TopTop
Begin typing your search above and press return to search.

അതുകൊണ്ട് മി. മോദി, അദാനി ഗ്രൂപ്പ് മൗറീഷ്യസിലേക്ക് കടത്തിയ 5,000 കോടി നവംബര്‍ എട്ടിന്റെ കള്ളപ്പണ വിരുദ്ധ ദിനത്തിലെങ്കിലും താങ്കള്‍ ഓര്‍ക്കുമോ?

അതുകൊണ്ട് മി. മോദി, അദാനി ഗ്രൂപ്പ് മൗറീഷ്യസിലേക്ക് കടത്തിയ 5,000 കോടി നവംബര്‍ എട്ടിന്റെ കള്ളപ്പണ വിരുദ്ധ ദിനത്തിലെങ്കിലും താങ്കള്‍ ഓര്‍ക്കുമോ?

പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി,

ഈ വരുന്ന എട്ടാം തീയതി താങ്കളും സര്‍ക്കാരും താങ്കളുടെ പാര്‍ട്ടിയും 'കള്ളപ്പണ വിരുദ്ധ ദിന'മായി ആചരിക്കുകയാണെല്ലോ. അന്നത്തേക്കുള്ള താങ്കളുടെ പ്രസംഗം തയാറാക്കുന്നതിനു മുമ്പ് ദയവായി ചില കാര്യങ്ങളില്‍ വ്യക്തത വരുത്താമോ?

കള്ളപ്പണ കാര്യം നമുക്ക് താങ്കളുടെ ഉറ്റ തോഴനായ അദാനിയില്‍ നിന്നു തന്നെ തുടങ്ങാം. ഇന്ത്യാ മഹാരാജ്യത്തിന്റെ ഓര്‍മയിലുള്ള ഏറ്റവും വലിയ കള്ളപ്പണ വിഷയത്തെക്കുറിച്ചാണ് ഇനി പറയുന്നത്. എല്ലാ വിധത്തിലുള്ള രേഖകളും തെളിയിക്കുന്ന ഒന്ന്- എങ്ങനെയാണ് അദാനി ഗ്രൂപ്പ് 5,000 കോടി രൂപയിലധികം ഇന്ത്യക്ക് പുറത്തേക്ക് കടത്തിയത് എന്നതാണത്. ആ പണത്തിലെ ഏറിയ പങ്കും നമ്മുടെ ബാങ്കുകളിലേതാണ്, അദാനിയുടെ കമ്പനികള്‍ക്ക് വൈദ്യുതോപകരണങ്ങള്‍ വാങ്ങാന്‍ നല്‍കിയ വകയിലുള്ളത്.

അപ്പോള്‍, ഈ അടുത്ത കാലത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ കള്ളപ്പണ വിഷയത്തില്‍ അദാനിയുടെ കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലീജന്‍സ് രണ്ടു തവണ ക്ലീന്‍ ചിറ്റ് നല്‍കിയ വിഷയത്തില്‍ താങ്കള്‍ എങ്ങനെയാണ് അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്? ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ എന്ന നിലയിലും കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഒരാള്‍ എന്ന നിലയിലും ഇക്കാര്യത്തില്‍ എന്തു നിലപാടാണ് താങ്കള്‍ സ്വീകരിക്കുക എന്നറിയാന്‍ ഈ രാജ്യത്തിന് ആഗ്രഹമുണ്ട്, താങ്കള്‍ക്കുള്ള ലിറ്റ്മസ് ടെസ്റ്റായിരിക്കും ഇത്.

http://www.azhimukham.com/india-paying-exorbitant-electricity-charges-because-of-alleged-corruption-by-adani-ambani-essar/

അതുകൊണ്ട് മി. മോദി, അദാനിയുടെ കള്ളപ്പണ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാകേണ്ടതുണ്ട്, അക്കാര്യത്തില്‍ താങ്കളെന്താണ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കാമോ? രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷകരുടെ ഒരു ടീമിനെ ആ രേഖകള്‍ ഏല്‍പ്പിച്ച് അന്വേഷണത്തിന് താങ്കള്‍ ഉത്തരവിടുമോ? രാജ്യത്തെ ഒന്നാംനിര അഭിഭാഷകരെ സര്‍ക്കാരിനു വേണ്ടി കളത്തിലിറക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? അതുവഴി അദാനിയില്‍ നിന്ന് ലഭിക്കേണ്ട 15,000 കോടി രൂപ രാജ്യത്തിന്റെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ താങ്കള്‍ നടപടി എടുക്കുമോ?

