TopTop
Begin typing your search above and press return to search.

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം 'ജനരോഷം തണുപ്പിക്കാന്‍'? രക്തദാഹികളായ ആള്‍ക്കൂട്ടത്തിന്റെ നീതിയും തകരുന്ന നിയമവാഴ്ചയും

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം ജനരോഷം തണുപ്പിക്കാന്‍? രക്തദാഹികളായ ആള്‍ക്കൂട്ടത്തിന്റെ നീതിയും തകരുന്ന നിയമവാഴ്ചയും

എഡിറ്റോറിയല്‍

"ഒറ്റയ്ക്കുള്ള, മര്‍ക്കമുഷ്ടിയായ ഒരു ക്രിമിനലിനെ ശിക്ഷിക്കാന്‍ നിയമത്തിന് കഴിയും. എന്നാല്‍ ആ നിയമത്തെ മുഴുവന്‍ നിരാകരിക്കാന്‍ തീരുമാനിക്കുന്ന ഒരു സമൂഹത്തില്‍ ആ നിയമത്തിന് നിലനില്‍പ്പില്ല. മൗലികവും അല്ലാത്തതുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള ഏക സംരക്ഷണകവചം സമൂഹ മന:സാക്ഷിയാണ്" - ഡോ. ബിആര്‍ അംബേദ്ക്കര്‍.

ഇന്ത്യന്‍ ഭരണഘടനാശില്പിയായ ഡോ. ബിആര്‍ അംബേദ്ക്കറിന്റെ മരണവാര്‍ഷിക ദിനം കൂടിയാണ് ഡിസംബര്‍ ആറ്. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവും ഇന്നാണ്. ഇന്ത്യയില്‍ ഇന്ന് നേരം പുലര്‍ന്നത് സുപ്രധാനമായ, ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായാണ്. ഹൈദരാബാദില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചുട്ടുകൊല്ലുകയും ചെയ്ത കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജോലു ശിവ, ജോലു നവീന്‍, ചിന്തകുന്ത ചെന്നകേശവലു എന്നിവരെ പോലീസ് വെടിവച്ചു കൊന്നിരിക്കുന്നു. യുവതി കൊല്ലപ്പെട്ടിടത്ത് പ്രതികളെ വെളുപ്പിനെ നാലു മണിക്ക് തെളിവെടുപ്പിനായി കൊണ്ടുപോയെന്നും അവിടെ വച്ച് പ്രതികള്‍ പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നു എന്നുമാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് കക്ഷിഭേദമന്യേ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളുമൊക്കെ ആഹ്‌ളാദത്തിമിര്‍പ്പിലാണ്. കൊല്ലപ്പെട്ട യുവതിക്ക് നീതി കിട്ടിയിരിക്കുന്നു എന്നാണ് അവരൊക്കെ അവകാശപ്പെടുന്നതും.

ഇത്തരത്തിലുള്ള ഹീനമായ ഒരു കുറ്റകൃത്യം സമൂഹത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളും മുറിവുകളും വലുതാണ്. അതുകൊണ്ടു തന്നെ അതിന് 'പരിഹാരം' ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയും ചെയ്യും. എന്നാല്‍ രണ്ടു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ഇതൊരു എക്‌സാ ജുഡീഷ്യല്‍ കൊലപാതകമാണ്. അതായത് വ്യാജ ഏറ്റുമുട്ടലാണ് എന്നതാണ് പ്രാഥമികമായ എല്ലാ കാര്യങ്ങളും മുന്നോട്ടു വയ്ക്കുന്നത്. രണ്ട്, രക്തദാഹികളായ, ജനക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്ക് അനുസരിച്ച് നീതി നടപ്പാക്കുന്ന ഒരു മോബോക്രസിയായി മാറിയോ നമ്മള്‍? ജനങ്ങള്‍ക്ക് നമ്മുടെ നീതി, നിയമ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടമായോ?

