TopTop
Begin typing your search above and press return to search.

താലിബാന്‍ സമാധാന പാതയില്‍; അമേരിക്ക 19 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍ വിടുമ്പോള്‍ ഇന്ത്യക്കും ആശങ്കപ്പെടാനുണ്ട്

താലിബാന്‍ സമാധാന പാതയില്‍; അമേരിക്ക 19 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍ വിടുമ്പോള്‍ ഇന്ത്യക്കും ആശങ്കപ്പെടാനുണ്ട്

എഡിറ്റോറിയല്‍

1999-ലെ കൊടുംതണുപ്പുള്ള ഡിസംബര്‍ 24-ന്, നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 176 യാത്രക്കാരുമായി ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ IC-814, ഒടുവില്‍ യാത്ര അവസാനിപ്പിച്ചത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിലായിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹര്‍ക്കത്ത്-ഉല്‍- മുജാഹിദീന്‍ തീവ്രവാദികള്‍ റാഞ്ചിയ ആ വിമാനം അമൃതസറിലും ലാഹോറിലും യുഎഇയിലും ഇറക്കിയതിനു ശേഷമാണ് ഒടുവില്‍ കാണ്ഡഹാറിലെത്തിയത്. റാഞ്ചികളുടെ ആവശ്യം ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെയുള്ള ഭീകരരെ വിട്ടുകിട്ടണം എന്നായിരുന്നു. ഒടുവില്‍ ഏഴു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അന്നത്തെ എ.ബി വാജ്‌പേയി സര്‍ക്കാര്‍ ഭീകരരെ വിട്ടുകൊടുത്ത് യാത്രക്കാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗും അന്ന് ഇന്റലീജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഭീകരരുമായി കാണ്ഡഹാറിലേക്ക് യാത്ര ചെയ്ത് അവരെ റാഞ്ചികള്‍ക്ക് കൈമാറി യാത്രക്കാരെ മോചിപ്പിച്ചു. ആ മസൂദ് അസ്ഹറാണ് പിന്നീട് പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം മുതല്‍ അടുത്തിടെയുണ്ടായ പുല്‍വാമ ആക്രമണം വരെ നടത്തിയ ജയ്‌ഷെ-ഇ-മുഹമ്മദ് സ്ഥാപിച്ചത്.

ഭീകരര്‍ വിമാനം കാണ്ഡഹാറില്‍ ഇറക്കിയതിന് പ്രത്യേക കാരണമുണ്ടായിരുന്നു. തലസ്ഥാനമായ കാബൂള്‍ അടക്കം അഫ്ഗാനിസ്ഥാനിലെ 90 ശതമാനം പ്രദേശങ്ങളും ഭീകരസംഘടനയായ താലിബാന്റെ ഭരണത്തിനു കീഴിലായിരുന്നു അന്ന്. ബന്ദികളെ മോചിപ്പിക്കാന്‍ താലിബാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് തുടക്കത്തില്‍ വിശ്വസിച്ചിരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ റാഞ്ചികള്‍ക്ക് നേരെ ഇന്ത്യന്‍ സര്‍ക്കാര്‍ യാതൊരു ആക്രമണവും നടത്തുന്നില്ല എന്നുറപ്പാക്കാന്‍ അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് ചെയ്തത്. കാരണം, പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയുടെ കൂടി പങ്കാളിത്തത്തോടെ നടപ്പാക്കിയ ഒന്നായിരുന്നു ആ വിമാന റാഞ്ചല്‍. ഐസ്‌ഐയും ഹര്‍ക്കത്ത്-ഉല്‍-മുജാഹിദും താലിബാനും ഒക്കെ ചേര്‍ന്നുള്ള ആ റാഞ്ചല്‍ ഇന്നും ഇന്ത്യയെ അലട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്.

