃത പൗരന്മാരെന്ന് കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള 3.29 കോടി മനുഷ്യരുടെ അപേക്ഷകളില്‍ നിന്ന് 1.9 കോടി പേരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ആദ്യ NRC കരട് പുതുവര്‍ഷത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു.

ബാക്കിയുള്ളവരുടെ അപേക്ഷകളില്‍ പല വിധത്തിലുള്ള പരിശോധനകള്‍ നടന്നുവരികയാണെന്ന് ഇന്നലെ അര്‍ധരാത്രി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കരട് പുറത്തിറക്കിക്കൊണ്ട് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശൈലേഷ് വ്യക്തമാക്കി.

“ഇത് കരടിന്റെ ആദ്യ ഭാഗമാണ്. ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടവരിലെ 1.9 കോടി ആളുകളുടെ വിവരങ്ങളാണ് ഇതിലുള്ളത്. ബാക്കിയുള്ള പേരുകള്‍ വിവിധ രീതികളിലുള്ള പരിശോധനകളിലാണ്. ആ പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഞങ്ങള്‍ അടുത്ത കരട് പുറത്തു വിടും”- അദ്ദേഹം പറഞ്ഞു.

ആദ്യ കരടില്‍ പേര് ഉള്‍പ്പെടാത്തവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് NRC സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞു.

“ഈ പേരുകള്‍ പരിശോധിക്കുക എന്നത് സമയമെടുക്കുന്ന, ബുദ്ധിമുട്ടുള്ള പണിയാണ്. അതുകൊണ്ടു തന്നെ ചിലപ്പോള്‍ ഒരു കുടുംബത്തിലെ ചില ആളുകളുടെയെങ്കിലും പേരുകള്‍ ആദ്യ കരടില്‍ കണ്ടെന്ന് വരില്ല. ആശങ്കപ്പെടേണ്ട കാര്യമില്ല. ബാക്കിയുള്ള രേഖകളും പരിശോധിച്ചു വരികയാണ്”- ഹജേല പറഞ്ഞു.

എന്നായിരിക്കും അടുത്ത കരട് പുറത്തിറക്കാന്‍ സാധ്യത എന്ന ചോദ്യത്തിന് രജിസ്ട്രാര്‍ ജനറല്‍ പറഞ്ഞ മറുപടി അത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എന്നാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് ഈ പരിശോധനാ നടപടികള്‍ നടക്കുന്നത്. സുപ്രീം കോടതി വീണ്ടും ഈ വിഷയം പരിഗണിക്കുന്നത് വരുന്ന ഏപ്രിലിലും.

“2018 അവസാനിക്കുന്നതിന് മുമ്പ് എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിരിക്കും”- ശൈലേഷ് വ്യക്തമാക്കി.

2015 മെയ് മാസത്തില്‍ തുടങ്ങിയ പരിശോധനാ നടപടികളുടെ ഭാഗമായി അസമിലെ 68.27 ലക്ഷം കുടുംബങ്ങളുടെ 65 കോടി രേഖകളാണ് പരിശോധിച്ചു വരുന്നത്.

“ബാക്കിയുള്ള കരട് കൂടി പുറത്തിറക്കിയ ശേഷം പരാതികള്‍ ഉള്ളത് സ്വീകരിച്ചു തുടങ്ങും. ഇനിയുള്ള പേരുകള്‍ കൂടി അടുത്ത കരടില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്”- ശൈലേഷ് പറഞ്ഞു.

തങ്ങളുടെ പേരുകള്‍ ആദ്യ കരടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അസമിലെ വിവിധ ഭാഗങ്ങളിലുള്ള NRC സേവാ കേന്ദ്രങ്ങളില്‍ നിന്ന് ഇന്നു രാവിലെ എട്ടു മണി മുതല്‍ ജനങ്ങള്‍ക്ക് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആയും എസ്എംഎസ് വഴിയും ഇക്കാര്യം പരിശോധിക്കാം.

ഒരു പൌരനെ ആര്‍ക്ക് കൊല്ലാം?

