TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ജനത തോല്‍ക്കില്ല @ 2019

ഇന്ത്യന്‍ ജനത തോല്‍ക്കില്ല @ 2019

എഡിറ്റോറിയല്‍

ഇന്ത്യക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 2022-ല്‍ 75 വര്‍ഷം തികയും. അതിന് ഇനി രണ്ടു വര്‍ഷങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പക്വതയെത്തിയ ഒരു ജനാധിപത്യത്തിലേക്ക് ഇന്ത്യ കടന്നുവന്നത് ഏറെ ചോരപ്പുഴകളും മതവര്‍ഗീയ പിന്തിരിപ്പന്മാരുടെ എല്ലാ വിധത്തിലുള്ള അട്ടിമറികളും കടന്നാണ്. ശാസ്ത്രബോധങ്ങളില്‍ അധിഷ്ഠിതമായ, എല്ലാ മത, ജാതി, വംശ, ഭാഷാ, ലിംഗങ്ങള്‍ക്കും വേര്‍തിരിവുകളില്ലാതെ, എഴുതപ്പെട്ട ഒരു ഭരണഘടനയുടെ അടിസ്ഥാനത്തില്‍ തുല്യനീതി ഉറപ്പാക്കുന്ന ഒരു മഹത്തായ ആശയമായാണ് അത് വിഭാവനം ചെയ്തത്. ഒരുപക്ഷേ, മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ പരീക്ഷണം.

2019 അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നാമോര്‍ക്കേണ്ടത് ആ ഭരണഘടനയെക്കുറിച്ചും ഇന്ത്യ എന്ന മഹത്തായ ആശയത്തെക്കുറിച്ചുമാണ്. കാരണം, ഈ വര്‍ഷം രേഖപ്പെടുത്തപ്പെടുന്നത്, ഇന്ത്യ എന്ന ആശയത്തെ മുച്ചൂടും മുടിക്കാന്‍ ഒരു പ്രത്യയശാസ്ത്രവും അവരുടെ പിണിയാളുകളായ ഒരുപറ്റം ഭരണാധികാരികളും ശ്രമിക്കുന്നതിന്റെയും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യയിലെ യുവത്വവും സ്ത്രീകളും പൗരസമൂഹവും മുസ്ലീങ്ങളും പോരാടുന്നതിന്റെയും പേരിലാവും.

ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ രണ്ട് വശമാണ് കിലോമീറ്ററുകള്‍ക്ക് അപ്പുറം കിടക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍. ജമ്മു-കാശ്മീരിന് പ്രത്യേകാധികാവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയിട്ടും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചിട്ടും മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ തടവിലാക്കിയിട്ടും 148 ദിവസം തികയുന്നതിന് സാക്ഷ്യം വഹിച്ചു കൊണ്ടാണ് 2019 കടന്നു പോകുന്നത്. ഇതേ ദിവസങ്ങളില്‍ തന്നെയാണ് സാമൂഹിക വികസന സൂചികയില്‍ ഒന്നാം സ്ഥാനം കേരളം നിലനിര്‍ത്തുന്നതിനും സാക്ഷ്യം വഹിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും കേരളത്തില്‍ നടപ്പാക്കില്ലെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ഇപ്പോള്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയാണ്. എന്നാല്‍ ജമ്മു-കാശ്മീരിന് അതിന്റെ സംസ്ഥാന പദവി പോലും നഷ്ടപ്പെട്ടു.

മലയാളികള്‍ എന്ന നിലയില്‍ കേരളം നമുക്ക് എന്താണ് എന്നതിന് ഇന്നത്തെ ഇന്ത്യയിലെ സംഭവവികാസങ്ങള്‍ തന്നെ തെളിവാണ്. ഇവിടെ ഭരണപക്ഷമായ ഇടതുപാര്‍ട്ടികളും പ്രതിപക്ഷമായ കോണ്‍ഗ്രസും സഖ്യകക്ഷികളും ഒരുമിച്ച് പൗരത്വ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരെ രംഗത്തു വന്നപ്പോള്‍ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലേക്കും നാം കണ്ണോടിക്കണം. ആ സംസ്ഥാനത്തിന്റെ തന്നെ ഭാഗമായുള്ള മുസ്ലീങ്ങളെ വ്യാപകമായി വേട്ടയാടുകയാണ് അവിടെ. ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പരീക്ഷിച്ചു വിജയിച്ച മാതൃക അതേപടി നടപ്പാക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത്. അജയ് സിംഗ് ബിഷ്ഠ് എന്ന് പേരുമാറ്റി യോഗി ആദിത്യനാഥ് എന്ന സന്യാസ വേഷത്തിലേക്ക് കയറിക്കൂടിയ ഒരു മതഭ്രാന്തന്റെ നേതൃത്വത്തിലാണ് അത് നടക്കുന്നത്. സ്വന്തം ജനതയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് അയാള്‍ മുന്നറിയിപ്പ് നല്‍കുന്നു. തല്ലിയും വെടിവച്ചും സ്വന്തം ജനതയെ കൊല്ലാന്‍ പോലീസിന് എല്ലാ അധികാരങ്ങളും വിട്ടുനല്‍കിയിരിക്കുന്നു. സ്വന്തം ജനങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്നു. മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ വ്യാപകമായി കണ്ടുകെട്ടുന്നു.

