TopTop
Begin typing your search above and press return to search.

അഴിമുഖം എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനായി ജോസി ജോസഫ് ചുമതലയേറ്റു

അഴിമുഖം എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനായി ജോസി ജോസഫ് ചുമതലയേറ്റു

മലയാളത്തിലെ സ്വതന്ത്ര വാര്‍ത്താ വിശകലന വെബ് പോര്‍ട്ടലായ അഴിമുഖം.കോമിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് ചുമതലയേറ്റു. ഡല്‍ഹി കേന്ദ്രമായുള്ള കോണ്‍ഫ്ലുവന്‍സ് മീഡിയയുടെയും സ്ഥാപകനാണ്. 2013ല്‍ സ്ഥാപിതമായ അഴിമുഖം മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് അഴിമുഖം.കോം പ്രസിദ്ധീകരിക്കുന്നത്. ഒന്നര പതിറ്റാണ്ടായി ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനായ കെ.എന്‍ അശോക് അഴിമുഖം എഡിറ്ററായും ചുമതലയേറ്റു.

ഡല്‍ഹി കേന്ദ്രമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന രാജ്യത്തെ പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ് ജോസി ജോസഫ്. ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, എല്‍.റ്റി.സി കുംഭകോണം, നേവല്‍ വാര്‍ റൂം ലീക്ക് തുടങ്ങി രാജ്യത്തെ പിടിച്ചുലച്ച നിരവധി അഴിമതികള്‍ അദ്ദേഹം പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലയില്‍ നടക്കുന്ന കുംഭകോണങ്ങള്‍ അടക്കമുളള വിഷയങ്ങളില്‍ കൊണ്ടുവന്ന സ്‌കൂപ്പുകളും വെളിപ്പെടുത്തലുകളും പരിഗണിച്ച് രാജ്യത്തെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗിനുള്ള 2010-ലെ പ്രേം ഭാട്യ പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള രാംനാഥ് ഗോയങ്ക പുരസ്‌കാരം 2013-ലും അദ്ദേഹത്തിന് ലഭിച്ചു.

ഇന്ത്യന്‍ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ അടങ്ങിയിട്ടുള്ള അഴിമതിയും സ്വജനപക്ഷപാതവും കോര്‍പറേറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളും അടക്കമുള്ളവയിലേക്ക് വെളിച്ചം വീശുന്ന 'ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്, ഹിഡന്‍ ബിസിനസ് ഓഫ് ഡെമോക്രസി ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ജോസി ജോസഫ്. 'കഴുകന്‍മാരുടെ വിരുന്ന് - ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിഗൂഡ വ്യാപാരങ്ങള്‍' എന്ന പേരില്‍ ഈ പുസ്തകം മലയാളത്തിലും ഉടന്‍ പുറത്തു വരും.

ഡല്‍ഹി മിഡ് ഡേ, ദി ഏഷ്യന്‍ ഏജ്, ദി ബ്ലിസ്റ്റ്, റീഡിഫ്.കോം, ഇന്ത്യ എബ്രോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം 2015 വരെ ടൈംസ് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യല്‍ പ്രോജക്ട് എഡിറ്ററായി ജോലി ചെയ്തു. തുടര്‍ന്ന് ദി ഹിന്ദുവില്‍ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററായി ചേര്‍ന്ന ജോസി ജോസഫ് അവിടെ നിന്ന് രാജി വച്ച ശേഷം 2019-ലാണ് കോണ്‍ഫ്ലുവന്‍സ് മീഡിയ ആരംഭിക്കുന്നത്.

അമേരിക്കയിലെ ഫ്ളെച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ ജോസി ജോസഫ് ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്.

"ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും മാധ്യമ പ്രവര്‍ത്തനം ഇന്ന് പ്രതിസന്ധിയിലാണ്. ഇതിലേക്ക് നയിക്കുന്നതില്‍ നിരവധി ഘടകങ്ങളുണ്ട്. ഏകാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതു മുതല്‍ പരസ്യ വിപണിയെ ആശ്രയിച്ചാണ് മാധ്യമ ബിസിനസിന്റെ നിലനില്‍പ്പ് എന്നതു വരെയുള്ള കാര്യങ്ങള്‍ ഇതിലുണ്ട്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് നേരെ ഇന്ന് ഭരണത്തിലുള്ളവരില്‍ നിന്നുണ്ടാകുന്ന ആക്രമണങ്ങളും മറ്റ് സ്ഥാപിത താത്പര്യങ്ങളും പരിഗണിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്; സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമ പ്രവര്‍ത്തനം ഏറ്റവും നന്നായി നടത്താന്‍ കഴിയുന്ന, കഴിയേണ്ട സമയം കൂടിയാണ് ഇത്. സമഗ്രവും വായനക്കാരെ മുന്‍നിര്‍ത്തിയുമുള്ള, നിക്ഷിപ്തതാത്പര്യങ്ങളില്ലാത്ത ഒരു ജേര്‍ണലിസം മാതൃകയിലേക്ക് അഴിമുഖത്തെ നയിക്കാനും വഴികാട്ടാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പു പറയാന്‍ കഴിയും, നാളെ ഒരു പക്ഷേ അഴിമുഖം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാം, പക്ഷേ, അധികാരത്തിലുള്ളവരുടേയോ അഴിമതിപ്പണം നിറഞ്ഞ കോര്‍പറേറ്റുകളുടെയോ സംഘടിത മതസ്ഥാപനങ്ങളുടേയോ പലവിധ താത്പര്യങ്ങളുമായി വരുന്ന മറ്റേതെങ്കിലും ലോബികളുടേയോ ഒന്നും മുന്നില്‍ താണുവണങ്ങാനോ മുട്ടുകുത്താനോ അഴിമുഖം തയാറാകില്ല", ജോസി ജോസഫ് പറയുന്നു.

കെ.എന്‍ അശോക്‌

പ്രമുഖ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയുടെ ഡല്‍ഹി ബ്യൂറോയില്‍ സീനിയര്‍ കറസ്പോണ്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കെ.എന്‍ അശോക്‌. പാല സ്വദേശിയാണ്. "പ്രധാനമായും രണ്ടു തരത്തിലുള്ള പ്രതിസന്ധികള്‍ മലയാള മാധ്യമരംഗം നേരിടുന്നുണ്ട്, അതില്‍ പ്രധാനം വിശ്വാസ്യത തന്നെയാണ്. മറ്റൊന്ന് മാധ്യമ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനാവശ്യമായ സാമ്പത്തിക മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നതും. മാധ്യമ മേഖലയെ ജനം ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ ഒരു സ്വയം പരിശോധന നമുക്കും ആവശ്യമാണ്‌. അതുപോലെ, ഡിജിറ്റല്‍ ലിറ്ററസി എന്നതില്‍ ജനത്തിനും ഉത്തരവാദിത്തമുണ്ട്, ആ ബോധത്തോടെയുള്ള പിന്തുണയുണ്ടെങ്കില്‍ മാത്രമേ നല്ല മാധ്യമ പ്രവര്‍ത്തന സംരംഭങ്ങളുടെ നിലനില്‍പ്പും സാധ്യമാവൂ. അഴിമുഖത്തിന് ഇത്രയും കാലം ആ പിന്തുണയുണ്ടായിരുന്നു, ആ വിശ്വാസ്യത കൂടുതല്‍ ഊട്ടിയുറപ്പിക്കുക, ഒപ്പം മുന്നോട്ട് പോവുക എന്നത് തന്നെയാണ് ആലോചിക്കുന്നത്", അശോക്‌ പറഞ്ഞു.

2013-ലാണ് ഡല്‍ഹി കേന്ദ്രമായ ഒരുകൂട്ടം ജേര്‍ണലിസ്റ്റുകളുടെ ആഭിമുഖ്യത്തില്‍ അഴിമുഖം പ്രവര്‍ത്തനമാരംഭിക്കുന്നത്. മലയാളത്തിലെ എണ്ണപ്പെട്ട സ്വതന്ത്ര വാര്‍ത്താ പോര്‍ട്ടലുകളിലൊന്നായി അഴിമുഖം മാറിയത് ഇക്കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലാണ്. ഇതിനിടയില്‍ ബംഗളുരു ആസ്ഥാനമായുള്ള ഇന്‍ഡിപെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൌണ്ടേഷന്റെ സാമ്പത്തിക സഹായവും അഴിമുഖത്തെ തേടിയെത്തി. മികച്ച സ്വതന്ത്ര മലയാളം വാര്‍ത്താ പോര്‍ട്ടലിനുള്ള 2020-ലെ പ്രൊഫ. മാക്‌സ്‌വെല്‍ ഫെര്‍ണാണ്ടസ് ജേര്‍ണലിസം പുരസ്‌കാരം അഴിമുഖത്തിനാണ് ലഭിച്ചത്.

പുസ്തക പ്രസാധനവും നോണ്‍ഫിക്ഷന്‍ ഡോക്യുമെന്ററികളുടെ നിര്‍മാണവും അടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങളും അഴിമുഖവും കോണ്‍ഫ്‌ളുവന്‍സ് മീഡിയയും നടത്തിവരുന്നു.


Next Story

Related Stories