TopTop
Begin typing your search above and press return to search.

Editorial | രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബറാക് ഒബാമ പറയുന്നതും ഇന്ത്യന്‍ ജനാധിപത്യവും

Editorial | രാഹുല്‍ ഗാന്ധിയെക്കുറിച്ച് ബറാക് ഒബാമ പറയുന്നതും ഇന്ത്യന്‍ ജനാധിപത്യവും

നേതൃത്വം എന്നത് വളരെ സങ്കീര്‍ണമായ ഒരു വിഷയമാണ്. ഇക്കാര്യത്തില്‍ ടണ്‍കണക്കിന് പുസ്തകങ്ങളും ലക്ഷക്കണക്കിന് കോഴ്‌സുകളും നിരവധി ഫോര്‍മുലകളുമൊക്കെയുണ്ട്. എന്നാല്‍ ഒരു യഥാര്‍ത്ഥ നേതാവിനെ ക്ലാസ്മുറിയില്‍ സൃഷ്ടിച്ചെടുക്കാന്‍ പറ്റില്ല. ഒരു യഥാര്‍ത്ഥ നേതാവ് നിര്‍വചിക്കാന്‍ കഴിയാത്ത നിഗൂഡതകള്‍ സൃഷ്ടിക്കുകയും ഭയപ്പെടുത്തുന്ന വിധത്തിലുള്ള ആഗ്രഹങ്ങളുള്ളയാളും ബുദ്ധിപരമായി ചിന്തിക്കുന്നയാളും ഒക്കെയായിരിക്കാം, പക്ഷേ, അയാള്‍ ഉറക്കത്തില്‍ പോലും തന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളയാളായിരിക്കും.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ടു ഭാഗങ്ങളായുള്ള ആത്മകഥയുടെ ആദ്യഭാഗമായ 'എ പ്രോമിസ്ഡ് ലാന്‍ഡ്' ചൊവ്വാഴ്ച പുറത്തിറങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ സംഭവങ്ങളിലൊന്നായിരിക്കും ഇത്. 65 മില്യണ്‍ ഡോളര്‍ (ഏകദേശം 455 കോടി രൂപ)യാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഒബാമമാരുടെ ആത്മകഥയ്ക്കായി നല്‍കിയത്. ഇതിന്റെ ആദ്യഭാഗം നവംബര്‍ 17-ന് വിപണിയിലെത്തും. പുസ്തകത്തിനുള്ള ആവശ്യക്കാര്‍ വളരെയധികമായതിനാല്‍ തന്നെ 30 ലക്ഷം കോപ്പികള്‍ ഇതിനകം അച്ചടിച്ചു കഴിഞ്ഞു. ഇതില്‍ ജര്‍മനിയില്‍ അച്ചടിച്ച 10 ലക്ഷം കോപ്പികള്‍ മൂന്നു കപ്പലുകളിലെ 112 ഷിപ്പിംഗ് കണ്ടെയ്‌നറുകളായാണ് കയറ്റി അയച്ചത്. 25 ഭാഷകളില്‍ ഒരുമിച്ചാണ് പുസ്തകം പുറത്തിറക്കുന്നത്. ഇതിനൊരു ഇന്ത്യന്‍ എഡീഷന്‍ ഉണ്ടാവുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പരാമര്‍ശം കൊണ്ട് തന്നെ ഇന്ത്യയില്‍ ഇതിനകം തന്നെ പുസ്തകം വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. കോഴ്‌സ് വര്‍ക്ക് നന്നായി ചെയ്ത് അധ്യാപകനെ ആകര്‍ഷിക്കാന്‍ ഉത്സുകനായിരിക്കുമ്പോഴും വിഷയ സമഗ്രതയില്‍ അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി. അത്തരത്തില്‍ പരിഭ്രാന്തമായ, രൂപമില്ലാത്ത ഒരു ഭാവം അദ്ദേഹത്തിനുണ്ടെന്നും ഒബാമ പറയുന്നു. പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരി ചിമാമണ്ട നഗോസി അഡിച്ചി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ റിവ്യൂവിലൂടെയാണ് ഇക്കാര്യം നാം അറിഞ്ഞത്. കടുപ്പക്കാരനും ശക്തനും എന്തിനേയും മറികടക്കാന്‍ കഴിവുള്ള 'ചിക്കാഗോ മെഷീന്‍' തലവന്മാരെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്നെ ഓര്‍മിപ്പിക്കുന്നത് എന്ന് ഒബാമ എഴുതുന്നു. മൂന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നിര്‍വികാരമായ സ്വഭാവദാര്‍ഡ്യമുള്ള ആള്‍ എന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത്. പുസ്തകത്തില്‍ അദ്ദേഹം ഹൃദ്യയായ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന വളരെ കുറച്ച് സ്ത്രീകളില്‍ ഒരാള്‍ സോണിയാ ഗാന്ധിയാണ്.

