TopTop
Begin typing your search above and press return to search.

ആദില്‍ അഹമ്മദ് ധറിലൂടെ കാശ്മീര്‍ കടക്കുന്നത് ചാവേര്‍ ഭീകരവാദത്തിലേക്കോ?

ആദില്‍ അഹമ്മദ് ധറിലൂടെ കാശ്മീര്‍ കടക്കുന്നത് ചാവേര്‍ ഭീകരവാദത്തിലേക്കോ?
പുല്‍വാമ ഭീകരാക്രമണത്തോടെ കാശ്മീര്‍ മിലിറ്റന്‍സി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണോ? പുല്‍വാമയില്‍ പൊട്ടിത്തെറിച്ച ആദില്‍ അഹമ്മദ് ധര്‍ കാശ്മീരില്‍ പുതിയൊരു ആരാധനാപാത്രമായി മാറുകയും കൂടുതല്‍ കാശ്മീരി യുവാക്കള്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യത്തിനും മറ്റ് സംവിധാനങ്ങള്‍ക്കുമെതിരെ തങ്ങളുടെ ശരീരം തന്നെ ആയുധമാക്കിക്കുന്ന പുതിയൊരു ഘട്ടമാണോ വരുന്നത്?

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആറു ദശകം നീണ്ട കാശ്മീര്‍ മിലിറ്റന്‍സിയുടെ ചരിത്രം രക്തരൂക്ഷിതമായ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു എന്നു പറയേണ്ടി വരും. അതാകട്ടെ, ഇന്ത്യക്ക് ഒരുവിധത്തിലും താങ്ങാന്‍ കഴിയുന്നതുമായിരിക്കില്ല.

കാശ്മീരിനെക്കുറിച്ചും അവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ചും പഠിക്കുന്ന, കാശ്മീരിനെ മനസിലാക്കാന്‍ ശ്രമിക്കുന്ന നിരവധി വിദഗ്ധര്‍ പരിശോധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. ഇത്ര നീണ്ട മിലിറ്റന്‍സിയുടെ ചരിത്രമുണ്ടായിട്ടു പോലും കാശ്മീരികള്‍ എന്തുകൊണ്ട് സ്വമേധയാ തങ്ങളുടെ ശരീരം ആയുധമാക്കിക്കൊണ്ടുള്ള ആക്രമണങ്ങളിലേക്ക് ഇതുവരെ കടന്നിരുന്നില്ല എന്നത്. എല്‍ടിടിഇ ശ്രീലങ്കയിലും അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവരൊക്കെ നടത്തിയിട്ടുള്ള അസംഖ്യം ചാവേര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴായിരുന്നു ഇത്.

ഭീകരവാദത്തിന്റെ ലോകത്ത്, സ്വന്തം ശരീരം (സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ച്) അല്ലെങ്കില്‍ ശരീരം ആയുധത്തിന്റെ ഭാഗമായി മാറി (വാഹനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ളത്) ആക്രമണം നടത്തുന്നവരെയാണ് ചാവേര്‍ പോരാളികള്‍ എന്നു വിളിക്കുന്നത്. ഈ നിര്‍വചനത്തെ കൃത്യമായി പിന്തുടര്‍ന്നാല്‍ കാശ്മീരിന്റെ ചരിത്രത്തില്‍ വളരെക്കുറച്ച് ചാവേര്‍ ആക്രമണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നു കാണാം. ഇതില്‍ ആദ്യത്തേത് എന്നു പറയാവുന്നത് 17-വയസുള്ള, സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച കൗമാരക്കാരന്‍ 2000 ഏപ്രിലില്‍ ശ്രീനഗറിലെ ആര്‍മി 15 കോര്‍പ്‌സിന്റെ ആസ്ഥാനത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാരുതിക്കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതാണ്.

