TopTop
Begin typing your search above and press return to search.

കടല്‍ കടന്നൊരു പെണ്‍കുട്ടി

കടല്‍ കടന്നൊരു പെണ്‍കുട്ടി

ഉണ്ണികൃഷ്ണന്‍ വി.


'A ship is safe in the harbour, but that's not what ships are built for'- Gael Attal'വലിയ കഥയാണ്. ബോറടിക്കും. കോട്ടുവായിടുകയോ ഇടയ്ക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞു എഴുന്നേറ്റ് പോയാലോ ഞാന്‍ അപ്പോ നിര്‍ത്തും', ഈഡിത്ത് ബോമാന്‍ എന്ന അമ്മച്ചി വോഡ്ക നുണഞ്ഞു കൊണ്ട് മുന്നറിയിപ്പ് തന്നു. ജൂലായ് മൂന്നിനായിരുന്നു ഈ ജര്‍മ്മന്‍കാരിയെ കോവളത്തെ അവരുടെ വീട്ടിലെത്തി കാണുന്നത്. ഇന്നെന്റെ എഴുപത്തിനാലാം പിറന്നാള്‍ ആണ്. അതായത് 1941 ജൂലൈ മൂന്നിനാണ് എന്നെ ഇവിടേയ്ക്ക് ദൈവം പറഞ്ഞു വിട്ടത്... കുസൃതി ഒളിപ്പിച്ച ചിരിയോടെ ടേബിളിലിരുന്ന വോഡ്ക ഒരു സിപ്പ് കൂടി എടുത്ത ശേഷം ഈഡിത്ത് പറഞ്ഞു.

ഒരു സാറ്റലൈറ്റ് റേഡിയോയും കൊണ്ട് കരകാണാക്കടല്‍ സ്വന്തം ഇച്ഛാശക്തി ഒന്നു മാത്രം കൈമുതലാക്കി തുഴഞ്ഞു അപ്പുറം കടന്ന ഈ ജര്‍മ്മന്‍കാരി കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലാണ് താമസം. കോവളത്ത് ആഴക്കുളം എന്ന സ്ഥലത്ത്. ഈഡിത്ത് ബോമാനെ കേരളത്തില്‍ അധികമാരും അറിയില്ല. പക്ഷേ കോവളത്തു ചെന്ന് അമ്മച്ചിയുടെ വീട് എവിടാണെന്ന് ചോദിച്ചാല്‍ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ഇടയ്ക്കിടയ്ക്ക് ഉലകം ചുറ്റാന്‍ പോകുന്ന ഈഡിത്ത് ബ്രൗണ്‍ എന്ന അമ്മച്ചിയെ ലോകം അറിയാന്‍ വേറൊരു കാരണം കൂടിയുണ്ട്. ഒറ്റയ്ക്ക് ഒരു ചെറുവഞ്ചിയില്‍ ഇംഗ്ലണ്ടിലെ പ്ലിമൗത്തില്‍ നിന്നും അമേരിക്കവരെ നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ആദ്യമായി യാത്ര നടത്തിയ വനിതയാണവര്‍. ദൗര്‍ഭാഗ്യവശാല്‍ തീരത്തെത്തുന്നതിനു കുറച്ചകലെ വച്ച് അവരുടെ വഞ്ചി കാറ്റില്‍ പെട്ടു തകര്‍ന്നെങ്കിലും ഈ റെക്കോര്‍ഡ് അവര്‍ക്ക് മാത്രം സ്വന്തം.

എല്ലാവര്‍ക്കും ഓര്‍മ്മകളുടെ തുടക്കം അവരുടെ കുട്ടിക്കാലമാണല്ലോ. എന്റെ ജീവിതത്തില്‍ അങ്ങനെ അധികമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും എന്റെ ഓര്‍മ്മകളുടെ തുടക്കം രണ്ടാം ലോകമഹായുദ്ധമാണ്, അവര്‍ പറയുന്നു.ഒരു യുദ്ധകാലത്തിന്റെ ഓര്‍മ്മകള്‍

'രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോ ഞാന്‍ ജനിച്ചതേയുള്ളൂ. എങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ നിന്നും മായുന്നില്ല. ഏറ്റവും കൂടുതല്‍ ഓര്‍മ്മയുള്ളത് വിശപ്പാണ്. മിക്കപ്പോഴും കഴിക്കാന്‍ ഒന്നുമുണ്ടാവാറില്ല. അക്കാലത്ത് ഏറ്റവും സ്വാദോടെ ഞാന്‍ കഴിച്ചത് വെള്ളമാണ്. അതും കിട്ടാത്തപ്പോ വിരല്‍ വായിലിട്ടു നുണയാന്‍ പറയും അമ്മ. കാരണം വെള്ളം കിട്ടുന്നത് തന്നെ വലിയ പ്രയാസമാണ്.

ഓരോ ബോംബ് പൊട്ടുമ്പോഴും, ഓരോ വെടിയൊച്ച കേള്‍ക്കുമ്പോഴും അമ്മ ഞങ്ങളെ വീടിനടിയിലുള്ള ചെറിയ മുറിയിലേക്ക് മാറ്റും. ഇപ്പോഴും ആ ശബ്ദം എന്നെ വേട്ടയാടുന്നുണ്ട്. പൊടുന്നനെ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഇപ്പോഴും ആ വെടിയൊച്ചയുടെ പ്രകമ്പനങ്ങള്‍ മനസ്സിലുണ്ടാക്കും.'

ചിരിച്ചുകൊണ്ടാണ് ഈഡിത്ത് അമ്മച്ചി പറയുന്നതെങ്കിലും വിരലുകള്‍ക്കിടയിലിരുന്നു കത്തുന്ന സിഗരറ്റിന്റെ പുകയ്ക്കിടയിലൂടെ കണ്ട ആ കണ്ണുകളില്‍ ഒരു ഭൂതകാലത്തിന്റെ വേദനയുള്ള ഓര്‍മ്മകള്‍ മിന്നിമറയുന്നു.

കടല്‍ കടന്ന് ഒരു പെണ്‍കുട്ടി

'അച്ഛന്‍ യാത്രകള്‍ നടത്താറുണ്ടായിരുന്നു, എന്റെ മുത്തശ്ശിയും.. പതിമൂന്നു വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ ചെറിയ ചെറിയ യാത്രകള്‍ നടത്തി തുടങ്ങിയിരുന്നു. കൂടുതലും പഠനത്തിനായുള്ള യാത്രകള്‍. ഫ്രഞ്ച് പഠിക്കാന്‍ ഫ്രാന്‍സിലേക്ക്, സ്വീഡിഷ് പഠിക്കാന്‍ സ്വീഡനിലേക്ക്... വളരുന്തോറും യാത്രകളോടുള്ള പ്രണയം കൂടിക്കൂടി വരികയായിരുന്നു. പക്ഷെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും കുറച്ചു പ്രശ്‌നമായിരുന്നു എന്റെ ഈ യാത്രകള്‍'.

'ഈ വയസ്സില്‍ ഇവള്‍ ഇങ്ങനെ പോയാല്‍ ജര്‍മ്മനിയില്‍ നിന്നും ഇവള്‍ക്ക് ചെറുക്കനെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും, എന്റെ അമ്മൂമ്മ അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ വന്നപ്പോഴാണ് അറിയുന്നത് എല്ലായിടത്തും ഇതുപോലൊക്കെ തന്നെയാണ് എന്ന്.'

