TopTop
Begin typing your search above and press return to search.

വയനാട്ടിലെ ചായക്കടകളില്‍ പഴംപൊരിയും ചായയും ഇനിയും ഉണ്ടാകും; പക്ഷേ, ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കുക അത്ര എളുപ്പമുള്ള പണിയല്ല

വയനാട്ടിലെ ചായക്കടകളില്‍ പഴംപൊരിയും ചായയും ഇനിയും ഉണ്ടാകും; പക്ഷേ, ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കുക അത്ര എളുപ്പമുള്ള പണിയല്ല

എഡിറ്റോറിയല്‍

കോണ്‍ഗ്രസ് അതിന്റെ 135-ാം സ്ഥാപിക വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. അല്‍പ്പം മുമ്പ് ആ പാര്‍ട്ടിയുടെ 'ഇടക്കാല' പ്രസിഡന്റ് സോണിയാ ഗാന്ധി പാര്‍ട്ടി ആസ്ഥാനത്ത് പതാകയുയര്‍ത്തി. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസമില്‍ നടക്കുന്ന റാലിയില്‍ ഇന്ന് പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക യുപിയുടെ തലസ്ഥാനമായ ലക്‌നൗവിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നു.

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച ആ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രമായി മാറാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചപ്പോള്‍ ഒരു മതേതര ജനാധിപത്യ രാജ്യമായി തന്നെ നിലനില്‍ക്കാനും മത, ജാതി, വംശ, ഭാഷാ, ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാ ജനങ്ങള്‍ക്കും തുല്യമായ അവകാശം നല്‍കുന്ന ഭരണഘടനയില്‍ അധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കായി ഈ രാജ്യത്തെ പ്രഖ്യാപിക്കാനും മുന്നില്‍ നിന്നതും നടപ്പാക്കിയതും കോണ്‍ഗ്രസാണ്. നെഹ്‌റുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ നയരൂപീകരണങ്ങള്‍ ഇന്ത്യയെ ആധുനിക സമൂഹമായി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രണ്ടാമത്തെ രാജ്യത്തെ ജനാധിപത്യം തകരാതെ നീണ്ട ഏഴു ദശകങ്ങള്‍ മുന്നില്‍ നിന്ന് നയിച്ച പാര്‍ട്ടിയുമാണ്‌ കോണ്‍ഗ്രസ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നയിച്ച, ഇന്ത്യന്‍ ജനാധിപത്യത്തെ കൈപിടിച്ചു നടത്തിയ പാര്‍ട്ടി.

ഇതൊക്കെ പറയുമ്പോള്‍ തന്നെ ഓര്‍ക്കേണ്ട കാര്യങ്ങളാണ് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇന്ത്യയില്‍ അരങ്ങേറിയിട്ടുള്ള കൂട്ടക്കൊലകളും മത, ജാതി കലാപങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കം തീര്‍ത്ത അടിയന്തരാവസ്ഥയും വരെ. ഇതേ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇതേ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ് ഇന്ത്യന്‍ വിപണി ലോകത്തിനായി തുറന്നു കൊടുക്കുന്നതും. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനും മത, ജാതി ശക്തികള്‍ക്ക് കീഴടങ്ങുന്നതിനും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ചങ്ങാത്ത മുതലാളിത്തത്തിന് (Crony Capitalism) വേരോട്ടമുണ്ടാക്കിയതും അഴിമതി വ്യാപമാക്കുന്നതടക്കമുള്ള സാമ്പത്തിക പരിപാടികള്‍ അവതരിപ്പിച്ചതും അതിന്റെ പ്രയോക്താക്കളും അവര്‍ തന്നെയാണ്. കോണ്‍ഗ്രസ് അവസാനിപ്പിച്ചിടത്തു നിന്നാണ് നരേന്ദ്ര മോദിയും ബിജെപിയും അത് ഏറ്റെടുക്കുന്നത് എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നയങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുകയാണ് മോദിയും ആര്‍എസ്എസ്-ബിജെപിയും ചെയ്യുന്നത്. കോണ്‍ഗ്രസ് വളംവച്ച് കൊടുത്ത് വളര്‍ത്തിയ ക്രോണി ക്യാപിറ്റലിസമാണ് ബിജെപി അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസിന്റെ തണലില്‍ വളര്‍ന്ന അഴിമതിയാണ് ബിജെപി ഇന്ന് മറയില്ലാതെ നടപ്പാക്കുന്നത്. കോണ്‍ഗ്രസ് ദശകങ്ങളായി പിന്തുരുന്ന കുടുംബവാഴ്ചയാണ് ബിസിസിഐ സെക്രട്ടറിയായി ജയ് ഷായെ നിയമിക്കുമ്പോള്‍ അമിത് ഷായ്ക്ക് കുറ്റബോധമുണ്ടാക്കാത്തത്.

