TopTop
Begin typing your search above and press return to search.

ഭരണാധികാരികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ജനം തെരുവിലിറങ്ങുമ്പോള്‍

ഭരണാധികാരികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ജനം തെരുവിലിറങ്ങുമ്പോള്‍

എഡിറ്റോറിയല്‍

അഷ്ഫഖുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍, താക്കൂര്‍ റോഷന്‍ സിംഗ്- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മൂന്ന് ധീരന്മാരെ ബ്രീട്ടീഷുകാര്‍ തൂക്കിലേറ്റിയ ദിനമാണിത്. തൂക്കിലേറ്റുമ്പോള്‍ അഷ്ഫഖുള്ള ഖാന് 27 വയസും ഹിന്ദി-ഉറുദു കവിയും എഴുത്തുകാരനും കൂടിയായ ബിസ്മിലിന് 30 വയസും റോഷന്‍ സിംഗിന് 35 വയസുമായിരുന്നു പ്രായം. 1925 ഓഗസ്റ്റിലെ കാകോരി ഗൂഡാലോചന എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാര്‍ക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന ട്രെയിന്‍ തടഞ്ഞ് ആയുധങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇവരെ തൂക്കിലേറ്റിയത്. കേസില്‍ പ്രതിയാക്കപ്പെട്ട രാജേന്ദ്ര ലാഹിരിയെ ഡിസംബര്‍ 17-നും തൂക്കിലേറ്റി.

ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയെ നെടുകെ വിഭജിക്കുന്ന, എല്ലാവിധത്തിലും ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇന്ന് മിക്ക സംസ്ഥാനങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തസാക്ഷികളായ അഷ്ഫഖുള്ള ഖാന്റെയും ബിസ്മിലിന്റേയും ഓര്‍മയ്ക്കായി നിരത്തിലിറങ്ങാനാണ് വിവിധ സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് അനുവദിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. അതുകൊണ്ടാണ് മാര്‍ച്ചുകള്‍ക്ക് നിരോധനം പ്രഖ്യാപിക്കുകയും വിവിധ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത്. അതും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഐപിസി സെക്ഷന്‍ 144 ഉപയോഗിച്ച്. ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്ന്.

ഡല്‍ഹിയില്‍ ഇന്ന് ചരിത്രപ്രസിദ്ധമായ ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്- ചെങ്കോട്ട)യില്‍ നിന്ന് ഷഹീദ് പാര്‍ക്കിലേക്ക് പ്രക്ഷോഭ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഡല്‍ഹി പോലീസ്- ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കീഴിലാണ് ഡല്‍ഹി പോലീസ്- ചെയ്തത് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മാര്‍ച്ചിന് അനുമതി നിഷേധിക്കുകയുമാണ്. പ്രക്ഷോഭകര്‍ ഇവിടേക്ക് എത്താതിരിക്കാന്‍ ഡല്‍ഹിയില്‍ തത്വത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജാമിയ മിലിയ, ജസോല വിഹാര്‍, ഷഹീന്‍ ബാഗ്, മുനീര്‍ക്ക, ലാല്‍ ക്വില, ജമാ മസ്ജിദ്, ചാന്ദ്‌നി ചൗക്ക്, വിശ്വവിദ്യാലയ, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐറ്റിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് എന്നീ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു കഴിഞ്ഞു. അയല്‍സംസ്ഥാനമായ ഗുഡ്ഗാവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങളും തടഞ്ഞ് പരിശോധന നടത്തുകയാണ് പോലീസ്.

കര്‍ണാടകത്തില്‍ ഇന്ന് വിവിധ സംഘടനകള്‍ പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സിക്കെതിരെ മാര്‍ച്ചും പ്രക്ഷോഭങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചുകള്‍ക്ക് അനുമതി നിഷേധിക്കുക മാത്രമല്ല, ബാംഗ്ലൂര്‍, മൈസൂര്‍, തുംകൂര്‍, ഷിമോഗ, ചാമരാജ് നഗര്‍, ഗുല്‍ബര്‍ഗ, ബാഗല്‍കോട്ട്, കോലാര്‍, മാംഗലാപുരം, ഹൂബ്ലി-ധര്‍വാഡ്, ബെല്‍ഗാം, ചിക്ബലാപൂര്‍, ചിക്ക്മംഗ്‌ളുരു, ദേവനാഗ്‌രെ ജില്ലകളില്‍ യദിയൂരപ്പ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

യുപി സംസ്ഥാനം മുഴുവനായി 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ലക്‌നൗവില്‍ വലിയ പ്രതിഷേധ മാര്‍ച്ചാണ് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യാതൊരു വിധത്തിലും മാര്‍ച്ചുകളും റാലികളും അംഗീകരിക്കില്ലെന്നാണ് യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജമ്മു-കാശ്മീര്‍ ഒഴിച്ചാല്‍ ഇത്തരത്തില്‍ സംസ്ഥാനം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് അപൂര്‍വമായിരിക്കണം. യുപിയിലെ ഷാഹ്ജഹാന്‍പൂര്‍ സ്വദേശികളായിരുന്നു അഷ്ഫ്ഖുള്ള ഖാനും ബിസ്മിലും റോഷന്‍ സിംഗും.

