TopTop

ഔദ്യോഗിക മാധ്യമമായ ദൂരദര്‍ശന്‍ പുറത്തും സ്വകാര്യ ഏജന്‍സിയായ എഎന്‍ഐ അകത്തുമാകുന്ന വിചിത്ര രാജ്യം; കേഴുക ഭാരതമേ!

ഔദ്യോഗിക മാധ്യമമായ ദൂരദര്‍ശന്‍ പുറത്തും സ്വകാര്യ ഏജന്‍സിയായ എഎന്‍ഐ അകത്തുമാകുന്ന വിചിത്ര രാജ്യം; കേഴുക ഭാരതമേ!

മഹാരാഷ്ട്ര രാജ്ഭവനില്‍ നവംബര്‍ 23-ന് രാവിലെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കുമ്പോള്‍ ഈ പരിപാടി സംപ്രേക്ഷണം ചെയ്ത ഏക മാധ്യമം സ്വകാര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ (Asian News International) ആയിരുന്നു. അതിന് 16 മിനിറ്റുകള്‍ക്ക് ശേഷം - 8.06-ന് - രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ ദൂരദര്‍ശന്‍ ആറു മിനിറ്റ് നീണ്ട ഒരു റിപ്പോര്‍ട്ട് നല്‍കി. ആ റിപ്പോര്‍ട്ടില്‍ ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ഫോണ്‍ വഴി ഇങ്ങനെ കൂടി പറഞ്ഞു: "ഇങ്ങനെയൊരു ഞെട്ടിക്കുന്ന പരിപാടി നടക്കുന്നതിനെ കുറിച്ച് ആര്‍ക്കുമറിയില്ലായിരുന്നു" എന്ന്. പക്ഷേ, എഎന്‍ഐ അറിഞ്ഞിരുന്നു. എഎന്‍ഐയെ ക്ഷണിച്ചതു പ്രകാരം അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. ദൂരദര്‍ശന്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ കാണിച്ചത് എഎന്‍ഐ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു. ആകാശവാണിയാകട്ടെ, തങ്ങളുടെ പ്രധാന വാര്‍ത്തകളില്‍ മഹാരാഷ്ട്ര സംഭവവികാസങ്ങള്‍ പ്രധാന വാര്‍ത്തയായി ഉള്‍പ്പെടുത്തിയെങ്കിലും "കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല" എന്നാണ് വ്യക്തമാക്കിയത്. അതായത്, രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളായ ദൂരദര്‍ശനും ആകാശവാണിയും മഹാരാഷ്ട്രയില്‍ നടന്ന സത്യപ്രതിജ്ഞയെ കുറിച്ച് അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല.

