TopTop
Begin typing your search above and press return to search.

ഓര്‍വേലിയന്‍ കാലത്തെ ബനാന റിപ്പബ്ലിക്; കേഴുക ഭാരതമേ!

ഓര്‍വേലിയന്‍ കാലത്തെ ബനാന റിപ്പബ്ലിക്; കേഴുക ഭാരതമേ!

എഡിറ്റോറിയല്‍

"നിങ്ങള്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്നും ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയത് തെറ്റായ അവകാശവാദങ്ങളുടേയും വ്യാജ രേഖകളുടേയും അടിസ്ഥാനത്തിലാണെന്നും പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഉടന്‍ ഹാജരാക്കണം. ഇനി ഇന്ത്യന്‍ പൗരനല്ല എങ്കില്‍ ഇന്ത്യയുടെ ഏതു ഭാഗത്തു കൂടിയാണ് ഇവിടെ എത്തിയതെന്ന് തെളിയിക്കുകയും ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് 182 ദിവസം ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്ന രേഖകള്‍ സമര്‍പ്പിക്കുയും ചെയ്യണം. ഇതില്‍ പരാജയപ്പെട്ടാല്‍ അടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും", ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) കഴിഞ്ഞ ദിവസം ഹൈദരാബാദിലെ 127 പേര്‍ക്ക് അയച്ച നോട്ടീസിലെ വരികളാണ് ഇത്. ഇക്കാര്യം വിവാദമായതോടെ, ആധാര്‍ എന്നത് ഇന്ത്യന്‍ പൗരത്വത്തിനുള്ള തെളിവല്ലെന്നും അതിനാല്‍ പൗരത്വവുമായി ഇതിന് ബന്ധമില്ലെന്നും തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് ആധാര്‍ സ്വന്തമാക്കിയത് എന്നു തെളിഞ്ഞാല്‍ ആധാര്‍ റദ്ദാക്കുകയാണ് ചെയ്യുകയെന്നും UIDAI വിശദീകരണം ഇറക്കിയിട്ടുണ്ട്.