ആ താലിബാനുമായി ബന്ധപ്പെട്ട് നിര്‍ണായകമായൊരു വഴിത്തിരിവിലാണ് ദക്ഷിണേഷ്യയും അതിന്റെ ഭാഗമായി ഇന്ത്യയും ഇപ്പോള്‍. 19 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ താലിബാനും അമേരിക്കയുമായി നാളെ (ഫെബ്രുവരി 29) സമാധാന കരാര്‍ ഒപ്പുവയ്ക്കുകയാണ്. ഒരാഴ്ച നീണ്ട 'അക്രമരഹിത' സമയത്തിനു ശേഷം ഒപ്പു വയ്ക്കുന്ന കരാറിന്റെ ഭാഗമായി അമേരിക്ക തങ്ങളുടെ 12,000-ത്തോളം വരുന്ന സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കും. താലിബാനാകട്ടെ, അഫ്ഗാനിലെ സിവില്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തി രാജ്യത്തിന്റെ ഭാവി തീരുമാനിക്കും. തങ്ങളുടെ ഭൂവിഭാഗം രാജ്യത്തിനു പുറത്തുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്നതാണ് താലിബാന്‍ എത്തിച്ചേര്‍ന്നിട്ടുള്ള കരാര്‍. താലിബാനെ ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യ ആദ്യമായി സമാധാന കരാറില്‍ ഔദ്യോഗികമായി ഭാഗമാകുന്നു എന്നതാണ് ഇത്തവണ പ്രത്യേകത. കാശ്മീരും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക കാര്യമാണ് അഫ്ഗാനില്‍ നടക്കുന്നത് എന്നതു തന്നെ കാരണം.

ഏറെ യുദ്ധങ്ങളും രക്തച്ചൊരിച്ചിലും കണ്ട രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 1979 മുതല്‍ 10 വര്‍ഷം നീണ്ട സോവിയറ്റ് അധിനിവേശവും ഇതിനെതിരെ ഉയര്‍ന്നുവന്ന മുജാഹിദീന്‍ പോരാട്ടവും അഫ്ഗാനെ രക്തത്തില്‍ മുക്കി. അന്ന് സോവിയറ്റ് യൂണിയനെതിരെ പോരാടാന്‍ അമേരിക്കയും പാക്കിസ്ഥാനുമൊക്കെ ചേര്‍ന്ന് രൂപം കൊടുത്ത മുജാഹിദീനുകളാണ് പിന്നീട് താലിബാനും അല്‍-ക്വയ്ദയും അടക്കമുള്ള വിവിധ ഭീകര സംഘടനകളായി പരിണമിച്ചത്. ഇവരുടെ താവളമാകട്ടെ, അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും വിവിധ മേഖലകളും. പാക്-അഫ്ഗാന്‍ അതിര്‍ത്തിയാണ് യഥാര്‍ത്ഥത്തില്‍ ലോകത്തിലെ ഒരുവിധപ്പെട്ട ഭീകര സംഘടനകളുടെയെല്ലാം താവളം. സോവിയറ്റ് അധിനിവേശം അവസാനിക്കുകയും പിന്നീട് നിലവില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ച് 1996-ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിക്കുകയും ചെയ്തു. 60,000-ത്തോളം സാധാരണക്കാരാണ് അന്നുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യ ഒരിക്കലും താലിബാനെ അംഗീകരിച്ചില്ല. സൗദി അറേബ്യ, പാക്കിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ മാത്രമാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അന്ന് അംഗീകരിച്ചത്.