ഹൈദരാബാദില്‍ പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സിക്കെതിരെയുള്ള മാര്‍ച്ചുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലും പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് അനുമതി നിഷേധിച്ചു. അഹമ്മദാബാദിലാകട്ടെ, ഈ നിയമത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈകിട്ട് നടത്തുന്ന റാലിക്ക് അനുമതി നല്‍കുകയും ചെയ്തു.

ഇതിനര്‍ത്ഥം ആറു മാസം മുമ്പ് വന്‍ ഭൂരിപക്ഷത്തോട് കൂടി അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ ജനരോഷത്തെ എത്രത്തോളം പേടിക്കുന്നു എന്നു കൂടിയാണ്. ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസവും പ്രതിഷേധ മാര്‍ച്ചുകളും റാലികളും നടന്നിരുന്നു. യാതൊരു വിധത്തിലുള്ള അക്രമ സംഭവങ്ങളും അവിടെയുണ്ടായില്ല. ഇന്ന് പ്രതിഷേധിച്ച പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

.@Ram_Guha arretsed by @BlrCityPolice at townhall #CAAProtest pic.twitter.com/XTcbMhSuUa
— Imran Khan (@keypadguerilla) December 19, 2019

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി-എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പുറമെ എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളും തങ്ങളുടെ അതൃപ്തി അറിയിച്ചു. ജെഡി (യു)വും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസമിലെ ഘടകകക്ഷിയായ അസം ഗണ പരിഷത്ത് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ മൂന്നു പാര്‍ട്ടികളും സഭയില്‍ സര്‍ക്കാരിനെ പിന്തുണച്ചവരാണ്. എന്നാല്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്നത് കണ്ടതോടെയാണ് ഇവരൊക്കെ ചുവടു മാറ്റാന്‍ തയാറായത് എന്നാണ് സൂചനകള്‍.

നിയമം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുവിധത്തലും ചെയ്യില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നത്. ടിവി അഭിമുഖങ്ങളിലൊക്കെ പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീങ്ങളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ആവര്‍ത്തിക്കുകയും, പൗരത്വ ഭേദഗതി ബില്‍ പാസാക്കുകയും പിന്നാലെ എന്‍ആര്‍സി നടപ്പാക്കി ഇവിടെയുള്ള 'നുഴഞ്ഞുകയറ്റക്കാരെ' മുഴുവന്‍ പുറത്താക്കുമെന്ന് ഒരുതരം പക നിറഞ്ഞ സ്വരത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ 'അര്‍ബന്‍ നക്‌സലുകള്‍' വഴിതെറ്റിക്കുന്നുവെന്നാണ് മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അക്രമം നടത്തുന്നവരെ അവരുടെ വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് പ്രഖ്യാപിച്ചത് അതിനും രണ്ടു ദിവസം മുമ്പായിരുന്നു. ജാമിയ മിലിയയിലേയും അലിഗഡ് മുസ്ലീം യുണിവേഴ്‌സിറ്റിയിലേയും വിദ്യാര്‍ത്ഥികളെ ക്യാമ്പസിനുള്ളില്‍ കയറി ക്രൂരമായി ആക്രമിക്കാന്‍ മോദിയുടെയും യോഗി ആദിത്യനാഥിന്റെയും സര്‍ക്കാരുകള്‍ മടിച്ചില്ല.

മോദി-ഷാമാര്‍ക്ക് രാജ്യം മുഴുവന്‍ പ്രതിഷേധിക്കുന്നത് മനസിലായിട്ടും അവരിന്നും മിഥ്യാസ്വര്‍ഗത്തിലാണ്. രാജ്യം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും അത് അടിയന്തരാവസ്ഥയിലേക്ക് നയിക്കാനും അവര്‍ മടിക്കില്ല എന്നു കൂടിയാണ് ഇന്ന് രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അക്രമരഹിതമായ സമരത്തിന് ആഹ്വാനം ചെയ്ത ഗാന്ധിജിയുടെ ജീവചരിത്രകാരനായ രാമചന്ദ്ര ഗുഹയെ തന്നെ പോലീസ് വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ഇന്ത്യയിലെ ഓരോ പൗരനുമുള്ള മുന്നറിയിപ്പാണ്. കാശ്മീരില്‍ എന്താണോ നടക്കുന്നത് അത് രാജ്യം മുഴുവന്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഈ സര്‍ക്കാര്‍.

Next Story

Related Stories