സാധാരണ ഭീകരര്‍

ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന ഭീകരരും മരിക്കാന്‍ തയാറായി വരുന്ന ചാവേറുകളും തമ്മില്‍ കൃത്യമായ വ്യത്യാസങ്ങളുണ്ട്. പല ഭീകരാക്രമണങ്ങളും സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കില്‍, ഉദാഹരണത്തിന് 2008-ലെ മുംബൈ ഭീകരാക്രമണം നടത്തിയവര്‍ കരുതിയത്, മുംബൈയില്‍ ആക്രമണം നടത്തിയ ശേഷവും തങ്ങള്‍ സുരക്ഷിതരായിരിക്കും എന്നു കരുതുന്നവരാണ് എന്നാണ്.

തങ്ങളെ സ്വയം ബലികൊടുക്കാന്‍ തയാറായവര്‍ എന്ന അര്‍ത്ഥത്തില്‍ ഫിദായീന്‍ എന്നാണ് കാശ്മീരിലെ മിലിറ്റന്റ് ആക്രമണങ്ങളെ പലപ്പോഴും വിശേഷിപ്പിച്ചു കാണാറ്. അതായത്, അവര്‍ മരിക്കാന്‍ തയാറായി വരുന്നവാണ് എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ അപ്പോള്‍ പോലും ഈ ഭീകരര്‍ തങ്ങളുടെ ശരീരം ആയുധമാക്കാന്‍ സ്വയം സന്നദ്ധരായി വരുന്നു എന്ന് അര്‍ത്ഥമില്ല. മരണം സംഭവിച്ചേക്കാം എന്നു മാത്രമേ അവിടെയുള്ളൂ. അങ്ങനെ ആക്രമണത്തിന് തുനിഞ്ഞിറങ്ങുന്നവര്‍ക്ക് അതിനെക്കുറിച്ച് ബോധ്യവും ഉണ്ടായേക്കാം.

Also Read: കശ്മീർ യുവത്വത്തെ അക്രമത്തിൽ നിന്നം പിന്തിരിപ്പിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വം: പുൽവാമയിലെ ചാവേറിന്റെ പിതാവ്

എന്നാല്‍ മനുഷ്യചരിത്രത്തില്‍ ചവേര്‍ ഭീകരവാദികള്‍ എന്നത് എല്ലാ വിധത്തിലും വ്യത്യാസപ്പെട്ടു നില്‍ക്കുന്ന ഒരു പ്രതിഭാസമാണ്. അത്തരത്തിലൊരു പ്രതിഭാസം കാശ്മീരില്‍ സ്ഥാനം പിടിക്കുന്നു എന്നതിന് അര്‍ത്ഥം കാശ്മീരില്‍ മിലിറ്റന്‍സിയെ ഇല്ലാതാക്കുക എന്നത് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെക്കുറെ അസാധ്യമായ കാര്യമായി തീരുന്നു എന്നതാണ്. ഇപ്പോള്‍ പുല്‍വാമയില്‍ ഉണ്ടായത് ഒറ്റപ്പെട്ട ഒന്നായിരുന്നുവെന്നും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന വിധത്തിലേക്ക് നമ്മുടെ രാജ്യം ബുദ്ധിപരമായ നയതന്ത്ര നീക്കങ്ങള്‍ നടത്തുമെന്നും പ്രതീക്ഷിക്കുക മാത്രമാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്. ഒപ്പം, കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മികച്ച രാഷ്ട്രീയ നീക്കങ്ങളും കൂടെയുണ്ടാവുമെന്നും.

ചാവേറുകളുടെ ലോകം

ദക്ഷിണേന്ത്യയില്‍ ചേര സാമ്രാജ്യത്തിലേയും വള്ളുവനാട്ടെയും ചാവേറുകള്‍ മുതല്‍ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാനിലെ Kamikaze പൈലറ്റുമാര്‍ വരെയുള്ള, 1780-ല്‍ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍, ദേഹം മുഴുവന്‍ നെയ് പുരട്ടി തീകൊളുത്തി ബ്രിട്ടീഷ് ഈസ്റ്റ് കമ്പനിയുടെ ആയുധവ്യൂഹം നശിപ്പിച്ച് ശിവഗംഗ രാജ്ഞി വേലു നാച്ചിയാരുടെ വിജയം ഉറപ്പിച്ച കുയിലി വരെ നീളുന്ന ചാവേറുകളുടെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കാശ്മീരില്‍ തുടങ്ങിയതല്ല എന്നര്‍ത്ഥം.

ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി ചാവേര്‍ ഭീകരവാദികള്‍ ഉണ്ടായിട്ടുള്ളത് ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ്.

ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷവും എന്നാല്‍ വലിയൊരളവില്‍ ക്രിസ്ത്യന്‍ വിശ്വാസികളുമുള്ള സംഘടനയെന്ന നിലയില്‍ എല്‍ടിടിഇയെ സൂക്ഷ്മമായി പഠിക്കുകയാണെങ്കില്‍, ചാവേര്‍ ഭീകരവാദം എന്നത് പുഷ്ടിപ്പെടുന്നത്, ദേശാഭിമാന ബോധം, പ്രചോദനം നല്‍കുന്ന നേതൃത്വം, ചരിത്രപരമായ സാംസ്‌കാരികത എന്നിവയുടെ ഒന്നിച്ചു ചേരലില്‍ നിന്നാണ് എന്നതു മനസിലാക്കാന്‍ സാധിക്കും.

എല്‍ടിടിഇയുടെ കീഴില്‍ 378 ചാവേര്‍ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. രക്തസാക്ഷിത്വം ആഘോഷിക്കുന്ന ഒരു പാരമ്പര്യം തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടായിരിക്കാം, ഒരു പക്ഷേ, സ്വന്തം ശരീരം തന്നെ ആയുധമാക്കിക്കൊണ്ട് ഇത്ര കൂടിയ അളവില്‍ തമിഴര്‍ മുന്നോട്ടു വരാനുള്ള ഒരു കാരണം. ചാവേര്‍ ആക്രമണങ്ങളില്‍ കൂടിയുള്ള എല്‍ടിടിഇയുടെ ഭീകരവാദ 'പോരാട്ടങ്ങള്‍' താരതമ്യം ചെയ്യാന്‍ പോലും കഴിയാത്തത്ര വലുതാണ്. രണ്ട് രാജ്യങ്ങളുടെ തലവന്മാരെ അവര്‍ ഇല്ലായ്മ ചെയ്തു- മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റായിരുന്ന റാണസിംഗെ പ്രേമദാസെ, ഒരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി, ഏഴ് ക്യാബിനറ്റ് മന്ത്രിമാര്‍, 37 എംപിമാര്‍, ഒപ്പം നിരവധി രാഷ്ട്രീയക്കാരും എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

Also Read: പുല്‍വാമ ഭീകരാക്രമണം: എന്തൊക്കെയാണ് മോദി സര്‍ക്കാരിനു മുന്നിലുള്ള വഴികള്‍

പുല്‍വാമയില്‍ പൊട്ടിത്തെറിച്ച ചാവേര്‍ കാശ്മീരില്‍ കുടുതല്‍ യുവാക്കള്‍ സ്വന്തം ശരീരം ആയുധമാക്കുന്നതിന് പ്രചോദനം നല്‍കില്ല എന്നു പ്രതീക്ഷിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ.

പാക്കിസ്ഥാനെ പൂര്‍ണമായി ഒറ്റപ്പെടുത്താനും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദ തന്ത്രങ്ങളെ മറികടക്കാനും ഇന്ത്യ കൂടുതല്‍ തന്ത്രപരമായ നയതന്ത്ര സമീപനങ്ങള്‍ സ്വീകരിക്കുകയും അതേ സമയം, കാശ്മീരിന്റെ മുറിവുകളെ വിദഗ്ധമായി കൈകാര്യം ചെയ്യുകയും ചെയ്യേണ്ട സമയമാണ്. അക്രമങ്ങള്‍ ഒരിക്കലും കാശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല പക്ഷേ, സമര്‍ത്ഥമായ രാഷ്ട്രീയനീക്കങ്ങള്‍ക്ക് അതു കഴിയും.

Next Story

Related Stories