ഇതിനെക്കുറിച്ച് ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്: "ഈ പരിപാടിയുടെ പ്രാധാന്യം വച്ചു നോക്കുമ്പോള്‍ അത് ദൂരദര്‍ശനില്‍ തത്സമയമായും ആകാശവാണി വിവിധ ഭാഷകളിലും സംപ്രേക്ഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ എല്ലാം പെട്ടെന്നാണ് നടന്നത്. അതുകൊണ്ട് ചിലപ്പോള്‍ അവരെ ക്ഷണിക്കാനും മറ്റും സമയം ലഭിച്ചിരിക്കില്ല" എന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഒരു സംസ്ഥാനത്ത് ഇത്തരമൊരു പരിപാടി നടക്കുമ്പോള്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറുടെ ഉത്തരവാദിത്തമാണ് വിവിധ മാധ്യമങ്ങളില്‍ ഈ വാര്‍ത്തകള്‍ വരിക എന്നത്. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലായതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടത് ഗവര്‍ണറുടെ ഓഫീസായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നത്, ദൂരദര്‍ശന്‍ ഇത്തരം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യേണ്ടത് പ്രോട്ടോക്കോളിന്റെ ഭാഗമാണ്. ദൂരദര്‍ശന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ വിവിധ ചാനലുകള്‍ക്ക് അനുമതി നല്‍കുന്നതും മറ്റ് മാധ്യമങ്ങള്‍ക്ക് ആവശ്യമായ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കേണ്ടതും ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ് എന്നാണ്. "അവര്‍ക്ക് ഒരുപക്ഷേ, സത്യപ്രതിജ്ഞ കഴിയുന്നതു വരെ ഇതിന് കുറച്ച് പബ്ലിസിറ്റി മതിയായിരിക്കാം. പക്ഷേ, പാര്‍ലമെന്റിനോട് മറുപടി പറയേണ്ടത് പ്രസാര്‍ ഭാരതിയാണ്. അതുകൊണ്ടു തന്നെ മഹാരാഷ്ട്ര ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായിരുന്നു ദൂരദര്‍ശനും ആകാശവാണിയും അവിടെ ഉണ്ടാകേണ്ടിയിരുന്നത്. അത് രേഖാമൂലം കാര്യങ്ങള്‍ സൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്"- മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെയാണ് കാര്യം. രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളായ ദൂരദര്‍ശനും ആകാശവാണിയും സ്വയംഭരണ സ്ഥാപനമായ പ്രസാര്‍ ഭാരതിക്ക് കീഴിലാണ് വരുന്നത്. പ്രസാര്‍ ഭാരതി ചട്ടങ്ങള്‍ അനുസരിച്ച് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍, അതായത്, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, കേന്ദ്ര മന്ത്രിസഭ സത്യപ്രതിജ്ഞ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സത്യപ്രതിജ്ഞ, രാഷ്ട്രപതിയുടെ രാജ്യത്തോടുള്ള അഭിസംബോധന തുടങ്ങിയവ സംപ്രേക്ഷണം ചെയ്തിരിക്കണം. അതുപോലെ സംസ്ഥാനത്ത് പ്രാധാന്യമുള്ള സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ സത്യപ്രതിജ്ഞ, ഗവര്‍ണര്‍മാര്‍ നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്, മുഖ്യമന്ത്രിമാര്‍ ദുരിതാശ്വാസ മേഖലകളില്‍ നടത്തുന്ന സന്ദര്‍ശനം തുടങ്ങിയവയും സംപ്രേക്ഷണം ചെയ്തിരിക്കണം എന്നും പ്രസാര്‍ ഭാരതി നിയമങ്ങള്‍ അനുശാസിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ കുറിച്ച് മുംബൈയിലെ ദൂരദര്‍ശന്‍ കേന്ദ്രം അറിഞ്ഞിട്ടേയില്ല. ഫഡ്‌നാവിസിന്റെ ഓഫീസുമായി ബന്ധപ്പെട്ടതു കൊണ്ടു മാത്രം ആകാശവാണി ലേഖകന്‍ അവസാന നിമിഷം വിവരമറിഞ്ഞു.

*****

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ പുരോഗമിക്കവെ, അജിത് പവാര്‍ താന്‍ എന്‍സിപിക്ക് ഒപ്പമാണെന്നും എന്‍സിപി-ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വ്യക്തമാക്കിക്കൊണ്ട് ട്വിറ്റ് ചെയ്തതിന് മറുപടിയായി ഇക്കാര്യം തള്ളിക്കളഞ്ഞു കൊണ്ട് ശരത് പവാറും ട്വീറ്റ് ചെയ്തു. ഇത് പ്രസാര്‍ ഭാരതി തങ്ങളുടെ ഔദ്യാഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 'ശരത് പവാര്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ എങ്ങനെയെങ്കിലും ഒതുക്കാനുള്ള ശ്രമം നടത്തുകയാണ്' എന്നായിരുന്നു അത്.
രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളെ ഭരിക്കുന്ന സ്ഥാപനം ട്വീറ്റ് ചെയ്തതാണിത്. എന്നാല്‍ ഇത് വിവാദമായതോടെ ഈ ട്വീറ്റ് പിന്‍വലിച്ചു. പകരം ഇങ്ങനെ ട്വീറ്റ് ചെയ്തു.എ. സൂര്യപ്രകാശാണ് പ്രസാര്‍ ഭാരതിയുടെ ചെയര്‍മാന്‍. മുമ്പ് സീ ന്യുസിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള തിങ്ക് ടാങ്കായ വിവേകാനന്ദ ഫൗണ്ടേഷനിലും അംഗമാണ് അദ്ദേഹം. ഇതിനിടയില്‍, വാര്‍ത്താ വിതരണ വകുപ്പ് ഭരിച്ചിരുന്ന സ്മൃതി ഇറാനിയും സൂര്യ പ്രകാശുമായി ഇടയ്ക്ക് ഉടക്കുമുണ്ടായി. പ്രസാര്‍ ഭാരതിയുടെ കാര്യങ്ങളില്‍ മന്ത്രാലയം തുടര്‍ച്ചയായി ഇടപെടുക മാത്രമല്ല, ശമ്പളം തടഞ്ഞുവയ്ക്കുന്ന കാര്യങ്ങള്‍ പോലും സ്മൃതി ഇറാനിയുടെ ഭാഗത്തു നിന്നുണ്ടായി. പ്രസാര്‍ ഭാരതി ഒരു സ്വയംഭരണ സ്ഥാപനമാണ് എന്നായിരുന്നു അന്ന് സൂര്യ പ്രകാശിന്റെ നിലപാട്. തുടര്‍ന്ന് സ്മൃതി ഇറാനിയെ വകുപ്പില്‍ നിന്ന് മോദി സര്‍ക്കാര്‍ മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെ വകുപ്പിന്റെ ചുമതലയേറ്റെടെുത്ത പ്രകാശ് ജാവ്‌ദേക്കര്‍ കഴിഞ്ഞ ജൂണില്‍ പ്രസ്താവിച്ചത്, പ്രസാര്‍ ഭാരതിയെ ഒരു സ്വയംഭരണ സ്ഥാപനമായി നിലനിര്‍ത്തുമെന്നുമാണ്. പ്രധാനമന്ത്രി നരേന്ദ മോദിയുടെ സബ്കാ വിശ്വാസ് എന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രസാര്‍ ഭാരതി മുന്നോട്ടു പോവുക എന്ന് സൂര്യ പ്രകാശും പ്രസ്താവിച്ചു.