താലിബാന്‍ ഭരണകൂടത്തിനെതിരെ പോരാടാന്‍ രൂപം കൊടുത്ത നോര്‍ത്തേണ്‍ അലയന്‍സിന്റെ തലവനായിരുന്നു, ഇന്ന് അഫ്ഗാനിസ്ഥാന്റെ ദേശീയ ഹീറോ എന്ന രീതിയില്‍ അനുസ്മരിക്കപ്പെടുന്ന അഹമ്മദ് ഷാ മസൗദ്. സോവിയറ്റുകള്‍ക്കെതിരെ പോരാടിയ സൈനിക കമാന്‍ഡറായിരുന്നു മസൗദ്. എന്നാല്‍ താലിബാന്‍ അടക്കമുള്ള സംഘടനകളുടെ തീവ്ര ഇസ്ലാമിസത്തിനും ഭീകരവാദത്തിനും എതിരുമായിരുന്നു അദ്ദേഹം. പാക്കിസ്ഥാനും സൗദി അറേബ്യയും താലിബാന് നല്‍കുന്ന സഹായം അവസാനിപ്പിച്ചാല്‍ അവരുടെ കിരാതഭരണത്തിന് അറുതിയാകുമെന്ന് മസൗദ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുക പോലുമുണ്ടായി. എന്നാല്‍ 2001 സെപ്റ്റംബര്‍ ഒമ്പതിന് അദ്ദേഹത്തെ താലിബാന്‍, ഒസാമ ബിന്‍ ലാദന്റെ അല്‍-ക്വയ്ദ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് ചാവേര്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി. സെപ്റ്റംബര്‍ ഒമ്പത് ദേശീയ ഒഴിവു ദിനമായ 'മസൗദ് ഡേ' എന്നാണ് അറിയപ്പെടുന്നത്. മസൗദിനെ കൊലപ്പെടുത്തിയതിന്റെ രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനങ്ങള്‍ ഇടിച്ചുകയറ്റിയ വന്‍ ഭീകരാക്രമണം.

ഇതിനു പിന്നാലെ നാറ്റോയും അമേരിക്കയുമൊക്കെ അഫ്ഗാനിസ്ഥാനിലെത്തി. മസൗദിന്റെ നോര്‍ത്തേണ്‍ അലയന്‍സിന്റെ കൂടി സഹായത്തോടെ താലിബാനെ പരാജയപ്പെടുത്തി. അന്നു മുതല്‍ അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാനിലുണ്ട്. ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാന്‍ വിടാനൊരുങ്ങുമ്പോള്‍ അമേരിക്ക ആയിരക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കുക മാത്രമല്ല, താലിബാനും പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ മറ്റ് ഭീകരസംഘടനകളുമായുള്ള ഏറ്റുമുട്ടലില്‍ 2448 സൈനികരെയും അവര്‍ക്ക് നഷ്ടപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് അനാവശ്യ ചെലവ് ഒഴിവാക്കുമെന്നായിരുന്നു 2016-ലെ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ഡൊണാള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഈ വര്‍ഷം അമേരിക്കയില്‍ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനു മുമ്പ് താലിബാനുമായി സമാധാനക്കരാര്‍ ഒപ്പുവച്ച് സൈന്യത്തെ പിന്‍വലിക്കുകയാണ് ട്രംപ്. അതായത്, ഈ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം വട്ടവും എത്താനുള്ള ഒരു മാര്‍ഗമാണ് ട്രംപിന്. ഇതില്‍ ട്രംപ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതാകട്ടെ, പാക്കിസ്ഥാനെയും.

