TopTop
Begin typing your search above and press return to search.

പൊതുമുതല്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ മോഷ്ടാക്കളായിരിക്കുന്നു, ചീഞ്ഞുനാറുകയാണ് കേരള പോലീസ്

പൊതുമുതല്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ മോഷ്ടാക്കളായിരിക്കുന്നു, ചീഞ്ഞുനാറുകയാണ് കേരള പോലീസ്

എഡിറ്റോറിയല്‍

ഒരിടവേളയ്ക്ക് ശേഷം മറ്റൊരു സി എ ജി റിപ്പോര്‍ട്ട് കൂടി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്നു. പാമോയില്‍, ലാവലിന്‍ അഴിമതി ആരോപണങ്ങളാണ് നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങളാകുകയും മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും നിയമക്കുരുക്കില്‍ അകപ്പെടുത്തുകയും ചെയ്തത്. പോലീസ് മേധാവിയെന്ന് പേരെടുത്ത് പറഞ്ഞുകൊണ്ടു അക്കൗണ്ടന്റ് ജനറൽ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനം സംസ്ഥാന ചരിത്രത്തില്‍ അത്യപൂര്‍വ്വമായി സംഭവിച്ച ഒന്നാണ്. പോലീസ് വകുപ്പില്‍ സി എ ജി കണ്ടെത്തിയ ക്രമക്കേടുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും ഗൌരവതരവുമാണ്. കാരണം ഇത്തരം ക്രമക്കേടുകള്‍ തടയാനും പൊതുമുതല്‍ സംരക്ഷിക്കാനും ചുമതലപ്പെട്ടവരാണ് ആരോപണത്തിന് വിധേയമായിരിക്കുന്നത് എന്നാണ്. ഡിജിപിയുടെ പ്രവര്‍ത്തനത്തിലും പോലീസ് വകുപ്പിന്റെ പ്രവര്‍ത്തനത്തിലും ഗുരുതരമായ കണ്ടത്തലുകകളാണ് സി എ ജി നടത്തിയിരിക്കുന്നത്. ഇതില്‍ മുഖ്യമായത് ആയുധങ്ങള്‍ കാണാനില്ലാതെന്നതും ഇക്കാര്യം കണ്ടെത്തിയതിന് ശേഷം ഡമ്മി വെടിയുണ്ടകള്‍ വെച്ചു മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നുള്ളതുമാണ്. സംസ്ഥാന പൊലീസിന്റെ 25 റൈഫിളുകളും 12,061 വെടിയുണ്ടകളും കാണാതായെന്നാണ് സിഎജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സ്പെഷ്യല്‍ ആംഡ് പൊലീസ് ബറ്റാലിയനിലുണ്ടായിരുന്ന 5.56 ഇന്‍സാസ് വിഭാഗത്തിലുണ്ടായിരുന്ന റൈഫിളുകളാണ് കാണാതായത്. ഇതിന് പുറമെ ഒമ്പത് എംഎം ഡ്രില്‍ വിഭാഗത്തില്‍ പെട്ട 12311 വെടിയുണ്ടകളും കാണാതായി. ഇക്കാര്യം അറിഞ്ഞിതിന് ശേഷം തിരകളുടെ കുറവ് നികത്താന്‍ കൃത്രിമത്വം കാണിച്ചുവെന്നതാണ് മറ്റൊരു കണ്ടെത്തൽ. കാണാതായവയ്ക്ക് പകരം ഡമ്മികള്‍ സൂക്ഷിച്ചുവെച്ചുവെന്നും സിഎജി റിപ്പോര്‍ട്ട് കണ്ടെത്തുന്നു. 2018 ഒക്ടോബര്‍ 16 നാണ് സിഎജി തിരുവനന്തപുരത്തെ സ്‌പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍ പരിശോധന നടത്തുന്നത്. എസ് എ പി അസി. കമാന്ററുമായുള്ള സംയുക്ത പരിശോധനയിലാണ് ആയുധങ്ങള്‍ നഷ്ടപ്പെട്ട കാര്യം കണ്ടെത്തുന്നത്. ഇതിന് മുമ്പ് തന്നെ സ്‌പെഷല്‍ ആംഡ് ബറ്റാലിയനിലെ സ്റ്റോക്ക് റജിസ്റ്ററില്‍ ക്രമക്കേട് സിഎജി കണ്ടെത്തിയിരുന്നു. ഒരു വിശദീകരണവും നല്‍കാതെ റജിസ്റ്ററില്‍ ഒട്ടേറെ തിരുത്തലുകളും മാറ്റങ്ങളും വരുത്തിയതായാണ് സി എ ജി കണ്ടെത്തിയത്. . തിരുത്തലുകൾ നടത്തിയത് ആരാണെന്നത് സംബന്ധിച്ച് പോലും രേഖപ്പെടുത്തിയിരുന്നില്ല. രണ്ടാമത്തേത് ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനുള്ള 2.8 കോടി രൂപ വക മാറ്റി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിയുന്നതിന് ഉപയോഗിച്ച് എന്നതാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങിയതിനെയും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതരമായ കണ്ടെത്തലുകള്‍ക്ക് പിന്നാലെ സ്വകാര്യസ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് തയാറാക്കിയ സിംസ് പദ്ധതിയിലും ക്രമക്കേടുകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. പദ്ധതിയുടെ നടത്തിപ്പ് ചുമതല പോലീസിനാണെങ്കിലും സാങ്കേതിക പങ്കാളിത്തം ഗാലക്‌സണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ കമ്പനിക്കാണ്. സിംസിനെതിരെയുള്ള അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്നും പദ്ധതിയുടെ നിയന്ത്രണവും ചുമതലയും കെല്‍ട്രോണിനാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. സ്വകാര്യസുരക്ഷയ്ക്കായി നടപ്പാക്കുന്ന സിംസ് പദ്ധതിയുടെ ചുമതല കെല്‍ട്രോണും പോലീസും ചേര്‍ന്ന് നടപ്പാക്കുന്നുവെന്നാണ് ഡി.