*****

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് പ്രസാര്‍ ഭാരതി ഒരു ഉത്തരവിറക്കി. ചെന്നൈ ദൂരദര്‍ശന്‍ അസി. ഡയറക്ടര്‍ വസുമതിയെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഉത്തരവ്. ഇതിന്റെ കാരണം പ്രസാര്‍ ഭാരതി വ്യക്തമാക്കിയില്ലെങ്കിലും വിവിധ മാധ്യമങ്ങള്‍ ഇത് പുറത്തുവിട്ടു. അതനുസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനത്തിലെ ചില പരിപാടികള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്തില്ല എന്നതായിരുന്നു കാരണം. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്, ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്, ക്യാമ്പസിനുള്ളില്‍ വാര്‍ഷിക ബിരുദദാന ചടങ്ങ് എന്നീ പരിപാടികളാണ് മോദിക്ക് ഉണ്ടായിരുന്നത്, ഈ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യണമെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില പരിപാടികള്‍ സംപ്രേക്ഷണം ചെയ്യേണ്ടതില്ല എന്ന് ഈ ഉദ്യോഗസ്ഥ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രസാര്‍ ഭാരതി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്യുക മാത്രമല്ല, ചെന്നൈയില്‍ നിന്ന് പുറത്തു പോകരുതെന്നും നിര്‍ദേശം നല്‍കി.

*****

2019 മാര്‍ച്ച് 31-നാണ് പ്രധാമന്ത്രി നരേന്ദ്ര മോദി തന്റെ 'മേം ഭി ചൗക്കിദാര്‍ ഹുണ്‍' എന്ന 84 മിനിറ്റ് പ്രസംഗം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്നു മോദി. സ്വയംഭരണ സ്ഥാപനമായ പ്രസാര്‍ ഭാരതിക്ക് കീഴിലുള്ള ദൂരദര്‍ശന്റെ വിവിധ ചാനലുകള്‍ ഒന്നര മണിക്കൂറോളം വരുന്ന ഈ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തു. ഏപ്രില്‍ ആദ്യം കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പബ്ലിക് ബ്രോഡ്കാസ്റ്ററായ ദൂരദര്‍ശനും ആകാശവാണിയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിക്ക് അമിതമായ പ്രാധാന്യം നല്‍കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിക്കുന്നുവെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഇക്കാര്യത്തില്‍ പ്രസാര്‍ ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മാസം കഴിയുമ്പോള്‍ ബിജെപിക്ക് 160 മണിക്കൂറും കോണ്‍ഗ്രസിന് 80 മണിക്കൂറും പ്രചരണ സമയം നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ട്.

