TopTop
Begin typing your search above and press return to search.

ഹാരപ്പന്‍ ജനത എന്തു കഴിച്ചിരുന്നു എന്നതാണോ നമ്മുടെ പ്രശ്നം? ഇന്ത്യയിലെ കാര്യങ്ങളോര്‍ത്താല്‍ ചിലപ്പോള്‍ ചിരിച്ചു ചിരിച്ചു ചാവും!

ഹാരപ്പന്‍ ജനത എന്തു കഴിച്ചിരുന്നു എന്നതാണോ നമ്മുടെ പ്രശ്നം? ഇന്ത്യയിലെ കാര്യങ്ങളോര്‍ത്താല്‍ ചിലപ്പോള്‍ ചിരിച്ചു ചിരിച്ചു ചാവും!

എഡിറ്റോറിയല്‍

ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഒരു സ്വകാര്യ സംഘടനയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം ആരംഭിച്ച 'ഹിസ്‌റ്റോറിക്കല്‍ ഗാസ്‌ട്രോണോമിക' എന്ന ചരിത്ര പ്രദര്‍ശനം പല കാര്യങ്ങള്‍ക്കൊണ്ടും സമകാലീന ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ കൂടി വെളിപ്പെടുത്തുന്നതാണ്. 5000 വര്‍ഷം പഴയ ചില കാര്യങ്ങള്‍ ഇന്നും മനുഷ്യരുടെ ജീവനു തന്നെ ഭീഷണിയാണ് എന്ന അവിശ്വസനീയമായ വസ്തുതയാണ് അത് തുറന്നു തരുന്നത്. ഈ ചരിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള 'ഹാരപ്പന്‍ ഭക്ഷ്യമേള'യിലെ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് മാംസ-മത്സ്യ വിഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ 'ചില കേന്ദ്രങ്ങളി'ല്‍ നിന്ന് സംഘാടകര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും, അത് ഒഴിവാക്കുകയും ചെയ്തതാണ് ഇവിടെ പറയുന്ന കാര്യം. അതായത്, 5000 വര്‍ഷം മുമ്പ് മനുഷ്യര്‍ എന്തു കഴിച്ചിരുന്നുവെന്നതിന് പൂര്‍ണമായ തെളിവുകള്‍ ഇല്ലാത്തപ്പോഴും ലഭിച്ചിട്ടുള്ള തെളിവുകളില്‍ മാംസാഹാരത്തിന്റെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അത് അംഗീകരിക്കാന്‍ ഇന്നും നാം മടിക്കുന്നു. ഒപ്പം, സാംസ്‌കാരികമായ അധീശത്വം പുലര്‍ത്താനുള്ള ഒരു മാര്‍ഗമായും അത് ഉപയോഗിക്കപ്പെടുന്നു. അതിന്റെ ഭാഗമായാണ് ഈ 'വെജിറ്റേറിയനിസം' എന്നതിന് ഇത്ര പ്രാമുഖ്യം ലഭിക്കുന്നതും.

ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണേഷ്യയില്‍ രൂപം പ്രാപിച്ച അക്കാലത്തെ ഏറ്റവും വലിയ സംസ്‌കാരങ്ങളിലൊന്നായിരുന്നു സിന്ധു നദീതട സംസ്‌കാരമെന്നും ഹാരപ്പ-മോഹന്‍ജൊദാരോ എന്നുമൊക്കെ അറിയപ്പെടുന്ന മനുഷ്യ സമൂഹം. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇന്ത്യയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ഇവിടെയാണ് 3300 ബിസിക്കും 1300 ബിസിക്കും ഇടയില്‍ ഈ സംസ്‌കാരം നിലനിന്നിരുന്നത്. അക്കാലത്ത് ലോകത്തുണ്ടായിരുന്ന മറ്റ് രണ്ടു വലിയ സംസ്‌കാരങ്ങളായിരുന്നു പുരാതന ഈജിപ്തും മെസൊപ്പൊട്ടാമിയയും. ഈ മൂന്ന് സംസ്‌കാരങ്ങളും തമ്മില്‍ ഹാരപ്പന്‍ സംസ്‌കാരത്തിന്റെ മധ്യകാലഘട്ടങ്ങളില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നിലനിന്നിരുന്നുവെന്നും ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷികവൃത്തി ഉള്‍പ്പെടെ, ആധുനിക ജീവിത രീതികളിലേക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡം കടന്നു തുടങ്ങുന്നതിന്റെ തെളിവുകളും ഇന്ന് പാക്കിസ്ഥാനിലുള്ള ഹാരപ്പ-മൊഹന്‍ജൊദാരോയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും 1300 ബിസിക്ക് ശേഷം ഹാരപ്പന്‍ സംസ്‌കാരം പതിയ നശിച്ചു തുടങ്ങി. മധ്യേഷ്യയില്‍ നിന്നുള്ള ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രവര്‍ഗക്കാരായ ആര്യന്മാരുടെ വരവോടെയാണ് ഇതിന് തുടക്കമായതെന്നും അതല്ല, ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വലിയ വരള്‍ച്ചയുടേയും മറ്റ് കാലാവസ്ഥാ മാറ്റങ്ങളുടേയും ഭാഗമായാണ് ഇതു സംഭവിച്ചതെന്നുമുള്ള തര്‍ക്കങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.

ചരിത്രം നമുക്ക് എല്ലാ സമയത്തും വലിയൊരു പ്രശ്‌നം തന്നെയാണ്. ചിലപ്പോള്‍ മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന രീതിയിലേക്ക് അക്കാര്യങ്ങള്‍ മാറുന്നതിനും നാം സാക്ഷ്യം വഹിക്കുന്നുണ്ട്. നിലവില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ സംഘടനകളുടേയും താത്പര്യങ്ങള്‍ക്ക് അനുസൃതമായി ചരിത്രത്തെ മാറ്റി മറിക്കുന്നു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. സിന്ധുനദീ തട സംസ്‌കാരം, ശാസ്ത്രീയമായി പഠിക്കുകയും അതിന്റെ അവശേഷിപ്പുകള്‍ സംരക്ഷിക്കുകയും അങ്ങനെ പുരാതനമായ ഒരു സംസ്‌കാരത്തെ കുറിച്ചുള്ള അറിവുകള്‍ ഭാവി തലമുറയ്ക്കായി കാത്തുവയ്ക്കുകയും ചെയ്യേണ്ടതിനു പകരം, മിത്തും വസ്തുതകളും കൂട്ടിക്കലര്‍ത്തുകയും അതില്‍ നിന്ന് തങ്ങള്‍ക്ക് താത്പര്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ചരിത്രരചനാ രീതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. വേദിക് കാലഘട്ടത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരു വിഭാഗത്തിന്റെ താത്പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അതിനും മുമ്പുള്ള പുരാതന മനുഷ്യരുടെ ജീവിതവും അതിന്റെ ചരിത്രവും തമസ്‌കരിക്കുന്നതും ചരിത്രവസ്തുതകളോടുള്ള സത്യസന്ധതയില്ലായ്മയാണ്.

സിന്ധു നദീതട സംസ്‌കാരം രൂപപ്പെട്ട കഴിഞ്ഞ അഞ്ചു സഹസ്രാബ്ദങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ ആധുനിക ഭക്ഷണരീതികളിലേക്ക് കടന്നിരുന്നു എന്നു മാത്രമേ നമുക്കറിയൂ. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ തുറന്നു തരുന്ന കാര്യങ്ങള്‍ ഇക്കാര്യങ്ങളിലേക്ക് കുറെയധികം വെളിച്ചം വീശുന്നുണ്ട്. എന്തായാലും അതൊരിക്കലും പച്ചക്കറികളെയും ഭക്ഷ്യധാന്യങ്ങളെയും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. ഭക്ഷ്യ-ചരിത്രകാരനായ കെ.റ്റി അചായ തന്റെ 'ഇന്ത്യന്‍ ഫുഡ്: എ ഹിസ്‌റ്റോറിക്കല്‍ കംപാനിയന്‍' എന്ന പുസ്തകത്തില്‍ പറയുന്നത്, വലിയ രീതിയിലുള്ള മാംസാഹാര ശീലത്തിന്റെ തെളിവുകളാണ്. പശു, പോത്ത്, ആട്, കര-കടല്‍ ആമകള്‍, മുതല, നദി-കടല്‍ മത്സ്യങ്ങള്‍ എന്നിവ ഭക്ഷണശീലത്തിന്റെ ഭാഗമായിരുന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

