TopTop
Begin typing your search above and press return to search.

തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് മോദി ഭരണം നന്നാകുമോ? കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയും ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലവും

തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് മോദി ഭരണം നന്നാകുമോ? കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയും ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലവും

എഡിറ്റോറിയല്‍

നരേന്ദ്ര മോദി തന്റെ മന്ത്രിസഭ അഴിച്ചുപണിയാന്‍ ഉദ്ദേശിക്കുന്നു എന്ന വാര്‍ത്തകളാണ് ദേശീയ തലസ്ഥാനത്തെ ഇപ്പോഴുള്ള പ്രധാന ചര്‍ച്ചകളിലൊന്ന്. ആറു വര്‍ഷത്തിനടുത്തായി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലുണ്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഭരണമികവ് ഉണ്ടാക്കാന്‍ ഒന്നാം മോദി മന്ത്രിസഭയ്‌ക്കോ രണ്ടാംവട്ടം അധികാരത്തിലെത്തി ഏഴു മാസം കഴിയുമ്പോഴോ സാധിച്ചിട്ടില്ല. മറിച്ച് ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. മന്ത്രിസഭ അഴിച്ചുപണിത് പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി-അമിത് ഷാമാര്‍ എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഇത് ഈ ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തുകൊണ്ട് മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാതിരിക്കണം എന്ന് വിശദീകരിക്കാന്‍ തന്റെ മന്ത്രിസഭാംഗങ്ങള്‍ക്ക് അവസരം നല്‍കുകയാണ് മോദി ഈ ദിവസങ്ങളില്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതനുസരിച്ച് ചിലര്‍ക്ക് ജോലി നഷ്ടപ്പെടും. ചില ചെറുപ്പക്കാരായ എംപിമാര്‍ പുതുതായി മന്ത്രിസഭയിലെത്തും. ചിലരുടെ വകുപ്പുകള്‍ തമ്മില്‍ വച്ചുമാറും. ഇതില്‍ പ്രധാനം ധനമന്ത്രി നിര്‍മല സീതാരാമന് എന്തു സംഭവിക്കും എന്നതു തന്നെയാണ്.

ഈ വര്‍ഷം മെയ് 30-ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു തന്നെ ഒന്നാം മന്ത്രിസഭയില്‍ നിന്ന് ചില പ്രധാന അഴിച്ചുപണികള്‍ നടത്തിക്കൊണ്ടാണ്. അങ്ങനെയാണ് അമിത് ഷാ ആഭ്യന്തര മന്ത്രിയാകുന്നതും മുന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുന്നതും. നിര്‍മല സീതാരാമന്‍ ധനമന്ത്രിയായപ്പോള്‍, അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ഈ വകുപ്പ് ഭരിച്ചിരുന്ന പീയൂഷ് ഗോയലിനെ റെയില്‍വേയിലേക്ക് ഒതുക്കി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും പിന്നാലെ അന്തരിക്കുകയും ചെയ്ത സുഷമ സ്വരാജിനു പകരം മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ എസ്. ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി. ചില വകുപ്പുകള്‍ ഏകോപിപ്പിച്ചും പുന:സംഘടിപ്പിച്ചും മോദി സര്‍ക്കാര്‍ ചില സുപ്രധാനമായ സൂചനകള്‍ പുറത്തുവിടുകയും ചെയ്തു. ആദ്യ അഞ്ചു വര്‍ഷം ഭരണത്തിലേറി കാര്യങ്ങള്‍ ഒന്ന് ചിട്ടയാക്കുകയും അടുത്ത അഞ്ചു വര്‍ഷം മികച്ച ഭരണത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നുമായിരുന്നു അത്.