ദൂരദര്‍ശനും ആകാശവാണിയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സുതാര്യവും ബാലന്‍സ്ഡും ആയുള്ള കവറേജ് ആയിരിക്കണം പ്രസംഗം അടക്കമുള്ള പ്രചരണത്തിന് നല്‍കേണ്ടത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നത്. ഒരു പാര്‍ട്ടിക്കും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ പാടില്ല എന്നതാണ് ബാലന്‍സ്ഡ് എന്നതുകൊണ്ട് കമ്മീഷന്‍ അര്‍ത്ഥമാക്കുന്നത്. അത് ഓരോ ദിവസവും ആവശ്യമില്ലെങ്കിലും ആഴ്ചയിലെ കണക്കെടുക്കുമ്പോള്‍ ഇത് ബാലന്‍സ്ഡ് ആയിരിക്കണം എന്നാണ് ചട്ടം. ബിജെപിക്ക് കൂടുതല്‍ സമയം നല്‍കിയതിന്റെ കാരണം, ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ അവര്‍ക്കാണെന്നും അതുപോലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണെന്നും പ്രസാര്‍ ഭാരതി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഏപ്രില്‍ ഒമ്പതിന് ഇങ്ങനെ പ്രസ്താവിച്ചു. "ദൂരദര്‍ശന്‍ വിവിധ പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന സമയം ഒട്ടും ആനുപാതികമല്ല" എന്നും "ബാലന്‍സ്ഡ് അല്ല" എന്നും കമ്മീഷന്‍ വ്യക്തമാക്കി. "ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായ വിധത്തില്‍ ആനുപാതികമല്ലാത്ത വിധത്തില്‍ സമയം നല്‍കുന്നതില്‍ നിന്ന് ദൂരദര്‍ശന്‍ വിട്ടുനില്‍ക്കണം" എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. "ദൂരദര്‍ശന്‍ പോലെ പബ്ലിക് ബ്രോഡ്കാസ്റ്റ് സ്ഥാപനങ്ങള്‍ രാഷ്ട്രീയ പ്രചരണത്തില്‍ പാലിക്കേണ്ട നിക്ഷ്പക്ഷതയും ലെവല്‍ പ്ലെയിംഗ് ഫീല്‍ഡും എന്ന തത്വം പാലിച്ചിട്ടില്ല" എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

*****

ഇതിനും ഏതാനും വര്‍ഷം മുമ്പ്, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി, 2013 മെയ് 3-ന് രണ്ട് ട്വീറ്റുകള്‍ ചെയ്തു. ഏപ്രില്‍ 24-ന് ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത മോദിയുടെ ഒരു അഭിമുഖം എഡിറ്റ് ചെയ്തു എന്ന് ബിജെപി ആരോപിച്ചതിനു പിന്നാലെയായിരുന്നു മോദിയുടെ ട്വീറ്റ്. തങ്ങളുടെ പ്രൊഫഷണല്‍ സ്വാതന്ത്ര്യം കാത്തു സുക്ഷിക്കാന്‍ നമ്മുടെ ദേശീയ ടി.വി കഷ്ടപ്പെടുന്നത് കാണുമ്പോള്‍ തനിക്ക് ദു:ഖം തോന്നുന്നു എന്നായിരുന്നു ഒരു ട്വീറ്റ്.നമ്മുടെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അടിച്ചമര്‍ത്തുന്ന അടിയന്തരാവസ്ഥ എന്ന ഭീകരതയ്ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ്. ജനാധിപത്യത്തിനു മേലുള്ള വലിയ കളങ്കമായിരുന്നു ഇത്, എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.അതിന് ഒരു വര്‍ഷത്തിനു ശേഷം 2015 ജൂണില്‍ ദി കാരവന്‍ ഒരു വാര്‍ത്ത പുറത്തുവിട്ടു. 2015 മെയ് 14-ന് ആകാശവാണിയുടെ വാര്‍ത്താ വിഭാഗത്തിന്റെ നോര്‍ത്ത് റീജിയന്‍ ഡയറക്ടര്‍ നരേന്ദ്ര കൗശല്‍ ഒപ്പുവച്ച ഒരു ഉത്തരവ് പുറത്തിറക്കി. എന്‍ഡിഎ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചായിരുന്നു ഈ ഉത്തരവ്. നിലവിലുള്ള സര്‍ക്കാരിന്റെ നയപരിപാടികളുടേയും പദ്ധതികളുടെയും 'വിജയ കഥകള്‍' സംപ്രേക്ഷണം ചെയ്യണമെന്നായിരുന്നു പ്രാദേശിക യൂണിറ്റുകള്‍ക്കുള്ള ആ ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇത് മെയ് 15 മുതല്‍ 31 വരെ എല്ലാ ദിവസത്തെയും വാര്‍ത്താ ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