2008 ഡിസംബറില്‍ തന്നെ അന്നത്തെ ആന്ധ്രാ പ്രദേശിലുള്ള വാറങ്കലില്‍ ഒരു 'ഏറ്റുമുട്ടല്‍ കൊലപാതകം' നടന്നിരുന്നു. കാകതീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആസിഡ് ആക്രമണത്തിന് ഇരയായി. സംസ്ഥാനം മുഴുവന്‍ രോഷവും അസ്വസ്ഥതയും പുകഞ്ഞു. 48 മണിക്കൂറിനുള്ളില്‍ പോലീസ് മൂന്ന് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു. അതിനും 48 മണിക്കൂറിനുളളില്‍ ആ മൂന്നു പേരെയും പോലീസ് വെടിവച്ചു കൊന്നു. ഇന്ന് വെളുപ്പിനെ നടന്നതിനു സമാനമായ രീതിയില്‍ തെളിവെടുപ്പിന് കൊണ്ടുപോവുകയും ഈ സമയത്ത് അവിടെ മറച്ചുവച്ചിരുന്ന ആയുധങ്ങളും ആസിഡും ഉപയോഗിച്ച് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും തിരിച്ചുള്ള വെടിവയ്പില്‍ മൂന്നു പേരും കൊല്ലപ്പെട്ടു എന്നുമായിരുന്നു പോലീസ് ഭാഷ്യം. പതിവ് പോലെ ജനരോഷം അടങ്ങി. പോലീസിന്റെ നടപടി പ്രകീര്‍ത്തിക്കപ്പെട്ടു. അന്ന് ഈ 'ഏറ്റുമുട്ടല്‍ കൊല'യ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു അന്നത്തെ വാറങ്കല്‍ എസ്.പി വി.സി സജ്ജനാര്‍.

വി.സി സജ്ജനാര്‍ ഇന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും സൈബരാബാദ് പോലീസ് കമ്മീഷണറുമാണ്. ഇതേ സജ്ജനാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വെളുപ്പിനെ നാലു പ്രതികളെയും വെടിവച്ച് കൊന്നത്. ഇനി പ്രതികള്‍ അറസ്റ്റിലായതിന്റെ പിറ്റേന്ന്- നവംബര്‍ 30-ന് ഡക്കാന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഒരു

റിപ്പോര്‍ട്ട്

നോക്കുക. "അറസ്റ്റിനു പുറമെ പോലീസ് മറ്റ് വഴികളും ആലോചിക്കുന്നു" എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. 2008-ലെ ഏറ്റുമുട്ടലിന്റെ കാര്യം സൂചിപ്പിച്ചു കൊണ്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ജനരോഷം തണുപ്പിക്കാന്‍ പോലീസ് മറ്റു 'മാര്‍ഗ'ങ്ങളും ആലോചിക്കുന്നുവെന്നും 'പെട്ടെന്നുള്ള നടപടി'കള്‍ ആവശ്യമാണ് എന്ന് പോലീസ് തലപ്പത്തു തന്നെ ആലോചനകള്‍ നടക്കുന്നുവെന്നുമാണ് ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിക്രം ശര്‍മ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടി സഹോദരിയെ വിളിക്കുന്നതിനു പകരം പോലീസിനെയായിരുന്നു വിളിക്കേണ്ടിയിരുന്നത് എന്ന സംസ്ഥാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ പ്രസ്താവന വലിയ വിവാദമായ സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ കേസില്‍ 'പെട്ടെന്ന് ജനരോഷം തണുപ്പിക്കാനുള്ള മാര്‍ഗം' പോലീസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു സംഘങ്ങളിലായി 50 പേരാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. അവരെയാണ് കസ്റ്റഡിയിലുള്ള നാല് പേര്‍ ആക്രമിച്ചുവെന്നും തിരിച്ചുള്ള ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടുവെന്നും പോലീസ് പറയുന്നത്.

അതിക്രൂരമായ

കൊലപാതകമാണ്

ഹൈദരാബാദില്‍ നടന്നത്. അതിലെ പ്രതികള്‍ തങ്ങള്‍ക്ക് മുന്നില്‍ കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ ഭരണഘടനയില്‍ അധിഷ്ഠിതമാണ്. ഒരു സമൂഹത്തിന്റെ നിര്‍മിതിക്കായാണ് അതില്‍ നിയമങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ആ നിയമം വേഗത്തിലും കാര്യക്ഷമവുമായും നടപ്പാക്കപ്പെടുമ്പോഴാണ് നീതി നടപ്പാവുന്നത്. അപ്പോള്‍ പ്രതികള്‍ ചെയ്ത കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ചാര്‍ജ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തി അവര്‍ കുറ്റവാളികളാണ് എന്ന് തെളിവുകള്‍ സഹിതം തെളിയിക്കപ്പെടുകയും വേണം. അപ്പോഴാണ് ഒരു സമൂഹമെന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാവുന്നത്. ഈ നാലു പേരും കേസിലെ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. എന്നാല്‍ അവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. പഴുതടച്ചുള്ള പോലീസ് അന്വേഷണവും തെളിവുകള്‍ ശേഖരിക്കലും ഉണ്ടെങ്കില്‍ ഒരു കോടതിയില്‍ നിന്നും പ്രതികള്‍ രക്ഷപെടില്ല. അല്ലാതെ പോലീസിന്റെ മുമ്പാകെ കുറ്റം സമ്മതിച്ചതിനാല്‍ അവരെ വെടിവച്ചു കൊല്ലാന്‍ പോലീസിന് ആരും അനുമതി നല്‍കിയിട്ടില്ല. അത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് കൂടിയാണത്.