എന്താണ് NRC യുടെ പ്രശ്‌നങ്ങള്‍

2013 ഡിസംബറില്‍ തുടങ്ങിയ NRC-യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സുപ്രീം കോടതി 40 സിറ്റിങ്ങുകള്‍ നടത്തി. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ബംഗ്ലാദേശില്‍ നിന്ന് വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനമാണ് അസം. NRC തയാറാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനവും അസമാണ്. ഇതാദ്യം തയാറാക്കിയത് 1951-ലും. ബംഗ്ലാദേശ് രൂപീകരണ സമയത്ത് പാക്കിസ്ഥാന്‍ അതിക്രമങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തിയവരും രൂപീകരണത്തിന് ശേഷം തൊഴിലും മറ്റും തേടിയെത്തിയവരും ഇപ്പോഴും എത്തുന്നവരും ഇവിടെയുണ്ട്.

1970-കളുടെ അവസാനവും 80-കളിലും അസമില്‍ അനധികൃത കുടിയേറ്റത്തിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും പിന്നീട് അസം ഗണ പരിഷത് ആയി മാറിയ ഓള്‍ അസം ഗണ സംഗ്രാം പരിഷത്തുമായിരുന്നു ഇതിന്റെ മുന്‍നിരയില്‍. അസം ഗണ പരിഷത്ത് ഇന്ന് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ്. 1985-ലാണ് പ്രക്ഷോഭത്തിന് ഒരറുതി വരുന്നത്. അന്ന് സ്റ്റുഡന്റ്‌സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിംഗ് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിംഗ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71-നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി.

അന്യദേശക്കാരന്‍ എന്ന ശത്രു; ദിമാപ്പൂര്‍ കൊലയുടെ പാഠങ്ങള്‍

ഇതനുസരിച്ച് 1971 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് NRC തയാറാക്കുന്നത്. 1971 മാര്‍ച്ച് 24-നു മുമ്പ് അസമിലോ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തോ താമസിച്ചിരുന്നു എന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍ പൗരത്വ സ്ഥിരീകരണത്തിനായി ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 31-ന് മുമ്പ് രണ്ടു കോടിയോളം പൗരത്വ അപേക്ഷകള്‍ പരിശോധിച്ച് ആദ്യ കരട് പുറത്തിറക്കണമെന്നായിരുന്നു ഈ വിഷയം പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. അതോടൊപ്പം സംശയമുള്ള 38 ലക്ഷത്തോളം ആളുകളുടെ അപേക്ഷകളും പരിശോധിക്കണമെന്നായിരുന്നു നിര്‍ദേശം.

ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ കൂടി ഭാഗമാണ് NRC എന്നതിനാല്‍ അതിന്റെ നടപ്പാക്കലും അതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല എന്നതാണ് പ്രശ്‌നം.

ഇന്ത്യന്‍ പൗരന്മാരല്ലെന്ന് സംശയിക്കപ്പെടുന്ന നൂറുകണക്കിന് മനുഷ്യര്‍ ഇതിനകം തന്നെ ഡിറ്റന്‍ഷന്‍ സെന്ററുകളിലുണ്ട്. ഇന്ത്യ അവരെ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കുകയും ബംഗ്ലാദേശ് അവരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതോടെ വലിയ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവാന്‍ പോവുക. അതുകൊണ്ട് NRCയുടെ പിന്നാലെ വരുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളായിരിക്കും ഡിറ്റന്‍ഷന്‍ സെന്ററുകളിലെത്തുക. അവയ്‌ക്കൊക്കെ കുറച്ച് ആളുകളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളൂ എന്നിരിക്കെ, ദീര്‍ഘകാലത്തേക്ക് ഇത് വലിയ പ്രശ്‌നമായി മാറും.

ഹിന്ദുത്വ പഠനത്തിനായി പെണ്‍കുട്ടികളെ കടത്തല്‍; മാധ്യമങ്ങളുടെ വായടപ്പിക്കുന്ന ഭരണകൂടം

NRC എത്രയും വേഗം പുറത്തിറക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ തരത്തിലുള്ള ന്യായീകരണങ്ങള്‍ പുറത്തു വിടുന്നുണ്ട്. അതിലെ ഏറ്റവും പുതിയ ഒന്നാണ് ഇപ്പോഴുണ്ടായിട്ടുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നവും നുഴഞ്ഞുകയറ്റങ്ങള്‍ക്ക് സാധ്യതയുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയും.

അസമില്‍ നിന്നുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലില്‍ അസമിലെ ബിജെപി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ ഒരഭിമുഖത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞത് അനധികൃത കുടിയേറ്റം അസമില്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും NRC പുറത്തു വരുന്നതോടെ “അവിടെ നിന്ന് ഉള്ളവര്‍ ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും” മനസിലാകുമെന്നുമാണ്.

