TopTop
Begin typing your search above and press return to search.

കൊറോണയെ നേരിടാന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി നെതര്‍ലന്‍ഡ്‌സ്; മലയാളികളോട്: ജീവിച്ചിരുന്നാലേ ഉത്സവവും പെരുന്നാളുമൊക്കെ ഇനിയും ആഘോഷിക്കാനാവൂ

കൊറോണയെ നേരിടാന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി നെതര്‍ലന്‍ഡ്‌സ്; മലയാളികളോട്: ജീവിച്ചിരുന്നാലേ ഉത്സവവും പെരുന്നാളുമൊക്കെ ഇനിയും ആഘോഷിക്കാനാവൂ

എഡിറ്റോറിയല്‍

കൊറോണ വൈറസ് പോലൊരു മഹാമാരിയെ ലോകം മുഴുവന്‍ നേരിടുമ്പോള്‍ മഹത്തായ ഒരു മാതൃക മുന്നോട്ടു വച്ചിരിക്കുകയാണ് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍. കൊറോണ ബാധയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്നതിനിടെ രാജ്യത്തെ ആരോഗ്യവകുപ്പ് മന്ത്രി ബ്രൂണോ ബ്രുയിന്‍സ് കഴിഞ്ഞ ദിവസം കുഴഞ്ഞു വീണിരുന്നു. ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാല്‍ തന്റെ ജോലി ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹം രാജി വച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടേ ഇതിനോട് പ്രതികരിച്ചത്, ഇതുവരെ ലോകം അധികമൊന്നും കണ്ടിട്ടില്ലാത്ത ഒരു മാര്‍ത്തില്‍ കൂടിയാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപിയും ആരോഗ്യ വിദഗ്ധനുമായ മാര്‍ട്ടിന്‍ വാന്‍ റിജിനെ രാജ്യത്തിന്റെ ആരോഗ്യ മന്ത്രിയാക്കി കൊണ്ടാണ് നെതര്‍ലാന്‍ഡ് പ്രധാനമന്ത്രി ഒരു മഹത്തായ മാതൃകയ്ക്ക് തുടക്കമിട്ടത്.

വാന്‍ റിജിന് ആരോഗ്യ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അനുഭവ സമ്പത്തുണ്ടെന്നും ഇത് രാജ്യത്തിന്റെ നന്മയ്ക്ക് ഈ സമയത്ത് വളരെ അത്യാവശ്യമാണെന്നുമാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. മന്ത്രിസ്ഥാനം ഏറ്റെടുക്കാമോ എന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതില്‍ ഈ പ്രതിപക്ഷ എംപിയും മടികാണിച്ചില്ല. ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ പൂര്‍ണ മനസോടെ റൂട്ടെയേയും വാന്‍ റിജിനേയും അഭിനന്ദിക്കുകയും ചെയ്തു. ഒരു മഹാമാരിയെ നേരിടാന്‍ രാഷ്ട്രീയ വിശ്വാസങ്ങള്‍ തടസമല്ല എന്നും മറിച്ച് ജനങ്ങളുടെ ജീവനാണ് വലുതെന്ന വലിയ പാഠമാണ് അവര്‍ ലോകത്തിന് കാണിച്ചു കൊടുത്തത്.

ലോകത്താകെ മൂന്നു ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ രോഗബാധ ഇന്നു രാവിലെ വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 13,000-ത്തിലധികം ആളുകള്‍ മരിച്ചു കഴിഞ്ഞു. ചൈനയെ മറികടന്ന് ഇറ്റലിയിലെ മരണനിരക്ക് ഓരോ ദിവസവും കുതിക്കുകയാണ്. ഇറാനും അതിനു പിന്നാലെ അമേരിക്കയുമുണ്ട്. ഇന്ത്യയില്‍ ഇതുവരെ 332 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നാലു പേരാണ് ഇതുവരെ മരിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധിച്ചത് 74 പേര്‍ക്കാണ്. രാജസ്ഥാന്‍ പൂര്‍ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നാലു നഗരങ്ങള്‍ അടച്ചതിനു പുറമെ മിക്ക സംസ്ഥാനങ്ങളിലും പൊതുജനങ്ങള്‍ ഒത്തുകുടുന്ന തീയേറ്ററുകള്‍, മാളുകള്‍ ഒക്കെ അടച്ചിട്ടിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനങ്ങള്‍ ഇന്ന് ജനതാ കര്‍ഫ്യൂ ആചരിച്ചു കൊണ്ട് വീട്ടിലിരിക്കുന്നു എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ട ഒരു കാര്യം തന്നെയാണിത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ഈ നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. നമ്മുടെ രാഷ്ട്രീയ നേതൃത്വവും ജനങ്ങളും കാര്യഗൗരവത്തോടു കൂടി പെരുമാറുന്നു എന്നത് ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇന്നു രാവിലെയും പുറത്തു വരുന്ന വാര്‍ത്ത കണ്ണൂരിലും കാസര്‍ഗോഡ് ജില്ലയിലും ജനങ്ങള്‍ ഈ ആഹ്വാനങ്ങളെയൊന്നും വകവയ്ക്കാതെ ഇപ്പോഴും പുറത്തിറങ്ങി സ്വതന്ത്രമായി നടക്കുന്നു, ഫുട്‌ബോള്‍ മത്സരങ്ങള്‍ പോലും നടത്തുന്നു എന്നൊക്കെയാണ്. വിദേശത്തു നിന്നെത്തിയ കാസര്‍കോഡ് സ്വദേശി 4,000-ത്തിലധികം പേരെ ബന്ധപ്പെട്ട വാര്‍ത്തയും ഏറെ ഭയപ്പെടുത്തുന്നതാണ്.