എന്നാല്‍ സംഭവിച്ചതോ? ഭരണമികവ് ഉണ്ടായില്ല എന്നു മാത്രമല്ല, ഇന്ത്യയെ മുച്ചൂടും മുടിക്കുന്ന വിധത്തിലുള്ള നയപരിപാടികളാണ് കഴിഞ്ഞ ഏഴു മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയത്. സാമ്പത്തിക രംഗം കുളം തോണ്ടി. ഇപ്പോള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നാലു ശതമാനമാണ്. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും മുകളില്‍. എല്ലാ മേഖലകളിലും മാന്ദ്യം അനുഭവപ്പെടുന്നു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടുന്നു. വിലക്കയറ്റം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. രൂപയുടെ മൂല്യം തകരുകയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കുകയും ചെയ്യുന്നു. കയറ്റുമതി മേഖല വന്‍ പ്രതിസന്ധിയെ നേരിടുകയും ഇന്ത്യയുടെ ധനക്കമ്മി ക്രമാതീതമായി വര്‍ദ്ധിച്ച് 7.2 ട്രില്യണ്‍ രൂപയിലെത്തിയിരിക്കുന്നു. 2022-നുള്ളില്‍ അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന് മോദി കഴിഞ്ഞ ദിവസം കൂടി പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതാണ് രാജ്യത്തെ നിലവിലെ അവസ്ഥ.

അതിനു പുറമെയാണ് സാമൂഹിക മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുത്തലാഖ് പോലുള്ള ബില്ലുകള്‍ കൊണ്ടുവന്ന് മുസ്ലീം സ്ത്രീകളെ 'സംരക്ഷിക്കാനാ'ണ് തീരുമാനിച്ചതെങ്കില്‍ ഇത്തവണ ഇന്ത്യയിലെ ഏക മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളയുകയും അതിനെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ജമ്മു-കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് നീക്കം ചെയ്യുകയും 83 വയസുള്ള മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും അടക്കമുള്ള മുന്‍ നിര രാഷ്ട്രീയ നേതാക്കളെല്ലാം തടവിലാക്കുകയും ചെയ്തു. 140 ദിവസമായി ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തിവച്ചിരിക്കുന്നു. പൗരസ്വാതന്ത്ര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഒരു നാടിനെ മുഴുവന്‍ സൈന്യത്തിന്റെ ദയയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നു. എല്ലാം ശാന്തമാണെന്നാണ് മോദിയും അമിത് ഷായും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനു പിന്നാലെ അയോധ്യ-ബാബറി മസ്ജിദ് കേസില്‍ വിധി വന്നു. കനത്ത സുരക്ഷയൊരുക്കിയും സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചും സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുമെടുത്തു. ബാബറി മസ്ജിദ് നിന്നയിടം രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കാന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കുന്നത്. അമിത് ഷായും മുതിര്‍ന്ന മന്ത്രിമാരും ഇതിനു പിന്നാലെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്നും മുഴുവന്‍ 'നുഴഞ്ഞുകയറ്റക്കാരെ'യും പുറത്താക്കുമെന്നും എന്നാല്‍ മുസ്ലീങ്ങള്‍ ഒഴിച്ചുള്ള 'അഭയാര്‍തഥികള്‍'ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും നിരന്തരം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളും യുവാക്കളും സിവില്‍ സൊസൈറ്റിയും മുസ്ലീം സമുദായവും തെരുവിലിറങ്ങി. യുപിയില്‍ 16 പേരും അസമില്‍ അഞ്ചു പേരും കര്‍ണാടകത്തില്‍ രണ്ടു പേരും കൊല്ലപ്പെട്ടു. യുപിയില്‍ നടക്കുന്നത് നരനായാട്ടാണ്. മുസ്ലീം ചെറുപ്പക്കാരെ മുഴുവന്‍ പിടിച്ചു കൊണ്ടുപോവുകയും അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്യുന്നു. ഹിന്ദുത്വ ഗ്രൂപ്പുകളും പോലീസും ഒരുമിച്ച് പ്രതിഷേധക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുന്നു. രാജ്യം മറ്റൊരു രീതിയില്‍ സാമുദായികമായി വീണ്ടും വിഭജിക്കപ്പെടുകയും ധ്രുവീകരണം ശക്തമാവുകയയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്നതായിരുന്നു മോദിയുടെ രാംലീല പ്രസംഗം. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാനോ അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്താണ് എന്നത് പരിഗണിക്കാന്‍ പോലുമോ അദ്ദേഹം തയാറായില്ല എന്നു മാത്രമല്ല, പ്രതിഷേധിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെയും മറ്റും 'അര്‍ബന്‍ നക്‌സലു'കള്‍ എന്ന് അവമതിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടയില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് കമാന്ന് മിണ്ടിയില്ല. എന്‍ആര്‍സിയെ കുറിച്ച് തന്റെ സര്‍ക്കാര്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് ജനങ്ങളുടെ മുഖത്ത് നോക്കി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു.

