TopTop
Begin typing your search above and press return to search.

കൊറോണയെ നേരിടാന്‍ കേന്ദ്രം അലംഭാവം വെടിഞ്ഞ് കേരളത്തെ മാതൃകയാക്കണം

കൊറോണയെ നേരിടാന്‍ കേന്ദ്രം അലംഭാവം വെടിഞ്ഞ് കേരളത്തെ മാതൃകയാക്കണം

എഡിറ്റോറിയല്‍

കഴിഞ്ഞ ഫെബ്രുവരി 25-ന് ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൊറോണ വൈറസ് ബാധിച്ചത് കേന്ദ്ര സർക്കാർ ഇന്നലെ സ്ഥിരീകരിച്ചു. എന്നാൽ അതിലേറെ അപകടകരമാണ് കാര്യങ്ങൾ എന്നാണ് പുതുതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇയാൾ തന്റെ മക്കൾ പഠിക്കുന്ന നോയ്ഡയിലെ ഒരു സ്‌കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതുകൊണ്ട് അവിടെയുണ്ടായിരുന്ന മുഴുവൻ മനുഷ്യരെയും കണ്ടെത്താനും അവരെ നിരീക്ഷണത്തിലാക്കാനുമുള്ള ഓട്ടത്തിലാണ് ഇപ്പോൾ സർക്കാർ. കൊറോണയെ നേരിടാൻ ഫലപ്രദമായ സംവിധാനങ്ങൾ നമ്മുടെ രാജ്യത്തുണ്ടോ എന്ന വലിയ ചോദ്യം കൂടിയാണ് ഇവിടെ ഉയരുന്നത്. 130 കോടി മനുഷ്യരുള്ള, എന്നാൽ കാര്യമായ പൊതു ആരോഗ്യ സംവിധാനങ്ങളില്ലാത്ത ഒരു രാജ്യത്ത് ഏതെങ്കിലും വിധത്തിൽ ഇത്തരത്തിലൊരു രോഗം പടർന്നാൽ അത് അതീവഗുരുതരമായ സ്ഥിതിവിശേഷമായിരിക്കുകയും ഉണ്ടാക്കുക.

മനുഷ്യര്‍ നിരന്തര സഞ്ചാരികളാണ്. ആധുനിക മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ വിവിധ നാടുകളിലേക്കുള്ള കുടിയേറ്റങ്ങളും സംഭവിക്കുന്നുണ്ട്. മനുഷ്യ പുരോഗതിക്ക് അനുസരിച്ച് അതിര്‍ത്തികള്‍ കടന്ന് ഈ നിരന്തര യാത്ര വര്‍ധിക്കുകയും ചെയ്തു. ആഗോളവത്ക്കരണത്തിനു ശേഷം ഉണ്ടായി വന്നിട്ടുള്ള സാധ്യതകളോടെ ലോകം തന്നെ ഒരൊറ്റ സമൂഹമെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിക്കുന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ രോഗബാധയുള്ള മേഖലകളിലേക്ക് താത്കാലികമായി യാത്രകള്‍ നടത്താതിരിക്കുക എന്നത് മാത്രമേ സാധ്യമാവുകയുള്ളൂ. ഇത്തരം മേഖലകളിലേക്ക് യാത്ര നടത്തുന്നവരെ കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കുകയും മറ്റുള്ളവരിലേക്ക് കൂടി രോഗം പടരാതിരിക്കാനുളള സാഹചര്യങ്ങള്‍ ഒരുക്കുകയും മതിയായ ചികിത്സ നല്‍കുകയും വേണം. ഇപ്പോള്‍ ഡല്‍ഹിക്ക് പുറമേ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നാം കൂടുതല്‍ കരുതലുകള്‍ സ്വീകരിക്കണം. കേരളം ഈ രോഗബാധയെ നേരിടുന്നത് സ്വീകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകം ഇതുവരെ അഭിമുഖീകരിക്കാത്ത സാഹചര്യത്തില്‍ക്കൂടിയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ പറയുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കവിയുകയും ചെയ്തു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് ഇറ്റലിയിലാണ്-52 പേര്‍. 62 രാജ്യങ്ങളിലായി 90,000-ത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇറാനില്‍ 12 പേരും അമേരിക്കയില്‍ ആറു പേരും മരിച്ചു. ദുരന്ത വ്യാപ്തി ഇതാണെങ്കില്‍ അതുമൂലമുണ്ടായിട്ടുള്ള മറ്റ് പ്രത്യാഘാതങ്ങള്‍ ഇതിലേറ രൂക്ഷമാണ്. 2008-ലുണ്ടായ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകമെത്തുമെന്നാണ് മുന്നറിയിപ്പുകള്‍. ആഗോള ജിഡിപി വളര്‍ച്ച 1.5 ശതമാനം കുറയുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇകണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നത്.

