TopTop
Begin typing your search above and press return to search.

EDITORIAL / ബഹിഷ്‌ക്കരണം അസഹിഷ്ണുതയാണ്; അത് സ്റ്റുഡിയോ ചര്‍ച്ചാ ബഹളത്തെ ജേര്‍ണലിസമായി അവതരിപ്പിക്കുന്ന ചാനലുകളോടായാലും

EDITORIAL / ബഹിഷ്‌ക്കരണം അസഹിഷ്ണുതയാണ്; അത് സ്റ്റുഡിയോ ചര്‍ച്ചാ ബഹളത്തെ ജേര്‍ണലിസമായി അവതരിപ്പിക്കുന്ന ചാനലുകളോടായാലും

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാനുള്ള സിപിഎം തീരുമാനം അസഹിഷ്ണുതയുടെ പുതിയൊരധ്യായം തുറക്കുകയും പുരോഗമന സംസ്ഥാനം എന്നവകാശപ്പെടുന്ന കേരളത്തിന് അഭിമുഖീകരിക്കേണ്ടി വരുന്ന മോശപ്പെട്ട ഒരു കാര്യവുമാണ്. അതുപോലെ തന്നെ, മാധ്യമപ്രവര്‍ത്തനത്തിന് - പ്രത്യേകിച്ച് നമ്മുടെ സ്റ്റുഡിയോ ചര്‍ച്ചകള്‍ക്കും കഴമ്പില്ലാത്ത റിപ്പോര്‍ട്ടിംഗിനും - ഉള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍.

സിപിഎം തീരുമാനത്തെക്കുറിച്ച് ആദ്യം പരിശോധിക്കാം.

പുരോഗമന മൂല്യങ്ങളുടെ സംരക്ഷകരും അതിനൊപ്പം നില്‍ക്കുന്നവരുമെന്നാണ് സിപിഎം അവകാശപ്പെടാറ്. ബഹുസ്വരമായ അഭിപ്രായങ്ങളെ സ്വീകരിക്കുന്നവരും ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്നവരുമാണ് ഈ ഇടത് പാര്‍ട്ടി എന്നാണ് പലരും കരുതുന്നത്. ഭരണത്തിലിരിക്കുന്നവര്‍ പുലര്‍ത്തുന്ന ഫാസിസ്റ്റ് മനോഭാവങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കാന്‍ മടികാണിക്കാത്ത, നിരവധി വിഷയങ്ങളില്‍ ഉറച്ചതും ധാര്‍മികവുമായ നിലപാടുകള്‍ എടുക്കുന്ന അതേ സിപിഎം തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ അസഹിഷ്ണുതയും അക്ഷമയും ആശങ്കജനകമാംവിധത്തില്‍ ചൂണ്ടിക്കാട്ടുന്നത് 'സന്ദേശവാഹകനെ തന്നെ ആക്രമിക്കുക' (Shooting the Messenger) എന്ന പ്രയോഗം സൂചിപ്പിക്കുന്ന നിലയിലേക്ക് കേരളം ഭരിക്കുന്നവര്‍ മാറുന്നു എന്നതാണ്. പൊതുസംവാദങ്ങളും വാദപ്രതിവാദങ്ങളും പൊതുജീവിതത്തിന്റെ ഭാഗമായ, രാഷ്ട്രീയപരമായി ഏറെ സജീവമായ കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം നീക്കങ്ങള്‍ വളരെയധികം ദോഷം ചെയ്യുകയും ചെയ്യും.

ചാനലിലെ 'ന്യൂസ് അവര്‍' എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ തങ്ങളുടെ പ്രതിനിധികളോട് ചാനല്‍ 'പെരുമാറിയ' രീതിയാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. "ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്", എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.‌ എന്നാല്‍ സിപിഎം തങ്ങളുടെ വിശദീകരണത്തില്‍ അടിസ്ഥാനകാര്യത്തെ പൂര്‍ണമായി വെള്ള പൂശുന്നു. അടുത്തിടെ പുറത്തുവന്ന സ്വര്‍ണ കള്ളക്കടത്ത് സംഘത്തിന്റെ വേരുകള്‍ കിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്ന ആരോപണങ്ങള്‍ക്ക്, കേരളം ഭരിക്കുന്ന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയില്‍ നിരവധി കാര്യങ്ങളില്‍ മറുപടി പറയാന്‍ സിപിഎമ്മിന് ബാധ്യതയുണ്ട് എന്നതാണ് അതിലെ പ്രധാന കാര്യം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒപ്പം ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടേയോ ഇനി അതല്ല പ്രധാനമന്ത്രിയുടേയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ വ്യക്തിയാണ് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കണക്കാക്കപ്പെടുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ/ പ്രധാനമന്ത്രിയുടെ കണ്ണും ചെവിയുമായി പ്രവര്‍ത്തിക്കുകയും ആ പദവിയിലുള്ള ആളുടെ പൂര്‍ണ വിശ്വാസവും കൈയാളുന്ന ഒരു ചീഫ് ഓഫ് സ്റ്റാഫിനെ പോലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. ശക്തനായ ഒരു മുഖ്യമന്ത്രിയുടെ മൂക്കിന്‍ തുമ്പിനു താഴെ പ്രവര്‍ത്തിക്കുന്ന ആ വ്യക്തിക്ക് മേല്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും മറുപടി പറയുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നതിനോട് തങ്ങള്‍ക്ക് താത്പര്യമില്ല എന്നതു പോലെയാണ് സിപിഎം പെരുമാറുന്നത്. തങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടെന്ന് പറയുകയും എന്നാല്‍ തങ്ങള്‍ക്ക് നേരെ ഉയരുന്ന ചോദ്യങ്ങളില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടാവണമെന്നും പറയുന്നത് ചേര്‍ന്നു പോകുന്ന നിലപാടല്ല.

സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രാഷ്ട്രീയ വാഗ്മികളും വാദപ്രതിവാദങ്ങള്‍ ഉയര്‍ത്താന്‍ കഴിവുള്ളവരുമുള്ള പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഒരു പ്രധാന കാര്യം അവര്‍ മറന്നുപോകുന്നു. പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ചോദ്യങ്ങള്‍ ഉന്നയിക്കും, സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷത്തായിരുന്നപ്പോള്‍ സിപിഎം ചെയ്തിരുന്നതു പോലെ തന്നെ.

"സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌ മറുപടി പറയേണ്ടത്‌ സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. ‌സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ്‌ സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ്‌ സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌" എന്ന് സിപിഎം പറയുന്നു. തങ്ങള്‍ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ അനുസരിച്ചായിരിക്കണം ഒരു സംവാദം നടക്കേണ്ടതെന്ന പരിതാപകരമായ നിലപാടാണ് ഈ പ്രസ്താവനയിലൂടെ തെളിയുന്നത്. ഈ പ്രസ്താവന പുറത്തുവന്നതിനുശേഷം ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, ന്യൂസ് അവര്‍ അവതരിപ്പിക്കുന്ന വിനു വി ജോണ്‍ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ തോതിലുള്ള ആക്രമണങ്ങളും അരങ്ങേറുന്നുണ്ട്. ഇതേ അവതാരകന്‍ തന്നെയാണ് സോളാര്‍ കേസ് കത്തി നില്‍ക്കുന്ന വേളയില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ കോപത്തിന് ഇരയായതെന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പലവിധമായ ആക്രമണങ്ങളിലൂടെ വാര്‍ത്താ മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും തളര്‍ത്താനും അവരുടെ വിശ്വാസ്യത ഇല്ലാതാക്കാനും അധികാരത്തിലിരിക്കുന്നവരും ശക്തരായവരുമൊക്കെ എന്നും ശ്രമിക്കാറുണ്ട്. സത്യത്തെ മുഖാമുഖം കാണാന്‍ ശേഷിയില്ലാത്തവരും തങ്ങള്‍ നേരിടേണ്ട വാസ്തവങ്ങളെ അഭിമുഖീകരിക്കാന്‍ മടികാണിക്കുന്നവരുമായ ഭീരുക്കളുടെ അവസാന കച്ചിത്തുരുമ്പാണ് മാധ്യമങ്ങളെ പ്രതിക്കൂട്ടിലാക്കുക എന്നത്.

ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനം

സിപിഎം ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള അഭികാമ്യമല്ലാത്ത നിലപാട് മറ്റൊരു കാര്യം കൂടി വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. മലയാളത്തില്‍ ഉള്‍പ്പെടെ ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംസ്‌കാരമാണ് അത്. യാതൊരു കഴമ്പുമില്ലെങ്കിലും ആവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്യുന്ന 'ബ്രേക്കിംഗ് ന്യൂസു'കള്‍, ഇതിനെയൊക്കെ ചുറ്റിപ്പറ്റിയുള്ള വന്‍ കോലാഹലം, ഇതെല്ലാം ചേര്‍ന്ന് അവതാരകനില്‍ കേന്ദ്രീകരിച്ചുള്ള സ്റ്റുഡിയോ ചര്‍ച്ചകള്‍.. ഇതാണ് ഇന്ന് ഇന്ത്യന്‍ ചാനലുകള്‍ ഏറ്റവും എളുപ്പമുള്ള വഴിയെന്ന നിലയില്‍ അനുവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തനം. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തന മേഖലയിലെ ഏറ്റവും തരംതാണതും നിരുത്തരവാദപരവുമായ മാതൃകയാണ് ഇത്.

