UPDATES

ട്രെന്‍ഡിങ്ങ്

ഏഷ്യാനെറ്റ് ഓഫീസ് ആക്രമണവും ഒരു സൂചനയാണ്; ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം അപകടകരമാണ് എന്നതിന്റെ

ആക്രമണത്തിനു പിന്നില്‍ ആരോപണവിധേയനായ മന്ത്രി ഉണ്ടെങ്കില്‍ എത്രയും വേഗം മന്ത്രിപദത്തില്‍ നിന്ന് പുറത്താക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണം

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസ് ഇന്ന് പുലര്‍ച്ചെ ആക്രമിക്കപ്പെട്ടു. അക്രമികള്‍ ഓഫീസിന് മുന്‍പിലെ കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ബ്യൂറോയില്‍ ഉണ്ടായിരുന്നു.

ഇത് കേരളത്തില്‍ നടന്നത്. ഇന്നലെ രാജ്യത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ കഴുത്തറുത്താണ് കൊല്ലപ്പെട്ടത്.

ത്രിപുരയില്‍ ഒരു ഗോത്രവിഭാഗത്തിന് പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) നടത്തുന്ന പ്രക്ഷോഭത്തിനിടെ ശന്തനു ഭൗമിക് എന്ന ടെലിവിഷന്‍ ജേണലിസ്റ്റ് ആണ് കൊല്ലപ്പെട്ടത്. തിപ്രലാന്‍ഡ് എന്ന സംസ്ഥാനത്തിനായി ഇവര്‍ നടത്തിയ റോഡ് ഉപരോധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആണ് കൊലപാതകം നടന്നത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമികള്‍ 27കാരനായ ഭൗമികിന്റെ കഴുത്തറുക്കുകയായിരുന്നു. മൃതദേഹം വലിച്ചിഴച്ച് ഏറെ നേരം ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.

രണ്ടാഴ്ച മുന്‍പാണ് ബംഗളൂരുവില്‍ ലങ്കേഷ് പത്രിക എഡിറ്റര്‍ ഗൌരി ലങ്കേഷ് തന്റെ വീട്ടു പടിക്കല്‍ വെടിയേറ്റ് മരിച്ചത്. സംഘ പരിവാറിന്റെ അതിശക്തയായ വിമര്‍ശകയായിരുന്നു ഗൌരി. ഹിന്ദുത്വ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട എം എം കല്‍ബുര്‍ഗിയുടെ ഘാതകരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിലെ മുന്‍നിര പോരാളിയായിരുന്നു അവര്‍.

ഹരിയാനയില്‍ ഗുര്‍മീത്ത് സിംഗിനെ ബലാത്സംഗ കുറ്റത്തിന് ശിക്ഷിച്ചതിന്റെ പേരില്‍ നടന്ന അനുയായികള്‍ നടത്തിയ കലാപത്തില്‍ നിരവധി മാധ്യമ വാഹനങ്ങള്‍ക്കും ഓബി വാനുകള്‍ക്കും നേരെ ആക്രമണം ഉണ്ടായി.

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ അക്രമികള്‍ പലരാണ്. അതില്‍ ഭരണത്തണലില്‍ ഉള്ളവരും ഭരിക്കുന്നവരും വിഘടന വാദികളും ആള്‍ദൈവങ്ങളും എല്ലാം ഉണ്ട്. പക്ഷേ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് ഒരു വിഭാഗം മാത്രം; മാധ്യമപ്രവര്‍ത്തകര്‍. അവര്‍ ചെയ്യുന്ന കുറ്റം തങ്ങളുടെ ജോലി സത്യസന്ധമായും നീതിപൂര്‍വ്വമായും ചെയ്യുന്നു എന്നത് തന്നെ.

കഴിഞ്ഞ ഒന്നര മാസക്കാലമായി ട്രാസ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിയുടെ നിരവധി അഴിമതികള്‍ പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടറാണ് ടി.വി പ്രസാദ്. തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതും മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും അടക്കം നിരവധി ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നു വന്നിട്ടുള്ളത്. നേരത്തെ തന്നെ ആരോപണങ്ങള്‍ നേരിട്ടുള്ള വ്യക്തി കൂടിയാണ് തോമസ് ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം ഇത് ആയുധമാക്കുകയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ തോമസ് ചാണ്ടിയുടെ പേരില്‍ വിജിലന്‍സ് കുരുക്ക് മുറുകാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്.

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ആരാണ് എന്നത് കണ്ടുപിടിക്കാന്‍ പോലീസിന് ഇതുവരെയായി കഴിഞ്ഞിട്ടില്ലെങ്കിലും ചില വ്യക്തികള്‍ക്ക് നേരെ സംശയത്തിന്റെ മുന നീളുക സ്വാഭാവികം. എത്രയും പെട്ടെന്നു അന്വേഷണം വേഗത്തിലും കാര്യക്ഷമവുമാക്കി കുറ്റവാളികളെ കണ്ടെത്തുകയും ആരോപണ വിധേയനായ മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയുകയാണെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിച്ച് മന്ത്രിപദത്തില്‍ നിന്നും ഒഴിവാക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടത് ഗവണ്‍മെന്‍റുകളുടെ ചുമതലയാണ്. ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദത്തില്‍പ്പെടുത്തി മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കുന്നതിന് തുല്യമാണ്. കൊല്ലപ്പെട്ട ഗൌരി ലങ്കേഷും ശാന്തനു ഭൌമിക്കും ഓഫീസ് ആക്രമിക്കപ്പെടുമ്പോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്ന ടി.വി പ്രസാദും എല്ലാം പ്രതിനിധീകരിക്കുന്നത് ജനങ്ങളുടെ ശബ്ദത്തെയാണ്. ഭരണഘടന ഉറപ്പ് തരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയാണ്. ജനാധിപത്യത്തെ ജീവസ്സുറ്റതാക്കുന്നതും ആ ശബ്ദമാണ്.

നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിന്റെ കേളീനിലമെന്ന് പുകള്‍പെറ്റ നമ്മുടെ രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരുടെ ജീവനും തൊഴിലിനും യാതൊരു സുരക്ഷയുമില്ലെന്ന യാഥാര്‍ഥ്യമാണ് അനുദിനം തെളിഞ്ഞു വരുന്നത്.

കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 27 മാധ്യമ പ്രവര്‍ത്തകരാണ് 1992 മുതല്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് എന്ന കണക്ക് ഭീതിജനകവും ഒരു പരിഷ്കൃത ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമ്മെ ലജ്ജിപ്പിക്കുന്നതുമാണ്. ഇതില്‍ പകുതി പേരും കൊല്ലപ്പെട്ടത് അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലും.

ഈ നാണക്കേടിന്റെ നിരയിലേക്ക് രാജ്യത്ത് ഒന്നാം നമ്പര്‍ ആണ് എന്നു മേനി നടിക്കുന്ന കേരളം ഉണ്ടാകില്ല എന്ന് ഗവണ്‍മെന്‍റും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഉറപ്പുവരുത്തേണ്ടതുണ്ട്. ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയയെയും പ്രതീക്ഷ നല്‍കുന്നതാണ്.

കൊല്ലപ്പെട്ടത് ഹിന്ദുത്വയുടെ വിമര്‍ശകയാണ്; അത് തെളിച്ചു തന്നെ പറയണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