അതുപോലെ തന്നെ, നാമിന്ന് ഗ്രീന്‍പീസ് എന്നു വിളിക്കുന്ന മട്ടര്‍, നിലക്കടല, ഉഴുന്ന് തുടങ്ങിയ വസ്തുക്കള്‍, വിവിധ തരം ഗോതമ്പ്, അരി, ബാര്‍ലി, റാഗി തുടങ്ങിയവയൊക്കെ കൃഷി ചെയ്തിരുന്നതായും തെളിവുകളുണ്ട്. എന്തായാലും ഈ 'നോണ്‍-വെജിറ്റേറിയന്‍' വസ്തുക്കള്‍ക്കൊണ്ടുള്ള വിവിധ വിഭവങ്ങള്‍ നാഷണല്‍ മ്യൂസിയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം ഒഴിവാക്കപ്പെട്ടതോ, മഞ്ഞള്‍ സ്റ്റ്യൂ മീന്‍ കറി, സാലവൃക്ഷത്തിന്റെ ഇലകളില്‍ പൊതിഞ്ഞ് നാടന്‍ ചിക്കന്‍ ചുട്ടെടുത്തത്, പോട്ടി എന്നു നാം വിളിക്കുന്ന മൃഗങ്ങളുടെ കുടലും മറ്റും മണ്‍ചട്ടിയില്‍ പച്ചക്കറികള്‍ക്കൊപ്പം വേവിച്ചെടുത്തത്, ബട്ടി എന്ന പ്രത്യേകതരം ബ്രെഡും മീന്‍ വറുത്തതും, മാംസക്കൊഴുപ്പ് സൂപ്പ്, ആടിന്റെ കരളും നിലക്കടലയും ചേര്‍ന്ന വിഭവം, മഹ്വമരത്തിന്റെ ഇലകള്‍ കൊണ്ടുള്ള ചട്ണിയും മീനും തുടങ്ങിയ വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ നിന്ന് ഒറ്റയടിക്ക് ഒഴിവായി. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല എന്ന ചിലരുടെ പരാതിയാണ് കാരണമായി സംഘാടകര്‍ പറയുന്നത്. നേരത്തെ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും അതിനാല്‍ തെറ്റിദ്ധാരണ മൂലമാണ് ഇവ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയത് എന്നൊക്ക പോകുന്നു വിശദീകരണങ്ങള്‍.