ബിജെപിയുടെ വിഭാഗീയ അജണ്ടയുടെ കുതിപ്പ്; തകര്‍ന്നടിയുന്ന കോണ്‍ഗ്രസ്

അസമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് 2014 ലോക്‌സഭാ പ്രചരണ തെരഞ്ഞെടുപ്പ് സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍, ബുദ്ധിസ്റ്റുകള്‍, സിക്കുകാര്‍, പട്ടികജാതിക്കാര്‍ തുടങ്ങിയവരെ സംരക്ഷിക്കാനുള്ള പൗരത്വ (ഭേദഗതി) ബില്‍, 2016 അടുത്ത വര്‍ഷം പാര്‍ലമെന്റില്‍ പാസാക്കാനുള്ള ബിജെപി ആലോചന ഭരണകക്ഷിയായ ബിജെപി-എജിപി സഖ്യത്തിലും വിള്ളല്‍ വീഴ്ത്തുന്നുണ്ട്. 2014 അടിസ്ഥാന വര്‍ഷമായി തീരുമാനിച്ച് പ്രത്യേക കേസുകളില്‍ അതിനു മുമ്പുള്ളവര്‍ക്കും പൗരത്വം നല്‍കണമെന്നുമുള്ള ബില്‍ ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്. 1971-ലെ ഉടമ്പടി ലംഘിക്കുന്നതാണ് ബിജെപി ചെയ്യുന്നതെന്നാണ് എജിപിയുടെ ആരോപണം.

അസമിലും മറ്റ് പ്രദേശങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടോ? തീര്‍ച്ചയായൂം, ആയിരക്കണക്കിന് പേരുണ്ട്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരും ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ബഹുസ്വരതകളെ തകര്‍ക്കുന്ന സംഘപരിവാര്‍ അധിനിവേശം ആസാമില്‍

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതില്‍ ബിജെപി അതീവ തത്പരരുമാണ്. എന്നാല്‍ ഈ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടതു കൂടിയാണ്. ദക്ഷിണേഷ്യയിലെ മുഖ്യ സാമ്പത്തിക സ്രോതസാണ് ഇന്ത്യ. മറ്റു രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ജോലിക്കായും മറ്റും ഇവിടേക്ക് വരികയും ചെയ്യുന്നു. അതിന് മറ്റൊരു വശമുള്ളത് ഈ കൂലി കുറഞ്ഞ തൊഴിലാളികളെ ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയില്ല എന്നതുമാണ്.

ഇതിനൊരു പരിഹാരം എന്നത് മറ്റു രാജ്യങ്ങള്‍ ചെയ്യുന്നതു പോലെ രാഷ്ട്രീയപരമായി പരിഹാരം കണ്ടെത്തുക എന്നതാണ്. അതിര്‍ത്തികളില്‍ വച്ച് ഇത്തരം മനുഷ്യര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്. ആയിരക്കണക്കിന് മലേഷ്യര്‍ക്കാര്‍ ദിവസവും അതിര്‍ത്തി കടന്ന് സിംഗപ്പൂരില്‍ ജോലിക്കായി പോകുന്ന മാതൃക ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരിക്കും.

അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും പുതിയ പ്രതിഭാസമല്ല. അയല്‍രാജ്യത്താണെങ്കില്‍ പോലും ഉണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യ പോലൊരു രാജ്യത്തേയും ബാധിക്കും. ജീവിക്കാനുള്ള തൊഴിലും താമസിക്കാനുള്ള ഇടവും സ്വന്തം രാജ്യങ്ങളില്‍ ഇല്ലാതെ വരുമ്പോഴാണ് മനുഷ്യര്‍ അതിര്‍ത്തികള്‍ കടന്നു തുടങ്ങുന്നത്. ആ ഒരു മനുഷ്യത്വപരമായ പരിഗണനയോടു കൂടി ഒരു ശാശ്വത പരിഹാരമാണ് ഇത്തരം കാര്യങ്ങളില്‍ ആവശ്യം.

അസമിനെ കത്തിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ തന്ത്രം

നമ്മുടെ സങ്കുചിത ജനാധിപത്യത്തിൽ നോര്‍ത്ത്-ഈസ്റ്റ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