ജി.പി ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന പോലീസും കെൽട്രോണും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്നാണ് സിഎജി ആരോപിച്ചത്. എല്ലാ ആരോപണങ്ങളും നീളുന്നത് ഡിജിപി ലോകനാഥ് ബഹറയിലേക്കാണ്. എന്നാല്‍ ആരോപണത്തെ കുറിച്ച് വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ട ലംഘനമാകും എന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നുമാണ് പോലീസ് മേധാവിയുടെ നിലപാട്. അതേസമയം സി എ ജി റിപ്പോര്‍ട്ട് സാധാരണയുള്ള നടപടിക്രമങ്ങള്‍ പാലിച്ച് പരിശോധിക്കും എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ സി എ ജി റിപ്പോര്‍ട്ട് ചര്ച്ച ചെയ്യുകയുണ്ടായില്ല. അതേസമയം സി എ ജി റിപ്പോര്‍ട്ടിലെ മുഖ്യ ആരോപണമായ വെടിയുണ്ടകള്‍ കാണാതായ സംഭവം മുന്‍സര്‍ക്കാരുകളുടെ കാലത്ത് സംഭവിച്ചതാണ് എന്ന പ്രചരണത്തിന് പ്രാമുഖ്യം കൊടുക്കാനാണ് സി പി എം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്. വിവാദം അവഗണിച്ചു മുന്നോട്ട് പോവാനും പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ക്ക് വീണു കിട്ടിയ ആയുധമായി സി എ ജി റിപ്പോര്‍ട്ടിനെ കണ്ട് വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണം നടത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. വെടിയുണ്ടകളും തോക്കും കാണാതായ സംഭവം എന്‍ ഐ എ അന്വേഷിക്കണം എന്നും ദേശ സുരക്ഷയുടെ പ്രശ്നമാണ് ഇതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചത്. ഭീകര പ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്നന്വേഷിക്കണം എന്നു കേന്ദ്ര മന്ത്രി വി മുരളീധരനും പറഞ്ഞു കഴിഞ്ഞു. സിഎജി റിപ്പോർട്ടിൽ കാണാനില്ലെന്ന് സൂചിപ്പിച്ച സായുധ സേനാ ക്യാപിലെ 25 ആത്യാധുനിക തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. വിഷയം ക്രൈം ബ്രാഞ്ച് പരിശോധിച്ചതാണ്. ഐഎൻഎസ് എഎസ് വിഭാഗത്തിൽ പെട്ട ആയുധങ്ങളുടെ എണ്ണം ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പാക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. എന്തായാലും ക്രമക്കേടുകള്‍ സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോവാന്‍ സര്‍ക്കാരിന് സാധിക്കില്ല. സ്വാഭാവിക നടപടിക്രമമെന്ന നിലയില്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ എടുത്ത നടപടിയടക്കമുള്ള റിപ്പോര്‍ട്ട് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റിക്ക് നല്‍കണം. പി എ സി റിപ്പോര്‍ട്ട് പരിശോധിച്ചു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും വിശദീകരണം തെടൂകായാണ് പതിവ്. എന്നാല്‍ സാര്‍ക്കാരുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ റിപ്പോര്‍ട്ടുകളും വിശദീകരണവും വൈകിപ്പിക്കുന്നതാണ് പൊതുരീതി. സുരക്ഷ ഭീഷണി ഉണ്ടാക്കുന്ന സംഗതികളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് അതിവേഗം അന്വേഷിച്ച് നടപടിയെടുക്കണമെന്നുമുള്ള സി എ ജിയുടെ ആവശ്യം എത്രയും വേഗം സര്‍ക്കാര്‍ നടപ്പിലാക്കണം. സി എ ജി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള ഇടതുമുന്നണിക്ക് ഈ കാര്യത്തില്‍ രാഷ്ട്രീയ ബാധ്യതയുണ്ട്. ഒപ്പം അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ പൊതുസമൂഹത്തിന് ബോധ്യമാകുന്ന വിശദീകരണം നല്‍കാനുള്ള ഉത്തരവാദിത്തവുമുണ്ട്. പൊതുമുതല്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ മോഷ്ടാക്കളായിരിക്കുന്നു എന്നതാണ് ഡിജിപിക്കും പോലീസ് വകുപ്പിനും ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ ഗൌരവമുള്ളതാക്കുന്നത്. അതോടൊപ്പം എത്ര നിരുത്തരവാദ പരമായാണ് പോലീസ് വകുപ്പ് ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് സി എ ജി റിപ്പോര്‍ട്ട് നല്‍കുന്നത്. അതുകൊണ്ട് തന്നെ ക്രമക്കേടിന് ഉത്തരവാദികളായവര്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പൊതുസമൂഹത്തിന്റെ കടമയും ജാഗ്രതയും.

Next Story

Related Stories