ഹാരപ്പന്‍ ജനത എന്തായിരിക്കാം കഴിച്ചിരിക്കുക എന്നതാണോ നമ്മുടെ പ്രശ്‌നം? എന്തിനാണ് അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങള്‍ കഴിച്ചിരുന്ന ഭക്ഷണം കഴിക്കാന്‍ നാം തിടുക്കപ്പെടുന്നത്? എന്തിനാണ് പഴമയോട് ഇത്ര ആര്‍ത്തി. നമ്മുടെ ഭക്ഷണശീലങ്ങള്‍ നാം ജീവിക്കുന്ന പരിതസ്ഥിതിയുടേയും വിഭവങ്ങളുടെ ലഭ്യതകളുടേയും അതിനൊയൊക്കെ നിര്‍ണയിക്കുന്ന സാമ്പത്തിക ഘടനയുടേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. അത് കാലാകാലങ്ങളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഹാരപ്പന്‍ സംസ്‌കാരത്തില്‍ ഉണ്ടായിരുന്ന മാംസാഹാര ശീലം ഒഴിവാക്കിക്കൊണ്ട് 'പഴമ'യിലേക്ക് തിരിച്ചുപോവുക എന്ന അവകാശവാദം എത്രത്തോളം പരിഹാസ്യമാണ്. എന്തായാലും ഹാരപ്പന്‍ സംസ്‌കാരം നശിക്കുകയും പിന്നീട് ആധുനിക സമൂഹമായി നാം ജീവിക്കാന്‍ തുടങ്ങിയ മധ്യകാലഘട്ടത്തിനു ശേഷം രൂപപ്പെട്ട ഭക്ഷണ സംസ്‌കാരമാണ് ഇന്നത്തെ നിലയിലേക്ക് രൂപാന്തരപ്പെട്ടത്. എന്നാല്‍, ഹാരപ്പന്‍ സംസ്‌കാരത്തില്‍ നിന്നിരുന്ന പല വസ്തുക്കളും നമ്മുടെ ഭക്ഷണശീലങ്ങളുടേയും ജീവിതരീതികളുടേയുമൊക്കെ ഭാഗമായി കാലാകാലങ്ങളായി വികസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് മെച്ചപ്പെട്ട ഭക്ഷണശീലങ്ങളുള്ള ഒന്നായി ഇന്ത്യന്‍ ജീവിതം മാറിയിട്ടുണ്ടെങ്കില്‍ മധ്യകാലഘട്ടത്തില്‍ സംഭവിച്ച വിവിധ സംസ്‌കാരങ്ങളുമായുള്ള കൂടിക്കലര്‍പ്പിന് അതിന് ബന്ധമുണ്ട്. വിവിധ വിദേശ ശക്തികളുമായുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നാണ് ഇന്നു കാണുന്ന പല വിഭവങ്ങളും, ഉരുളക്കിഴങ്ങും, തക്കാളിയും മുളകും മുതല്‍ എന്തിനേറെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പല്ലാതെ ഇവിടെ എത്തിയ കപ്പ എന്ന മരച്ചീനി വരെ നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമായത്.

നാമൊരിക്കലും മതാത്മകമോ അല്ലാത്തതോ ആയ ഒരു ഏകമുഖ സംസ്‌കാരം പിന്തുടരുന്നവരല്ല. നമ്മുടെ ദൈനംദിന ജീവിതം പോലെ തന്നെ അത് എല്ലാ വിധത്തിലും വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പഴമയിലേക്ക് തിരികെ പോകാനും ചരിത്രത്തില്‍ മറഞ്ഞു പോയ കാര്യങ്ങളെ തിരിച്ചുപിടിക്കാനുമൊക്കെയുള്ള കാര്യങ്ങള്‍ നല്ലതു തന്നെയാണ്. പക്ഷേ, ഊതി വീര്‍പ്പിച്ച അഹംഭാവത്തിന്റേയും സത്യസന്ധതയില്ലായ്മയുടേയും ബാക്കിപത്രമാകരുത് അത്. ചരിത്രത്തെ പുനര്‍നിര്‍മിക്കുമ്പോഴും യഥാര്‍ത്ഥ ചരിത്രത്തെ തമസ്‌കരിക്കാം എന്നു കരുതരുത്. ഹാരപ്പന്‍ ജനത എന്തു കഴിച്ചിരുന്നു എന്നതല്ല നമ്മുടെ പ്രശ്‌നം, നമുക്ക് ഇന്ന് ലഭ്യമായ, ഓരോരുത്തര്‍ക്കും കഴിക്കാന്‍ താത്പര്യമുള്ള ഭക്ഷണം കഴിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ടോ, ആ ഭക്ഷണം കഴിക്കാനുള്ള വിഭവസമാഹരണത്തിന് ആ ജനങ്ങള്‍ക്ക് കഴിവുണ്ടോ എന്നതു മാത്രമായിരിക്കണം നാം ശ്രദ്ധിക്കേണ്ടത്. രാജ്യത്തെ അഞ്ചു വയസില്‍ താഴെയുള്ള 35 ശതമാനത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം വളര്‍ച്ച മുരടിച്ചവരാണ് എന്ന വസ്തുത 'ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്ന'താണോ എന്നു കൂടി ചിന്തിക്കുകയുമാവാം.


Next Story

Related Stories