ആധാര്‍ നിയമത്തിലെ സെക്ഷന്‍ ഒമ്പത് അനുസരിച്ച് ആധാറിന് പൗരത്വവുമായി ബന്ധമില്ല. എന്നാല്‍ UIDAI ഹൈദരാബാദ് ഓഫീസ് പൗരത്വം തെളിയിക്കാനാണ് ഈ 127 പേരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം, അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കാന്‍ പാടില്ലെന്ന് 2018 സെപ്റ്റംബറിലെ ആധാര്‍ വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നാണ് അവരുടെ വിശദീകരണം. അതായത്, ആധാര്‍ ഇനി തെറ്റായ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചത് എങ്കില്‍ പോലും നിങ്ങള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് ഈ രാജ്യത്തെ മനുഷ്യര്‍ക്കുള്ളത്. ഇതുപോലെ നാളെ ഏതു രേഖകളും ചോദ്യം ചെയ്യപ്പെടാം. നിങ്ങള്‍ ഇന്ത്യന്‍ പൗരനാണോ എന്നതില്‍ സംശയമുണ്ടെന്ന് ആരെങ്കിലും അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ പൗരനാണ് എന്നത് തെളിയിക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. എന്നാല്‍ ഈ പൗരത്വത്തിന് വോട്ടര്‍ ഐഡി, ആധാര്‍, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഒന്നും പോര എന്നാണ് ഇന്നലെ ഗുവാഹത്തി ഹൈക്കോടതി വ്യക്തമാക്കിയത്. അപ്പോള്‍ നിങ്ങളുടെ പൗരത്വം തെളിയിക്കാന്‍ എന്തു ചെയ്യും? ഈ പ്രതിസന്ധിക്കാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കുകയും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ തുടക്കമിട്ടത്. അതാണ്, ഇന്ന് ഷഹീന്‍ബാഗിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണവും.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരനാണോ എന്ന് നിങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നതാണ് എന്‍ആര്‍സി. ഈ പരിശോധനയില്‍ പൗരനല്ല എന്നു തെളിഞ്ഞാലും മുസ്ലീങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ തുടരാം എന്ന് പറയുന്നതാണ് സിഎഎ. മുസ്ലീങ്ങള്‍ ആണെങ്കില്‍ ഒന്നുകില്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടയ്ക്കപ്പെടുകയോ അല്ലെങ്കില്‍ രാജ്യത്തിനു പുറത്താക്കുകയോ ചെയ്യും. എന്‍ആര്‍സി വിവാദമായതോടെയാണ് ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്. 2003-ലെ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പൗരത്വ നിയമം ഭേദഗതി ചെയ്തപ്പോള്‍ എന്‍പിആര്‍, എന്‍ആര്‍സിക്ക് മുന്നോടിയായിട്ടുള്ളതാണ് എന്ന് അതില്‍ വ്യക്തമായി എഴുതി വച്ചിട്ടുണ്ട്. എന്നാല്‍ അന്ന് ആരും എതിര്‍പ്പുയര്‍ത്താതിരുന്നതിനു കാരണം, സെന്‍സസ് രൂപത്തില്‍ മാത്രമേ അതില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ എന്നതാണ്. പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ എന്‍പിആര്‍ നടപടികള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് എന്‍ആര്‍സിയുടെ ഭാഗമായി തയാറാക്കിയിട്ടുള്ള ചോദ്യങ്ങള്‍ കൂടി എന്‍പിആറിന്റെ ഭാഗമാക്കിയിരിക്കുന്നു എന്നതാണ്. അതായത്, നിങ്ങളുടെ മാതാപിതാക്കളുടെ ജനന സ്ഥലവും ജനന തീയതി, മൊബൈല്‍ നമ്പറുകളും എന്‍പിആറിന്റെ ഭാഗമായി സ്വീകരിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരാണ് പൗരന്‍ എന്നും ആരാണ് പൗരന്‍ അല്ലാത്തത് എന്നും അധികൃതര്‍ക്ക് തീരുമാനിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ വില്ലേജ് ഓഫീസിലെ ഏതെങ്കിലും ക്ലാര്‍ക്കിന്റെ കരുണയിലായിരിക്കും നിങ്ങളുടെ പൗരത്വം. ഇതിനെ തുടര്‍ന്നാണ് കേരളവും പശ്ചിമ ബംഗാളുമൊക്കെ എന്‍പിആര്‍ നടപടികളുമായി സഹകരിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെയാണ് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നിയമമന്ത്രാലയം തീരുമാനിച്ചിരിക്കുന്നു എന്നതാണ് അത്. വ്യാജന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റാനും കുടിയേറ്റ തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് എങ്കിലും വലിയൊരു നിരീക്ഷണ വലയത്തിലേക്ക് ഓരോ പൗരന്മാരെയും കൊണ്ടുവരുന്നതിന്റെ ഭാഗം കൂടിയാണ് അത്. ആധാര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിങ്ങള്‍ക്ക് ആവശ്യമില്ല എങ്കില്‍ ആധാര്‍ സ്വീകരിക്കാതിരിക്കാന്‍ നിയമപരമായി സാധിക്കും. പാന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിന്റെ സബ്‌സിഡി നിരക്കിലുള്ള ക്ഷേമപദ്ധതികള്‍ ലഭിക്കുന്നതിനും ആധാര്‍ ആവശ്യമാണ്. എന്നാല്‍ മൊബൈല്‍ നമ്പര്‍ ലഭിക്കുന്നതിനോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ ആധാര്‍ ആവശ്യമില്ല. മാത്രമല്ല, പൗരന്മാരെ അനധികൃതമായി നിരീക്ഷിക്കുന്നത് ഒഴിവാക്കാനും അവരുടെ സ്വകാര്യത ഉറപ്പാക്കാനും സുരക്ഷാ ഏജന്‍സികള്‍ക്ക് പോലും ആധാര്‍ ആവശ്യപ്പെടാന്‍ പാടില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഈ നിയന്ത്രണങ്ങളൊക്കെ കാറ്റില്‍പ്പറക്കും.

സര്‍ക്കാരിന്റെ മുന്നില്‍ ഓരോ പൗരന്റെയും സ്വകാര്യതയും സുരക്ഷയുമൊക്കെ പൂര്‍ണമായി തുറന്നു കൊടുക്കുന്നതാണ് ഈ കാര്യങ്ങളത്രയും. സ്വകാര്യതയുടെ കാര്യത്തില്‍ വലിയ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച കോടതി തന്നെയാണ് ആധാര്‍ സംവിധാനത്തിലൂടെ പൗരന്മാരെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയതും എന്ന വിചിത്രമായ കാലത്താണ് നാം ജീവിക്കുന്നത്. എന്‍പിആര്‍ നടപ്പാക്കുകയും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതോടെ ഭരണകൂടത്തിന് മുന്നില്‍ ഓരോ പൗരന്മാരും കളിപ്പാട്ടങ്ങളായി മാറും. നമ്മള്‍ എങ്ങനെ ചിന്തിക്കുന്നു, എന്ത് കഴിക്കുന്നു, എന്ത് സംസാരിക്കുന്നു, എന്ത് ധരിക്കുന്നു എന്നു തുടങ്ങി, സര്‍ക്കാരിന്റെ നിരീക്ഷണ വലയം നിങ്ങളുടെ തലയ്ക്ക് മുകളിലുണ്ടാകും. ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം തീരുമാനിക്കപ്പെടുന്നത് എന്ന് സര്‍ക്കാര്‍ പറയുന്നത് എങ്കില്‍ നാളെ അത് നിങ്ങളുടെ ചിന്തകളുടെ അടിസ്ഥാനത്തിലാവും. സര്‍ക്കാരിനെതിരെ ചിന്തിക്കുന്ന ഒരാള്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടയ്ക്കപ്പെടുന്ന വലിയൊരു ഓര്‍വേലിയന്‍ സിസ്റ്റമായി നമ്മുടെയൊക്കെ ജീവിതം മാറുന്നത് ഒന്നാലോചിച്ചു നോക്കൂ. ഒന്നും അസംഭവ്യമല്ല എന്നാണ് ഇക്കാലങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

