എഡിറ്റോറിയല്‍
കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2018. അന്നുണ്ടായ ദുരന്തത്തെ ഏറെക്കുറെ അതിജീവിച്ച് കരകയറുന്നതിനിടെയാണ് 2019-ല്‍ വീണ്ടും പ്രളയം കേരളത്തെ കീഴടക്കിയത്. ഇതിനൊപ്പമുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമൊക്കെയായി നിരവധി ജീവനുകളും നമുക്ക് നഷ്ടപ്പെട്ടു. കാലം തെറ്റി പെയുന്ന മഴയും അതിവൃഷ്ടിയും ഒക്കെ ഇപ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. അതുപോലെ രൂക്ഷമായ വരള്‍ച്ചയ്ക്കും നാം ഈ വര്‍ഷങ്ങളില്‍ സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം ചിലപ്പോള്‍ തീവ്രമഴയ്ക്ക് പകരം കൊടും വരള്‍ച്ചയായിരിക്കാം നമ്മെ കാത്തിരിക്കുന്നത്. ചിലപ്പോള്‍ മുമ്ബുണ്ടായതിലും വലിയ അതിവൃഷ്ടിയും പ്രളയവും ഉണ്ടായേക്കാം. എന്താണ് നമ്മെ കാത്തിരിക്കുന്നതെന്ന് പറയാന്‍ സാധ്യമല്ല. പക്ഷേ, ലോകം ഒട്ടും സുരക്ഷിതമല്ല എന്ന് തന്നെയാണ് പുതിയ മുന്നറിയിപ്പുകള്‍ നല്കുന്ന വിവരം.
കാരണം, ഇതുവരെ കണക്കാക്കിയിട്ടുള്ളതിലെ ഏറ്റവും ചൂടു കൂടിയ ഒരു ദശകമാണ് കഴിഞ്ഞു പോയതെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതു മാത്രമല്ല, ഈ വര്‍ഷം മുതല്‍ തുടങ്ങിയ പുതിയ ദശകം ഇതിനേക്കാള്‍ ചൂടു കൂടിയതായിരിക്കും എന്നു മാത്രമല്ല, ഈ ചൂടു മൂലം കഠിനമായ കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്കുന്നു.
2016 ആണ് ഏറ്റവും ചൂടു കൂടിയ വര്‍ഷമായി ഇതുവരെ രേഖപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ കഴിഞ്ഞു പോയ 2019 അതിനു തൊട്ടു പിന്നിലാണെന്നും ലോകത്തിലെ ഇതു സംബന്ധിച്ച വിവിധ കണക്കുകളുടെ അടിസ്ഥാനത്തില്‍ ലോക കാലാവസ്ഥാ പഠന സംഘടന (WMO) പറയുന്നു. 2019 എവിടെ നിര്‍ത്തിയോ അവിടെ നിന്നാണ് 2020 തുടങ്ങിയിരിക്കുന്നതെന്നും WMO-യുടെ പ്രസിഡന്റ് പെട്ടേരി താലസ് പറയുന്നു. ഓസ്ട്രേലിയയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വന്‍ കാട്ടുതീ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് താലസ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രശ്നങ്ങളിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും WMO പറയുന്നു.
2020 ഉടനീളം അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അത് ഈ ദശകം മുഴുവന്‍ ഉണ്ടായേക്കാമെന്നും WMO മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അന്തരീക്ഷത്തിലേക്ക് തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചതാണ് ഇതിന് കാരണമായി താലസ് ചൂണ്ടിക്കാട്ടുന്നത്.
ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന ചൂടാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ (2015-19)തും അതുപോലെ പത്തുവര്ഷത്തേതും (2010-19) എന്നും ഐക്യരാഷ്ട്രസഭാ സംഘടന വ്യക്തമാക്കുന്നു."1980-കള്‍ക്കു ശേഷം ഓരോ ദശകവും അതിനു മുമ്ബുള്ളതിലും ചൂടുകൂടിയതാണ്. ഇതു തുടരാനാണ് സാധ്യത"- സംഘടന വ്യക്തമാക്കുന്നു.