അമേരിക്ക പിന്‍വാങ്ങിക്കഴിഞ്ഞാല്‍ താലിബാനും നിലവിലുള്ള അഷ്‌റഫ് ഘനി സര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ ഫലം എന്തായിത്തീരും എന്നത് ഇന്നും അവ്യക്തമാണ് എന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. താലിബാന്‍ ഒരിക്കലും അഫ്ഗാനിലെ സിവില്‍ ഭരണകൂടങ്ങളെ അംഗീകരിച്ചിട്ടില്ല എന്നു മാത്രമല്ല നിരന്തരം ആക്രമണവും അഴിച്ചു വിട്ടിട്ടുണ്ട്. അഷ്‌റഫ്‌ ഘനിയും കഴിഞ്ഞ സര്‍ക്കാരിലെ അഫ്ഗാനിസ്ഥാന്റെ 'ചീഫ് എക്സിക്യൂട്ടീവ്' അബ്ദുള്ള അബ്ദുള്ളയും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷവും പ്രധാനമാണ്. അഹമ്മദ് ഷാ മസൗദിന്റെ ഉറ്റ അനുയായിയും ഉപദേശകനുമായിരുന്നു അബ്ദുള്ള. 2014-ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഘനി പ്രസിഡന്റ് ആയത് എന്ന ആരോപണം അബ്ദുള്ള അന്ന് തന്നെ ഉയര്‍ത്തിയെങ്കിലും അമേരിക്കയുടെയും മറ്റും മധ്യസ്ഥതയില്‍ ചീഫ് എക്സിക്യൂട്ടീവ് പദവിയിലേക്ക് ഒതുങ്ങുകയായിരുന്നു. എന്നാല്‍, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും ഘനി വിജയിച്ചതോടെ വലിയ ഉടക്കിലാണ് അബ്ദുള്ള. ഇത് സമാധാന കരാറിന് തുരങ്കം വയ്ക്കാന്‍ സാധ്യതയുണ്ടെന്നും സിവില്‍ സര്‍ക്കാരില്‍ തന്നെ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ താലിബാന് മേല്‍ക്കൈ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. താലിബാനും 'മടുത്തു' എന്നും ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാന്‍ അവരും സന്നദ്ധമാണ് എന്നാണ് ട്രംപ് പറയുന്നത്. പ്രധാനമായും പാക്കിസ്ഥാന്റെ ഇടനിലയിലാണ് ഈ കരാര്‍ സാധ്യമാകുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടാനുള്ള കാരണങ്ങളും ഇതിലുണ്ട്. കാരണം, കരാറിനെക്കുറിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞ കാര്യം, "അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോ എന്നോട് പറഞ്ഞത് പാക്കിസ്ഥാനും അമേരിക്കയുമായുള്ള ബന്ധം ശക്തമാകുന്നത് കാബൂള്‍ വഴിയാണ് എന്നാണ്. ഞങ്ങള്‍ ഞങ്ങളുടെ വാഗ്ദാനം നിറവേറ്റിക്കഴിഞ്ഞു എന്ന് അദ്ദേഹത്തെ ഓര്‍മപ്പെടുത്തുന്നു" എന്നാണ്. അതായത്, അമേരിക്കയുടെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പങ്കാളിയായി പാക്കിസ്ഥാന്‍ മാറുന്നതിനുള്ള സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അഫ്ഗാന്‍ താലിബാനെ ചെല്ലും ചെലവ് കൊടുത്തു വളര്‍ത്തിയതും അവര്‍ക്ക് പിന്തുണ നല്‍കുന്നതും ഇപ്പോള്‍ അവരെ സമാധാന ചര്‍ച്ചകള്‍ക്കായി എത്തിച്ചതും പാക്കിസ്ഥാനാണ് എന്നതിനാല്‍ അവരുടെ ഈ ആവശ്യത്തിന് നേര്‍ക്ക് അമേരിക്കയ്ക്കും കണ്ണടയ്ക്കാനാകില്ല. ട്രംപ് അഹമ്മദാബാദിലെത്തിയപ്പോള്‍ പാക്കിസ്ഥാനെ വിശേഷിപ്പിച്ചതും തങ്ങള്‍ക്ക് അവരുമായി ശക്തമായ ബന്ധമുണ്ട് എന്നാണ്. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.

മറ്റൊന്ന്, ഇന്ത്യക്ക് വ്യാപാര താത്പര്യങ്ങളടക്കം ഏറെയുള്ള സ്ഥലമാണ് അഫ്ഗാനിസ്ഥാന്‍. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ കൈയയച്ച് സഹായിക്കുകയും ചെയ്യുന്നുണ്ട്. 2005 നവംബറില്‍ അഫ്ഗാനില്‍ റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യയുടെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഡ്രൈവര്‍ മലയാളിയായ മണിയപ്പനെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഓര്‍മിക്കുക. പാക്കിസ്ഥാനെതിരെ ശക്തമായ ഒരു സിവിലിയന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ഉണ്ടാവേണ്ടത് ഇന്ത്യയുടേയും ആവശ്യമാണ്. എന്നാല്‍ താലിബാന്‍ കൂടി ചിത്രത്തില്‍ വരുന്നതോടെ പാക്കിസ്ഥാന് ഈ രാജ്യത്ത് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.

