TopTop
Begin typing your search above and press return to search.

മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയിൻ; ചര്‍ച്ചയാവാം, നിലപാട് മാറ്റമില്ലെന്ന് ഫെഫ്ക

മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയിൻ; ചര്‍ച്ചയാവാം, നിലപാട് മാറ്റമില്ലെന്ന് ഫെഫ്ക

യുവ നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലവിൽ നിലപാട് മാറ്റമില്ലെന്നും നിർമാതാക്കളുടെ അഭിപ്രായമറിഞ്ഞ് മാത്രമേ മുന്നോട്ടു പോവുകയുള്ളുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. ഐഎഫ്എഫ്കെ വേദിയിൽ വച്ച് ഷെയിൻ നിർമ്മാതാക്കൾക്കെതിരെ രംഗത്തെത്തിയതിൽ മാപ്പ് പറഞ്ഞതിന് ശേഷവും തീരുമാനങ്ങളിൽ മാറ്റമില്ലെന്ന സൂചനയാണ് ബി.ഉണ്ണികൃഷ്ണൻ നൽകുന്നത്.

സിനിമയിൽ തനിക്കു വിലക്കുകല്പിച്ച നിർമാതാക്കൾക്ക് മനോരോഗമാണോ മനോവിഷമമാണോ എന്നായിരുന്നു ഷെയ്നിന്റെ പരാമർശം. ഇതിന് പിന്നാലെ സമവായനീക്കങ്ങളിൽ നിന്ന് താര സംഘടനയും ഫെഫ്കയും പിൻമാറുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഷെയ്ൻ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരു സംഘടനകളുടെയെും നീക്കം.

എന്നാൽ ഏത് വിഷയത്തിലും ചർച്ചയാകാമെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു. താര സംഘനടയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നശേഷമെ ഷെയിൻ വിഷയത്തിൽ നിലവിൽ എന്തെങ്കിലും പറയാൻ കഴിയൂ. നിർമാതാക്കളുടെ അഭിപ്രായമറിഞ്ഞ് മാത്രമേ മുന്നോട്ടു പോവുകയുള്ളുവെന്നും ബി.ഉണ്ണികൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു.

അതേസമയം, ഷെയിനിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സിനിമാസംഘടനകള്‍. നിര്‍മ്മാതാക്കളെ മനോരോഗികൾ എന്ന് വിളിച്ച് നിലപാട് മാറ്റുമ്പോൾ അത്തരം ഒരാളുമായി എങ്ങനെ ചർച്ച നടത്തും എന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നിലപാട്. ഇതിന് പിന്നാലെ ഇതരഭാഷാസിനിമകളിലും ഷെയിനിനെ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും പ്രോഡ്യൂസേഴ്സ് ഗില്‍ഡിനും കത്തും നല്‍കിയിരുന്നു. കൂടാതെ താരത്തിനെതിരെ നിയമനടപടിക്കും നിര്‍മാതാക്കള്‍ ആലോചനതുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച ഷെയിന്‍ ഫെയ്സ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്.

വിവാദ പരാമർശത്തിൽ തന്‍റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഷെയ്ന്‍ നിഗം പ്രതികരിച്ചു.

വിലക്ക് നീങ്ങുമെന്ന് കരുതുന്നു, ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നെന്നും ഷെയ്ന്‍ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയ്യാറാണ്. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാമെന്നും പറഞ്ഞ ഷെയിൻ പ്രശ്നപരിഹാരത്തിന് താര സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആവർത്തിച്ചു.

Next Story

Related Stories