ഇന്നലെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. സംസ്ഥാനം രൂപീകരിച്ച 2000-ത്തിനു ശേഷം ആദ്യമായി അഞ്ചുവര്‍ഷം തികച്ചു ഭരിച്ചയാളാണ് ബിജെപി നേതാവ് രഘുബര്‍ ദാസ്. ജനസംഖ്യയില്‍ 26 ശതമാനം ആദിവസികളുള്ള സംസ്ഥാനത്ത് ആദിവാസിയല്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കിയ അമിത് ഷായുടെ പരീക്ഷണം. ഫലം വന്നപ്പോള്‍ ബിജെപിക്ക് 25 സീറ്റ്- കഴിഞ്ഞ തവണത്തേക്കാള്‍ 12 സീറ്റുകളുടെ കുറവ്. സഖ്യത്തില്‍ മത്സരിച്ച ഹേമന്ദ് സോറന്റെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്ക് 30 സീറ്റും കോണ്‍ഗ്രസിന് 16 സീറ്റും ആര്‍ജെഡിക്ക് ഒരു സീറ്റുമായി 47 സീറ്റോടെ അവര്‍ ഭരണം പിടിച്ചു. ഇനി ആരാണ് ഝാര്‍ഖണ്ഡില്‍ പ്രചരണം നയിച്ചത്? മോദിയും അമിത് ഷായും മുഴുവന്‍ ഘട്ട തെരഞ്ഞെടുപ്പിലും ഝാര്‍ഖണ്ഡിലുടനീളം പ്രസംഗിച്ചു. അതില്‍ പ്രധാനം ജമ്മു-കാശ്മീരിന്റെ 370-ാം വകുപ്പ് എടുത്തു കളഞ്ഞതും രാമക്ഷേത്ര നിര്‍മാണവും അവസാന രണ്ട് ഘട്ടങ്ങളില്‍ പൗരത്വ ഭേദഗതി നിയമവുമായിരുന്നു. ഈ സമയത്താണ് മോദി തന്റെ കുപ്രസിദ്ധമായ ആ പ്രസ്താവനയും നടത്തിയത്. രാജ്യം മുള്‍മുനയില്‍ നില്‍ക്കുന്ന സമയത്ത് മോദി പ്രസംഗിച്ചത് 'തീകൊളുത്തുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ നിന്ന് തിരിച്ചറിയാം' എന്നായിരുന്നു.

എന്നാല്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം ഇതിനു പിന്നാലെ പോയില്ല. അവര്‍ തൊഴിലില്ലായ്മ, അഴിമതി, പട്ടിണി തുടങ്ങി ഝാര്‍ഖണ്ഡിലെ സാധാരണ മനുഷ്യര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. ജല്‍-ജംഗല്‍-സമീന്‍ (ജലം-വനം-ഭൂമി) എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അവിടെ പ്രചരണം നടത്തി. " നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ വലിയൊരു രാമക്ഷേത്രമുയരും" എന്ന് പ്രസംഗിച്ച അമിത് ഷായ്ക്കുള്ള മറുപടിയായി ഹേമന്ദ് സോറന്‍ പറഞ്ഞത് ഇങ്ങനെയാണ്: "പട്ടിണി കിടക്കുന്ന ഓരോ മനുഷ്യനും എനിക്ക് രാമനാണ്. അവരുടെ വയറാണ് എനിക്ക് ക്ഷേത്രം. അവരുടെ വിശപ്പ് മാറ്റുന്നതാണ് എനിക്ക് രാമക്ഷേത്ര നിര്‍മാണം" . മോദി-ഷാമാരുടെ വായാടിത്തത്തേക്കാള്‍ ജനങ്ങള്‍ വിശ്വസിച്ചത് അവരുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള സോറന്റെ വാക്കുകളാണ്.