'ഇതു കേട്ടപ്പോഴേക്കും അമ്മയ്ക്കും ഹാലിളകി. പക്ഷേ അച്ഛനായിരുന്നു അപ്പോഴും സപ്പോര്‍ട്ട്. 'അവള്‍ പോയിട്ടു വരട്ടെ, ഒരു കുഴപ്പവും ഉണ്ടാവില്ല' എന്ന്. അച്ഛന്‍ അമ്മയ്ക്കും അച്ഛന് ഞാനും കൊടുത്ത ഉറപ്പാണ് എന്റെ ജിവിതത്തിലെ വഴിത്തിരിവായ ആ വലിയ യാത്രക്ക് പ്രചോദനം.ഇരുപത്താറു ദിവസം നീണ്ട, ഓരോ നിമിഷങ്ങള്‍ക്കും ദിവസങ്ങളുടെ ദൈര്‍ഘ്യമുള്ള, മരണത്തെ മുന്നില്‍ കണ്ട ആ യാത്ര. ആദ്യം ഫ്രാന്‍സിലേക്ക്. അവിടെയായിരുന്നു പരിശീലനം. ഒരു വര്‍ഷത്തിനു മുമ്പ് തന്നെ തുടങ്ങി തയ്യാറെടുപ്പുകള്‍. എങ്ങനെ വഞ്ചി തുഴയണം എന്ന് ഞാന്‍ പഠിക്കുന്നത് അവിടെ വച്ചാണ്. മണിക്കൂറുകള്‍ നീണ്ട പരിശീലനം. അപകടങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അങ്ങനെ കഠിനമായ ഒരു വര്‍ഷം.

ആക്ച്വലി ഞാന്‍ ഒറ്റക്കല്ല പോയത്. എന്റെ ഷ്വാറ്റ്‌സും കൂടെ ഉണ്ടായിരുന്നു. അവന്‍ എന്റെ വളര്‍ത്തു നായയാണ്.

ജൂണ്‍ ആദ്യവാരം ഞങ്ങള്‍ തുടങ്ങിയ യാത്ര ആദ്യഘട്ടത്തില്‍ വലിയ കുഴപ്പമില്ലാതെ പോയെങ്കിലും ജൂണ്‍ 11-നു ഒരു ചുഴലിക്കാറ്റു വന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി... ആ യാത്രയില്‍ ആദ്യമായിട്ടായിരുന്നു ചുഴലിക്കാറ്റ് ഉണ്ടായത്. (ചിരിച്ചു കൊണ്ട്) 'എന്റെ കഷ്ടകാലത്തിന് അത് അന്നുതന്നെ വരികയും ചെയ്തു.'

ശക്തമായ കാറ്റില്‍, വലിയ തിരയില്‍ എന്റെ വഞ്ചിക്ക് സാരമായ തകരാറുണ്ടായി. മുന്‍പോട്ടു പോകാന്‍ പറ്റാത്ത അവസ്ഥ. ആറു ദിവസം കൂടി ഞാന്‍ പിടിച്ചു നിന്നു. എന്റെ കൈയ്യില്‍ ഉണ്ടായിരുന്നത് ക്യാന്‍ ഫുഡ് മാത്രമായിരുന്നു. അതിന്റെ ഓപ്പണര്‍ ആവട്ടെ വഞ്ചി തകര്‍ന്നപ്പോ നഷ്ടപ്പെട്ടു പോവുകയും ചെയ്തു. എന്റെ കൈയ്യില്‍ ആകെ ഉണ്ടായിരുന്നത് ഒരു കത്തിയായിരുന്നു. അത് വച്ച് ക്യാന്‍ കുത്തിതുറക്കാന്‍ ശ്രമിച്ചപ്പോള്‍ തിരയടിച്ചത് കാരണം ക്യാനിനു പകരം എന്റെ കൈയ്യിലാണ് കത്തി കൊണ്ടത്. അതാകട്ടെ നല്ല മൂര്‍ച്ച ഉണ്ടായിരുന്നതും. ക്യാന്‍ ഫുഡ് കഴിച്ചുണ്ടാക്കിയ രക്തം കുറെ പോവുകയും ചെയ്തു. അത്യാവശ്യ സാമഗ്രികള്‍ പലതും നഷ്ടപ്പെട്ട് പോവുകയും ചെയ്തു. നഷ്ടപ്പെട്ടവയില്‍ മരുന്നുകളും ഉണ്ടായിരുന്നു.

പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം ഒരു ഫ്രഞ്ച് റേഡിയോ സ്റ്റേഷന്‍ ഫിനാന്‍സ് ചെയ്ത ഒരു സാറ്റലൈറ്റ് റേഡിയോ ആയിരുന്നു. ആദ്യം ഞാന്‍ അമ്മയെ വിളിച്ചു. എനിക്ക് കുഴപ്പമില്ല. ഞാന്‍ ജീവനോടെയുണ്ട്. തട്ടിപ്പോയിട്ടില്ല എന്ന് പറയാന്‍. എന്നാല്‍ വീട്ടില്‍ എല്ലാവരും ആശങ്കയിലായിരുന്നു. ഞാന്‍ രക്ഷപെടില്ല എന്ന വാര്‍ത്തയുമായി ആരോ അവിടെ ചെന്നിരുന്നത്രേ. ഏതോ പത്രത്തിന്റെ ആളുകള്‍.'തട്ടിപ്പോയെങ്കില്‍ സഹതാപ തരംഗം ഉണ്ടാക്കാമല്ലോ, സെന്റിമെന്‍സിന് അന്നും ഇന്നും നല്ല മാര്‍ക്കറ്റ് അല്ലേ'.

പിന്നെ ഞാന്‍ റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു. അവിടെ നിന്ന് ഫ്രഞ്ച്, അമേരിക്കന്‍, ജര്‍മ്മന്‍ മന്ത്രാലയങ്ങളിലേക്ക് സന്ദേശം പോയി. മൂന്നു രാജ്യങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ എന്നെ കണ്ടുപിടിക്കാന്‍ ഇറങ്ങി. ഞാന്‍ സ്റ്റേഷനില്‍ വിളിച്ചപ്പോ അവര്‍ക്ക് കടലില്‍ എന്റെ സ്ഥാനത്തിന്റെ കോര്‍ഡിനേറ്റ്‌സ് കൊടുത്തിട്ടുണ്ടായിരുന്നു.

ഒരു കണക്കുകൂട്ടല്‍ പാളിച്ച ഫ്രഞ്ച് സേനയുടെ ഭാഗത്ത് നിന്നുണ്ടായി. ഞാന്‍ ആദ്യം നിന്ന സ്ഥലത്ത് നിന്നും 200 മൈല്‍ അകലെ ആണെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. പക്ഷെ വെറും 20 മൈല്‍ ദൂരത്തില്‍ ഞാനുണ്ടായിരുന്നു. ഒരേ സമയം കടല്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു.

യുഎസ് സേനയാണ് എന്നെ ആദ്യം കണ്ടെത്തിയത്. എന്നാല്‍ എന്റെ വഞ്ചി ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അടുത്തതായി ഫ്രഞ്ച് വിമാന വാഹിനിക്കപ്പലായിരുന്നു. അപ്പോഴേക്കും എന്റെ കൊയാള-3 എന്ന വഞ്ചിയെ നടുക്കടലില്‍ കൈവെടിഞ്ഞ് എനിക്ക് ഹെന്റ്രി പോയിന്‍കെയര്‍ എന്ന കപ്പലില്‍ കയറേണ്ടി വന്നു.

കയറാന്‍ പോലും പറ്റിയ അവസ്ഥ അല്ലായിരുന്നു. കൈയ്യില്‍ മുറിവ്. ദേഹമാസകലം വേദന. ആദ്യം ഞാന്‍ നായയെ അവരുടെ കൈയ്യിലേക്ക് എറിഞ്ഞു കൊടുത്തു. കടല്‍ ക്ഷോഭിച്ചിരിക്കുന്നത് കാരണം എപ്പോഴും ഇളകിക്കൊണ്ടിരിക്കുന്ന വഞ്ചിയില്‍ നിന്നും ചാടി ഏണിയില്‍ പിടിക്കണം. ആദ്യം ചാടിപിടിച്ചപ്പോള്‍ കൈയ്ക്ക് ബലം ഇല്ലാഞ്ഞതിനാല്‍ കൈ വിട്ടു താഴെ വീണു. വീണ്ടും ചാടി ഏണിയില്‍ പിടിച്ചു തൂങ്ങി മുകളിലോട്ട് കയറി. അങ്ങനെ 26 ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചെത്തി, എനിക്ക് 26 വയസ്സുള്ളപ്പോള്‍.

'അതു കൊണ്ടാണ് നിങ്ങള്‍ക്കെന്നെ ഇപ്പൊ നേരിട്ട് കാണാന്‍ പറ്റിയത്. അല്ലെങ്കില്‍ ഫോട്ടോയില്‍ കാണാമായിരുന്നു,'നിഷ്‌കളങ്കമായ ചിരിയോടെ എഴുപത്തിനാലാം വയസ്സിലും 26-ന്റെ ചുറു ചുറുക്കോടെ ഈഡിത്ത് തുടര്‍ന്നു.