'പബ്ലിക് പ്രോപ്പര്‍ട്ടി' നശിപ്പിക്കുന്നു എന്ന വായ്ത്താരിയുടെ മറവിലാണ് ഇതെല്ലാം നടക്കുന്നത്. ഇന്ത്യയിലെ അശ്ലീലം നിറഞ്ഞ മധ്യവര്‍ഗ സമൂഹത്തിന്റെ വായടപ്പിക്കാനും അവരുടെ പിന്തുണ ലഭിക്കാനും അത് മതിയെന്ന് ആ നിഷ്ഠൂരനായ ഭരണാധികാരിക്ക് അറിയാം. 'ഹൗഡി മോദി' എന്ന് ആര്‍ത്തുവിളിക്കുന്ന വിദേശങ്ങളിലെ ഇന്ത്യന്‍ സമൂഹമായി മാറാന്‍ കൊതിക്കുന്നവരാണ് ആ മധ്യവര്‍ഗം. അവിടെ സ്വന്തം ജനങ്ങളെ, കുട്ടികളെയും വൃദ്ധരേയും അടക്കം തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിച്ചിട്ടും ജനങ്ങള്‍ നോക്കിയിരിക്കുന്നു. മതവര്‍ഗീയതയുടെ വലിയ ധ്രുവീകരണമാണ് ആ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്. 2019 കാണുന്നത് വലിയ ചോരപ്പുഴകള്‍ ഒഴുകാന്‍ പോകുന്നതിന്റെ നാന്ദിയാണ്. അതിനോടുള്ള ചെറുത്ത് നില്‍പ്പ് പലയിടത്തും കാണുന്നുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസം. അതിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ യുവത്വമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍, സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തുവന്ന് നിലവിലുള്ള മോദി-അമിത് ഷാ ഭരണകൂടത്തിനു നേരെ ആക്രോശിക്കുന്നു. അവര്‍ പരിഹസിക്കുന്നു. ഭരണഘടന കൈയിലേന്തി ദേശീയഗാനം ഉച്ചത്തില്‍ പാടുന്നു. ഇന്ത്യയെ ഈ വിധത്തില്‍ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നു.

മുത്തലാക്കിന്റെ പേരിലും കാശ്മീരിന്റെ പേരിലും അയോധ്യ വിധിയുടെ പേരിലും ഒടുവില്‍ സിഎഎ-എന്‍ആര്‍സിയുടെ പേരിലുമൊക്കെ മുസ്ലീം സമൂഹത്തെ പൂര്‍ണമായി രണ്ടാംകിട പൗരന്മാരാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് 2019 സാക്ഷ്യം വഹിച്ചത്. വിഭജനത്തിന്റെ സമയത്ത് പാക്കിസ്ഥാന്‍ എന്ന മതരാഷ്ട്രത്തിലേക്ക് പോകാതെ ഇന്ത്യ എന്ന മതേതര, ജനാധിപത്യ രാജ്യത്തില്‍ തന്നെ തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ചവരാണ് അവര്‍. ഈ സമൂഹത്തിന് ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളുമൊക്കെ എന്തു സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ അതുപോലെ തന്നെ ഈ രാജ്യത്തിന് സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് മുസ്ലീങ്ങളും. മറ്റ് ഏതു മതത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള എല്ലാ അധികാര, അവകാശങ്ങളും മുസ്ലീങ്ങള്‍ക്കുമുണ്ട്. അത് ആരുടേയും ഔദാര്യമല്ല, എന്നും നൂറ്റാണ്ടുകളായി ജീവിക്കുന്ന മണ്ണില്‍ അവര്‍ക്കുള്ള അവകാശമാണ് എന്ന് ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. അത് ഉറപ്പിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അത് ഏതെങ്കിലും വെകിളി പിടിച്ച വര്‍ഗീയ മനസുകള്‍ക്ക് അട്ടിമറിക്കാനുള്ളതല്ല.