ഝാര്‍ഖണ്ഡ് കൂടി നഷ്ടപ്പെട്ടതോടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട അഞ്ചാമത്തെ സംസ്ഥാനമായി അത് മാറി. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, എന്നിവയ്ക്ക് പിന്നാലെയാണ് അപ്രതീക്ഷിതമായി മഹാരാഷ്ട്രയിലും ബിജെപിക്ക് പുറത്തിരിക്കേണ്ടി വന്നത്. ഹരിയാനയില്‍ കഷ്ടിച്ച് ഭരണം നിലനിര്‍ത്തുന്നു എന്നു മാത്രമേയുള്ളൂ. ഈ സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രയിലും തെലങ്കാനയിലും ബിജെപിക്ക് കാര്യമായ മെച്ചമൊന്നും ഉണ്ടായതുമില്ല. ബിഹാറില്‍ നിതീഷ് കുമാറിന്റെ സഖ്യകക്ഷിയായാണ് ഭരണം. യുപി മാത്രമാണ് ബിജെപി നിലനിര്‍ത്തിയിരിക്കുന്ന ഹിന്ദി ഹൃദയഭൂമി. പ്രധാന ഹിന്ദി സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന സമയത്ത് രാജ്യത്തിന്റെ ഭൂവിഭാഗത്തിന്റെ 71 ശതമാനം ഭരിച്ചിരുന്നത് ബിജെപിയായിരുന്നു എങ്കില്‍ ഇന്നത് 35 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഇതില്‍ പ്രധാനമായും എടുത്തു പറയേണ്ട ഒരു കാര്യം എങ്ങനെയാണ് മുന്നണി സംവിധാനത്തെ ബിജെപി തകിടം മറിച്ചത് എന്നാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന എജെഎസ്‌യു ഒറ്റയ്ക്ക് മത്സരിച്ചത്. മഹാരാഷ്ട്രയില്‍ 30 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചാണ് ശിവസേന എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത്. എന്‍ആര്‍സിയെ എതിര്‍ക്കുന്നവരില്‍ ബിജെപി സഖ്യകക്ഷികളായ ശിരോമണി അകാലിദളും നിതീഷ് കുമാറിന്റെ ജെഡി(യു)വും ഉണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ടു ചെയ്ത നവീന്‍ പട്‌നായിക്കും ജഗന്‍മോഹന്‍ റെഡ്ഡിയും തങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു.

ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും രണ്ടായി തിരിഞ്ഞു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് ചുറ്റുമുള്ള പരിവേഷത്തിന്റെ മികവില്‍ ബിജെപി ഇനിയും തെരഞ്ഞെടുപ്പുകള്‍ ജയിച്ചേക്കാം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോദി-ഷാ സഖ്യത്തിന്റെ പ്രൊപ്പഗണ്ടകള്‍ ഒന്നും ഏശുന്നില്ല എന്നാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകള്‍ ഒക്കെ പ്രതിഫലിപ്പിക്കുന്നത്. സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാനും ബിജെപി തയാറല്ല. എങ്ങനെയാണ് വാജ്‌പേയി-അദ്വാനി കാലത്തു നിന്നും മോദി-ഷാ കാലത്തിലെത്തിയപ്പോള്‍ ബിജെപി കൂടുതല്‍

കേന്ദ്രീകൃത പാര്‍ട്ടിയായത്

എന്ന് ഞങ്ങള്‍ മുമ്പ് വിശദമായി

എഴുതിയിട്ടുണ്ട്.

അപ്പോള്‍ ചോദ്യമിതാണ്. തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് മോദി സര്‍ക്കാരിന് ജനവിശ്വസം തിരിച്ചു പിടിക്കാന്‍ സാധിക്കുമോ? പുതിയ മന്ത്രിമാരെ നിയമിച്ചതു കൊണ്ടോ വകുപ്പു മാറ്റിയതു കൊണ്ടോ ഒന്നും സംഭവിക്കില്ല. മോദി മന്ത്രിസഭ നേരിടുന്ന അടിസ്ഥാന പ്രശ്‌നം മോദിയും അമിത് ഷായുമാണ്, അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയധാരയും അവരുടെ പ്രവര്‍ത്തന രീതീകളുമാണ്. അതു മാറിയില്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ബിജെപി തൂത്തെറിയപ്പെടുന്ന കാലം വിദൂരമല്ല.


Next Story

Related Stories