പാരീസ് കാലാവസ്ഥാ ഉടമ്ബടി അനുസരിച്ച് മനുഷ്യനിര്‍മിതമായ ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം ഓരോ വര്‍ഷവും 7.6 ശതമാനം വച്ച് കുറച്ചു കൊണ്ടു വന്ന് 2030 ആകുമ്ബോഴേക്കും ഭൂമിയിലെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് 1.5 സെല്‍ഷ്യസില്‍ നിര്‍ത്താനാണ് പദ്ധതിയിട്ടിരുന്നത്. 1850-ല്‍ തുടങ്ങുന്ന ആധുനികകാല റിക്കോര്‍ഡുകള്‍ അനുസരിച്ച് ആഗോള താപനില 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ടെന്ന് താലസ് പറയുന്നു. ഇത് ഭാവിയിലേക്കുള്ള ഒരു മുന്നറിപ്പാണെന്നും അദ്ദേഹം പറയുന്നു. "ഈ വിധത്തിലാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നതെങ്കില് ഈ നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്ബ് അന്തരീക്ഷ ഊഷ്മാവ് മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുന്ന ഒരു സാഹചര്യമാണ് നമ്മെ കാത്തിരിക്കുന്നത്"- അദ്ദേഹം പറയുന്നു.
സമുദ്രത്തിലെ താപനിലയും 2019-ല്‍ ഏറ്റവും കൂടിയ അളവിലായിരുന്നു എന്നാണ് ഈയാഴ്ച പ്രസിദ്ധീകരിച്ച അഡ്വാന്‍സസ് ഇന്‍ അറ്റ്മോസ്ഫെറിക് സയന്‍സസിനെ ഉദ്ധരിച്ചു കൊണ്ട് WMO പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താലും, ഇനി ഒരു ദശകത്തിലെ തന്നെ കണക്കെടുത്താലും സമുദ്രത്തിലെ താപനില റിക്കോര്‍ഡ് അളവിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്തരീക്ഷത്തിലെ ചൂടിന്റെ 90 ശതമാനവും ശേഖരിക്കപ്പെടുന്നത് സമുദ്രങ്ങളിലായതിനാല് അവിടെ ഉണ്ടാകുന്ന ചൂടിന്റെ അളവ് കണക്കാക്കി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൃത്യമായ കണക്കുകളില്‍ എത്താന്‍ കഴിയുമെന്നും WMO പറയുന്നു. എത്രയും വേഗം ഈ ചൂട് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.
"ഇന്ന് ലോകം മുഴുവന്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ താപനില ഉയരുന്നതിന്റെ പ്രത്യാഘാതമാണ്"- ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലെ, ഗ്രാന്ഥാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റിലെ പോളിസിയുടെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബോബ് വാര്‍ഡ് വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്നു വരെ 1,86,000 ചതുശ്ര കിലോ മീറ്ററിലാണ് തീ പടര്‍ന്നു പിടിച്ചത് എന്നാണ് കണക്ക്. ആലോചിച്ചു നോക്കൂ, 1.86 ലക്ഷം കിലോ മീറ്റര്‍ വ്യാപ്തിയില്‍ തീ പടര്‍ന്നു പിടിക്കുന്ന അവസ്ഥ; കേരളം മുഴുവന്‍ വെള്ളത്തില്‍ മൂടുന്നത് പോലെ ഓസ്ട്രേലിയ മുഴുവന്‍ തീയില്‍ മുങ്ങുന്ന അവസ്ഥ. ലോകം മാറിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ദുരയും ആര്‍ത്തിയും മൂലം ഈ ലോകം ജീവിക്കാന്‍ തന്നെ കൊള്ളില്ലാത്ത വിധം മാറിക്കൊണ്ടിരിക്കുന്നു. ഈ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ഏതു നടപടികളെയും നാം സ്വാഗതം ചെയ്യണം, അതിനു വേണ്ടി ശബ്ദമുയര്‍ത്തണം. കുന്നുകള്‍ ഇടിച്ചു നിരത്തിയും പാടങ്ങള്‍ മണ്ണിട്ടു മൂടിയും മരങ്ങള്‍ വെട്ടിനശിപ്പിച്ചും കായലുകളും നദികളുമൊക്കെ കൈയേറിയും ഭൂമി തുരന്നുമൊക്കെയുള്ള 'വികസന'ത്തിലേക്ക് കുതിക്കുന്നതിന് മുമ്ബ് വരും തലമുറയ്ക്ക് ജീവിക്കാന്‍ എന്തെങ്കിലും ബാക്കി വയ്ക്കാന്‍ നാം ബാധ്യസ്ഥരാണ്.