ഇങ്ങനെയൊരു മാതൃകയെ പിന്‍പറ്റുന്നതു കൊണ്ടാണ് സ്വപ്ന സുരേഷ് കയറിയ കാറിനെ ചേസ് ചെയ്യേണ്ടി വരുന്നതും വന്‍ തോതിലുള്ള ഒരു സാമ്പത്തിക കുറ്റകൃത്യ കേസില്‍, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരു വനിതയെ ചുറ്റിപ്പറ്റി മാത്രം 'കഥകള്‍' സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. ഇതിനൊപ്പമാണ്, 'ഹൈ പ്രൊഫൈല്‍' അവതാരകര്‍ നയിക്കുന്ന പൊള്ളയായ സ്റ്റുഡിയോ ചര്‍ച്ചകളായി ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനം മാറുന്നതും. കൃത്രിമവും അയഥാര്‍ത്ഥവുമായ സംഘര്‍ഷം സ്റ്റുഡിയോയ്ക്കുള്ളില്‍ സൃഷ്ടിക്കുകയാണ് ഈ അവതാരകര്‍ ചെയ്യാറ്. അതാണ് തന്റെ വിജയത്തിലേക്കുള്ള പടിയെന്ന് അവര്‍ കരുതുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ പ്രകോപിതരാക്കാനായി വ്യക്തിപരമായിത്തന്നെ അധിക്ഷേപങ്ങള്‍ ഉന്നയിക്കുക, അങ്ങേയറ്റം വര്‍ഗീയവും പിന്തിരിപ്പനുമാണെങ്കില്‍ പോലും പക്ഷപാതരഹിതമെന്ന തോന്നലുണ്ടാക്കാനായി ഓരോ വിഷയത്തിലേയും പല അഭിപ്രായങ്ങള്‍ക്കും ഇടംകൊടുക്കുക, ഇതിനൊക്കെ മുകളില്‍ സ്വയം ഒരു ധാര്‍മിക നിലപാടില്‍ പ്രതിഷ്ഠിക്കുക... ഇതാണ് ഇന്ത്യന്‍ ചാനല്‍ സ്റ്റുഡിയോകളില്‍ ഇപ്പോള്‍ നടന്നുവരുന്നത്.

ദ്വന്ദ (Binaries)ങ്ങള്‍ മാത്രമാണ് ചാനല്‍ അവതാരകര്‍ പിന്തുടരുന്നത്. രാഷ്ട്രീയവും സാമുദായികവുമൊക്കെയായ വിഷയങ്ങളില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ് അതിന് ആദ്യം ചെയ്യുക. പിന്നാലെ കൃത്രിമമായ സംഘര്‍ഷം സൃഷ്ടിക്കുകയും ഉന്നതങ്ങളിലുള്ളവരെ ചോദ്യം ചെയ്യുന്നു എന്നൊരു പ്രതീതി ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ അധികാര സ്ഥാനങ്ങളിലുള്ളവരെ അക്കൗണ്ടബിള്‍ ആക്കുകയാണ് എന്ന തോന്നല്‍ വരുന്നതോടെ കാഴ്ചക്കാരെയും അത് തൃപ്തിപ്പെടുത്തും. അടുത്ത ദിവസം അവതാരകന്‍ പുതിയൊരു കൂട്ടം 'വിദഗ്ധധരു'മായി തിരിച്ചെത്തുകയും സമാനമായ വിധത്തില്‍ സ്റ്റുഡിയോ നാടകങ്ങള്‍ അരങ്ങേറുകയും കാഴ്ചക്കാരെ അത് തൃപ്തിപ്പെടുത്തുകയും ചെയ്യും.

ടി.വി സ്റ്റുഡിയോയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം കൃത്രിമ സംഘര്‍ഷങ്ങള്‍ പരിതാപകരമായ മാധ്യമ പ്രവര്‍ത്തനമാണ്. അത് ഒരു ഇന്‍സ്റ്റിറ്റ്യൂഷനെയും മെച്ചപ്പെടുത്താന്‍ സഹായിക്കില്ല. ആരേയും അക്കൗണ്ടബിള്‍ ആക്കാന്‍ ഉപകരിക്കില്ല. തെളിവുകളും ഡാറ്റകളും ഒക്കെ ഉള്‍പ്പെടുത്തി കണിശമായി ചെയ്യുന്ന റിപ്പോര്‍ട്ടിംഗിനെയോ സെന്‍സേഷണലായ വിഷയങ്ങളില്‍ പുറത്തു കൊണ്ടുവരുന്ന വെളിപ്പെടുത്തലുകളെയോ സഹായിക്കില്ല.

സിപിഎം അതിന്റെ ജനാധിപത്യപരമായ വേരുകളിലേക്ക് തിരിച്ചു വരേണ്ടതുണ്ട്. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനം മാധ്യമ പ്രവര്‍ത്തനത്തിലേക്കും മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ കാര്യങ്ങളിലൊക്കെ പുന:പരിശോധിക്കാനുള്ള ഒരു അവസരം കൂടിയാണ് നിലവിലെ സംഭവവികാസങ്ങള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമ മേഖലയ്ക്കും പൊതുവായും.


Next Story

Related Stories