അതുപോലെ തന്നെയാണ്, ഗായികയായ കനിക കപൂര്‍ ബന്ധുക്കള്‍ക്കും എംപിമാര്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്കുമൊപ്പം പാര്‍ട്ടികളില്‍ പങ്കെടുത്തതും പിന്നാലെ അവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും. വിദേശത്തു നിന്ന് എത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാക്കുന്നതില്‍ നിലനില്‍ക്കുന്ന അലംഭാവം തന്നെയാണ് ഇതിനു പിന്നില്‍. അതിന്റെ ഫലം, നിരവധി എം.പിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. എന്തിനേറെ, വിദേശത്തു നിന്നും - മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തുന്നവരെ പോലും - നിര്‍ബന്ധിതമായി 14 ദിവസം ക്വാറന്റൈന് വിധേയമാക്കുന്ന കേരളത്തിലാണ് കാസര്‍കോഡ് സ്വദേശി ഇതൊക്കെ ലംഘിച്ച് എംഎല്‍എമാരെ അടക്കം കണ്ടത്.

വിദേശത്തു നിന്ന് എത്തിയവരില്‍ മാത്രം പരിശോധന നടത്തുന്നതിനു പകരം ഇത് സാമൂഹികമായി ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന കൂടുതലായി നടത്തണമെന്ന് നിരവധി പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് 15,000-ത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയെന്നും ഇവരില്‍ രോഗബാധ കണ്ടെത്താന്‍ പറ്റിയില്ലെന്നും അതിനാല്‍ ഇത് സമൂഹ വ്യാപനമായി മാറിയിട്ടില്ല എന്നുമാണ് ഐസിഎംആര്‍ പറയുന്നത്. ഇത് പൂര്‍ണമായും തെറ്റാണ് എന്ന് നിരവധി ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ട്രാന്‍സ്‌ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഗഗന്‍ദീപ് കാംഗ് ഇതിനോട് പ്രതികരിച്ചത് കൂടുതല്‍ പരിശോധന നടത്താതെ രോഗം കണ്ടെത്താന്‍ കഴിയില്ല എന്നാണ്. ഇപ്പോള്‍ ന്യൂമോണിയ ബാധിതരില്‍ അടക്കം കൊറോണ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് എന്നതാണ് കുറച്ചെങ്കിലും ആശാവഹം.