മറ്റൊരു വലിയ അപകടം, അമേരിക്ക പിന്‍വാങ്ങുന്നതോടെ ഇത്രകാലവും അമേരിക്കയ്ക്ക് എതിരെ പോരാടിക്കൊണ്ടിരുന്ന വിവിധ ഭീകര സംഘടനകള്‍ അവിടെ സമാധാനം വരുന്നതോടെ പാക്കിസ്ഥാനിലേക്കും അതുവഴി കാശ്മീര്‍ മേഖലയിലേക്കും കടക്കാനുള്ള സാധ്യതയാണ്. പാക്-അഫ്ഗാന്‍ മേഖലയിലുള്ള മറ്റ് ഭീകര സംഘടനകളുടെ മുഴുവന്‍ നേതൃത്വവും താലിബാന് ഉണ്ടോ എന്ന കാര്യം ഇന്നും വ്യക്തമല്ല. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഈ അതിര്‍ത്തി മേഖലയിലെ ഭീകരര്‍ കാശ്മീരിലേക്ക് എത്താനുള്ള സാധ്യത സുരക്ഷാ വിദഗ്ധര്‍ തള്ളിക്കയുന്നില്ല. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ കാശ്മീര്‍ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമാകാനുള്ള സാധ്യതയുമുണ്ട്. അത് കാശ്മീരില്‍ മാത്രമായി ഒതുങ്ങിക്കൊള്ളണമെന്നുമില്ല.

അമേരിക്കയും താലിബാനുമായുള്ള ചര്‍ച്ചകളെ ഇന്ത്യ സാകൂതം വീക്ഷിക്കുകയും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് വിദേശരാജ്യങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളെ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് ലോകത്തെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ്. ഇന്ത്യയില്‍ ഇപ്പോഴും കാര്യമായി സ്വാധീനമുണ്ടാക്കാന്‍ ഐഎസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ ആക്രമണങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുമുണ്ട്. അതുകൊണ്ടു തന്നെ താലിബാനേക്കാള്‍ അവര്‍ മുന്‍തൂക്കം നല്‍കുന്നത് ഈ സംഘടനയ്ക്കാണ്. താലിബാന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാല്‍മേയ് ഖലീല്‍സാദ് നിരവധി തവണ ഇന്ത്യയിലെത്തിയിരുന്നു. ഇതിനു പുറമെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി മ്യൂണിക് സുരക്ഷാ കോണ്‍ഫറന്‍സിനിടെയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒദ്യോഗികമായി താലിബാനുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെങ്കിലും 2018 നവംബറില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടന്ന താലിബാന്‍ ചര്‍ച്ചകളില്‍ ഇന്ത്യ 'അനൗദ്യോഗിക'മായി പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹയും പാക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടിസിഎ രാഘവനും അനൗദ്യോഗിക പ്രതിനിധികള്‍ എന്ന നിലയില്‍ ഒരു സംഘടനയുടെ വിലാസത്തിലാണ് അന്ന് പങ്കെടുത്തത്.

അതില്‍ നിന്നുള്ള ഒരു വ്യത്യാസമാണ് ഇത്തവണ സംഭവിക്കുന്നത്. ഖത്തറിലെ ദോഹയില്‍ നാളെ നടക്കുന്ന കരാര്‍ ഒപ്പുവയ്ക്കലില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി. കുമാരന്‍ പങ്കെടുക്കും എന്നാണ് കരുതുന്നത്. ആഗോള രാഷ്ട്രീയം മാറിമറിയുന്ന ഈ കാലത്ത് ഇന്ത്യക്ക് താലിബാന്‍ ചര്‍ച്ചകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ മാറ്റം വന്നു തുടങ്ങിയതാണ്. എന്നാല്‍ അമേരിക്ക അഫ്ഗാനില്‍ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ സൈനിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ തന്നെ ഉണ്ടാവുകയും സൈനികമായി യാതൊരു വിധത്തിലും സഹകരിക്കില്ലെന്നും അന്ന് വ്യക്തമാക്കുകയും ചെയ്തതാണ്. ഇപ്പോള്‍ താലിബാന്‍ സമാധാനത്തിന്റെ പാതയില്‍ വരുമ്പോള്‍ അത് എങ്ങനെയായിരിക്കും ദക്ഷിണേഷ്യയെ ബാധിക്കുക, ഇന്ത്യയെ ബാധിക്കുക എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

Next Story

Related Stories