ഇതൊക്കെ തെളിയിക്കുന്നത് ഒരു കുറ്റകൃത്യം തടയാന്‍ നമ്മുടെ നിയമസംവിധാനങ്ങള്‍ക്കും ഭരണകൂടത്തിനും കഴിയുന്നില്ല എന്നതു കൂടിയാണ്. കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ അതിനോടുള്ള സാധാരണ ജനങ്ങളുടെ രോഷം ശമിപ്പിക്കാന്‍ സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗമായി ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മാറുന്നു. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ അങ്ങനെ വിചാരണ ചെയ്യപ്പെടുന്നതില്‍ രക്ഷപെടുകയും അവരുടെ പരാജയം മറച്ചുവയ്ക്കപ്പെടുകയും ചെയ്യും. വേഗത്തിലും ക്രമവിരുദ്ധമല്ലാതെയും പക്ഷപാതരഹിതമായും കേസന്വേഷണം നടക്കുകയും തെളിവുകള്‍ ശേഖരിക്കുകയും അത് കോടതിയെ ബോധ്യപ്പെടുത്തുകയും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുകയും ചെയ്യുക എന്ന ചുമതല ചെയ്യുന്നതില്‍ പോലീസ് സംവിധാനവും പരാജയപ്പെടുന്നിടുന്നിടത്ത്, ഈ ഏറ്റുമുട്ടല്‍ കൊലകളെയാണ് അവരും ആശ്രയിക്കുന്നത്. അങ്ങനെ അവരുടെ പരാജയവും മറച്ചു വയ്ക്കപ്പെടും. അതുവഴി, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരും അത് പങ്കുവയ്ക്കുന്ന, അതിന്റെ അനുബന്ധ സംവിധാനങ്ങളും ചേര്‍ന്ന് പൂര്‍ണമായും അനധികൃതവും നിയമവാഴ്ചയില്ലാത്തതുമായ ഒരു സമൂഹമായി നാം മാറുന്നു. അത്തരമൊരു സമൂഹ മന:സാക്ഷിയില്‍ ഒരിക്കലും നമ്മുടെ മൗലികമോ അല്ലാത്തതോ ആയ അവകാശങ്ങളൊന്നും നിലനില്‍ക്കില്ല. മുകളില്‍ സൂചിപ്പിച്ച ഡോ. അംബേദ്ക്കറിന്റെ വാചകം അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുന്നത് ഇവിടെയാണ്.

<blockquote class="twitter-tweet"> <p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&ref_src=twsrc^tfw">#WATCH</a> Hyderabad: People celebrate and cheer for police at the encounter site where the four accused were killed in an encounter earlier today. <a href="https://twitter.com/hashtag/Telangana?src=hash&ref_src=twsrc^tfw">#Telangana</a> <a href="https://t.co/WZjPi0Y3nw">pic.twitter.com/WZjPi0Y3nw</a></p>— ANI (@ANI) <a href="https://twitter.com/ANI/status/1202817281455247360?ref_src=twsrc^tfw">December 6, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഹൈദരാബാദില്‍ നടന്നത് ഒരു വ്യാജ ഏറ്റുമുട്ടലായിരുന്നോ എന്ന കാര്യം പോലും ഇന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല. മറിച്ച് പോലീസ് വെടിവച്ചു കൊന്നു എന്നത് അംഗീകരിക്കുകയും അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ അപ്പോള്‍ തന്നെ കൊല്ലുക, ആള്‍ക്കൂട്ടത്തിന്റെ നീതിക്ക് വിട്ടു കൊടുക്കുക, അടിച്ചു കൊല്ലുക ഇതാണ് നമ്മുടെ നേതാക്കള്‍ പ്രസംഗിക്കുന്നതും ജനങ്ങള്‍ ആഗ്രഹിക്കുന്നതും. ആള്‍ക്കൂട്ടത്തിന്റെ അലറിവിളിക്കലിന് പിന്നാലെ നിയമവ്യവസ്ഥയും നിയമ, നീതിന്യായ മാര്‍ഗങ്ങളുമൊക്കെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു എന്നതു കൂടിയാണ് ഈ ഏറ്റുമുട്ടല്‍ കൊലപാതകം തെളിയിക്കുന്നത്. ഇത് നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഇത്തരത്തിലുള്ള എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെ ന്യായീകരിക്കുന്നവര്‍ ചെയ്യുന്നത്, നീതി എന്ന പേരില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ പോലീസും മറ്റ് ഭരണസംവിധാനങ്ങളും ഉള്‍പ്പെടെയുള്ള ഭരണകൂടത്തിന് അനുമതി നല്‍കുകയായാണ്. നാളെ ഇതേ വിധത്തില്‍ കൊല്ലപ്പെടുന്നത് നിങ്ങളായിരിക്കാം, ആരുമായിരിക്കാം.