*****

മുകളില്‍ ചൂണ്ടിക്കാട്ടിയത് ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇന്ന് ദൂരദര്‍ശന്‍ വാര്‍ത്തകള്‍ നോക്കുക. മോദി പങ്കെടുക്കുന്ന ഒരു ചടങ്ങ് പോലും തത്സമയം സംപ്രേക്ഷണം ചെയ്യാതിരിക്കുന്നില്ല. ബിജെപി നേതാക്കളുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍, ബിജെപി നേതാക്കളുടെ ദിവസവുമുള്ള പത്രസമ്മേളനങ്ങള്‍, മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ 'വിജയകഥകള്‍' ഒക്കെ ദൂരദര്‍ശന്റെ ദിവസവുമുള്ള കാര്യപരിപാടികളാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ കുഴലൂത്തുകാരായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ മാറുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. പാര്‍ലമെന്റിനെ സംബന്ധിച്ചും ജനാധിപത്യത്തെ സംബന്ധിച്ചും ഗൗരവകരമാര്‍ന്ന പരിപാടികള്‍ സംപ്രേക്ഷണം ചെയ്യേണ്ട ലോക്‌സഭാ ടി.വിയും രാജ്യസഭാ ടി.വിയും ബിജെപിയുടെ ഔദ്യോഗിക ചാനലുകളെ പോലെ പ്രവര്‍ത്തിക്കുന്നതും ഇന്ന് നാം കാണുന്നുണ്ട്. ദൂരദര്‍ശന്റെ സ്വയംഭരണവും സ്വാതന്ത്ര്യവും പൂര്‍ണമായി നഷ്ടപ്പെട്ടു കഴിഞ്ഞു. രാജ്യത്തിന്റെ സ്വഭാവമെന്താണ്, എന്താണ് ഓരോ വിഷയങ്ങളിലുമുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടുകള്‍ എന്നൊക്കെ അറിയാന്‍ ലോകരാജ്യങ്ങള്‍ പോലും ആശ്രയിക്കുന്നത് നമ്മുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗത്തെയാണ്. പൂര്‍ണമായും നിക്ഷ്പക്ഷമായും പ്രൊഫഷണലിസത്തോടെയും രാജ്യത്തിന്റെ അന്തസും കാത്തു സൂക്ഷിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമാണ് ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയുടെ കുടുംബസ്വത്ത് പോലെ പെരുമാറുന്നത്.

തങ്ങളുടെ പ്രൊപ്പഗണ്ട മാധ്യമങ്ങളായി ദൂരദര്‍ശനെയും ആകാശവാണിയേയും ഉപയോഗിക്കുന്നതിനു പുറമെ അവയ്ക്ക് ഭരണഘടനാപരമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളും എങ്ങനെയാണ ഇല്ലാതാക്കുന്നത് എന്നത് നാം കണ്ടു കഴിഞ്ഞു. അതിന്റെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ എങ്ങനെയാണ് സര്‍ക്കാരിന്റെ അകത്തളത്തില്‍ ഇടംപിടിച്ചതെന്ന് ഞങ്ങള്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമ ലോകത്തെ് ANI ഒരു വിചിത്ര ജീവിയാണ്. യാതൊരു വിധ സര്‍ക്കാര്‍ നിയന്ത്രണവും ഇല്ലാത്ത, ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാര്‍ത്താ ഏജന്‍സി. പക്ഷേ, സര്‍ക്കാരിന്റെ കാര്യപരിപാടികളുടെ കാര്യത്തില്‍ അതിന് ഏതാണ്ട് ഒരു കുത്തക തന്നെയാണുള്ളത്. പ്രധാനമന്ത്രിയുടെ അഭിമുഖം മുതല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എന്തും ലഭിക്കുന്നത് എഎന്‍ഐയ്ക്കാണ്. കൂടുതല്‍ ഇവിടെ വായിക്കാം.- ANI എന്ന വിചിത്ര ഏജന്‍സിക്ക് മോദി എന്ന പിന്തിരിപ്പന്‍ പുരുഷന്‍ നല്‍കിയത് അഭിമുഖമല്ല, പ്രചരണ നോട്ടീസാണ്

*****

മഹാരാഷ്ട്രയിലെ സത്യപ്രതിജ്ഞ സംബന്ധിച്ച് എഎന്‍ഐയാണ് ആ വാര്‍ത്ത പുറത്തുവിട്ടത് (Break) എന്നവകാശപ്പെട്ടു കൊണ്ട് കമ്പനിയുടെ നടത്തിപ്പുകാരിയായ സ്മിത പ്രകാശ് ട്വീറ്റ് ചെയ്തിരുന്നു. അതിനോട് ട്വിറ്ററില്‍ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: "ഇതിനെ ന്യൂസ് ബ്രേക്ക് ചെയ്യുക എന്നല്ല പറയുന്നത്. പരിപാടിക്ക് വീഡിയോഗ്രാഫി ചെയ്യാന്‍ വാടകയ്‌ക്കെടുക്കുക" എന്നാണ്.

കേഴുക ഭാരതമേ എന്നു മാത്രമേ പറയാനുള്ളൂ.


Next Story

Related Stories