ഇന്ത്യയുടെ സ്വയംഭരണ, ഭരണഘടനാ വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ബാക്കിയെന്നോണം ആയിത്തീര്‍ന്നതിനും 2019 വലിയ തോതില്‍ സാക്ഷ്യം വഹിക്കുന്നു. രാജ്യം കത്തുമ്പോള്‍ പരമോന്നത നീതിപീഠം ശീതകാല അവധിയിലാണ്. മോദി രണ്ടാം വട്ടം അധികാരത്തില്‍ വന്നതും ഈ വര്‍ഷമാണ്. ആദ്യ അഞ്ചു വര്‍ഷം പരാജയങ്ങളുടേയും വിഡ്ഡിത്തങ്ങളുടേയും ഒക്കെ ഘോഷയാത്രയായിരുന്നെങ്കില്‍ രണ്ടാം വട്ടം ഭരണം നന്നാകുമെന്നും എല്ലാ ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനും ഓരോ ഇന്ത്യന്‍ പൗരന്റേയും ജീവിതം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്നും നാം വിചാരിച്ചു. എന്നാല്‍ അതൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല, ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള എല്ലാവിധത്തിലുള്ള ശ്രമങ്ങളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെ പൊതുവേദികളില്‍ പച്ചയ്ക്ക് കള്ളം പറയുന്നു. പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ ജഗ്ഗി വാസുദേവ് എന്ന തട്ടിപ്പുകാരന്റെ വാക്കുകള്‍ പ്രധാനമന്ത്രി തന്നെ നിര്‍ദേശിക്കുന്നു. എവിടെയെത്തി ഈ രാജ്യം എന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണ്ട. ഭരണാധികാരികള്‍ ഇന്ത്യ എന്ന ആശയത്തിനും ഇവിടുത്തെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കും നേര്‍ക്ക് കാര്‍ക്കിച്ചു തുപ്പുന്നതിനാണ് 2019 സാക്ഷ്യം വഹിച്ചത്.

തകര്‍ന്നു കിടക്കുന്ന സമ്പദ് വ്യവസ്ഥയെക്കുറിച്ചും 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയെക്കുറിച്ചും സര്‍ക്കാര്‍ പൂഴ്ത്തി വയ്ക്കുന്ന കണക്കുകളെക്കുറിച്ചുമൊക്കെ ഞങ്ങള്‍ നിരന്തരം എഴുതിയിട്ടുണ്ട്. 2019 സാക്ഷ്യം വഹിച്ചത് അതിന്റെയൊക്കെ മൂര്‍ധന്യത്തിലുള്ള കാര്യങ്ങള്‍ക്കാണ്. എന്നാല്‍ സര്‍ക്കാരിന് അതൊന്നും ബാധകമല്ല. അവര്‍ നിങ്ങള്‍ ഓരാരുത്തരും ഇന്ത്യന്‍ പൗരന്മാരാണോ എന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ്. മതേതര ജനാധിപത്യ ഇന്ത്യയ്ക്ക് ചരമക്കുറിപ്പെഴുതുന്ന പൗരത്വ ഭേദതി നിയമം പാസാക്കിയ വര്‍ഷമാണ് ഇതെന്ന് മറക്കരുത്. രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. 2019 ഒരിക്കലും ഇന്ത്യ മറക്കില്ല. ഈ മഹത്തായ ജനാധിപത്യ, മതേതര ആശയത്തെ ഇല്ലാതാക്കാനുള്ള ഒരു വലതുപക്ഷ സ്വേച്ഛാധിപത്യ സര്‍ക്കാരിനേയും അവരുടെ ആശയങ്ങളെയും ചെറുത്തു തോല്‍പ്പിക്കുന്നതിന് നാന്ദി കുറിച്ചതിന്റെ ഓര്‍മയായിട്ടായിരിക്കണം 2019 അറിയപ്പെടേണ്ടത്. അല്ലാതെ സങ്കുചിതമായ മതവര്‍ഗീയ ശക്തികള്‍ക്ക് ഈ രാജ്യത്തെ തീറെഴുതി കൊടുത്തിട്ട് നിശബ്ദരായി ഇരുന്നവരാണ് നാമെന്ന് ചരിത്രം ഒരിക്കലും വിധി പറയരുത്- അതോര്‍മപ്പെടുത്തിക്കൊണ്ടാണ് 2019 കടന്നു പോകുന്നത്.

Next Story

Related Stories