ലോകം നിശ്ചലമാകുന്ന തരത്തിലേക്ക് രോഗബാധ വളരുമ്പോള്‍ ഇന്ത്യ ഈ രോഗബാധയെ പ്രതിരോധിക്കാന്‍ എത്രത്തോളം സന്നദ്ധമാണെന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ ഇപ്പോള്‍ തന്നെ തകര്‍ച്ചയിലായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുതിയ പ്രതിസന്ധികള്‍ എങ്ങനെ ബാധിക്കുമെന്നതും ഗൗരവകരമാണ്. ഇന്ത്യയില്‍ എല്ലാം സുരക്ഷിതമാണ് എന്നാണ് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേല്‍ പറയുന്നത്. അതിനിടെയാണ് പുതുതായി രണ്ടു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. വര്‍ഗീയ കലാപത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും എല്ലാം ശാന്തമായിരിക്കുന്നു എന്ന പതിവ് പല്ലവി പോലെ കൊറോണ വൈറസ് ബാധയെ കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ചാണകവും ഗോമൂത്രവും കൊണ്ട് കൊറോണ വൈറസ് ബാധ ചികിത്സിച്ചു മാറ്റാമെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവനയും യോഗ ചെയ്താല്‍ കൊറോണ ബാധിക്കില്ലെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവന പോലെയാകരുത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

കൊറോണ വൈറസ് ബാധ ചൈനയില്‍ സ്ഥിരീകരിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തതിനു ശേഷമാണ് അവിടെ നിന്ന് വന്ന മലയാളികളില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്. പിന്നാലെ ഇന്ത്യ ചൈനയില്‍ നിന്ന് തങ്ങളുടെ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരികയും ചെയ്തു. അത് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്ത നടപടിയാണ്. എന്നാല്‍ അതിനു ശേഷവും ഡല്‍ഹി പോലെ മിക്ക വിമാനത്താവളങ്ങളിലും രോഗബാധ കണ്ടെത്താനുള്ള നിര്‍ബന്ധിത പരിശോധനകള്‍ക്ക് യാത്രക്കാരെ വിധേയരാക്കിയിരുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ അമ്പരപ്പിക്കുന്നതാണ്. പൊതുജന സേവനവുമായി ബന്ധപ്പെട്ട് നമ്മുടെ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന അലംഭാവം ഇവിടെയും പ്രതിഫലിക്കുന്നതു കാണാം. അതുകൊണ്ടാണ് ടൂറിസം മന്ത്രിക്ക് ഇവിടെയെല്ലാം സുരക്ഷിതമാണ് എന്നു പറയാന്‍ കഴിയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത് നിപ വൈറസിനേയും ഇപ്പോള്‍ കൊറോണയേയും ശാസ്ത്രീയമായ രീതിയില്‍ നേരിടുന്ന കേരളത്തിലെ ആരോഗ്യമേഖല കാണിച്ചു തന്നിട്ടുള്ള മാര്‍ഗങ്ങള്‍ രാജ്യവ്യാപകമായി നടപ്പാക്കുകയാണ്. വിമാനത്താവളം മുതല്‍ രോഗികളെ കണ്ടെത്താനും അവരെ മാറ്റിപ്പാര്‍പ്പിക്കാനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും അവരെ നിരീക്ഷണത്തില്‍ നിര്‍ത്താനും മികച്ച ചികിത്സ നല്‍കാനും കഴിഞ്ഞതു കൊണ്ടാണ് ഈ രണ്ടു ദുരന്തങ്ങളേയും കേരളം അതിജീവിച്ചത്. എന്നാല്‍ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതല്ല സ്ഥിതി. രോഗം സമൂഹത്തിലേക്ക് പടര്‍ന്നാല്‍ പിന്നെ യാതൊരു വിധത്തിലും നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഇവിടെയില്ല. മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുവീഴുകയാവും ഫലം. അതുകൊണ്ട് രോഗബാധ കണ്ടെത്താനും രോഗബാധ പടരാതിരിക്കാനുമുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. മനുഷ്യരെ അതിര്‍ത്തി കെട്ടി മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ രാജ്യമെമ്പാടും ബാധകമാകുന്ന വിധത്തില്‍ കൊറോണയെ നേരിടുന്നതിനുള്ള ഫലപ്രദമായ ഒരു പൊതുസംവിധാനം രൂപപ്പെടുത്താനായിരിക്കണം സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

Next Story

Related Stories