യാത്രയില്‍ ആയിരുന്നപ്പോള്‍ വേറൊന്നും ആലോചിച്ചില്ല. പക്ഷേ അത് കഴിഞ്ഞപ്പോഴാണ് എത്രമാത്രം അപകടം നിറഞ്ഞതായിരുന്നു ആ യാത്ര എന്ന് ഞാന്‍ ആലോചിച്ചത്.

കളഞ്ഞ ആരോഗ്യം തിരിച്ചു കിട്ടിയ ശേഷം ഞാന്‍ ഒരിക്കല്‍ കൂടി യാത്ര ചെയ്തു. അത്തവണ ശല്യങ്ങള്‍ ഒന്നും ഇല്ലാതെ കര പറ്റി.

വിവാഹം, കുടുംബം, കുട്ടികള്‍

1972-ല്‍ ആയിരുന്നു എന്റെ വിവാഹം. ലൂയി ബ്രൌണ്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. അഭിഭാഷകനും ബിസിസ്സുകാരനുമാണ് ഇപ്പോള്‍ ലൂയി. എന്റെ സാഹസിക യാത്രയ്ക്ക് ശേഷം പലയിടത്തു നിന്നും എനിക്ക് ക്ഷണങ്ങള്‍ വന്നു. അച്ഛന്റെ സഹോദരന്‍ മ്യൂണിക്കിലാണ് താമസിച്ചിരുന്നത് അവിടെ പോയപ്പോള്‍ ഒരു വിശേഷ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. പരിചയപ്പെട്ടു. അധികം താമസിയാതെ വിവാഹവും കഴിഞ്ഞു. ഈഡിത്ത് ബോമാന്‍ ആയിരുന്ന ഞാന്‍ ഈഡിത്ത് ബ്രൌണ്‍ ആയത് അങ്ങനെയാണ്.

ബാക്കി പറഞ്ഞത് ഈഡിത്തിന്റെ സന്തതസഹചാരിയായ റീന ആയിരുന്നു. സാഹസിക പരിപാടികള്‍ നടത്തുമ്പോഴും വിവാഹം കഴിഞ്ഞപ്പോഴും അമ്മച്ചി ഓഫീസ് സെക്രട്ടറി ആയിരുന്നു. 'ലൂയിയും അമ്മച്ചിയും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടായിരുന്നു. അമ്മച്ചിയുടെ കല്യാണസമയത്ത് ലൂയി പഠിക്കുകയായിരുന്നു. പുള്ളിക്കാരിയാണ് ലൂയിക്ക് പഠിക്കാനുള്ള കാശ് അയച്ചു കൊടുത്തോണ്ടിരുന്നത്. വെള്ളമടിക്കില്ല, പുക വലിക്കില്ല, ഒരു ഒരു ദുശീലവുമില്ല. അമ്മച്ചിയോടുള്ള സ്‌നേഹമൊഴിച്ച്...

ദൂരത്തേക്കു നോക്കിയിരുന്ന ഈഡിത്ത് അതു കേട്ടപ്പോ റീനയോട് ചോദിച്ചു, 'നിനക്കു വേണ്ടി ആലോചിക്കണോ?'

വീണ്ടും ഈഡിത്ത്...

മക്കള്‍ രണ്ടു പേരാണ്. ഒരാണും ഒരു പെണ്ണും. ഇരട്ടകള്‍. മകന്‍ മാര്‍ക്യുസ് എഞ്ചിനീയര്‍ ആണ്. മകള്‍ ജൂലിയ അഭിഭാഷകയും.