തന്റെ ആദ്യകാല രാഷ്ട്രീയ ജീവിത്തെ സ്വയം ചോദ്യം ചെയ്യുന്ന വിധത്തില്‍ ഓര്‍ത്തെടുക്കുന്നതാണ് പുസ്തകത്തില്‍ എന്ന് അഡിച്ചി പറയുന്നു. പുസ്തകം അവസാനിക്കുന്നതാകട്ടെ ഒസാമ ബിന്‍ ലാദനെ കണ്ടെത്തി കൊലപ്പെടുത്തുന്ന റെയ്‌ഡോടു കൂടിയാണ്. നരേന്ദ്ര മോദിയെ കുറിച്ച് പുസ്തകത്തില്‍ എന്തെങ്കിലും പരാമര്‍ശിക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല. ഒരു പക്ഷേ കണ്ടേക്കാം.

ഒന്നാം വട്ടം പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമ്പോള്‍ ജനങ്ങളെ സേവിക്കുക എന്നത് അത്രത്തോളമൊന്നുമുണ്ടായിരുന്നില്ല എന്ന് ഒബാമ തുറന്നു പറയുന്നുണ്ട്. തന്റെ അഹന്തയും വിജയികളായ മറ്റു മനുഷ്യരോടുള്ള അസൂയയുമൊക്കെ അതിന് കാരണമായെന്ന് അദ്ദേഹം എഴുതുന്നു. അത്രയേറെ സൂക്ഷ്മതയോടെയുള്ള സത്യസന്ധതയും ആത്മാര്‍ത്ഥയും പക്വതയും ഓരോ സംഭവങ്ങളെയും ആളുകളെയുമൊക്കെക്കുറിച്ചെഴുതുമ്പോള്‍ ഒബാമ പ്രദര്‍ശിപ്പിക്കുന്നു: രാഹുല്‍ ഗാന്ധിയെക്കുറിച്ച് എഴുതുമ്പോഴും അതുണ്ട്.

വിദേശരാജ്യങ്ങളില്‍ അമേരിക്ക നടപ്പാക്കിയ കൂട്ടക്കൊലകളെ തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതടക്കം ഒബാമയുടെ നിരവധി തീരുമാനങ്ങള്‍ക്കെതിരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ തന്നെ, ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ഉയര്‍ന്നു വന്ന ഏറ്റവും മഹത്തായ നേതാക്കളിലൊരാള്‍ എന്ന് ഒബാമയെക്കുറിച്ച് നിസംശയം പറയാം. പിതാവില്ലാതെ വളര്‍ന്ന തന്റെ കുട്ടിക്കാലത്തിന്റെ ദുരിതങ്ങളെ അദ്ദേഹം കുടഞ്ഞുകളഞ്ഞു, വെള്ളക്കാരായ പുരുഷന്മാര്‍ നിറഞ്ഞ അമേരിക്കന്‍ രാഷ്ട്രീയത്തെ കീറിമുറിച്ചു, തന്റെ ഉജ്ജ്വലമായ പ്രസംഗങ്ങള്‍ കൊണ്ട് ലോകത്തെ പ്രഭാപൂരിതമാക്കി, ആഗോള രാഷ്ട്രീയത്തില്‍ ശാശ്വതമായ ഒരു സ്ഥാനം ഉറപ്പിച്ചെടുത്തു.

ഒരു അധിക്ഷേപമെന്നാണമാണ് മോദിയെ പിന്തുണയ്ക്കുന്നവര്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിക്കുന്നത്. എന്നാല്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിലെ പിന്മുറക്കാരനെക്കുറിച്ച് ഒബാമ നടത്തുന്ന സത്യസന്ധമായ വിശകലനം പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ഒരു യഥാര്‍ത്ഥ നേതാവിന് മറ്റൊരു നേതാവിനെ വിലയിരുത്താന്‍ പറ്റും. രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശലലക്ഷ്യങ്ങളേയോ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയേയോ ആരും ചോദ്യം ചെയ്യില്ല. പക്ഷേ തകരുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷം വഹിക്കേണ്ട ഗുണപരമായ പങ്കിനെ ഇല്ലായ്മ ചെയ്യുന്നതാണ് അദ്ദേഹം പുലര്‍ത്തുന്ന സ്ഥിരതയില്ലായ്മയും ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറാനുള്ള ശേഷിക്കുറവും പ്രതിപക്ഷ നേതൃനിരയില്‍ വിശേഷപ്പെട്ട ഒരു സ്ഥാനം അലങ്കരിക്കുന്നതും. അതിനി കോണ്‍ഗ്രസ് പാര്‍ട്ടിയെ മാത്രം ബാധിക്കുന്ന കാര്യവുമല്ല. മോദിക്ക് കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം പരിപൂര്‍ണമായി തകര്‍ക്കപ്പെടുന്ന ഒരവസ്ഥയുണ്ടായാല്‍ അതിന്റെ നല്ലൊരു പങ്ക് കുറ്റപ്പെടുത്തല്‍ വഹിക്കുക രാഹുല്‍ ഗാന്ധിയായിരിക്കും.


Next Story

Related Stories