എന്നിട്ടും അടുത്തിടെ നടന്ന പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തയാറായി എന്നിടത്തു വേണം ആ പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കാന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമൂഹികമായ ഉത്തരവാദിത്തമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടക്കൂടുകള്‍ക്ക് അകത്തു നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ സമൂഹത്തില്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. അതാരുടേയും സ്വകാര്യ സ്വത്തുമല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടേതാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമെന്ന നിലയില്‍ ഭണഘടനാ ധാര്‍മികത പുലര്‍ത്തേണ്ട ബാധ്യതയും കോണ്‍ഗ്രസിനും ബിജെപിക്കും സിപിഎമ്മിനുമൊക്കെയുണ്ട്. അതുകൊണ്ടു തന്നെ ഓരോ പാര്‍ട്ടിയുടേയും ഓരോ ചുവടുകളും ജനം സശ്രദ്ധം വീക്ഷിക്കുകയും അതനുസരിച്ച് അവര്‍ ആ പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കുകയും ചെയ്യും.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് ആക്രോശിച്ചാണ് മോദി ഭരണത്തിലേറിയത്. ഇന്നത്തെ ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ അടക്കമുള്ളവര്‍ ഇക്കാര്യം പലകുറി ആവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ ഒട്ടമിക്ക വലിയ സംസ്ഥാനങ്ങളും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ബിജെപി-എന്‍ഡിഎയില്‍ നിന്ന് പിടിച്ചെടുത്തതാണ്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസും സഖ്യകക്ഷികളുമാണ് ഭരിക്കുന്നത്. ഗുജറാത്തിലും കര്‍ണാടകത്തിലും നിര്‍ണായക ശക്തിയാണ്. കേരളം ഒന്നിടവിട്ടു ഭരിക്കുന്നുണ്ട്. എന്നിട്ടും ഏറ്റവും ദുര്‍ബലവും ഇന്നും കാര്യങ്ങള്‍ പിടികിട്ടാത്ത വിധം അന്ധാളിച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നതാണ് യാഥാര്‍ത്ഥ്യം.

2014-ലും 2019-ലും അതിദയനീയമായ പ്രകടനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആ പാര്‍ട്ടി കാഴ്ചവച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ആ പാര്‍ട്ടി ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണത്തിലേറിയത്. എന്നാല്‍ ദേശീയതലത്തില്‍ തകര്‍ന്നടിഞ്ഞു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നൊഴിഞ്ഞു. നാഥനില്ലാ കളരിയായി കിടന്ന ആ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം മൂന്നു മാസത്തിനു ശേഷമാണ് സോണിയാ ഗാന്ധി വീണ്ടും ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ നിരവധി പേര്‍ കോണ്‍ഗ്രസ് കൂടാരം ഒഴിഞ്ഞു പോയി. നിരവധി ഗാന്ധി-നെഹ്‌റു കുടുംബ ഭക്തന്മാര്‍ പോലും പാര്‍ട്ടി ഹൈക്കമാന്‍ഡിനെ പരസ്യമായി ചോദ്യം ചെയ്തു. പഴയ തലമുറ ഏതു വിധേനെയും പാര്‍ട്ടിയിലെ അധികാരം കൈപ്പിടിയിലൊതുക്കാന്‍ നോക്കിയപ്പോള്‍ മോഹഭംഗം വന്ന പുതുതലമുറ നേതൃത്വം പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയും അവര്‍ പിന്നിലേക്ക് മാറുകയും ചെയ്തു. എന്നിട്ടും കോണ്‍ഗ്രസിന് പുതുജീവന്‍ വയ്ക്കുമെന്നും മോദി-ഷാ ദ്വന്ദങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണി നിരത്തുമെന്നും മതേതരത്വത്തില്‍ വിശ്വസിക്കുന്ന, സാധാരണക്കാരായ മനുഷ്യരൊക്കെ വിശ്വസിച്ചു. അതുകൊണ്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ കുറയൊക്കെ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാന്‍ തയാറായത്. എന്നാല്‍ ആ പ്രതീക്ഷകള്‍ കാക്കാന്‍ കോണ്‍ഗ്രസിന് ആയോ?

അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സിക്കെതിരെ രാജ്യമൊട്ടാകെ വിദ്യാര്‍ത്ഥികളും സിവില്‍ സൊസൈറ്റിയും മുസ്ലീങ്ങളും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടം. ഇതില്‍ കോണ്‍ഗ്രസ് എവിടെയാണ്? ഇന്ത്യന്‍ ഭരണഘടനയെ പൂര്‍ണമായി നിരാകരിക്കുകയും ഇന്ത്യ എന്ന ആശയത്തെ വെട്ടിമുറിക്കുകയും ഹിന്ദുത്വ രാഷ്ട്ര സ്ഥാപനത്തിലേക്ക് ഒരു വലിയ ചുവട് കൂടി വച്ചിട്ടും ഇന്നും കാര്യമായ പ്രതിരോധം 135 വര്‍ഷം പഴക്കമുള്ള ഈ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നുണ്ടാകുന്നില്ല. എവിടെയാണ് കോണ്‍ഗ്രസ് തറഞ്ഞു കിടക്കുന്നത്? ഇന്ത്യ മുഴുവനായി തന്നെ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. യുപി ഭരിക്കുന്ന യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ആ സംസ്ഥാനത്തെ മുസ്ലീം സമൂഹത്തെ വംശഹത്യ ചെയ്യുന്ന രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. 20-ലേറെ പേരെ യോഗിയുടെ പോലീസ് അവിടെ കൊലപ്പെടുത്തി. 500-ലേറെപ്പേരെ അറസ്റ്റ് ചെയ്തു. 5000-ത്തിലേറെപ്പേര്‍ കസ്റ്റഡിയിലാണ്. മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ വ്യാപകമായി കണ്ടുകെട്ടുന്നു. നേതാക്കള്‍ ജനങ്ങളെ വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു. മോദിയും അമിത് ഷായും പരസ്യമായി കള്ളം പറയുന്നു. പൗരത്വം തെളിയിക്കുന്നതു മുതല്‍ ദേശഭക്തി കാണിക്കുന്നതു വരെയുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നു. എന്നാല്‍ ശരിയായ വിധത്തിലൊരു പ്രക്ഷോഭം സംഘടിപ്പിക്കാനോ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

മൂന്നു തവണയെങ്കിലും മാറ്റിവച്ചിട്ടാണ് കോണ്‍ഗ്രസ് അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പ്രഖ്യാപന വേദിയായ രാംലീല മൈതാനത്തെ റാലി നടത്തിയത്. എന്നാല്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധിയാണ് എന്നു വിളിച്ച് പറഞ്ഞുപോയ രാഹുല്‍ ഗാന്ധിയെ പിന്നീട് കാണുന്നത് രണ്ടാഴ്ചയെങ്കിലും കഴിഞ്ഞാണ്. വാര്‍ത്താ തലക്കെട്ടുകള്‍ക്കപ്പുറം എന്തു പ്രസക്തിയാണ് ആ പ്രഖ്യാപനത്തിന് ഉണ്ടായത്? ഇന്ത്യ കേള്‍ക്കാനാഗ്രഹിച്ചത് മോദി-ഷാ ഏകാധിപത്യ ഭരണത്തിനെതിരെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി എന്തു നയപ്രഖ്യാപനം നടത്തുമെന്നായിരുന്നു. ഒന്നുമുണ്ടായില്ല. അതിനു ശേഷം സോണിയാ ഗാന്ധി-രാഹുലിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ ധര്‍ണ നടന്നു. അന്നും രാഹുല്‍ ഗാന്ധി മോദി-ഷാമാരെ വിമര്‍ശിച്ചു. തകര്‍ന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും നോട്ട് നിരോധനത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമൊക്ക രാഹുല്‍ ഗാന്ധി ഇടയ്ക്ക് പ്രസംഗിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ടായോ?