********

ഷഹീന്‍ബാഗിലെ സമരം മറ്റൊരിടത്തേക്ക് മാറ്റി റോഡ് തുറന്നു കൊടുക്കുന്നതില്‍ ചര്‍ച്ച നടത്താന്‍ മധ്യസ്ഥതയ്ക്ക് ആളെ നിയമിച്ച പരമോന്നത കോടതി, ആറു മാസത്തിലധികമായി കാശ്മീര്‍ അടച്ചു പൂട്ടിയിട്ടിരിക്കുന്നതും അവിടുത്തെ 70 ലക്ഷം മനുഷ്യരുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്നതും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്തിനേറെ, മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാരിന് ഇഷ്ടപ്പെടാത്ത പ്രസ്താവനകള്‍ നടത്തി എന്നതിന്റെ പേരിലും 'ആളുകളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു' എന്നതിന്റെ പേരിലുമൊക്കെ പൊതു സുരക്ഷാ നിയമം ചുമത്തി അനധികൃതമായി തടങ്കലില്‍ ഇട്ടിരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പോലും സമയത്തിന് പരിഗണിക്കാന്‍ കോടതി തയാറായിട്ടില്ല. അക്രമങ്ങള്‍ ഒക്കെ അവസാനിപ്പിക്കൂ, എന്നിട്ട് ആലോചിക്കാം എന്നാണ് പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയോടും കോടതി പ്രതികരിച്ചത്. രണ്ടു മാസത്തിലധികമായി ലക്ഷക്കണക്കിന് മനുഷ്യര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് കോടതി കാണാതിരിക്കാന്‍ വഴിയില്ല. യുപിയില്‍ മാത്രം 20-ലേറെ മനുഷ്യരെ പോലീസ് വെടിവച്ച് കൊന്നത് അക്രമമായി കോടതികള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ജാമിയ യൂണിവേഴ്‌സിറ്റിയില്‍ കയറി പോലീസ് വിദ്യാര്‍ത്ഥികളെ ലൈബ്രറികളില്‍ നിന്ന് തല്ലിയോടിക്കുന്നതും തെളിവ് നശിപ്പിക്കാന്‍ സിസി ടിവി ക്യാമറകള്‍ തകര്‍ക്കുന്നതും അക്രമമായി കണ്ട് സ്വമേധയാ കേസെടുക്കാനും കോടതി ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.

ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികള്‍. നീതിക്കായി അവര്‍ക്ക് സമീപിക്കാനുള്ള അന്തിമ വേദി. ഇന്ത്യന്‍ ജനാധിപത്യം വിഭാവനം ചെയ്യുന്ന, ഭരണഘടന നല്‍കുന്ന അവകാശ, അധികാരങ്ങള്‍ ലംഘിക്കപ്പെടുമ്പോഴാണ് അവര്‍ കോടതികളെ സമീപിക്കുന്നത്. ഭരിക്കുന്ന സര്‍ക്കാരുകളെ മുഷിപ്പിക്കുന്നുണ്ടോ എന്നു നോക്കലല്ല പൗരന്മാരുടെ ജോലി, കോടതികളുടേയും. മറിച്ച് ഭരണഘടന വ്യാഖ്യാനിക്കുകയും അതിന്റെ അന്ത:സത്ത നിലനിര്‍ത്തുകയും ചെയ്യുക എന്ന വലിയ ഉത്തരവാദിത്തമാണ് അവര്‍ക്കുള്ളത്. ഭരണഘടനാ ധാര്‍മികത പാലിക്കുക എന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ കോടതികള്‍ക്ക് കഴിയില്ല.

Next Story

Related Stories