കേരളത്തില്‍ എങ്ങനെ

എനിക്കങ്ങനെ അസുഖങ്ങള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ ഇടയ്ക്കിടയ്ക്ക് എവിടെങ്കിലുമൊക്കെ വീണ് എല്ലുകള്‍ ഒടിക്കുന്ന പതിവുണ്ട്. അത് കുറച്ചധികമായപ്പോള്‍ എന്റെ ഡോക്ടര്‍ പറഞ്ഞു. ഇത് ശരിയാവില്ല എന്ന്. കൂടെ തന്നെ വേദനകള്‍ ഒക്കെ തുടങ്ങി. അങ്ങനെയാണ് ആയുര്‍വേദം പരീക്ഷിക്കാം എന്ന് തീരുമാനിച്ചത്. അങ്ങനെയാണ് കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ എത്തുന്നത്. കുറച്ചു നാള്‍ പലയിടങ്ങളിലായി ട്രീറ്റ്‌മെന്റുകള്‍ ചെയ്തു.

അപ്പോഴേക്കും പിള്ളാരൊക്കെ വളര്‍ന്നു, സ്വന്തം കാലില്‍ നില്ക്കാന്‍ പഠിച്ചു. പിന്നെ ഞാനങ്ങ് തീരുമാനിച്ചു, ഇവിടങ്ങ് കൂടിയേക്കാം .പക്ഷേ അന്ന് നിയമങ്ങള്‍ കര്‍ശനമായിരുന്നു. ഒരു വിദേശിക്കു വീട് കിട്ടാന്‍ പ്രയാസമായിരുന്നു. ഈ വീടിന്റെ ഉടമയായ ഹരിയും കുടുംബവുമായി കരാര്‍ ഒപ്പിട്ടാണ് ഇവിടെ താമസം തുടങ്ങുന്നത്.

അപ്പോഴേക്കും പിറന്നാള്‍ സമ്മാനവുമായി കൂട്ടുകാര്‍ പലരും എത്തി. കൂട്ടുകാരി ജര്‍മ്മന്‍കാരിയായ എലെന്‍ ട്രീറ്റ്‌മെന്റ് കഴിഞ്ഞു കിടക്കുകയാണെങ്കിലും പ്രിയപ്പെട്ട സുഹൃത്തിനു പിറന്നാള്‍ സമ്മാനവുമായി എത്തിയിരുന്നു... അവര്‍ക്കായി ഒരു ജര്‍മ്മന്‍ സ്‌പെഷ്യല്‍ ഷാംപെയിന്‍ ഈഡിത്ത് കരുതിയിരുന്നു. രണ്ടു പേരും കൂടി നിമിഷങ്ങള്‍ക്കകം കുപ്പി കാലിയാക്കി.

അനു, ഷിജു, ബിനു എന്നിങ്ങനെ നിരവധി സുഹൃത്തുക്കള്‍ ഉണ്ട് ഈഡിത്തിന്. അവര്‍ ഈഡിത്തിനെ അമ്മച്ചി എന്ന് വിളിക്കുന്നത് അമ്മയുടെ സ്ഥാനം നല്‍കിയിട്ട് തന്നെയാണ്. അനു ഒരു കലാകാരനാണ്. ഈഡിത്തിന്റെ വീടിന്റെ ചുമരിലും മച്ചിലും ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കിയ അനു വീടിന്റെ മുകള്‍ നിലയിലാണ് താമസം. ബാക്കിയുള്ളവര്‍ ഇടയ്ക്കിടെ വരും,അമ്മച്ചിയെ കാണണമെന്ന് തോന്നുമ്പോള്‍.

ഇടക്കിടയ്ക്ക് യാത്രകള്‍ പോകും. ലോകത്തെവിടെ പോയാലും സുഹൃത്തുകള്‍ ഉണ്ടാവും കൂട്ടിന്. യാത്രകളോടുള്ള എന്റെ പ്രണയം ഇത് വരെയും തീര്‍ന്നിട്ടില്ല. 'അടുത്ത മാസം ക്യൂബയില്‍ പോകണം. അമേരിക്കക്കാര്‍ ക്യൂബ കൈയ്യടക്കും മുന്‍പ്... എഴുന്നേറ്റു നടക്കാന്‍ ആരോഗ്യം ഉള്ള കാലത്തോളം ഞാന്‍ യാത്ര ചെയ്യും' അമ്മച്ചിയുടെ യാത്രകള്‍ തീര്‍ന്നിട്ടില്ല, പ്രായം അമ്മച്ചിക്കൊരു തടസ്സവുമല്ല.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories