TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ഇനിയുള്ളത് രണ്ടു വഴികളാണ്; കൃഷിയിടങ്ങളില്‍ ആത്മഹത്യ ചെയ്യണോ, അനാജ് മണ്ഡികളിലെ ഫാക്ടറികളില്‍ വെന്തും ശ്വാസം മുട്ടിയും മരിക്കണോ?

ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ഇനിയുള്ളത് രണ്ടു വഴികളാണ്; കൃഷിയിടങ്ങളില്‍ ആത്മഹത്യ ചെയ്യണോ, അനാജ് മണ്ഡികളിലെ ഫാക്ടറികളില്‍ വെന്തും ശ്വാസം മുട്ടിയും മരിക്കണോ?

എഡിറ്റോറിയല്‍

ബിഹാറിലെ സമസ്തിപ്പൂരില്‍ നിന്ന് ആറുമാസം മുമ്പാണ് 13 വയസുള്ള മെഹ്ബൂബ് ഡല്‍ഹിയിലെത്തുന്നത്. ഈ ഡിസംബര്‍ 31-ന് മെഹ്ബൂബിന് 14 വയസ് തികയും. ഇന്നലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ഡി (ധാന്യ മാര്‍ക്കറ്റ്)യിലെ അഞ്ചു നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ട 43 പേരില്‍ ഒരാള്‍ മെഹ്ബൂബാണ്. കൊല്ലപ്പെട്ട മറ്റൊരാള്‍ 15-കാരനായ സെഹ്മത്. മെഹ്ബൂബിനൊപ്പം, തീപ്പിടുത്തമുണ്ടായ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള 'വര്‍ക്ക്‌ഷോപ്പി'ല്‍ റെക്‌സിന്‍ ബാഗ് ഉണ്ടാക്കുകയായിരുന്നു സെഹ്മതും. തന്റെ ഗ്രാമത്തില്‍ നിന്ന് മുമ്പ് ഡല്‍ഹിയിലേക്ക് കുടിയേറിയവരുടെ പാത പിന്തുടര്‍ന്ന് ഡല്‍ഹിയിലെത്തിയവരാണ് മെഹ്ബൂബും സെഹ്മതും ഒക്കെ. ഇവരുടെയൊക്കെ പശ്ചാത്തലവും ഒന്നു തന്നെ. മിക്കവരുടേയും മാതാപിതാക്കള്‍ ഗ്രാമങ്ങളിലെ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടവരായിരുന്നു. എന്നാല്‍ കൃഷിപ്പണിയും മറ്റ് ജോലികളുമൊക്കെ ഇല്ലാതായതോടെ ദാരിദ്ര്യം സഹിക്ക വയ്യാതെ നഗരങ്ങളിലെ ചെറുകിട ഫാക്ടറികളിലേക്കും മറ്റ് ചെറിയ ജോലികള്‍ക്കും സൈക്കിള്‍ റിക്ഷ ഓടിക്കാനും ഒക്കെയായി അവര്‍ നഗരങ്ങളിലേക്ക് കുടിയേറുന്നു.

ഇന്നലെ മരിച്ചവരില്‍ ഭൂരിഭാഗവും ബിഹാറിലേയും ഝാര്‍ഖണ്ഡിലേയും യുപിയിലേയും ഗ്രാമങ്ങളില്‍ നിന്ന് ദാരിദ്ര്യം സഹിക്കവയ്യാതെ കുടിയേറിയവരാണ്. അതില്‍ കൂടുതലും ന്യൂനപക്ഷ സമുദായങ്ങളും. ന്യൂഡല്‍ഹിയുടെ കേന്ദ്രമായ കൊണാട്ട് പ്ലേസില്‍ നിന്നും വെറും 12 കിലോ മീറ്റര്‍ അകലെ മാത്രമാണ് അനാജ് മണ്ഡി നിലനില്‍ക്കുന്ന ഷാഹ്ദ്ര മേഖലയിലേക്കുള്ളത്. ഒരിടത്ത് മാസം ലക്ഷക്കണക്കിന് രൂപ മാസവാടക നല്‍കുന്ന വമ്പന്‍ കോര്‍പറേറ്റ് ഓഫീസുകളും, മധ്യ-വരേണ്യ വര്‍ഗത്തിന്റെ ഷോപ്പിംഗ് മാളുകളും അവിടുത്തെ ബ്രാന്‍ഡഡ് ഷോറൂമുകളുമൊക്കെ നിലനില്‍ക്കുമ്പോള്‍ അനാജ് മണ്ഡി പോലെയുളള സ്ഥലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 'ഫാക്ടറി'കളിലാണ് വലിയൊരു കൂട്ടം ജനങ്ങള്‍ ഉപജീവനം കണ്ടെത്തുന്നത്. ഇടുങ്ങിയ മുറികള്‍, അവിടെ തന്നെ പ്രവര്‍ത്തിക്കുന്ന, അതും പ്ലാസ്റ്റിക്കും മറ്റും ഉരുക്കുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന, വായു സഞ്ചാരം കടക്കാത്ത ഇത്തരം നൂറുകണക്കിന് കെട്ടിടങ്ങളിലായി 10,000-ത്തിലേറെ ചെറുകിട യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് അനൗദ്യാഗിക കണക്കുകള്‍. അനാജ് മണ്ഡിയില്‍ 2,,800 മാത്രമേ അത്തരത്തിലുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍ എങ്കിലും.

500 രൂപയായിരുന്നു മെഹ്ബൂബിന് മാസശമ്പളം. അതു തന്നെ സ്ഥിരമായി കിട്ടിയിരുന്നില്ലെന്ന് ബന്ധുവായ മുഹമ്മദ് ഹക്കീം പറയുന്നു. പക്ഷേ, ഡല്‍ഹിയില്‍ പോയി ജോലി ചെയ്താല്‍ മകന്‍ കുറച്ചു കൂടി 'ശരിയാകു'മെന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം. കടുത്ത ദാരിദ്ര്യത്തില്‍ അതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല താനും അവര്‍ക്ക്. വെളുപ്പിന് 4.50-5.00 മണിക്ക് തീപ്പിടുത്തമുണ്ടാകുമ്പോള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ആ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലെ നുറുകണക്കിന് പേര്‍. 400-500 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം. എന്നാല്‍ അഞ്ചുനിലകളായി അത് കെട്ടിയുയര്‍ത്തിയിട്ടുണ്ട്. താഴത്തെ ബേസ്‌മെന്റില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു. അതിനു തൊട്ടുമുകളിലുളള താഴത്തെ നിലയില്‍ പ്ലാസ്റ്റിക് ഉരുക്കുന്ന മെഷീന്‍ സ്ഥാപിച്ചിരിക്കുന്നു. ഒന്നും രണ്ടും മൂന്നും നിലകളില്‍ വില കുറഞ്ഞ ബാഗുകള്‍, ജാക്കറ്റുകള്‍, പ്ലാസ്റ്റിക് ഫോട്ടോ ഫ്രേമുകള്‍ തുടങ്ങിയവയൊക്കെ ഉണ്ടാക്കുന്ന നിരവധി ഫാക്ടറികള്‍. അതിനോട് ചേര്‍ന്ന് ചെറിയ മുറികള്‍. അവിടെ വിരിച്ചിരിക്കുന്ന കയര്‍പായകളിലാണ് എല്ലാവരും ഉറങ്ങുന്നത്. കമ്പനി തന്നെ തണുപ്പില്‍ നിന്ന് രക്ഷപെടാന്‍ ബ്ലാങ്കറ്റും നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന മിക്കവരുടേയും മാസശമ്പളം 9000-10,000 രൂപ. അവിടെ തന്നെ ഭക്ഷണം വച്ച് അവിടെ തന്നെയാണ് അട്ടിയിട്ടതുപോലെ ഉറങ്ങുന്നതും.

രണ്ടാം നിലയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക അനുമാനം. രണ്ടും മൂന്നും നിലകളില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചവരില്‍ ഏറെയും. മൂന്നോ നാലോ പേര്‍ മാത്രമാണ് തീപ്പിടുത്തത്തില്‍ മരിച്ചതെന്നും ബാക്കിയുള്ളവര്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. 60-ലേറെ പേരെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപെടുത്തി. 5.20-ന് തങ്ങള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്തെത്തിയെന്നും വീട് ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അത്ര പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നില്ലെന്നാണ് ആദ്യം കരുതിയതെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഫാക്ടറിയാണെന്നും നൂറുകണക്കിന് പേര്‍ അവിടെയുണ്ടെന്ന് മനസിലാകുന്നതെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് 32 ഫയര്‍ എഞ്ചിനുകളും 150-ലേറെ രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും അത്തരം വാഹനങ്ങളൊന്നും കടന്നു പോകാന്‍ ആവശ്യമായ വീതി അവിടെയുള്ള ഇടുങ്ങിയ വഴികള്‍ക്ക് ഇല്ലായിരുന്നു. അതിനു പുറമെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും ചെറുകിട ഭക്ഷണ കൈവണ്ടികളും മറ്റും. ഇതൊക്കെ മാറ്റി ഒരു ഫയര്‍ എഞ്ചിന്‍ കെട്ടിടത്തിന് അടുത്തെത്തി. മുന്‍ ഭാഗത്തെ ഏക ചെറിയ എന്‍ട്രന്‍സാണ് ആ അഞ്ചുനില കെട്ടിടത്തില്‍ പ്രവേശിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ തീയും പുകയും കാരണം അവിടേക്ക് പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ പിന്‍വശത്ത് കൂടി മുകള്‍ നിലയില്‍ കയറി ചെറിയ വെന്റിലേഷന്‍ മുറിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ അകത്ത് കയറിയത്.

ഓരോ അര മണിക്കൂറ് കൂടുമ്പോഴും രക്ഷാ പ്രവര്‍ത്തകരുടെ ഓക്‌സിജന്‍ സിലിണ്ടര്‍ നിറയ്‌ക്കേണ്ടതുണ്ടായിരുന്നു. പിന്‍ഭാഗത്തു കൂടി അവര്‍ അബോധാവസ്ഥയിലായ നിരവധി പേരെ താഴെയെത്തിച്ചു. അപ്പോഴും മുന്‍ വശത്ത് ആളുകള്‍ മരിച്ചുവീഴുകയായിരുന്നു. കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായാല്‍ രക്ഷപെടാന്‍ ആവശ്യമായ യാതൊരു മുന്‍കരുതലുകളും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതിയും ഉണ്ടായിരുന്നില്ല. മൂന്നും നാലും നിലകളാകട്ടെ, അനധികൃതമായി നിര്‍മിച്ചതും. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (എംസിഡി) ഭരിക്കുന്ന ബിജെപിയും തമ്മില്‍ പരസ്പരം പഴി ചാരുന്നുണ്ട്. എല്ലാം ഡല്‍ഹി സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് ബിജെപി പറയുമ്പോള്‍ കെട്ടിടത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പെടെ ചെയ്യേണ്ട എംസിഡി എന്തുകൊണ്ട് പരിശോധനകള്‍ നടത്തിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി ചോദിക്കുന്നു.

സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ ധാന്യ മാര്‍ക്കറ്റ് എന്ന നിലയില്‍ പ്രശസ്തമായ സ്ഥലമായിരുന്നു അനാജ് മണ്ഡി. എന്നാല്‍ 1990-കളോടെ സ്ഥിതി മാറി. പതിയെ ധാന്യ മാര്‍ക്കറ്റും ധാന്യ മില്ലുകളും അപ്രത്യക്ഷമായി. ഇവിടുത്തെ താമസക്കാരായിരുന്ന വ്യവസായികളും മറ്റും ഈ സ്ഥലം വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്തു. സമീപത്തു തന്നെയുള്ള സദര്‍ ബസാറിന്റെ സാധ്യതകള്‍ മനസിലാക്കിയെ ചെറുകിട ഫാക്ടറി ഉടമകള്‍ ഇവിടെ 'വര്‍ക്ക്‌ഷോപ്പുകള്‍' തുറന്നു. പതിയെ ഉത്പാദന കേന്ദ്രങ്ങള്‍ കൂടുകയും താമസക്കാര്‍ക്ക് പകരം ഈ മേഖലയിലെ കെട്ടിടങ്ങളിലെല്ലാം ഇത്തരം ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. പലതും അനധികൃതമായവ. തൊഴിലാളികള്‍ ബിഹാറിലേയും യുപിയിലേയും ഗ്രാമങ്ങളില്‍ നിന്ന് കുടിയേറുന്നവര്‍. അങ്ങനെയുള്ള കെട്ടിടങ്ങളിലൊന്നിലാണ് ഇന്നലെ തീപ്പിടുത്തമുണ്ടായത്. തീയില്‍ വെന്തുമരിക്കുകയല്ല, തീപ്പിടുത്തത്തിനു പുറമെ നിറഞ്ഞ വിഷപ്പുക ശ്വസിച്ചാണ് അവരില്‍ മിക്കവരും മരിച്ചത്. ആ പുക പുറത്തു പോകാനോ തീയില്‍ നിന്നും പുകയില്‍ നിന്നും രക്ഷപെടാനോ ആ കെട്ടിടത്തില്‍ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. അതു തന്നെയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എത്രത്തോളം ഭീതിദമാണ് എന്ന് വ്യക്തമാകുന്നത്.

1997-ലുണ്ടായ ഉപഹാര്‍ തീയേറ്റര്‍ തീപ്പിടുത്തത്തില്‍ 59 പേരാണ് മരിച്ചത്. ആ കേസിനെ പ്രതിയുള്ള വിവാദങ്ങളൊന്നും ഇന്നും അവസാനിച്ചിട്ടില്ല. അതിനു പിന്നാലെ ഓരോ സമയത്തും ചെറുതും വലുതുമായ തീപ്പിടുത്തങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടാകുന്നുണ്ട്. നിരവധി പേര്‍ക്ക് ഓരോ സമയത്തും ജീവന്‍ നഷ്ടമാകുന്നുമുണ്ട്. ഏറ്റവും ഒടുവില്‍ ഉണ്ടായ തീപ്പിടുത്തം ഒരു മലയാളി കുടുംബത്തിന് ഉള്‍പ്പെടെ 17 പേര്‍ക്ക് ജീവന്‍ നഷ്ടമായ കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പ്പിത് പാലസില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായതാണ്. ഓരോ ദുരന്തത്തിന്റേയും വ്യാപ്തിയും അതില്‍ ഉള്‍പ്പെടുന്നവരുടെ സാമൂഹിക, സാമ്പത്തിക പദവിയും അനുസരിച്ച് സമൂഹത്തിന് ഇതിനോടൊക്കെയുള്ള പ്രതികരണങ്ങളിലും വ്യത്യാസമുണ്ടാകുന്നത് നമുക്ക് കാണാന്‍ കഴിയും. മുംബൈയില്‍ മിക്കപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളിലും ഇതുപോലെ കൊല്ലപ്പെടുന്നത് പാവപ്പെട്ടവരും സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റപ്പെടുന്നവരുമാണ്. ടിവി സ്റ്റുഡിയോകളില്‍ ഇതിന്റെ പേരില്‍ അലര്‍ച്ചകളോ വെല്ലുവിളികളോ അധികം ഉണ്ടാകാറില്ല. പുറത്ത് മെഴുകുതിരി പ്രതിഷേധങ്ങളും. അത് ഈ ദുരന്തത്തില്‍ മാത്രമല്ല, ആദിവാസികളോ ദളിതരോ ന്യൂനപക്ഷങ്ങളോ ആയ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളോടും നമ്മുടെ മധ്യവര്‍ഗത്തിന്റെ പ്രതികരണം ഈ വിധത്തില്‍ ഒക്കെത്തന്നെയാണ്.

അനാജ് മണ്ഡിയില്‍ ചെറുകിട വ്യവസായ യൂണിറ്റുകളൊക്കെ തുടങ്ങൂന്നത് 1990-കളിലാണെന്ന് മുകളില്‍ പറഞ്ഞു. ഇന്ത്യ ലോകത്തിനു മുന്നിലേക്ക് വാതില്‍ തുറക്കുന്ന സാമ്പത്തിക ഉദാരവത്ക്കരണ, ആഗോളവത്ക്കരണം ആരംഭിക്കുന്നത് ഈ സമയത്താണ്. രണ്ടും പരസ്പരബന്ധിതമാണ് താനും. ഇതോടെ നമ്മുടെ വികസന നയങ്ങളിലും അതിന്റെ പരിപ്രേക്ഷ്യങ്ങളിലും മാറ്റങ്ങളുണ്ടായി. അതുവരെ പൊതുമേഖലയുടെ വികസനവും അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ മാറ്റത്തേയുമൊക്കെ തുടര്‍ന്നുണ്ടായ സൗകര്യങ്ങളാണ് കുടിയേറ്റത്തിന് കാരണമായതെങ്കില്‍ 1990-കളോടെ സ്വകാര്യ മേഖലയുടെ വികസനമാണ് നഗര മേഖലകളിലേക്കുണ്ടാകുന്ന കുടിയേറ്റത്തിന് കാരണമായത്. നഗര കേന്ദ്രീകൃതമായ സ്വകാര്യ മേഖല വളര്‍ന്നു വരികയും കൃഷിയില്‍ അടിസ്ഥാനമായ ഗ്രാമീണ മേഖല തളര്‍ന്നു തുടങ്ങുകയും ചെയ്യുന്നത് ഈ സമയത്താണ്. ഇതേ സമയത്താണ് കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായി ആരംഭിക്കുന്നതും. ഈ നഗരങ്ങള്‍ പുറത്തേക്ക് വളരാന്‍ ആരംഭിക്കുന്നതും. ഗ്രാമീണ മേഖയിലെ ആദ്യ തൊഴില്‍ദാതാവും ജീവനോപാധിയുമാണ് കാര്‍ഷിക മേഖല. ഇന്ത്യന്‍ ജിഡിപിയുടെ 18 ശതമാനവും തൊഴിലിന്റെ 50 ശതമാനത്തിനും മുകളിലും നല്‍കുന്നത് ഗ്രാമീണ കാര്‍ഷിക മേഖലയാണ്. എന്നാല്‍ ഉത്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും വളം, വിത്ത് തുടങ്ങിയവയ്‌ക്കൊക്കെ വില വര്‍ധിക്കുകയും ചെയ്തതോടെ കാര്‍ഷിക വൃത്തി നഷ്ടത്തിലായി. ഇതിനു പിന്നാലെയാണ് കര്‍ഷക ആത്മഹത്യകള്‍ ആരംഭിക്കുന്നതും. 2015-ലെ കണക്കനുസരിച്ച് 12,602 പേരാണ് ആ വര്‍ഷം ആത്മഹത്യ ചെയ്തത്. ഇതില്‍ 8887 പേര്‍ കര്‍ഷകരും 4595 പേര്‍ കര്‍ഷക തൊഴിലാളികളുമാണ്.

2000 ആരംഭിച്ചതോടെ വ്യവസായത്തിനും വികസന കാര്യങ്ങള്‍ക്കുമായി ഭൂമിയേറ്റെടുക്കലുകളും വന്‍ തോതില്‍ ആരംഭിച്ചു. ഇത്തരത്തില്‍ ഭൂമി നഷ്ടപ്പെട്ടവരും നഷ്ടത്തിലായ കാര്‍ഷിക വൃത്തി ഉപേക്ഷിച്ചവരുമൊക്കെ ജീവിക്കാനായി നഗരങ്ങളിലേക്ക് കുടിയേറാന്‍ ആരംഭിച്ചു. ഇപ്പോള്‍ ദുരന്തമുണ്ടായതു പോലുള്ള കുടുസുമുറികളില്‍ ആരംഭിച്ച ഫാക്ടറികളിലേക്കും മറ്റും തങ്ങളുടെ തൊഴിലുകളും താമസവുമൊക്കെ പറിച്ചുനട്ടു. ഒരുവിധപ്പെട്ട ഇന്ത്യന്‍ ചെറുനഗരങ്ങളൊക്കെ ഈ വിധത്തില്‍ വികസിച്ചു വന്നതാണ്. 1971-ല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഉണ്ടായിരുന്ന 150 നഗരങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഈ ദശകത്തില്‍ അത് 500 നഗരങ്ങളായി. 2050-ഓടെ ഇന്ത്യയിലെ 80 കോടി ജനങ്ങളും നഗരങ്ങളില്‍ ജീവിതം ആരംഭിക്കുമെന്നാണ് കണക്ക്. 1901-ല്‍ 2.9 കോടിയായിരുന്നു ഇന്ത്യന്‍ നഗരങ്ങളില്‍ താമസിച്ചിരുന്നത് എങ്കില്‍ 2011-ല്‍ അത് 37 കോടിയായി.

സാമ്പത്തിക സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതവുമൊക്കെ സ്വപ്നം കണ്ടാണ് പലപ്പോഴും മനുഷ്യരുടെ കുടിയേറ്റം സംഭവിക്കുന്നത്. നമ്മുടെ കാര്‍ഷിക, ഗ്രാമീണ മേഖല തകര്‍ന്നുവെന്നും തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ അവസ്ഥയിലാണെണന്നുമുള്ള കണക്കുകള്‍ നമുക്ക് മുന്നിലുണ്ട്. കഴിഞ്ഞ ദശകങ്ങളിലുണ്ടായ നമ്മുടെ വ്യവസായ നയങ്ങളുടെ ഫലമായി കാര്‍ഷിക മേഖലയിലുണ്ടായ തകര്‍ച്ചയാണ് വന്‍ തോതില്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന് കാരണമായത്. ഇതിനൊരു മാറ്റമുണ്ടാകുന്നത് 2016-ലെ നോട്ട് നിരോധനത്തോടെയാണ്. ഇതുമൂലം നിരവധി ചെറുകിട സ്ഥാപനങ്ങളും ഫാക്ടറികളുമൊക്കെ അടച്ചപൂട്ടി. തൊഴിലുകള്‍ നഷ്ടപ്പെട്ടു. ഒരുകാലത്ത് ഉപജീവനം തേടി നഗരങ്ങളിലേക്ക് വന്നവരില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വലിയ തോതിലുള്ള തിരിച്ചു പോക്കാണ് പിന്നീടുണ്ടായത്. ചിലര്‍ കാര്‍ഷിക വൃത്തിയിലേക്ക് തിരികെ പോയി. അത് നഷ്ടത്തിലായി, ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. അവരുടെ അടുത്ത തലമുറ, മെഹ്ബൂബിനെ പോലുള്ളവര്‍ നഗരങ്ങളുടെ അനിശിചതത്വത്തിലേക്ക് വലിച്ചെറിയപ്പെടാന്‍ നിര്‍ബന്ധിതമായി. അവരാണ് ഇപ്പോള്‍ ഫാക്ടറികളിലെ തീപ്പിടിത്തത്തിലും മറ്റും വെന്തും ശ്വാസം മുട്ടിയും മരിക്കുന്നത്.

ഗ്രാമീണ മേഖല തകരുന്നു എന്നതു മാത്രമല്ല, നഗരങ്ങളിലേക്ക് വലിയ തോതിലുണ്ടാകുന്ന കുടിയേറ്റങ്ങള്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ നഗര മേഖലകളിലും ഉണ്ടാക്കും. അത് സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും സംഭവിക്കുന്നുണ്ട്. ഈ നഗരങ്ങളിലേക്ക് വരുന്ന ജനങ്ങളെ ഉള്‍ക്കൊള്ളാനോ ഇവരുടെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ അഡ്രസ് ചെയ്യാനോ നമ്മുടെ ഭരണസംവിധാനങ്ങള്‍ക്ക് കെല്‍പ്പില്ല. അവിടെ അഴിമതിയുടേയും മറ്റും ബലത്തില്‍ വളര്‍ന്നു വരുന്നത് തീര്‍ത്തും മനുഷ്യത്വരഹിതമായ തൊഴില്‍ശാലകളും താമസസ്ഥലങ്ങളുമൊക്കെയാണ്. ഇത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാകണമെങ്കില്‍ നമ്മുടെ വിഭവവിതരണത്തില്‍ കൃത്യമായ മാറ്റമുണ്ടാകണം, നമ്മുടെ വികസന നയങ്ങളില്‍ മാറ്റമുണ്ടാകണം. എന്നാല്‍ ഇന്ത്യക്ക് ഇന്ന് അങ്ങനെയൊരു വികസന നയം ഉണ്ടോ? സ്മാര്‍ട്ട് സിറ്റികളും പുതിയ പാര്‍ലമെന്റും പ്രതിമകളുമൊക്കെ നിര്‍മിക്കുന്നതിനിടയില്‍ അതിന് നാം ചെവികൊടുക്കാറില്ല എന്നു മാത്രമല്ല, ഈ അസമത്വങ്ങളൊക്കെ മുന്നോട്ടുവയ്ക്കുന്ന പഠനങ്ങളും സര്‍വെകളുമൊക്കെ നാം പൂഴ്ത്തിവയ്ക്കുകയും ചെയ്യുന്നു. അനാജ് മണ്ഡികള്‍ ഇന്ത്യയിലെ ഏതു നഗരങ്ങളിലുമുണ്ടാകാം എന്ന മുന്നറിയിപ്പ് മാത്രമേ നല്‍കാനുളളൂ.

Next Story

Related Stories