ഇന്നലെ ഡല്‍ഹിയിലെ യുപി ഭവനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയ വിദ്യാര്‍ത്ഥികളും യുവാക്കളുമടങ്ങുന്ന 350-ഓളം പേരെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. യുപിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുസ്ലീങ്ങളോട് ഒന്നുകില്‍ കുഴിമാടത്തിലേക്ക്, അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്നു. മീററ്റ് സന്ദര്‍ശിക്കാന്‍ പോയ രാഹുലിനേയും പ്രിയങ്കയേയും യുപി പോലീസ് തടഞ്ഞതുകൊണ്ട് അവര്‍ തിരിച്ചു പോന്നു. പിന്നീട് ഒന്നുമുണ്ടായില്ല. എന്തിനെയാണ് കോണ്‍ഗ്രസ് പേടിക്കുന്നത്? യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അഭിസംബോധന ചെയ്യുമ്പോള്‍ മുസ്ലീങ്ങള്‍ എന്തുകൊണ്ടാണ് ഒഴിവാക്കപ്പെടുന്നത്? ഹിന്ദുക്കള്‍ മുഴുവനായി കോണ്‍ഗ്രസിനെതിരെ തിരിയുമെന്ന് പേടിച്ചിട്ടോ?, അതോ മോദി- അമിത് ഷാമാര്‍ നടത്തുന്ന ധ്രുവീകരണത്തിന് വളംവച്ചു കൊടുക്കുമെന്ന് ഭയന്നിട്ടോ? ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്ലീങ്ങള്‍ ഇപ്പോള്‍ തന്നെ രണ്ടാംകിട പൗരന്മാരെന്ന നിലയിലാണ് പലവിധത്തിലും പരിഗണിക്കപ്പെടുന്നത്. ഇപ്പോള്‍ അവരുടെ പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് വളര്‍ന്നിട്ടും ആ സമുദായത്തിന്, ഒറ്റപ്പെട്ട ചില പ്രസ്താവനകളല്ലാതെ എന്ത് ആശ്വാസ നടപടികളും ഉറപ്പുകളുമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്?

കോണ്‍ഗ്രസ് അത് അകപ്പെട്ടിരിക്കുന്ന ഭയത്തില്‍ നിന്ന് പുറത്തുവരണം. ഇന്ത്യ അതാവശ്യപ്പെടുന്നുണ്ട്. ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യം അതായിത്തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിനെ ഉറ്റുനോക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ പരിഭ്രാന്തിയോടെ നിങ്ങളുടെ ഓരോ വാക്കുകളും ശ്രവിക്കുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു നേതൃത്വത്തിനും കൂട്ടായ്മയ്ക്കും വേണ്ടി വിളിച്ചുപറയുന്നുണ്ട്. പോലീസിന്റെ അതിക്രമവും ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണവും നേരിട്ട് തെരുവിലിറങ്ങിയിരിക്കുന്ന യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മിനിമം സംരക്ഷണമെങ്കിലും നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കണം. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ സാധിക്കണം. മുന്നില്‍നിന്ന് പൊരുതാന്‍ സാധിച്ചെങ്കില്‍ മാത്രമേ ജനാധിപത്യ ഇന്ത്യ നിലനില്‍ക്കൂ എന്നും രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ മുന്നോട്ടു പോക്ക് ഉണ്ടാകൂ എന്നും മനസിലാക്കണം. അത് കോണ്‍ഗ്രസ് മനസിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ മോദി-ഷാ ദ്വന്ദം കോണ്‍ഗ്രസ് മുക്ത ഭാരതം മാത്രമല്ല, ജനാധിപത്യ മുക്ത ഭാരതം എന്നതു തന്നെ സമീപഭാവിയില്‍ നടപ്പാക്കും.

*******

കോണ്‍ഗ്രസ് മുക്ത ഭാരതം മാത്രമല്ല, ജനാധിപത്യമുക്ത ഭാരതം സ്വപ്നം കാണുന്ന മോദി-ഷാമാരുള്ളപ്പോള്‍, 135 വയസുള്ള ഈ പാര്‍ട്ടി ഇനി എന്തിനാണ് പേടിക്കുന്നത്?


Next Story

Related Stories