സുതാര്യതയും സത്യസന്ധമായ അന്വേഷണവും മുന്‍നിര്‍ത്തി അദാനിയില്‍ നിന്ന് അകലം പാലിക്കാന്‍ താങ്കള്‍ തയാറാകുമോ? കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന മറ്റുള്ളവരെ പോലെ അദാനിയേയും കാണാന്‍ താങ്കള്‍ തയാറാകുമോ?

രണ്ടാമത്തേത്, അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതുമായ കാര്യമാണ്, ഉപാധികളല്ലാതെ കോടിക്കണക്കിന് രൂപ വായ്പ നല്‍കുന്നവരെ കണ്ടെത്താന്‍ ഞങ്ങള്‍, ഈ രാജ്യത്തെ സാധാരണ പൗരന്മാര്‍ ആരെയാണ് സമീപിക്കേണ്ടത് എന്നു കൂടി പറയാമോ? എന്തായാലും താങ്കളുടെ വലംകൈയായ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക് ഉള്ള അത്തരത്തിലുള്ള കഴിവിനെ പ്രകീര്‍ത്തിക്കാതിരിക്കാന്‍ പറ്റില്ല. അത്ര കഴിവില്ലാത്ത ഒരാള്‍ക്ക് അല്ലെങ്കില്‍ എങ്ങനെയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപ ഇത്തരത്തിലുള്ള വായ്പയായി സംഘടിപ്പിക്കാന്‍ പറ്റുന്നത്?

http://www.azhimukham.com/india-modi-government-tweaked-sez-rules-in-favor-of-adani-group/

അല്ലെങ്കില്‍, ഇതുവരെയുള്ള ബിസിനസില്‍ പ്രത്യേകിച്ച് മികവൊന്നും പ്രകടിപ്പിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന് എങ്ങനെയാണ് ഇത്ര വലിയ തുക ഈവിധത്തിലുള്ള വായ്പയായി ലഭിച്ചത് എന്ന് താങ്കള്‍ അന്വേഷിക്കുമോ? ജയ് ഷായുടെ കമ്പനി വഴി കള്ളപ്പണം മാറ്റിയെടുക്കുകയായിരുന്നോ എന്ന് താങ്കള്‍ അന്വേഷിക്കുമോ?

ഞങ്ങള്‍ക്ക് കുറച്ചു ചോദ്യങ്ങള്‍ കൂടിയുണ്ട്

2014-ലെ വേനല്‍ക്കാലത്ത് കള്ളപ്പണം തിരികെ പിടിക്കുമെന്ന വാഗ്ദാനവും പ്രഖ്യാപിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ ഈ രാജ്യം മുഴുവന്‍ ചുറ്റിയടിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള കൂലി നല്‍കിയത് ആരാണ് എന്ന് പറയാന്‍ താങ്കള്‍ തയാറാകുമോ?

20,000 കോടി രുപയിലധികം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചെലവ് വന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബി.ജെ.പി ഔദ്യോഗികമായി ചെലവഴിച്ചത് 700 കോടി രൂപയാണെന്ന് പറയുമ്പോള്‍ ബാക്കി പണം എവിടെ നിന്നാണ് വന്നത് എന്ന് ഒരു സൂചനയെങ്കിലും നല്‍കാന്‍ താങ്കള്‍ക്ക് കഴിയുമോ?

ഞങ്ങള്‍ക്ക് ഇനിയും ചോദ്യങ്ങളുണ്ട്, പക്ഷേ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബി.ജെ.പിയുടെ വിജയമുറപ്പിക്കാന്‍ പറന്നു നടക്കുന്ന താങ്കള്‍ക്ക് അതിന് സമയം കണ്ടേക്കില്ല. അതുകൊണ്ട് ഒരു ചോദ്യം കൂടി.