കുറ്റകൃത്യങ്ങള്‍ തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും സര്‍ക്കാരിനും പോലീസ് സംവിധാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. അത് നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജുഡീഷ്യറിക്കും

ഉത്തരവാദിത്തമുണ്ട്.

കുറ്റകൃത്യങ്ങള്‍ നടന്നു കഴിഞ്ഞാല്‍ വേഗത്തില്‍ കുറ്റവാളികളെ പിടികൂടുകയും വിചാരണ വേഗത്തിലാക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യാന്‍ സര്‍ക്കാരിനെയും പോലീസിനെയും കോടതിയേയുമൊന്നും ആരും തടയുന്നില്ല. അത് നടപ്പാകുന്നില്ല എന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള (വ്യാജ) ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കൊണ്ട് സമൂഹ മന:സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. അത് നിയമവാഴ്ചയുള്ള ഒരു സമൂഹത്തിന്, ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. അത് നാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനതയാണ് എന്നത് കൂടുതല്‍ ഉറപ്പിക്കുന്നു.

*****

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശില്‍ നടന്നത് നൂറിലേറെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ്. കുറ്റവാളികളെ വേഗത്തില്‍ ശിക്ഷിച്ച് നീതി നടപ്പാക്കുകയാണ് എന്നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഓരോ ദിവസവും ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കും മറ്റുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23-കാരിയായ പെണ്‍കുട്ടിയെ കേസിലെ പ്രതിയും ജാമ്യത്തിലിറങ്ങിയ ആളുമായ ശിവം ത്രിവേദി, അയാളുടെ പിതാവ് രാം കിഷോര്‍ ത്രിവേദി, ഗ്രാമമുഖ്യനായ ഹരിശങ്കര്‍ ത്രിവേദി, അയാളുടെ മകനും കൂട്ടബലാത്സംഗ കേസിലെ പ്രതിയുമായ 'ഒളിവില്‍ കഴഞ്ഞിരുന്ന' ശുഭം ത്രിവേദി, ഇയാളുടെ അയല്‍ക്കാരന്‍ ഉമേഷ് വാജ്‌പേയി എന്നിവര്‍ ചേര്‍ന്ന് ഇന്നലെ പെട്രോളൊഴിച്ച് തീ കൊളുത്തി. 95 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോ മീറ്ററോളം ആ കത്തുന്ന ശരീരവുമായി ഓടി. ഇപ്പോള്‍ അതീവഗുരുതരാവസ്ഥയിലാണ് ആ പെണ്‍കുട്ടി. പ്രതികള്‍ സമൂഹത്തിലെ 'ഉന്നതകുലജാത'രായ ബ്രാഹ്മണരാണ്. അവരുടെ ജാതിയും മതവുമൊന്നും എവിടെയും വിവാദമായില്ല. എവിടെയും ഒരു പ്രതിഷേധവും ഉയര്‍ന്നിട്ടില്ല. സമൂഹ മന:സാക്ഷിക്കും യാതൊരു പ്രശ്‌നവുമില്ല. പ്രതികളെ ഉടന്‍ വെടിവച്ച് കൊന്ന് നീതി നടപ്പാക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല.

ഉന്നാവോയില്‍ 17 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെന്‍ഗാറാണ്. പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കൂടുക്കി പോലീസ് ഇടിച്ചു കൊല്ലുകയും ചെയ്തു. ഇയാളെ പരമാവധി സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടിയും ഉത്തര്‍ പ്രദേശ് സര്‍ക്കാരും സ്വീകരിക്കുന്നത്. സെന്‍ഗറിനെ വെടിവച്ച് കൊന്ന് പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല.

സ്വന്തം കേളേജില്‍ അഡ്മിഷന്‍ നല്‍കുകയും ബ്ലാക്ക്‌മെയില്‍ ചെയ്തും ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തുകൊണ്ടിരുന്ന കേസിലെ പ്രതി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദാണ്. ഇയാള്‍ക്കെതിരെ ഒടുവില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. മൂന്നു മാസങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടിക്ക് ജാമ്യം ലഭിച്ചത്. ചിന്മയാനന്ദാകട്ടെ, ആശുപത്രിയില്‍ സുഖവാസത്തിലും. ചിന്മയാനന്ദിന്റെ ചോരയ്ക്ക് വേണ്ടി ആരെങ്കിലും മുറവിളി ഉയര്‍ത്തിയതായി കേട്ടിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ആശാറാം ബാപ്പുവിനേയോ ഗുര്‍മീത് റാം റഹീം സിംഗിനെയോ വെടിവച്ച് കൊന്ന് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും ആരും ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല. അതാണ് നമ്മുടെ രാജ്യം.

Next Story

Related Stories