മുകളില്‍ പറഞ്ഞ നെതര്‍ലാന്‍ഡ്‌സ് മാതൃക നമ്മുടെ രാജ്യവും പിന്തുടരേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി തുടക്കം മുതല്‍ തന്നെ കൊറോണ ബാധയുമായി ബന്ധപ്പെട്ട് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. സോണിയാ ഗാന്ധി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ജനങ്ങളുടെ ജീവിതമാര്‍ഗങ്ങള്‍ അടയുന്നതിനെക്കുറിച്ചും തുടര്‍ച്ചയായി ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുന്നുണ്ട് എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. നല്ലത് തന്നെ. നമുക്ക് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പരിഗണനയിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം, രാജ്യം ഏറ്റവും കൂടുതല്‍ ഭരിച്ച ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അനുഭവ സമ്പത്ത് കൂടുതലുണ്ട് എന്നത് ഒരു വാസ്തവമാണ്. അത് രാജ്യത്തിന്റെ നന്മക്കായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആരോഗ്യ മേഖലയില്‍ എന്നതുപോലെ കേരളം കാണിച്ചു തരുന്ന ഈ ഭരണ-പ്രതിപക്ഷ കൂട്ടായ്മ എന്ന മാതൃകയും രാജ്യത്തിന് സ്വീകരിക്കാവുന്നതാണ്. അതുപോലെ നിപയെ മുന്നില്‍ നിന്ന് നേരിട്ട, കൊറോണയെ ഫലപ്രദമായി നേരിടുന്ന കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവരുടെ സേവനങ്ങള്‍ കൂടുതലായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ആലോചിക്കാവുന്നതാണ്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തത്വത്തില്‍ രാജ്യവ്യാപകമായ ഒരു ലോക്ക് ഡൗണിലേക്ക് നാം പോകാനും സാധ്യതയുണ്ട്. ഈ സമയത്ത് സാമ്പത്തിക രംഗം പൂര്‍ണമായി തളരുമെന്നതില്‍ സംശയമില്ല. അതുപോലെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്തവരും കൂലിപ്പണിക്കാരും മറ്റ് ദിവസ വേതനക്കാരുമൊക്കെ അത്യന്തം ദാരിദ്ര്യത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലും ശതകോടീശ്വരന്മാരുടെ മക്കളുടെ വിവാഹത്തിനും ഒക്കെയായി കോടികള്‍ പൊടിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. അതേസമയം, കൊറോണ വൈറസ് പോലെ രാജ്യം ഇതുവരെ നേരിട്ടിട്ടില്ലാത്ത ഒരു മഹാമാരിയെ നേരിടുമ്പോള്‍ നയാപൈസ ഇവരുടെ ആരുടേയും സമ്പാദ്യത്തില്‍ നിന്ന് പൊതുഖജനാവിലേക്ക് പോയതായി അധികം തെളിവില്ല. ഈ കൂലിപ്പണിക്കാരിലേക്കും പാവപ്പെട്ടവരിലേക്കുമൊക്കെ സഹായഹസ്തം നീട്ടാനുള്ള സന്മനസ് കൈയില്‍ പണം പൂഴ്ത്തി വച്ചിരിക്കുന്നവര്‍ക്ക് ഉണ്ടാകണം. അതുപോലെ, ഈ സമയത്തും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യസേവന പ്രവര്‍ത്തകര്‍ അവശ്യസാധനങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് പരാതി ഉയര്‍ത്തുന്നുണ്ട്. അവര്‍ക്കൊക്കെ ഒരു സഹായഹസ്തം നീട്ടാനും ഈ കോടിപതികള്‍ക്ക് കഴിയും.

ഇത്തരമൊരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നത് ഈ രാജ്യത്തെ പൗരന്മാരുടെ ചുമതലയാണ്. ശരിയായ രീതിയില്‍ പ്രതിരോധിച്ചില്ലെങ്കില്‍ കൊറോണ വൈറസിന് നരേന്ദ്ര മോദിയെന്നോ പിണറായി വിജയനെന്നോ ഒരു സാധാരണക്കാരനെന്നോ വ്യത്യാസമില്ല. തുടര്‍ന്ന് അതു പടരുന്നത് മറ്റുള്ളവരിലേക്കാണ്. അത് വീണ്ടും മറ്റുള്ളവരിലേക്ക് പടര്‍ന്ന് മഹാമാരിയായി ജനങ്ങളെ കൊന്നൊടുക്കുന്നത് തടയാനാണ് സര്‍ക്കാരുകള്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എന്നാല്‍ അതിനെയൊക്കെ ലംഘിച്ച് ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമൊക്കെ തടിച്ചുകൂടുന്ന വിഡ്ഡികളായി നാം മാറരുത്. ജീവിച്ചിരുന്നാല്‍ മാത്രമേ നാളെയും ഇതൊക്കെ ആഘോഷിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവുണ്ടാകണം. അതുപോലെ ഇത്തരത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ പെരുമാറുന്നവര്‍ അപകടത്തിലാക്കുന്നത് മറ്റുള്ളവരുടെ ജീവിതവും കൂടിയാണ്. തത്കാലം വാട്‌സ്ആപ്പില്‍ മതത്തിന്റെയും ജാതിയുടേയും പേരില്‍ വിഷവും വിദ്വേഷവും വെറുപ്പും നുണകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ച്, കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം നില്‍ക്കുക, ജീവന്‍ രക്ഷിക്കുക; നിങ്ങളുടെയും മറ്റുള്ളവരുടെയും.

ചിത്രങ്ങള്‍: നെതര്‍ലന്‍ഡ്‌സ്‌ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെ, കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ


Next Story

Related Stories