http://www.azhimukham.com/india-black-money-adani-the-guardian-modi-congress/

താങ്കള്‍ എന്തിനാണ് നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായ ആചരിക്കുന്നത്. കാരണം നിരോധിച്ച നോട്ടുകള്‍ മുഴുവനും തന്നെ തിരിച്ചു വരികയും ഒറ്റ കള്ളപ്പണം പോലും പിടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല എന്നതാണ് വാസ്തവം എന്നിരിക്കെ? നവംബര്‍ എട്ടിനെ കുറിച്ച് ഞങ്ങള്‍ ഓര്‍ക്കുന്നത് അന്നു രാത്രി വൈകിട്ട് എട്ടിന് താങ്കള്‍ കെട്ടഴിച്ചു വിട്ട ആ ദുരിതങ്ങളെക്കുറിച്ചു മാത്രമാണ്. ബാങ്കുകള്‍ക്കും എ.റ്റി.എമ്മുകള്‍ക്കും മുന്നില്‍ നിന്ന് നരകിച്ച ദിവസങ്ങള്‍, അതിനു വേണ്ടി ചെലവഴിച്ച ഊര്‍ജവും സമയവും, മരിച്ച നൂറുകണക്കിന് ആളുകള്‍, നിങ്ങള്‍ തകര്‍ത്ത അസംഘടിത മേഖല, തൊഴില്‍ നഷ്ടപ്പെട്ട് ലക്ഷണക്കിന് പേരും ആത്മഹത്യ ചെയ്തവരും- ഇതൊക്കെയാണ് മി. മോദി നവംബര്‍ എട്ടിനെ കുറിച്ച് ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ ബാക്കിയുള്ളത്. താങ്കള്‍ക്ക് അറിയാമോ ഞങ്ങളെന്താണ് ചിന്തിക്കുന്നതെന്ന്? നിങ്ങളുടെ കാഴ്ചപ്പാടില്‍ നോട്ടിന്റെ രൂപത്തിലുള്ളതെല്ലാം കള്ളപ്പണമാണ്, എന്നാല്‍ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നും പേരിനു പോലും ബാങ്കിംഗ് സൗകര്യമില്ല എന്നതും അവിടെയൊക്കെ നോട്ടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത് എന്നും തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?

അതുകൊണ്ട് ഇതാണ് ഞങ്ങളുടെ ചോദ്യം: ശരിക്കും ഏപ്രില്‍ ഒന്നാണോ അതോ നവംബര്‍ എട്ടാണോ 'വിഡ്ഡി ദിന'മായി ആചരിക്കേണ്ടത്? ഒരു ഭരണാധികാരിയുടെ വിഡ്ഡിത്വം നിറഞ്ഞ തീരുമാനം സാധാരണ മനുഷ്യര്‍ക്ക് മേല്‍ ദുരിതപ്പെരുമഴയായി പെയ്ത ആ ദിവസമല്ലേ ശരിക്കും വിഡ്ഡി ദിനം?

http://www.azhimukham.com/blackmoney-narendra-modi-goutam-adani-supreme-court-list-sffidavit-india/

എങ്കിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്, താങ്കള്‍ എന്തു പറയുന്നു എന്നറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. പ്രതിപക്ഷത്തിനു നേര്‍ക്ക് താങ്കള്‍ നടത്തുന്ന ആക്രോശങ്ങളും പുലഭ്യം പറച്ചിലും ഞങ്ങള്‍ക്ക് മടുത്തിരിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി താങ്കള്‍ അധികാരത്തിലുണ്ടായിരുന്നു എന്നത് മറക്കരുത്.

അതുകൊണ്ട് ഈ നവംബര്‍ എട്ടിന് കള്ളപ്പണത്തിനെതിരെയുള്ള യഥാര്‍ത്ഥ പേരാട്ടം താങ്കള്‍ പ്രഖ്യാപിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇന്ന് രാജ്യത്തിനു മുമ്പാകെയുളള ഏറ്റവും വലിയ കള്ളപ്പണ കേസില്‍ ഒരു പോരാട്ടം താങ്കള്‍ പ്രഖ്യാപിക്കുമെന്നും. അതായത്, അദാനി ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് മൗറീഷ്യസിലേക്ക് കടത്തിയ ആ 5,000 കോടി രൂപ തിരിച്ചു പിടിക്കാനുള്ള പദ്ധതികള്‍ താങ്കള്‍ പ്രഖ്യാപിക്കുമല്ലോ. റോബര്‍ട്ട് വാധ്രയുടെ 'അസാധാരണ ഭാഗ്യ'ത്തെ എങ്ങനെ നേരിടുമെന്നും ജയ് അമിത് ഷായുടെ 'അസാധാരണ മിടുക്കി'നെ എങ്ങനെ നേരിടുമെന്നും അറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്.

http://www.azhimukham.com/india-mallya-in-sight-lets-talk-about-the-next-one/


Next Story

Related Stories